അഭിമുഖം — കുഴൂര്‍ വിത്സണ്‍

അഭിമുഖം — കുഴൂര്‍ വിത്സണ്‍

സുജീഷ് നടത്തിയ അഭിമുഖം

പരിഭവം വിത്സന്റെ കവിതാലോകത്ത് മിക്കപ്പോഴും കണ്ടുമുട്ടാവുന്ന ഒന്നാണു, ആദ്യം മരിച്ചാൽ നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു എന്ന താങ്കളുടെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വരി മുതൽ തോണ്ണൂറുകളിൽ എഴുതി തുടങ്ങി രണ്ടായിരത്തിയാറിൽ മലയാളത്തിലെ ആദ്യകവിതാബ്ലോഗ്‌ തുടങ്ങിയപ്പോൾ അതിനിട്ട 'അച്ചടിമലയാളം നാടുകടത്തിയ കവിതകൾ' എന്ന പേരിൽ വരെ ഈ പരിഭവം ഒളിച്ചിരിക്കുന്നു. ഇത്രമാത്രം പരിഭവപ്പെടാൻ എന്തിരിക്കുന്നു എന്നൊരു ചോദ്യം കവിത ഇപ്പോള്‍ തിരിച്ചു ചോദിക്കേണ്ടതില്ലേ?
പൊതുവേ പരിഭവക്കാരനല്ല ഞാൻ. അടുത്തറിയുന്നവർക്കതറിയാം. പരിഭവങ്ങളും പരാതികളും കുറവാണെനിക്ക്. നിത്യജീവിതത്തിൽ ഇല്ലാത്തത് കവിതയിൽ കണ്ടുവെന്ന് വരാം. ജീവിതത്തിൽ പറ്റാത്തത് കവിതയിൽ ആകാമല്ലോ ?
75 ലാണു ജനിച്ചത്. ആ കാലത്ത് ജനിച്ച ഭൂരിഭാഗം പേർക്കും വീടുകളിൽ നിന്നും നല്ല കെയർ കിട്ടിയിട്ടുണ്ട്. എന്റെ അമ്മയ്ക്ക് 47 ആം വയസ്സിൽ ഉണ്ടായതാണു ഞാൻ. കുട്ടിക്കാലത്ത്  കെയർ കിട്ടിയിട്ടില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.  എത്രയിലാണു ഞാൻ പഠിക്കുന്നതെന്ന് വീട്ടിൽ അറിയാത്ത സമയമൊക്കെ ഉണ്ടായിട്ടുണ്ട്. അമ്മയെ കുറ്റം പറയുക വയ്യ. അവരുടെ മാനസിക അവസ്ഥയും വേറെ ആയിരുന്നിരിക്കണം. പിസ്സയുടെ പരസ്യം കാണുന്ന തെരുവുകുട്ടികളെ കാക്കമുട്ടൈ എന്ന സിനിമയിൽ കണ്ടു. നൂഡിൽസിന്റെ ഒക്കെ പരസ്യം കാണുന്ന പാവപ്പെട്ട കുഞ്ഞങ്ങളെ ഓർത്ത് പലപ്പോഴും സങ്കടം വന്നിട്ടുണ്ട്. കുട്ടിക്കാലം എന്റെ കവിതയെ ബാധിക്കുന്നതാവണം. പരിഭവം പറയുന്നതാവണം
ജീവിതത്തിന്റെ ഇന്ധനം സ്നേഹമാണെന്നാണു എന്റെ വിചാരം. അത് തികയാതെ പലപ്പോഴും വഴിയിൽ കിടന്ന് പോകുന്നു. നമ്മളെല്ലാവരും പരസ്പ്പരം സ്നേഹം നിറക്കുന്ന പമ്പുകളാവുന്നത് കാൽപ്പനികമായി തന്നെ ഒന്ന് കണ്ട് നോക്കുന്നു. ഹാ നല്ല രസം. ജീവിക്കാൻ തോന്നും. ഞാൻ ആളുകളെ സ്നേഹിക്കുന്നുണ്ടോ എന്നറിഞ്ഞ് കൂടാ. അതവർക്ക് മനസ്സിലാകുന്നുണ്ടോ എന്നറിഞ്ഞു കൂടാ. എനിക്കത് കിട്ടി മതിയായിട്ടില്ല. 
അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന തലക്കെട്ടിന്റെ കാര്യം വേറെയാണെന്ന് തോന്നുന്നു. മലയാളത്തിലെ പത്രാധിപന്മാരുടെ അഭിരുചിക്കനുസരിച്ച് കവിതയെഴുതുക പാടാണു. അത് കവിയുടെയും കവിതയുടെയും മരണവുമാണു. കവിതയില്ലാത്തവരുടെ ഒരിത്തിരി ഇടത്തിനു യാചിക്കേണ്ടവയല്ല നമ്മുടെ കവിതകൾ. നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനാവാത്ത ആത്മാഭിമാനം കവിതയിലേക്ക് കൊണ്ട് വരുന്നതാവാം ആ തലക്കെട്ട്. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഒത്ത് തീർപ്പുകൾ ഒരുപാടുണ്ടാക്കിയിട്ടുണ്ട്. കവിതയുടെ കാര്യത്തിൽ അത് വയ്യ. അതൊരു തരം പ്രതിരോധവുമാകാം. നമ്മുടെ ഭൂപടങ്ങൾ നമുക്ക് തന്നെ വരച്ചാലെന്താണു എന്ന് ലതീഷ് മോഹൻ ചോദിക്കുന്നു. എന്റെ കവിതയുടെ ഭൂപടം ഞാൻ തന്നെ വരക്കുന്നതാണു. അതിലെ പ്രജയും രാജാവും കാലാൾപ്പടയും പുല്ലും മരങ്ങളും പുൽച്ചാടിയും ഇത്തിക്കണ്ണിയും ഒക്കെയും ഞാൻ തന്നെയാവുന്നു.  ആ സന്തോഷത്തിനും സംത്യപ്തിക്കും വേണ്ടിയാവണം കവിതയെഴുതുന്നതും .അതെങ്കിലും പണയം വയ്ക്കുക വയ്യ.
സ്നേഹം കവിതയുടെ ഇന്ധനമാകാം, സ്നേഹമെന്ന വരിയിൽ ഓല കുടുങ്ങിയ കാസറ്റ്‌ പ്ലെയർ എന്ന് വിത്സന്റെ കവിതകളെ വിഷ്ണുപ്രസാദ്‌ പൊതുവെ വിശേഷിപ്പിച്ചത്‌ ഓർക്കുന്നു. ഒരുപക്ഷെ അടുത്തിടെ ഇറങ്ങിയ താങ്കളുടെ ഓരോ പുസ്തകത്തിനൊപ്പവും ഇനി താനെഴുതുമോ അല്ലെങ്കിൽ തനിക്കിനി എഴുതാനാകുമോ എന്ന് സംശയിക്കുന്ന ഒരു വിത്സനെ കാണാനാകും, അപ്പോഴൊക്കെയും നിങ്ങളിനിയും എഴുതും - എഴുതാതിരിക്കാൻ നിങ്ങൾക്കാകില്ല എന്ന് വിത്സനോട്‌ ഉറപ്പിച്ച്‌ പറയുന്ന സൗഹൃദങ്ങളുണ്ടല്ലോ, സൗഹൃദം കവിതയെ വിടാതെ പിടിച്ചു വെക്കാൻ എങ്ങനെയെല്ലാം സഹായിക്കുന്നു?
സ്നേഹത്തിനു എന്റെ കവിതയുമായി ബന്ധമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അത് അത്ഭുതമാണുതാനും. കാരണം സ്നേഹിക്കാനറിയാത്തവൻ എന്നാണു ഞാനെന്നെ ഉള്ളിൽ വിശേഷിപ്പിക്കാറുള്ളത്. അതിനു കാരണവും കുട്ടിക്കാലമാകാം. അപ്പൻ, അമ്മ, ചേട്ടന്മാർ. ഇല്ല എനിക്ക് ചെറുപ്പത്തിൽ സൊ കാൾഡ് സ്നേഹം കിട്ടിയിട്ടില്ല. അവരെന്നെ സ്നേഹിച്ചു കാണും. പ്രകടിപ്പിക്കാതെ. അതിന്റെ തുടർച്ചയാണു ഞാനെന്ന് തോന്നിയിട്ടുണ്ട്. അതാവാം കവിതയിലും തിരയുന്നത്. അതാവാം മുഴച്ച് നിൽക്കുന്നത്.
