അഭിമുഖം — പ്രമോദ് കെ. എം
ഓര്‍മ്മ കവിതയുടെ പണി എടുക്കുകയാണോ അതോ കവിത ഓര്‍മ്മയുടെ പണി എടുക്കുകയാണോ പ്രമോദിന്റെ എഴുത്തില്‍ / ജീവിതത്തില്‍ ?
രണ്ടുമുണ്ട്. കവിതയുടെ പണിയെടുക്കുന്ന ഓര്‍മ്മയെയും, ഓര്‍മ്മയുടെ പണിയെടുക്കുന്ന കവിതയെയും തിരഞ്ഞുപോകുന്ന ഒരു പണി ഞാന്‍ എടുക്കാറുണ്ട്, കവിതയിലും ജീവിതത്തിലും. തലമുറകളുടെ ഓര്‍മ്മകളെ താരതമ്യം ചെയ്യുന്ന ഒരു കവിത ‘ഓര്‍മ്മ’ എന്ന പേരില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ‘അമ്മമ്മയുടെ ഓര്‍മ്മകള്‍ / എന്റേതു പോലല്ല’ എന്നു തുടങ്ങുന്ന ഈ കവിത, അമ്മമ്മയുടെ ‘വിപണിമൂല്യമില്ലാത്ത’ ഓര്‍മ്മകളെക്കുറിച്ചാണ്. കൊച്ചുകൊച്ചു കാര്യങ്ങള്‍ , അതിന്റെ വിശദാംശങ്ങള്‍ അമ്മമ്മ ഓര്‍ത്തെടുക്കുന്നത് ‘ ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല/ അപേക്ഷാഫോറം പൂരിപ്പിക്കാനോ/ പരീക്ഷക്കോ/ കവിതയെഴുതാന്‍ പോലുമോ അല്ല’. എന്റെ മാത്രമല്ല, മറ്റുള്ളവരുടെ ഓര്‍മ്മകളും എന്റെ കവിതയുടെ പണിയെടുക്കാറുണ്ട്.
നര്‍മ്മത്തില്‍ വൈകാരികമായ ഒരു വിടുതലിന്റെ തലം എപ്പോഴും ഉണ്ടായിരിക്കും. താങ്കളുടെ കവിതകളില്‍ പക്ഷേ നര്‍മ്മം വേറെയൊരു EQ വില്‍ ആണ് നില്‍ക്കുന്നതെന്ന് തോന്നാറുണ്ട്. ഒരുപക്ഷേ ആര്‍ദ്രതയുടെയും , ആത്മബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു ഉള്ളൊഴുക്കിന്റെ മുകളില്‍. എന്തുകൊണ്ടായിരിക്കും ? അല്ലെങ്കിൽ എന്തിനായിരിക്കും ?
എന്റെ നോട്ടം, മറ്റുള്ളവരുടെ നോട്ടം, കവിതയുടെ/കവിതയിലൂടെയുള്ള നോട്ടം എന്നിങ്ങനെ മൂന്നുതരം നോട്ടങ്ങള്‍ ഏറ്റക്കുറച്ചിലുകളോടെ എന്റെ മിക്കവാറും കവിതകളില്‍ നിന്നും കണ്ടെത്താം. ഏറ്റവും നല്ല ഉദാഹരണമായി ‘പാഴായിപ്പോയ രണ്ടു ജന്മങ്ങള് ’ എന്ന കവിത എടുത്തെഴുതട്ടെ.
“ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത
ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.
മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച്
പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന
എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.
പാഴായിപ്പോയ
ഇതില്‍ അവസാനത്തെ രണ്ടു വരികള്‍ , കവിതയുടെ നോട്ടമാണ്. അത് മറ്റുള്ള നോട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായ, വൈകാരികമായ വിടുതലോടെയുള്ള നോട്ടമാണ്. നര്‍മ്മത്തിലും, കവിതയുടെ നോട്ടത്തിലുമുള്ള വൈകാരികമായ വിടുതലുകള്‍ ചിലപ്പോള്‍ തിരിച്ചറിയാനാവാത്തവിധം കൂടിക്കുഴയാറുണ്ട്. ചോദ്യത്തില്‍ പരാമര്‍ശിച്ചതു പോലെ ‘ആര്‍ദ്രതയുടെയും , ആത്മബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമൊക്കെ ഒരു ഉള്ളൊഴുക്കിന്റെ’ മുകളിലൂടെയാണ് കവിതയുടെ നോട്ടങ്ങള്‍ .
‘ബാര്‍ബര്‍ കണ്ണേട്ടന് /ഇപ്പോള്‍ /കഷണ്ടികളോട്/ സംസാരിക്കാറില്ല’ [ബാര്‍ബര്‍ കണ്ണേട്ടന് എന്ന കവിത] എന്നെഴുതുന്നത്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷികതയേയും, വര്‍ദ്ധിച്ചുവരുന്ന കച്ചവടതാല്പ്പര്യത്തേയും കുറിച്ചുള്ള നോവിലും നടുക്കത്തിലും നിന്നുമായതുകൊണ്ടാവാം ഇത്തരം കവിതകളിലെ ‘നര്‍മ്മ’ങ്ങള് മറ്റൊരു തലത്തിലാണെന്നു തോന്നുന്നത്.
