ബ്രേക്ക് അപ് പാർട്ടി

അരുൺ പ്രസാദ്

കഴിഞ്ഞ പ്രാവശ്യങ്ങളിലേതു പോലെ
പിരിഞ്ഞതിനു ശേഷം
ബ്രേക്ക് അപ് പാർട്ടി ഉണ്ടാകില്ല.
മുടി താഴ്ത്തി വെട്ടി
ഹെയര്‍ സ്റ്റൈൽ മാറ്റുകയില്ല
ടി.വി.യിൽ നോക്കിയിരുന്നു
ചോക്ലേറ്റുകളും ലെയ്സും
വാരി വലിച്ചു തിന്നു
തടിയനാകാനും പോകുന്നില്ല.

നീ പോയാൽ
നേരെ കൈക്കോട്ടെടുത്തു
കാട് പിടിച്ചു കിടക്കുന്ന
പറമ്പ് അങ്ങ് കിളച്ചു മറിക്കും.

ചൌക്ക കമ്പുകളിൽ
പടർന്നു കിടക്കുന്ന
വള്ളിചെടികളെ
വിഷമം തീരുന്ന വരെ
വലിച്ചു പൊട്ടിച്ചു കളയും.

പിന്നെ
പയർ കുമ്പളം മത്തങ്ങ ചീര
തുടങ്ങി വാങ്ങി വച്ചിരുന്ന
എല്ലാ വിത്തുകളും
ദേഷ്യത്തോടെ അവിടെ മൊത്തം
വാരി വലിച്ചു വീക്കും.

കുറെ നേരം ഇങ്ങനെ ചെയ്യുമ്പോൾ
വിഷമം ഇത്തിരി മാറികിട്ടും.

ക്ഷീണം കാരണം
അന്ന് രാത്രി
വായ തുറന്നു
ഈത്തായ ഒലിപ്പിച്ച്
നിന്നെ ഓർക്കാതെ ഞാനുറങ്ങും.

രാവിലെ
പൈപ്പിലൂടെ വെള്ളം
തെറ്റിച്ചു കൊണ്ടിരിക്കുമ്പോൾ
അതിനിടയിലൂടെ നീ
നനഞ്ഞോടിക്കൊണ്ടിരിക്കുന്നെന്ന്‍
ആദ്യമൊക്കെ
തോന്നുമായിരിക്കും.

കുഴപ്പമില്ല
പതുക്കെ മാറിക്കോളും.

ചുവന്ന ചീര
പെട്ടെന്ന് മുളച്ചതും
പിറന്ന കുട്ടികളുടെ
നഖങ്ങളെപ്പോലെ
എന്ത് കുഞ്ഞന്മാരാണിവർ
എന്നും
ആരോടെങ്കിലുമൊക്കെ
പറയണം എന്ന് തോന്നും

നിന്നെ ഓർക്കുമായിരിക്കും.

തഴച്ചു വളർന്നവർക്കൊക്കെ
ഞാനെന്റെ
കാമുകിമാരുടെ
പേരിടും

അവർക്കിടയിലൂടെ
വിരലുകളിൽ, ദേഹങ്ങളിൽ
തൊട്ടും തലോടിയും

ഓർക്കുമ്പോൾ വരുന്ന ഈ രോമാഞ്ചം ഞാനങ്ങു തുടച്ചു കളയട്ടെ.

പക്ഷെ
കഴിഞ്ഞ പ്രാവശ്യങ്ങളിലേത് പോലെയല്ല
നമ്മൾ
കടൽ തീരങ്ങളെ പ്രേമിക്കുന്നവർ.
ഞണ്ടുകൾക്ക് പിന്നാലെ
പായുവാനും
ഒരുകാൽ വെള്ളത്തിലും മറ്റൊന്ന് മണലിലും
ആഴ്ത്തി നടന്നു നോക്കുവാനും അറിയുന്നവർ

ബീച്ചില്‍ കുടിച്ച് കുന്തം മറിഞ്ഞു
പറന്നു പോകുന്ന
ബലൂണുകളെ
ചൂണ്ടിക്കാട്ടി
അന്തം വിടുന്നവർ.

സ്കിന്നി ജീൻസുകൾ
വലിച്ചു കയറ്റുന്നവർ
അതിനു മേൽ കൈകളമർത്താൻ
കൊതിക്കുന്നവർ

കിറുക്കർ

കാറിൽ
പേരറിയാത്ത നാടുകളിൽ
പൊടി പറത്തി അലഞ്ഞു
വിശന്നു വിശന്നു
ഉന്മാദികളായി
മരണം വരെ
ഡാൻസ് ചെയ്യുന്നവർ

മുറിയിലെ
തക്കാളികളിലും
സവാളക്കറിയിലും
കീഴടങ്ങിയവർ.

എന്റെ പറമ്പ്
പച്ചക്കറിത്തോട്ടങ്ങളാൽ
നിറയും

മുൻപുള്ളതുപോലെയാകില്ല
ഒന്നുമൊന്നുമെങ്കിലും.

© അരുൺ പ്രസാദ്