വിഷ്ണുമാഷ് അത് പറയാനുള്ള കാരണം കവിതയുടെ വർത്തമാനവുമായി ബന്ധിപ്പിക്കേണ്ടതാണു. ഞങ്ങളുടെ തലമുറയിൽ കവികൾക്കിടയിൽ ആത്മസ്നേഹ ബന്ധങ്ങൾ കുറവായിട്ടാണു എനിക്കനുഭവപ്പെട്ടത്. തൊട്ട്മുൻപുള്ള തലമുറയുടെ കാര്യം അതിലും കഷ്ടമാണെന്ന് തോന്നുന്നു. കവികളെ പരസ്പ്പരം സ്നേഹത്തോടെ ബന്ധിപ്പിക്കുന്ന അൻവർ അലിയെപ്പോലുള്ള വളരെ ചുരുക്കം ചിലരേയേ കാണാനായിട്ടുള്ളൂ. ആ ഗുണം അദ്ദേഹത്തിനു അതിനും മുൻപത്തെ തലമുറയിൽ നിന്ന് കിട്ടിയതാവണം. അക്കാര്യത്തിൽ നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരുൺ പ്രസാദ്, ഹരിശങ്കരനശോകൻ, സുജീഷ്, സുബൽ, മഹി, രാഹുൽ... നിങ്ങൾ തമ്മിലുള്ള കരുതലിനെ പലപ്പോഴും ഞാൻ മാറി നിന്ന് സ്നേഹിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്.
എഴുത്തിന്റെ മൂന്നാം ഘട്ടത്തിലാണു ഞാൻ. 15 വയസ്സ് മുതൽ 25 വരെ ഒക്കെ എഴുതിയ - ഉറക്കം ഒരു കന്യാസ്ത്രീ -കാലഘട്ടത്തിൽ ആത്മസ്നേഹ ബന്ധങ്ങൾ തീരെ കുറവായിരുന്നു എന്ന് പറയണം. എങ്കിലും അന്ന് എന്റെ കവിതക്കായി കാത്തിരുന്ന പൊയിൽക്കാവിലെ വിജയനെ മറക്കുക വയ്യ. അവന്റെ ആത്മഹത്യ എന്റെ കവിതയെ എന്നുമുലയ്ക്കാറുണ്ട്. 
രണ്ടാം ഘട്ടമാണു ബ്ലോഗ്. ഗൾഫിൽ ജോലിക്കായി പോയപ്പോൾ കവിതയും കൈവിടേണ്ടതായിരുന്നു. മടക്കി കിട്ടിയത് ബ്ലോഗുജീവിതം കൊണ്ട് മാത്രമാണു. അത് കൊണ്ട് തന്നെ അക്കാലത്ത് സജീവമായ എല്ലാവരോടും കവിതയുടെ ഒരു സാഹോദര്യ ബന്ധമുണ്ട്. ഒരാളുടെ പേരു പറയുക വയ്യ. ഒരാളുടെ പേരു പറയാതെയും വയ്യ. രാമചന്ദ്രൻ വെട്ടിക്കാട്.  രണ്ടം ഘട്ടത്തിലെ എന്റെ കവിത ഭൗതികമായും അല്ലാതെയും രാമചന്ദ്രനോട്  ഏറെ കടപ്പെട്ടിരിക്കുന്നു. 
ഇനി താനെഴുതുമോ, എഴുതാനാകുമോ എന്ന സംശയം. ആ ചോദ്യം രസമുണ്ട്. കുഴൂർ വിത്സന്റെ കവിതകൾക്കുള്ള ആമുഖത്തിലാണു  ഇനി ഞാനെഴുതുമോ എന്നെനിക്കറിഞ്ഞുകൂടായെന്ന് ആദ്യമായി എഴുതിയത്. ഇനി എഴുതിയില്ലെങ്കിൽ വേണ്ട എന്ന കാലം കൂടി ആയിരുന്നു അത്. അത് കൊണ്ടാണു അങ്ങനെ ഒരു തലക്കെട്ട് പുസ്തകത്തിനു ഇട്ടതും. ഇതോടെ നിൽക്കും എങ്കിൽ ഒരു പൂർണ്ണവിരാമത്തിന്റെ സ്വരമിരിക്കട്ടെ എന്ന മട്ടിൽ. ബട്ട് അങ്ങനെ ആയില്ല. ആ പുസ്തകത്തിനു ശേഷമാണു നിറച്ചെഴുതിയത്. 2012 മുതലുള്ള മൂന്നാം ഘട്ടത്തിൽ എഴുതിയ മിക്ക കവിതകളും എനിക്ക് പ്രിയപ്പെട്ടതാണു. ഇന്ന് ഞാൻ നാളെനീയാന്റപ്പൻ, തിന്താരൂ, രണ്ട് പേർ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി തുടങ്ങിയവ. ആ കവിതകളും പുസ്തകമാവുകയാണു. അൻവർ അലിയാണു അവതാരിക. കെ വി സജയ്-യുടെ പഠനം. ആ പുസ്തകത്തിന്റെ പുറകിൽ വിഷ്ണുപ്രസാദ്, നസീർ കടിക്കാട് ,ലതീഷ് മോഹൻ എന്നിവരുമായി ചേർന്ന് ഒരു വർത്തമാനം നടത്തി ചേർക്കണമെന്നുണ്ട്. അതിൽ ചിലപ്പോൾ കവിതയും കൂട്ടും എന്ന വിഷയം വിശദമായി വന്നേക്കും.  ഈ കാലത്ത് തന്നെ വയലറ്റിനുള്ള കത്തുകളും സംഭവിച്ചു. 
ഇപ്പോഴും പറയുന്നു. ഇനി ഞാൻ എഴുതുമോ എന്നറിഞ്ഞുകൂടാ. കൗമാരത്തിൽ ഞാനൊരു അൾത്താര ബാലനായിരുന്നു. കുർബ്ബാന കഴിയുന്ന നിമിഷങ്ങൾ ഏറെ ഇഷ്ടവുമായിരുന്നു. അപ്പോൾ അച്ചൻ അവസാനത്തെ വരികൾ ചൊല്ലും . ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരികയോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ.  എന്തോ എല്ലാ കവിത എഴുതുമ്പോഴും അതെന്റെ ഉള്ളിലുണ്ട്.
(ഇപ്പോൾ ഒരു വർഷമായി എഴുതിയിട്ട്. എഴുതിയില്ല എങ്കിൽ എനിക്കൊന്നുമില്ല. ബട്ട് ഒരു പനി വരും. മൂക്കടപ്പ് വരും. ദിനരാത്രങ്ങൾ ഒക്കെ അടഞ്ഞിരിക്കും. അത്  മരുന്ന് കൊണ്ട് മാറാറില്ല. എഴുതുക തന്നെ വേണം. കാരണമറിഞ്ഞു കൂടാ.)
എഴുതിയില്ലെങ്കില്ലൊന്നുമില്ല എന്നിപ്പോൾ പറഞ്ഞല്ലോ, മറിച്ച്‌ കവിത എഴുതിയതിന്റെ പേരിൽ ജീവിതത്തിൽ പ്രത്യേകിച്ച്‌ തൊഴിലിടത്തിൽ വിത്സൻ ചില പ്രയാസങ്ങൾ നേരിട്ടുണ്ടല്ലോ...
എന്നെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യമാണിത്. പ്രത്യേകിച്ചും ഇതെഴുതുന്ന ഈ സമയം. കഴിഞ്ഞ ഒരു വർഷമായി എനിക്ക് പറയത്തക്ക ഒരു ജോലിയില്ല. അവസാനമായി ജോലി ചെയ്തത് കൊച്ചിൻ ബിനാലെയിലാണു. കൂട്ടുകാരനും എഴുത്തുകാരനുമായ റിയാസ് ബാബു വഴി. നോർവേയിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ വർക്കുകൾ കൊച്ചിയിൽ പ്രദർശിപ്പിച്ചു.  ചെറിയ മുദ്രകൾ  ഇതിഹാസമാകുമ്പോൾ എന്നായിരുന്നു അതിന്റെ ടൈറ്റിൽ. അതിന്റെ പ്രൊഡ്യൂസറായിരുന്നു ഞാൻ. അമ്മയുടെ അവസാനനാളുകൾ ആയതിനാൽ കുറച്ച് മാനസിക ക്ലേശം അനുഭവിച്ചുവെങ്കിലും ഏറ്റവും അനായാസമായി ചെയ്ത ജോലി എന്നതിനെ പറയാം. എനിക്കവരേയും അവർക്കെന്നേയും നന്നായി മനസ്സിലായതുകൊണ്ടാണത്. തരക്കേടില്ലാത്ത പ്രതിഫലവും കിട്ടി. എനിക്കിണങ്ങുന്ന പണിയായിരുന്നു അത്. നോക്കൂ, അതിനു തൊട്ട് മുൻപ് ഞാൻ ചെയ്തിരുന്ന പണി കുറ്റക്യത്യങ്ങളുടെ വാർത്ത വായിക്കലായിരുന്നു. ആഹാ. അത്തരം വൈരുദ്ധ്യങ്ങളിലൂടെ ഒരു പാട് കടന്ന് പോയിട്ടുണ്ട്. മാധ്യമപ്രവർത്തനം തൊഴിലായി തെരഞ്ഞെടുത്തതിലുള്ള കുറ്റബോധം ചെറുതല്ല. വിവാഹം കഴിച്ചതിനേക്കാൾ അതെന്നെ കുത്തുന്നുണ്ട്. തൊഴിലിടങ്ങളെക്കുറിച്ച് പറയാൻ ഏറെയുണ്ട്.  എക്സ്പ്രസ്സ് മലയാളം, ചന്ദ്രിക ദിനപത്രം, കലാദർപ്പണം മാസിക, ഡി നെറ്റ്, ഏഷ്യാനെറ്റ് റേഡിയോ, ഗോൾഡ് എഫ് എം, റിപ്പോർട്ടർ ചാനൽ. ഒരു പാട്. എനിക്കതേക്കുറിച്ച് പറയാൻ ഇപ്പോൾ ഇഷ്ടമില്ല