ചരിത്രത്തെ അല്ലെങ്കില്‍ പുരാവൃത്തത്തെ കവിത കൊണ്ട് പുതുക്കാനാവുമോ? അങ്ങനെ വേണ്ടതുണ്ടോ ?
ചരിത്രത്തെ കവിതകൊണ്ട് പുതുക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷെ പുതയ്ക്കാനാവും. ചരിത്രമണിഞ്ഞിരിക്കുന്ന ഉടുപ്പുകള്‍ അലക്കിക്കൊടുക്കുകയോ, അതില്‍ പൂക്കള്‍ തുന്നിച്ചേര്‍ക്കുകയോ പുതിയൊരെണ്ണം തയ്ക്കുകയോ ചെയ്യാന്‍ കവിതയ്ക്കു കഴിയും. ‘കുട്ട്യപ്പ’ എന്ന കവിത നോക്കുക.
“ അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....
ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,
കുന്നും മലയും
പാറമടയും താണ്ടി,
വെടിയേല്‍ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ”
പാടിക്കുന്ന് രക്തസാക്ഷികളെ ഓര്‍മ്മിക്കുന്ന ഈ കവിത, വിശക്കുന്നവന് എന്നും വിശപ്പുതന്നെ എന്നു പറഞ്ഞുകൊണ്ട് തീരുമ്പോള്‍ തീരാതെയെന്തെങ്കിലും മനസ്സില്‍ ബാക്കിയാകുന്നുവെങ്കില്‍ അതാണ് ചരിത്രത്തെയോ പുരാവൃത്തത്തെയോ കൊണ്ട് എന്റെ കവിത ചെയ്യാന്‍ ശ്രമിക്കുന്നത്.
എഴുതാനാഗ്രഹിക്കുന്ന കവിതകളും വായിക്കാനിഷ്ടപ്പെടുന്ന കവിതകളും തമ്മിൽ വ്യത്യാസങ്ങളുണ്ടോ?
ഉണ്ട്. ചില പ്രത്യേകതരം കവിതകളെഴുതിയാലേ എനിക്ക് കവിയെന്ന നിലയിലുള്ള സംതൃപ്തി കിട്ടൂ. എന്നാല്‍ എനിക്കെഴുതാന്‍ പറ്റാത്ത വിധത്തിലുള്ള കവിതകള്‍ വായിക്കുമ്പോള്‍ വായനക്കാരനെന്ന നിലയിലുള്ള സംതൃപ്തി ഞാനറിയുന്നുണ്ട്.
എഴുത്തിന്റെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായകമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് സ്വയം വിലയിരുത്തുന്നത് ?
കവികളുടെയും, കവിതകളുടെയും, കവിതകളെ ഇഷ്ടപ്പെടുന്നവരുടെയും സാമീപ്യം ഒരു പരിധിവരെ എഴുത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നുണ്ട്; കവിതകളെ വെറുക്കുന്നവരുടെയും.
എഴുതുമ്പോള്‍ വായിക്കുന്ന ഒരാളിനെ അഭിസംബോധന ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അയാള്‍ / അവൾ എത്തരക്കാരന്‍ / എത്തരക്കാരി ആണ് ?
ഈ ചോദ്യത്തിന് അങ്ങനെ അളന്നുമുറിച്ചൊരു മറുപടി തരാന്‍ പറ്റുകയില്ല. ചില കവിതകളുടെ യഥാര്‍ത്ഥവായനക്കാരന്‍ ഞാന്‍ തന്നെയാണ്. ജീവിതത്തിന്റെ പലതുറകളില്‍ നിന്നുമുള്ള സംഘര്‍ഷങ്ങളില്‍ നിന്നും ഒളിച്ചോടി, കവിതയുടെ കൊടുങ്കാട്ടില്‍ പാര്‍ക്കാന്‍ കഴിയാത്ത, നിസ്സഹായരായ മനുഷ്യരെയും എന്റെ ചില കവിതകള്‍ അഭിസംബോധന ചെയ്യാറുണ്ട്. യന്ത്രങ്ങളുടെ കടന്നുവരവോടെ ജോലി നഷ്ടപ്പെട്ട പലരുടെയും പ്രതിനിധിയാണ്, 'കാലി' എന്ന കവിതയിലെ ശ്രീധരേട്ടന്.
“എന്തിനാ ശ്രീധരാ’ എന്നു കേട്ട്
കാലിപൂട്ടാന്വന്ന ശ്രീധരേട്ടന് കലമ്പി,
അതുപാടിയ
നാലു വയസ്സുകാരനായ എന്നെ.
പിന്നെ
പിള്ളരെ തോന്ന്യാസം പറഞ്ഞ് പടിപ്പിച്ചിറ്റല്ലേ എന്ന്
അച്ഛനെ.
