വൺ നൈറ്റ് സ്റ്റാൻഡ്

അരുൺ പ്രസാദ്
                                                                                                                                     
മുടിയിഴകൾക്കിടയിൽ
കുരുങ്ങിയ
കഴിഞ്ഞ രാത്രിയുടെ
ചെറുമഞ്ഞുകഷ്ണങ്ങൾ
ഊരിയെടുക്കുന്ന
പുലർച്ചകളുടെ ഈ നഗരം
നാം വിടുകയാണ് മേരി.

വേദനിക്കുന്നിടങ്ങളെല്ലാം തടവി
ഈത്തായ പരന്നേക്കാവുന്നിടങ്ങൾ തുടച്ച്
ചപ്രത്തലമുടിയെ തലോടി
പാതി കണ്ണുകളിലൂടെയീ ദിവസത്തെ
ചരിഞ്ഞു നോക്കുന്ന ഓർമ്മകൾ ഇല്ലാതെതന്നെ
ഈ പുലർച്ചയിൽ നിന്നും കഴിഞ്ഞ രാത്രിയിലേക്ക്
നിന്നെ മടക്കി കൊണ്ടുപോകുകയാണ്.

ഇന്നലെ നീയുരസി ലയിപ്പിച്ച ലിപ്സ്റ്റിക്
തലയിണയിൽ നിന്നും ,
കിടക്ക വിരിയിൽ നിന്നും
തികഞ്ഞ ശ്രദ്ധയോടെ തുടച്ചെടുത്ത്
ഒരു ചിത്രകാരന്റെ കൈവഴക്കത്തോടെ
ചുണ്ടുകളിൽ വരച്ചു തന്ന്
നിന്നെ ഞാൻ
പിറകിലോട്ട് കൊണ്ടു പോകും.

കൈ വഴുതിപ്പോയതോയെന്നറിയില്ല
ക്ഷമിക്ക് മേരി, നീയുണർന്നുപോയ്.

ഇന്നലെ നീയെറിഞ്ഞു കളഞ്ഞ ഷൂസുകൾ
വിദഗ്ദമായിതന്നെ നിന്റെ
കൈകളിലേക്കു ഞാൻ എറിഞ്ഞു തന്നില്ലേ?
തലേദിവസം പുറത്തേക്കു വിട്ട
ബിയറിന്റെ മണമുള്ളഏമ്പക്കം
ഉള്ളിലേക്കെടുത്ത് നീ ലേസ് കെട്ടിത്തുടങ്ങി.

മുടിയിഴകൾക്കിടയിൽ
കുരുങ്ങിയ
കഴിഞ്ഞ രാത്രിയുടെ
ചെറു മഞ്ഞുകഷ്ണങ്ങൾ
ഊരിയെടുക്കുവാനാഞ്ഞ
പുലർച്ചയേയും കൊണ്ട് നാം
രാത്രിയിലൂടെ
പിറകോട്ട് പോകയാണ് മേരി,
ഈ നഗരം വിടുകയാണ്.

ആദ്യ തവണയായിട്ടും
എത്ര കൃത്യമായ് നീ
പിറകിലോട്ടുനടക്കുന്നു ?
കൌതുകകരം തന്നെ
എത്രപെട്ടെന്നെല്ലാം പഠിക്കുന്നു?
സൈഡ് മിറർ മാത്രം ശ്രദ്ധിച്ച്
പിറകിലോട്ട് ഇത്രയും വേഗതയിൽ
സൂക്ഷ്മമായി
വാഹനം ഓടിക്കുന്നതിൽ
എനിക്കസൂയ തോന്നുന്നു.

നമ്മളെത്തി
രാത്രി നീ തുളുമ്പിത്തെറിച്ച
ഡാൻസ്ബാറിൽ
ഇനിയിറങ്ങാം .

"ഇന്നുരാത്രിയെന്നെ
കൊണ്ടുപോകുന്നോ ചെക്കാ"യെന്ന
ഇന്നലെ നീ കൊടുത്ത നോട്ടം
അവിടെ വച്ച് ഒരുവന്‍ നിനക്കു തിരികെ തരും.

ഡാൻസ് ഫ്ലോറിൽ
തളരും വരെ ആടിത്തീര്‍ത്ത
ചുവടുകൾക്കൊപ്പം
നീ എടുത്തെറിഞ്ഞ സങ്കടങ്ങളെല്ലാം
ഓരോന്നായി നീ തിരിച്ചെടുക്കുന്നത്
ഞാൻ വിഷമത്തോടെ
നോക്കി നിൽക്കും.
എന്നാലും
രാത്രി മുഴുവൻ കുതിച്ചുയർന്നപ്പോൾ
കളഞ്ഞുകിട്ടിയ കാലുവേദന
നിനക്കു മാറികിട്ടുമല്ലൊ?

കുടിച്ചിറക്കിയ ലഹരി പാനീയങ്ങൾ
കൂസലേന്യ
ഛര്‍ദ്ദിച്ചു തിരികെനല്‍കിയിട്ടും
ഒരു നാണവുമില്ലാതെ
അതെല്ലാം കുപ്പിയിലാക്കി
സൂക്ഷിക്കുകയാണ്!

ടയറിന്റേയും പൊടിയുടേയും
മിശ്രഗന്ധം നമ്മെ ഒരിക്കൽക്കൂടി മദിപ്പിക്കും.

സൈഡ് മിറർ മാത്രം ശ്രദ്ധിച്ച്
മുൻപിലെ എഞ്ചിനിൽ നിന്നുള്ള
ആവിക്കൊപ്പം പൊടിപടലങ്ങൾ  പറത്തി
പഴയ വഴിമരങ്ങൾക്കെല്ലാം
മുൻപിലേക്കോടുവാനൊരവസരം നല്‍കി
ഈ നഗരം വിട്ടു പുറകിലോട്ട്
നാം പോകുകയാണ്.

© അരുൺ പ്രസാദ്