സുജീഷ് ചോദിച്ചത് ജമ്മം എന്ന കവിതയെക്കുറിച്ചാണെന്ന് മനസ്സിലായി. അതേക്കുറിച്ച് കലാകൗമുദിയിലെ സ്വകാര്യത്തിൽ എഴുതിയിരുന്നു. കുഞ്ഞാലിക്കുട്ടി എന്ന ഒരു വരി അതിലുണ്ട്. അതിന്റെ പ്രേതം ഇപ്പോഴും തൊഴിലിടങ്ങളിൽ എന്നെ പിന്തുടരുന്നുണ്ട്. അതുണ്ടാക്കിയ നഷ്ടങ്ങളും ചെറുതല്ല. എന്തോ ഈ വർത്തമാനത്തിൽ അതേക്കുറിച്ച് നിറച്ചെഴുതാനും തോന്നുന്നില്ല. ഒരു തരം മരവിപ്പുണ്ടതിനു. പിന്നീടാകട്ടെ
അടുത്തിടെ ക്രിസ്പിൻ ജോസഫ്‌ എന്ന കവിയ്ക്കും തന്റെ തൊഴിൽ മേഖലയിൽ കവിതയെഴുതിയതിന്റെ പേരിൽ ചില പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വന്നതായും അറിഞ്ഞു..
ക്രിസ്പിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. എല്ലാ എഴുത്തുകാരും ഇതനഭവിക്കുന്നുണ്ടാകണം. അവനെ കലക്കിയാണു അവൻ എഴുതുന്നത്. തൊഴിലിടങ്ങൾക്ക് അവനെ ഉൾക്കൊള്ളുക പ്രയാസമാണു. കവിത കൊണ്ട് മാത്രം ജീവിക്കാവുന്ന, അമ്മിണിയെ നോക്കാവുന്ന ഒരു സ്വപ്നം ഉള്ളിലുണ്ട്. ടെമ്പിൾ ഫോർ പോയട്രി പോലൊന്ന്. നടക്കുമായിരിക്കും. കവിത കൊണ്ട് ജീവിക്കാനാണു എനിക്കിഷ്ടം. അതിൽ രാപ്പകൽ പണിയെടുക്കാനും തയ്യാർ.
കവിതയിലൂടെ ജീവിക്കുക, കവിതയ്ക്കായി ജീവിക്കുക എന്നുള്ള ആഗ്രഹങ്ങൾ നമ്മുടെ കാലത്തെ പല കവികളിൽ നിന്നായി കേട്ടിട്ടുണ്ട്‌. ടി.പി രാജീവൻ ഒരു പോയട്രി വില്ലെജ്‌ തുടങ്ങണം എന്നൊരാഗ്രഹം കൊണ്ട്‌ നടക്കുന്നു. മുൻപൊരിക്കൽ കവിതയെ കുറിച്ചുള്ള ഒരു സംഭാഷണത്തിൽ അൻവർ അലി ഇങ്ങനൊരു കാര്യം പറയുകയുണ്ടായി. ഒരു പോയട്രി ഹോം തുടങ്ങുന്ന കാര്യം, കൂട്ടത്തിൽ അനിത തമ്പിയും അൻവർ അലിയുമൊക്കെ ഉൾക്കൊള്ളുന്ന ഒരു ചെറുകൂട്ടത്തിനു തിരുവനന്തപുരത്ത്‌ ഒരു ലൈബ്രറി ഉണ്ടായിരുന്നെന്നും എന്നാൽ അതിനെ തങ്ങളുടെ ആഗ്രഹത്തിനൊത്ത്‌ വളർത്തിയെടുക്കാൻ പല കാരണങ്ങളാൽ സാധ്യമായില്ലെന്നും അൻവറിക്ക അന്ന് പറഞ്ഞിരുന്നു. വിഷ്ണുപ്രസാദിനും അങ്ങനെ മറ്റു പല കവികൾക്കും ഇത്തരം ആഗ്രഹങ്ങൾ ഉണ്ടെന്നും തോന്നുന്നു. എന്താണു വിത്സന്റെ ടെമ്പിൾ ഒഫ്‌ പോയട്രി എന്ന സ്വപ്നം?
കവി വിഷ്ണുപ്രസാദ് വയനാട്ടിൽ കാടിരുത്തത്തിലൂടെ നടത്തിയതിന്റെ തുടർച്ച തന്നെയാണിത്. കാവ്യഹ്യദയമുള്ളവർക്ക് ഒരുമിക്കാനൊരിടം. കുറച്ചധികം കാലം ഒരുമിച്ച് ജീവിക്കാനൊരിടം. എഴുതാൻ , വായിക്കാൻ ഒരിടം.  ലോകത്തിലെ മുഴുവൻ കവിതാപുസ്തകങ്ങളുമുള്ള വായനശാലയാണു അതിന്റെ ഒരു ഭാഗം. ആർക്കും വരാം. കുറഞ്ഞ ചെലവിൽ താമസിക്കാം. എഴുതുകയോ വായിക്കുകയോ വെറുതെ ഇരിക്കുകയോ ചെയ്യാം.
ടെമ്പിൾ ഓഫ് പോയട്രീ എന്ന പേരു കണ്ട് ഭയക്കേണ്ടതില്ല. മതേതരമാണു അതിന്റെ ചുമരുകൾ. പുസ്തകം പ്രതിഷ്ഠയായ ഒരമ്പലം. സന്ദർശകർക്ക് നേർച്ചയായി കവിതാപുസ്തകങ്ങൾ കൊണ്ടു വരാം. തിരിച്ച് നിവേദ്യമായി കവിതാപുസ്തകങ്ങൾ കൊണ്ട് പോവുകയും ചെയ്യാം. ടെമ്പിൾ ഓഫ് പോയട്രീ - ടോപ്പ് - എന്ന പേരിൽ ഒരുക്കാൻ കിടിലൻ സ്ഥലം ഒക്കെ കണ്ട് വച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി എയർ പോർട്ടിനു 15 മിലോമീറ്റർ മാറിയുള്ള പാടത്തിനു നടുവിലെ മൂന്നേക്കർ ദ്വീപാണത്. നമ്മുടെ അരുൺ പ്രസാദൊക്കെ അത് കണ്ടിട്ടുണ്ട്. സമാനഹ്യദയർ സഹകരിച്ചാൽ അത് നടപ്പാക്കണം - ആരും സഹകരിച്ചില്ല എങ്കിലും നടപ്പാക്കും എന്ന് മനസ്സ് പറയുന്നു. സമയം ആവുന്നതേ ഉള്ളായിരിക്കും. നാട്ടിലേയും വിദേശത്തെയും കവി സുഹ്യത്തുക്കൾ ഈയാശയത്തിൽ കണ്ണ് വച്ചിട്ടുണ്ട്. 
കവികൾ കാര്യപ്രാപ്തി കുറഞ്ഞവരാണെന്ന് പൊതുവേ ആക്ഷേപമുണ്ട്.  ടാഗോർ, കുമാരനാശാൻ, വള്ളത്തോൾ തുടങ്ങിയവരൊക്കെ അത് മറികടന്നവരാണു.  ടെമ്പിൾ ഓഫ് പോയട്രിയിലേക്ക് ഇത് വായിക്കുന്നവർക്ക് ഇപ്പോഴേ മനസ്സ് കൊണ്ട് സ്വാഗതം
സാമ്പത്തികം വലിയൊരു പ്രശ്നം തന്നെയാണ്, ഇത്തരം ആഗ്രഹങ്ങളിൽ മാത്രമല്ല കവിതയിൽ തുടരുക എന്നതിനു കൂടി. ഇക്കാരത്താല്‍ കൂടിയാകാം , ഈ കാലത്ത് എഴുതപ്പെടുന്ന മിക്ക കവിതകളുടെയും പൊതുസവിശേഷത അതിവാചാലത അല്ലെങ്കിൽ അലസതയായി മാറുമ്പോൾ വിത്സനെന്ന കവിത വായനക്കരനെന്ത്‌ തോന്നുന്നു?