എന്തിന്നധീരത എന്നാണ്
കുട്ടി പാടുന്നതെന്ന്
ബാലവേദിയില്‍ വെച്ച്
ബ്രെഹ്തിന്റെ പാട്ട് പാടിത്തന്ന
ദാമോരേട്ടന്.
ഇതുകേട്ട്
തല കുമ്പിട്ടു നിന്നു
ശ്രീധരേട്ടന്.
ഒരു പുലര്‍ച്ചെ
കാലിപൂട്ടാന്‍ വരുമ്പോള്‍
കണ്ടത്തില്‍ നിന്നൊരു യന്ത്രവും
മറ്റൊരു പുലര്‍ച്ചെ
കയറു പിടിച്ച് മാപ്പളക്കു കൊടുക്കുമ്പോള്‍
കാലികളും
കാലിയായ ആല പൊളിക്കുമ്പോള്‍
താഴെ വീണ കഴുക്കോലുകളും
എന്തിനാ ശ്രീധരാ എന്ന് ചോദിച്ചു.
മറ്റെന്തെങ്കിലുമാവുമെന്ന് കരുതി
തലകുമ്പിട്ടു നിന്നു
ശ്രീധരേട്ടന്”
ഈ കവിത അഭിസംബോധന ചെയ്യുന്നത്, ചെയ്യാന്‍ പറ്റുന്നത് ചെയ്യാത്ത ഭരണകൂടത്തെയും, ഒന്നും ചെയ്യാനില്ലാത്ത സാധാരണക്കാരെയുമാണ്.
ബ്ലോഗ്, ഫേസ്ബുക്ക്, മറ്റ് ഇന്റര്നെറ്റിടങ്ങൾ എന്നിവ മലയാള കവിതയില്‍ എന്താണ് ചെയ്തിട്ടുള്ളത് ? ചെയ്യാന്‍ പോകുന്നത് ?
കവിതകള്‍ക്ക് പരസ്പരം വര്‍ത്താനം പറയാനും അടികൂടാനും കൈകൊടുക്കാനും ചുമലില്‍ തട്ടാനുമൊക്കെയുള്ള ഒരു പ്ലാറ്റ്ഫോം സൈബര്‍ ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. 2002 ല്‍ എന്തുകൊണ്ടോ മിണ്ടാതായ എന്റെ കവിത 2007ലാണ് ‘പ്രമാദം’ എന്ന ബ്ലോഗിലൂടെ വീണ്ടും മിണ്ടിത്തുടങ്ങിയത്. ബ്ലോഗിലെ കവിതകളെ കുറിച്ചും, എങ്ങനെ ബ്ലോഗില്‍ എഴുതാമെന്നതിനെ കുറിച്ചുമൊക്കെ എനിക്കു പറഞ്ഞുതന്നത് വിനോദ് ഓര്‍ക്കുന്നുണ്ടാവുമല്ലോ, കൊറിയയിലെ ഉറക്കമില്ലാത്ത തണുത്ത രാത്രികളില്‍ ഗൊഞ്ചുവിലെയും ദേജിയോണിലെയും മടകള്‍ പോലുള്ള വീടുകളില്‍ വെച്ച്. മലയാളകവിതയില്‍ ബ്ലോഗ് ചെയ്തിട്ടുള്ളതെന്തെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ ആധികാരികമായും സമഗ്രമായും വിനോദിന് പറയാന്‍ പറ്റും.
പ്രവാസവും താങ്കളുടെ എഴുത്തും തമ്മില്‍ എന്തായിരുന്നു ഇടപാടുകള്‍?
പ്രവാസത്തിന്റെ പല പ്രതിസന്ധികളിലും കവിത എനിക്ക് അഭയം നല്‍കിയിട്ടുണ്ട്. നാട്ടില്‍ നിന്നുമുള്ള വിടുതല്‍ , നേരത്തേ സൂചിപ്പിച്ച ‘കവിതയിലൂടെയുള്ള നോട്ടത്തെ’ ഏറെ സഹായിച്ചിട്ടുണ്ട്. ‘കര്‍ക്കടം’ പോലൊരു കവിത പ്രവാസമില്ലായിരുന്നെങ്കില്‍ എനിക്കെഴുതാന്‍ പറ്റുമായിരുന്നില്ല. ഫോണിലൂടെ, ഒച്ചയും, നാടും, കാലവുമൊക്കെ വളരെ വളരെയകലെ കൂര്‍പ്പിച്ചുവെച്ച ചെവിയിലേക്ക് പാഞ്ഞെത്തുകയാണ്.
“വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍
പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള് കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന് ”
ഇവിടെ ചോദിക്കാന്‍ വിട്ടുപോയ ഒരു ചോദ്യം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍?
ചോദ്യം: അടുത്ത പുസ്തകം ഉടനെയുണ്ടോ?
ഉത്തരം: ഹേയ്. ഞാന്‍ ആ ടൈപ്പല്ല :)
2014, ജനുവരി