സാമ്പത്തിക ക്ലേശങ്ങളും, സാമൂഹികമായ അരക്ഷിതാവസ്ഥയും കവിതയെ ബാധിക്കും. അതിനെ മറികടന്ന് എഴുതുക എന്നുള്ളത് വെല്ലുവിളിയാണു. അതിനെ നേരിടുക തന്നെ വേണം. ഇപ്പറഞ്ഞ കാര്യങ്ങളിൽ സ്വസ്ഥത അനുഭവിക്കുന്ന കവികളുടെ ശിൽപ്പത്തിൽ കാര്യമായ ശ്രദ്ധ ഉണ്ടെന്നാണു തോന്നിയിട്ടുള്ളത്. സച്ചിദാനന്ദൻ, പി പി രാമചന്ദ്രൻ, ടി പി രാജീവൻ തുടങ്ങിയവരൊക്കെ തന്നെ ഉദാഹരണങ്ങൾ. ശിൽപ്പത്തിനപ്പുറം കവിത പായിക്കാൻ ഇവർക്കൊട്ട് ആകുന്നുമില്ല. അരക്ഷിതമായ വഴികളിലൂടെ കടന്ന് പോകുന്നവർക്കാകട്ടെ തങ്ങളുടെ കവിതയ്ക്ക് മൂർച്ച കിട്ടുന്നുമില്ല. അതിവാചാലത, അലസത തുടങ്ങിയവ അതിന്റെ മുഖമുദ്രകളാവുകയും ചെയ്യുന്നു. വിഷ്ണുപ്രസാദ്, നസീർ കടിക്കാട്, ലതീഷ് മോഹൻ, ഈ മറുപടി തരുന്ന ആൾ ഒക്കെ ആ കുറ്റക്കാരുടെ നിരയിൽ വരുന്നുണ്ട്. മലയാളക്കരയിൽ ചിതറിപ്പോയ മനുഷ്യമനസ്സുകളുടെ വെറും വിലാപങ്ങളായി അവ മാറുന്നുമുണ്ട്. സൈബറിടത്തിൽ പ്രത്യേകിച്ചും. അക്കാര്യത്തിൽ അൻവർ അലി, കെ ആർ ടോണി, ശ്രീകുമാർ കരിയാട് തുടങ്ങിയവർ കാണിക്കുന്ന കണിശത കാണേണ്ടതാണു. ശിൽപ്പത്തിലും കവിതയിലും അവർ വിട്ട് വീഴ്ച്ച കാണിക്കാറില്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അക്കൂട്ടത്തിൽ പുതുതലമുറയിൽ നിന്ന് അരുൺപ്രസാദുമുണ്ട്. 
അതിവാചാലതക്കും അലസതക്കും വലിയ കാരണം മാറിയ സാഹചര്യങ്ങൾ തന്നെയാണു. കവിതയിൽ മാത്രമല്ല അത്. നമ്മുടെ ശ്രദ്ധ, സൂക്ഷ്മത, ജാഗ്രത തുടങ്ങിയവ എത്ര മാത്രം ചിതറിപ്പോയിരിക്കുന്നു എന്ന് പരിശോധിച്ചാൽ മതി. വ്യക്തി-സാമൂഹികജീവിതത്തിൽ അത് പ്രകടമാണു. അതിന്റെ പ്രതിഫലനം പുതിയ കാല കവിതകളിലുമുണ്ട്. ആരും കേൾക്കാനില്ലാത്ത കാലത്ത് അതിവാചാലത ഉറപ്പാണു. മാനസിക നില തെറ്റിയവരും ചെയ്യുന്നത് അതാണല്ലോ. അലസതയുടെ കാര്യവും മറ്റൊന്നല്ല. 
അതിവാചാലത, അലസത എന്നിവ നേരിടേണ്ടത് ഞാനുൾപ്പെടുന്ന കവികൾ തന്നെയാണു. അതിനു വലിയ ഊർജ്ജവും മനക്കട്ടിയും ആവശ്യമാണു. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ നോക്കുക അൻവർ അലിയെ ആണു. അത് വലിയ ആശ്വാസവുമാണു.
ശിൽപ്പത്തെ (craft)  പല കവികളും പലതരത്തിൽ വ്യാഖ്യാനിച്ചു കാണാറുണ്ട്‌, കവിതയുടെ ശിൽപ്പം അഥവാ രചനാതന്ത്രം വിത്സനെ സംബന്ധിച്ച്‌ എന്താണു? 
കവിതയുടെ ശിൽപ്പത്തെക്കുറിച്ച് അതിബോധവാനായ ഒരാൾ എന്നിലുണ്ട്. ഇത് കവികൾക്കിടയിലുള്ള വർത്തമാനമാണു. അത് മറക്കുകയുമരുത്. അതു പോലിരിക്കുന്നു എന്നതാവാം ഒരു കവിയെ ഏറ്റവുമധികം ഉലയ്ക്കുന്ന വാചകം. എല്ലാം എഴുതപ്പെട്ടു കഴിഞ്ഞതാണു. എന്നിട്ടും എനിക്ക് ഇത് വേറെ ഒരു രീതിയിൽ പറയാനുണ്ട് എന്നാണു ഓരോ കവിതയും പറയുന്നത്. അക്കാര്യത്തിൽ വല്ലാതെ നീറുന്ന ഒരാൾ എന്നിലുണ്ട്. വെറും കവിയല്ല ഞാൻ എന്ന്  ഈ ലോകത്തോട് പറയേണ്ടതു എന്ന് കവിതയിൽ തന്നെ പറഞ്ഞിട്ടുമുണ്ട്. 
പലപ്പോഴും കവിത നിരൂപകർ പലരും കവിതയുടെ സാങ്കേതിക കാര്യത്തിലേക്ക്‌ വരുമ്പോൾ മറ്റു കലകളുടെ - ചിത്രകല, കഥ തുടങ്ങിയവയുടെ - ടൂളുകൾ ഉപയോഗിച്ച്‌ കവിതയെ വിലയിരുത്തുന്നുണ്ടല്ലോ..
കവിതയെ കവിതയായി തന്നെ അവതരിപ്പിക്കുക നിരൂപകർക്ക് ക്ലേശമുണ്ടാക്കുന്ന കാര്യമാണു. ഒന്നിനെ അതായി തന്നെ അവതരിപ്പിക്കാൻ ക്ലേശമുള്ളതു കൊണ്ടാണു കവികൾ പോലും ഉപമകളെ ആശ്രയിക്കുന്നത്. അപ്പോൾ പിന്നെ നിരൂപകരുടെയും വായനക്കാരുടെയും കാര്യം പറയണമോ? കവിത ചിത്രകലയിലൂടെ, സിനിമയിലൂടെ കൂടുതൽ അനുഭവവേദ്യ -മാകുമെങ്കിൽ അതിൽ തെറ്റില്ല എന്നാണു എന്റെ പക്ഷം
ഇടശ്ശേരിയുടെ പൂതപ്പാട്ട് ശിൽപ്പത്തിന്റെ കാര്യത്തിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഈ ചെത്തിപ്പൂവൊക്കെ ഇങ്ങനെ ചോന്നിരിക്കണത് തുടങ്ങിയ ഗദ്യഭാഗങ്ങൾ എങ്ങനെ ആ കവിതയിൽ വന്നുവെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഏറെക്കാലങ്ങൾക്ക് ശേഷമാണു അതിന്റെ രഹസ്യമറിഞ്ഞത്. ഇടശ്ശേരി പൂതപ്പാട്ട് ആദ്യമെഴുതിയത് , കുട്ടികൾക്കായുള്ള നാടക ചിത്രീകരണമായിട്ടായിരുന്നു എന്ന്. അപ്പോൾ ആ അത്ഭുതം മാറുകയും ചെയ്തു. 
പുതിയ കവിതയിൽ അൻവർ അലിയുടെ ഏകാന്തതയുടെ അമ്പത് വർഷങ്ങൾ , ശ്രീകുമാർ കരിയാടിന്റെ ഇൻസ്റ്റലേഷൻ, മനോജ് കുറൂരിന്റെ കോമ, രാം മോഹൻ പാലിയത്തിന്റെ എർണാകുളത്തിന്റെ ഓർമ്മയ്ക്ക് , അരുൺ പ്രസാദിന്റെ ബെഡ് ടൈം സ്റ്റോറി, വിഷ്ണുപ്രസാദിന്റെ കുനാൻ പോഷ്പോറ, എം.ജി.രവികുമാറിന്റെ സന്തോഷിന്റെ അച്ഛൻ മരിച്ച ദിവസം (കുറച്ചുണ്ട്- പെട്ടെന്ന് ഓർമ്മ വന്നത് കുറിക്കുന്നു) തുടങ്ങിയവ ശിൽപ്പത്തിൽ പ്രിയപ്പെട്ടതാണു. 
ഒരു കാര്യം കൂടി പറയാം. രണ്ട് പേർ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി പോസ്റ്റിയ ഉടനെ വിളിച്ചത് സനൽ കുമാർ ശശിധരനാണു. ആ കവിത വായിച്ചതിന്റെ വീർപ്പ് മുട്ടൽ അവന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് വച്ച് നിങ്ങൾ ആ കവിത നശിപ്പിച്ചു കളയുമെന്ന് പേടിയുണ്ടായിരുന്നെന്ന് സനൽ പറഞ്ഞു. ഒടുക്കം വരെ വായിച്ചപ്പോൾ ശ്വാസം നേരെ വീണുവെന്നും. ക്രാഫ്റ്റിൽ നല്ല ശ്രദ്ധയുള്ള ഒരാളാണു സനൽ. അങ്ങനെയൊരു വായനക്കാരനെ ആ കവിതയിലൂടെ അങ്ങനെ കൊണ്ട് പോകാനായത് തന്നെയാണു ആ കവിതയുടെ സന്തോഷവും. എഴുതിയപ്പോൾ അനായാസത തോന്നിയെങ്കിലും, ആ ചിന്തയ്ക്ക് ഏറെ വളം കൊടുത്തിരിക്കണം. പല തവണകളിലായി. 
ആത്മാവിനു ശരീരമുണ്ട്. ശരീരത്തിനു ആത്മാവും. രണ്ടും ഒന്നാവാനും മതി. 
തങ്ങൾക്ക്‌ ഇരുന്നെഴുതാൻ ഇഷ്ടപ്പെട്ട സമയത്തെ അല്ലെങ്കിൽ സ്ഥലത്തെ കുറിച്ചൊക്കെ എഴുത്തുകാര്‍ക്ക് ഇഷ്ടങ്ങള്‍ ഉണ്ടാകാമല്ലോ. ഇത്തരത്തിൽ എന്തെങ്കിലും നിർബന്ധങ്ങളോ താൽപര്യങ്ങളൊ ഉണ്ടോ?
ഇതു വരെ ഇല്ല. കാരണവുമുണ്ട്. അങ്ങനെ സമയം തെരഞ്ഞെടുത്ത്, സ്ഥലം തെരഞ്ഞെടുത്ത് എഴുതേണ്ട ഒരു വലിയ ക്യതിയും ഇത് വരെ ഞാനെഴുതിയിട്ടില്ല. എല്ലാ കോലാഹലങ്ങൾക്കുമിടയിൽ സംഭവിച്ചതാണു ഇത് വരെ എഴുതിയതൊക്കെ. മരങ്ങളെക്കുറിച്ചുള്ള നീണ്ടകവിതയായ വസന്തം എന്റെ കവിതയോട് അതിന്റെ പേരു ചോദിച്ചു, വയലറ്റിനുള്ള കത്തുകൾ തുടങ്ങിയവ ഉൾപ്പടെ.
ഇറച്ചിവെട്ടുകാരൻ കേന്ദ്രഭാഗത്ത് വരുന്ന ഒന്ന് എഴുതണമെന്നുണ്ട്. അതിനു പ്രിയപ്പെട്ട ഇടവും, പ്രിയപ്പെട്ട സമയവും കണ്ടെത്തമെന്നുമുണ്ട്. 
ഇറച്ചിവെട്ടുകാരനായി തൊഴില്‍ ചെയ്ത ഒരാളായിരുന്നല്ലേ?
ഇറച്ചിവെട്ടുകാരനായി തൊഴിൽ ചെയ്തു എന്ന് പറയുന്നത് ശരിയല്ല. ഒരു കാലത്ത് അതിന്റെ ട്രെയിനിയായി പ്രവർത്തിച്ചു എന്ന് പറയാം.  
അപ്പന്റെ അനുജനു ഇറച്ചിവെട്ടുണ്ടായിരുന്നു. പുള്ളിയുടെ ആഴ്ച്ചക്കടയിൽ കണക്കെഴുതാൻ ഇരുന്നിട്ടുണ്ട്.  ആറിലും ഏഴിലും ഒക്കെ പഠിക്കുമ്പോൾ. പിന്നെ എന്റെ ചേട്ടൻ  (മരിച്ചു പോയി) ഒന്ന് തുടങ്ങി. അവിടെ കുറേക്കൂടി ട്രെയിനിയായി എന്ന് പറയാം. അതും കൗമാരത്തിൽ തന്നെയാണു. 
ബുധനാഴ്ച്ചയാണു ഉരുവിനെ ചാലക്കുടിയിൽ നിന്ന് കൊണ്ട് വരിക.  ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അത് വീട്ടിലായിരിക്കും. അമ്മ അതിനു കാടിയും പുല്ലുമൊക്കെ നൽകും. രാവിലെ ഏണീക്കുമ്പോൾ പുല്ല് തിന്ന് നിൽക്കുന്ന അതിനെ നാം കാണും. രണ്ട് മൂന്ന് ദിവസങ്ങൾ നമ്മുടെ ഒരാളാകും അത്. ശനിയാഴ്ച്ച അതിനെ വെട്ടുന്ന പറമ്പിലേക്ക് കൊണ്ട് പോകും. അന്ന് അർധരാത്രി കഴുത്തറുക്കും. മെയിൻ അറവുകാരൻ അത് ചെയ്യുമ്പോൾ നമ്മൾ അസിസ്റ്റൻസ് കയറു പിടിച്ച് കൊടുക്കണം. ഉറക്കച്ചടവുള്ള ആ രാത്രികൾ എന്റെ ഉള്ളിലുണ്ട്. അതുമായി ബന്ധപ്പെട്ട പലതും. അത് എഴുതുന്ന കാര്യം നേരത്തേ പറഞ്ഞുവല്ലോ. എഴുതണം
ഇറച്ചിവെട്ടുകടയിൽ കണക്കെഴുതിയ കൈകൾ മലയാളകവിതയിലേക്ക് വരുമ്പോൾ എന്ന് മുൻപ് ഒരു വരി കുറിച്ചിട്ടുണ്ട്. ഇപ്പോൾ അതിൽ ഒന്നും തോന്നുന്നില്ല. എത്ര തരത്തിലുള്ള മനുഷ്യരുടെ എഴുത്താണു നാം വായിച്ച് കൊണ്ടിരിക്കുന്നത്. നിരഞ്ജൻ കപ്പിത്താനാണു. നസീർ കടിക്കാട് ഹോട്ടൽ നടത്തുന്നു. ബാത്ത് റൂമിൽ ഒളിച്ചിരുന്നു എഴുതുന്നതിനെ പറ്റി ദേവസേന പറയുന്നു. നന്ദൻ മുള്ളമ്പത്ത് പെയിന്റ് പണിക്ക് പോകുന്നു, സുധീഷ് കോട്ടേമ്പ്രം ചിത്രകാരനാണു. അങ്ങനെ എത്ര പേർ. അതിന്റെ വൈവിധ്യവും ഗുണവും കവിതയിലും ഉണ്ടാവും എന്നാണു പ്രതീക്ഷ
മലയാളകവിതയ്ക്ക് ജാതിയും തൊഴിലും പ്രത്യേകമായി ഉണ്ടായിരുന്ന കാലം കഴിഞ്ഞു. അതറിയാത്തവർ ഉണ്ടാകും. അത് അവരെ കൂടി കവിതയിലൂടെ അറിയിക്കാൻ കഴിയുന്നതും പുതിയ എഴുത്തുകാരുടെ വെല്ലുവിളിയാണു. അതിൽ ഒരാളാണു ഞാനും.
ആദ്യകാലകവിതകളും അന്നത്തെ എഴുത്തിനെ സ്വാധീനിച്ച വായനയും
ഉറക്കം ഒരു കന്യാസ്ത്രീയാണു ആദ്യപുസ്തകം. 15 വയസ്സ് മുതൽ 23 വയസ്സ് വരെ എഴുതിയ 24 കവിതകളുടെ പുസ്തകം. 1998ലാണത്. അന്നത്തെ ഏത് കൗമാരക്കാരനെയും പോലെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറെ സ്വാധീനിച്ചിരുന്നു. എന്നാൽ ആ പുസ്തകത്തിൽ ഒന്നോ രണ്ടോ കവിതകൾ ഒഴികെ ബാലബാധ കുറവാണു. ഇ - യിൽ ആ ഓർമ്മ പോലുമില്ല. ആ ബാധ ഒഴിക്കൽ എത്ര ശരിയാണെന്ന് കാലം തെളിയിക്കുന്നു.  പിന്നീട് എത്രയോ പേർ. കൽപ്പറ്റ നാരായണന്റെ കവിതയുടെ കാര്യം പറയാതെ വയ്യ. വീണ്ടും വീണ്ടും വായിപ്പിക്കുന്ന കവിയാണു അദ്ദേഹം. 
ഒരു കാര്യം പറയാം. കുഴൂർ വിത്സന്റെ കവിതകൾക്ക് വി കെ സുബൈദ ടീച്ചർ എഴുതിയ പഠനത്തിൽ ഒരു നിരീക്ഷണമുണ്ട്. ഒരു നല്ല കവിതയ്ക്ക് അത് ആരുടേതായാലും മികച്ച ഇടവും സ്വീകാര്യതയും ലഭിച്ചാൽ എഴുതിയ കവിയേക്കാൾ സന്തോഷിക്കുന്ന ഒരാൾ വിത്സനിൽ ഉണ്ടെന്ന്. ടീച്ചർ അവരുടെ അനുഭവത്തിൽ നിന്ന് എഴുതിയതാണു അത്. ആ നിരീക്ഷണത്തിൽ ഏറെ സന്തോഷമുണ്ട്.
ബൈബിളും റേഷൻ കാർഡും മാത്രമായിരുന്നു ഓർമ്മ വയ്ക്കും കാലത്തെ വീട്ടിലെ പുസ്തകങ്ങൾ. പുസ്തകവായനക്ക് പറ്റിയ ബാല്യമൊന്നുമായിരുന്നില്ല. എങ്കിലും കുഴൂർ വായനശാലയെ ഓർക്കാതെ വയ്യ. കവികളുടെ ഡോക്ടറും, സയന്റിസ്റ്റുമൊക്കെയായിരുന്ന ഡോക്ടർ ടി ഐ രാധാക്യഷനൊക്കെ നട്ട് നനച്ച് ഉണ്ടാക്കിയ വായനശാലയാണത്. അവിടെയാണു വായനയുടെ തുടക്കം. 
അതാത് സമയത്ത് അതാത് രുചിയുള്ള കവിതകളും പുസ്തകങ്ങളും തേടിയെത്തുന്നത് അത്ഭുതപ്പെടുത്താറുണ്ട്. പി. രാമൻ വിവർത്തനം ചെയ്ത ഷാവോ കബ്രാളിന്റെ തൂവലില്ലാത്ത നായ് ആണു അവസാനമായി വിസ്മയിപ്പിച്ചതും കൊതിപ്പിച്ചതുമായ കവിത.

മലയാള ബ്ലോഗുകളുടെ തുടക്കകാലങ്ങളിൽ പ്രവാസജീവിതം നയിച്ചയാളാണ്‌. സൈബറിടം ഉപയോഗപ്പെടുത്തിയ മറ്റു പല കവികളെയും പോലെ അക്കാലത്തെ എഴുത്തുജീവിതം വിത്സണിലും  സമ്പന്നമായിരുന്നു എന്ന് തോന്നുന്നു. പ്രവാസവും ബ്ലോഗും താങ്കളുടെ കവിതയെ ബാധിച്ചത് എങ്ങനെയാകാം?

കുഴൂർ വിത്സൺ
2003 ൽ തുടങ്ങി 7 വർഷം നീണ്ട യു എ ഇ ജീവിതവും , സൈബറിടവും എന്റെ കവിതയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാം മോഹൻ പാലിയത്തിന്റെ ഒരു വാക്കാണു വെബ്ബന്നൂർ എന്നുള്ളത്. വെബ്ബന്നൂർ ഇല്ലായിരുന്നുവെങ്കിൽ യു. എ. ഇ ജീവിതത്തോടെ കവിത നിലച്ച് പോകുമായിരുന്നു.  2006 ലാണു ബ്ലോഗിൽ സജീവമാകുന്നത്.  അവനവൻ പ്രസാധനത്തിനെതിരെ ചെറിയ വിമർശനത്തോടെയായിരുന്നു എന്റെ തുടക്കം. പിന്നീട്  കവിതാജീവിതം തന്നെ അതു മാത്രമായി മാറി. 2006 നു ശേഷം ഇത് വരെ 5 പുസ്തകങ്ങൾ ഉണ്ടായി. ഇപ്പോൾ ഇറങ്ങിയ വയലറ്റിനുള്ള കത്തുകൾ വരെ. സൈബറിടം ഉണ്ടായിരുന്നില്ല എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നാണു തോന്നുന്നത്.  യു എ ഇ ജീവിതവും ബ്ലോഗുകാലവും തമ്മിൽ കൂടിക്കുഴഞ്ഞ് കിടക്കുകയാണു. അതും കവിതകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബഹ്റൈനിൽ വച്ച് ആടുജീവിതം അതിലെ കഥാപാത്രമായ നജീബിനു നൽകി പ്രകാശിപ്പിക്കാൻ ഭാഗ്യം കിട്ടിയത് പോലെ നിരവധി എഴുത്തുമായി ബന്ധപ്പെട്ട മുഹൂർത്തങ്ങൾ.

സ്കൂളിനെക്കുറിച്ച്, മരങ്ങളെക്കുറിച്ച്, വയലറ്റിനുള്ള കത്തുകള്‍, ഇപ്പോഴാകട്ടെ ഇറച്ചിവെട്ടുകാരനെ കേന്ദ്രമാക്കി കവിതകള്‍ എഴുതണമെന്ന ആഗ്രഹം. ഓരോ കാലവും ആ കാലത്തെ പ്രിയപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു കൂട്ടം കവിതകള്‍ എഴുതുകയെന്നൊരു രീതി പിന്തുടരുന്ന പോലെ തോന്നുന്നു...

അങ്ങനെ ഉണ്ടെന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെയാണു സുജീഷ് ഈ നിരീക്ഷണം നടത്തിയത്. എന്നാൽ എഴുതിയ ഒറ്റക്കവിതകൾ വേറെയുമുണ്ടല്ലോ ?

സ്കൂളിനെക്കുറിച്ച് ആദ്യമെഴുതിയ ഒരു കവിത പിന്നെ പിന്തുടരുകയായിരുന്നു. - വരുന്ന കാലത്ത് സ്കൂളിനെക്കുറിച്ച് അങ്ങനെ നിറയെ കവിതകൾ ഇല്ലായിരുന്നു. പിന്നീടാണു മോഹനക്യഷ്ണൻ കാലടിയുടെ പാലൈസും , ഗോപീക്യഷ്ണന്റെ സ്കൂൾ കവിതകളുമൊക്കെ വന്നത്. എന്നാൽ 'ഇ' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നി.

പിന്നീടാണു മരങ്ങൾ വന്നത്. അതിനു കാരണവുമുണ്ട്. അപ്പൻ പണ്ട് കൂപ്പിലായിരുന്നു. മരങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടുണ്ടായിരുന്നു. അത് ജീനിലുണ്ടാകണം. അതെക്കുറിച്ച് ഏറെ പറഞ്ഞിട്ടുമുണ്ട്. വയലറ്റിന്റെയും സ്ഥിതി വേറെയല്ല. എന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകൾക്കുമുള്ള കത്തുകളാണത്.

ചില വിഷയങ്ങളിൽ ചില കവികളെ പിടിച്ച് കെട്ടാൻ നമുക്ക് ഒരു ശീലമുണ്ട്. അത് നല്ലതല്ല എന്ന് തോന്നുന്നു. പ്രത്യേകിച്ചും എന്റെ കാര്യത്തിൽ. എല്ലാത്തിനെയും എഴുതുക എന്നുള്ളതാണു കവിയുടെ വെല്ലുവിളി. അതിനു നല്ല ഉള്ളൊരുക്കം വേണം.   ഇറച്ചിവെട്ടുകാരന്റെ ജീവിതം കവിതയായി തന്നെയാണോ എഴുതുക എന്ന് തീരുമാനിച്ചില്ല. വരും പോലെ വരട്ടെ.

പാരമ്പര്യത്തോടുള്ള സമീപനമെന്താണ്‌? 

നല്ല സൂത്രമുള്ള ചോദ്യമാണിത്.   ഏതു കാലത്തെ കവിതയും എനിക്കിഷ്ടമാണു. പ്രത്യേകിച്ച് നമ്മുടെ നാടൻ പാട്ടുകൾ, ആദിവാസി പാട്ടുകൾ.. എല്ലാമെല്ലാം. ഈയടുത്താണു അർണോസ് പാതിരിയുടെ പുത്തൻ പാന വായിച്ചത്. അമ്മ മരിച്ചതിനു ശേഷം വായിച്ചതിനാൽ വലിയ ശക്തി തോന്നി. വിദേശിയായ ഒരാൾ എഴുതിയ മലയാളത്തോട് ആദരവും.  പഴക്കമുള്ള മിക്കതും എനിക്ക് വായിച്ച്  പിടിക്കാൻ നല്ല പാടുണ്ട്. അത് കൊണ്ട് അവയെക്കുറിച്ച് പറയുന്നതെങ്ങനെ?. എന്റെ കവിതയുടെ കാര്യമാണെങ്കിൽ അതിനു പാരമ്പര്യം പറയാനില്ല എന്നാണു. കവിതയിൽ തലതൊട്ടപ്പന്മാരുമില്ല. അത് തന്നെയാണു ഇഷ്ടവും.

കവിതകള്‍ ഉച്ചത്തില്‍ വായിക്കുന്നതില്‍ താല്‍പര്യമുള്ള ആളാണെന്നു തോന്നുന്നു, എഴുതുമ്പോള്‍ ശ്രാവ്യസുഖത്തിനു വേണ്ടി മാറ്റങ്ങള്‍ വരുത്താറുണ്ടോ? 'ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ' പോലുള്ള ചില കവിതകളില്‍ അങ്ങനൊരു ശ്രമമുണ്ടെന്നു തോന്നുന്നു...

അതെ കവിതകൾ ഉച്ചത്തിൽ അവതരിപ്പിക്കുന്നത് ഇഷ്ടമാണു. പറ്റുമെങ്കിൽ കണ്ണടച്ച്. എന്നെ തന്നെ മറന്നാണു മിക്കവയും ചൊല്ലുക. 8 വർഷത്തെ റേഡിയോ ജീവിതം അതിനു കുറേ സഹായവും നൽകിയിട്ടുണ്ട്.

ഒരു കവി സ്വന്തം ശബ്ദത്തിൽ അയാളുടെ കവിത അവതരിപ്പിക്കുന്നതിൽ ഒരു രാഷ്ട്രീയവുമുണ്ട്. ഉറച്ച് സ്വന്തം കവിത അങ്ങനെ ചൊല്ലണമെങ്കിൽ അതിൽ നല്ല ബോധ്യം വേണം. പല കവികൾക്കും അത് കഴിയാറില്ല. പ്രത്യേകിച്ച് കവിതയും ജീവിതവും രണ്ടാവുമ്പോൾ. കവിയരങ്ങുകളുടെ പ്രസക്തി തന്നെ അതാണെന്ന് തോന്നുന്നു. സ്വന്തം കവിത സ്വന്തം ശബ്ദത്തിൽ അവതരിപ്പിക്കുക. കവി അയാളുടെ ശബ്ദത്തോടു കൂടിയാണു ജീവിക്കുന്നത് എന്നാണു എന്റെ മതം

ശ്രാവ്യസുഖത്തിനു വേണ്ടി അങ്ങനെ ചെയ്തിട്ടില്ല. എഴുതുമ്പോൾ അതൊന്നും ഓർക്കാറില്ല. സ്വയംഭോഗം പോലെ പദ്ധതികളില്ലാത്ത ഒന്നാണത്. എഴുതുന്ന സമയത്തെ ജീവിത താളം അതിൽ കയറിവരുന്നതാവും. ശരീരമേ എന്ന കവിതയിലും അത് സംഭവിച്ചു കാണും

വിത്സന്റെ പല കവിതകളും ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇംഗ്ലീഷിൽ 'തിന്താരൂ' എന്നൊരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. വിവർത്തകർ എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട്‌ ആ കവിതകളോടെന്നാണ്‌ തോന്നുന്നത്‌?

ഈ കാര്യത്തിൽ നമ്മുടെ തലമുറ ഭാഗ്യവാന്മാരാണു. അന്യദേശത്തുള്ള യുവകവികളുടെ രചനകൾ ഇപ്പോൾ തന്നെ വായിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണു നമ്മൾ. മുൻപൊക്കെ അവിടത്തെ കവികൾ വ്യദ്ധരായ ശേഷമോ, മരിച്ച ശേഷമോ ആണു അതൊക്കെ സാധ്യമായിരുന്നത്. ഈ വിഷയം ഞാൻ കുറേ ചിന്തിച്ചിട്ടുണ്ട്. അവിടത്തെ യുവകവിതകൾ നമ്മൾ വായിക്കുമ്പോൾ നമ്മളേയും അവർ വായിക്കണം എന്ന ആഗ്രഹം. അതിനും തുടക്കമിട്ടത് ബ്ലോഗുകളാണു. വിവർത്തനത്തിന്റെ ബ്ലോഗുകൾക്ക് തുടക്കമായപ്പോൾ അജു അബ്രാഹം ആണു ഒരു കവിത വിവർത്തനം ചെയ്തത്. പിന്നീട് അത് ഒരു ശീലമായി

വിവർത്തനകാര്യത്തിൽ എനിക്കേറ്റവും സഹായം ചെയ്തത് ബാബു രാമചന്ദ്രനാണു. അദ്ദേഹം കുറച്ച് കവിതകൾ ആദ്യം പരിഭാഷപ്പെടുത്തി. ബാബുവാണു അനിതാ വർമ്മയെ പരിചയപ്പെടുത്തുന്നത്. നിഷ്ഠയോടെ അവർ കുഴൂർ വിത്സന്റെ കവിതകൾ എന്ന പുസ്തകം മുഴുവൻ വിവർത്തനം ചെയ്തു തന്നു. പിന്നീടാണു പുതിയ കവിതകൾ മുഴുവൻ എൻ.രവിശങ്കർ പരിഭാഷപ്പെടുത്തുന്നത്. അങ്ങനെയാണു അദ്ദേഹം തന്നെ എഡിറ്ററായി തിന്താരു ഉണ്ടാകുന്നതും. കവിതയുടെ പുതിയ ലോകങ്ങൾ തുറക്കുന്നതിൽ ആ പുസ്തകം ഏറെ സഹായിക്കുന്നു. ഒരു പ്രതീക്ഷയും കൂടാതെ അത് പ്രസിദ്ധീകരിച്ചത് ലോഗാസാണു. അജിതിനു നന്ദി പറയുന്നു. തിന്താരുവിനു അവതാരിക എഴുതിയത് എ.ജെ തോമസാണു.  അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എത്ര കണിശതയോടെയാണു തോമസേട്ടൻ കവിതകളെ സമീപിച്ചത്. കൂടെ മലയാളകവിതയുടെ ചരിത്രവും. പുറത്തു നിന്നും മലയാളത്തെ നന്നായി നോക്കിയ ആളാണു എ.ജെ തോമസ്. അതു കൊണ്ടാവണം ആ അവതാരിക അത്രയ്ക്ക് ആഴത്തിലുള്ളതായത്. ഇപ്പോൾ വയലറ്റിനുള്ള കത്തുകൾ ഷൈമ പി പരിഭാഷപ്പെടുത്തുന്നു. മലയാളത്തിൽ ഇടയ്ക്ക് അനുഭവപ്പെടുന്ന മടുപ്പ് കുറയ്ക്കാൻ കുറച്ചൊന്നുമല്ല ഈ കൂടുമാറ്റം സഹായിക്കുന്നത്

വിദേശരാജ്യങ്ങളിലെ വായനക്കാരുമായി നേരിൽ സംവദിക്കാൻ നേരിൽ പലപ്പോഴും അവസരം കിട്ടുന്ന ആളെന്ന നിലയിൽ വിവർത്തനങ്ങൾ എനിക്ക് അനുഗ്രഹമാകുന്നുണ്ട്. അതിന്റെ ഗുണനിലവാരം പറയാൻ ഞാൻ ആളല്ല. അത്രയ്ക്കൊന്നും അവഗാഹം എനിക്ക് ഇംഗ്ലീഷിൽ ഇല്ല. എങ്കിലും എൻ.രവിശങ്കറെക്കുറിച്ച് പറയാതെ വയ്യ. രണ്ട് പേർ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണിയൊക്കെ അദ്ദേഹം ചെയ്തിരിക്കുന്നത് അത്രയ്ക്ക് മിടുക്കോടെയാണു. മാത്രവുമല്ല മലയാളകവിതയെ, പ്രത്യേകിച്ച് പുതുകവിതയെ ഇംഗ്ലീഷിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ഉത്സാഹം ആദരവ് അർഹിക്കുന്നു. സാഹചര്യമുള്ള പല മുതിർന്ന കവികളും ചെയ്യാതെ പോയ കാര്യമാണിത്  എനിക്ക് ഇംഗ്ലീഷിൽ നേരിട്ട് എഴുതണമെന്നുണ്ട്. പരിശ്രമിക്കണം.

[2015, ആഗസ്റ്റ്‌]