1904 ജൂൺ 9-ന്

1904 ജൂൺ 9-ന്


മൊഴിമാറ്റം: സച്ചു തോമസ്‌
                                                                                                                                                                    

1904 ജൂൺ 9-ന്

ജൂലിയൻ കലണ്ടറിൽ,
നമ്മുടേതു പ്രകാരം ജൂൺ 22-ന്,
ആന്റൺ പാവ്‌ലോവിച്ചും
ഓൾ‌ഗ ലിയനർദോവ്നയും
ബാഡൻവൈലറിലുളള
സ്നാനകേന്ദ്രത്തിലെത്തി.1 

ഫ്രീദറിക് വില്ലയിൽ
താമസത്തിനും ഭക്ഷണത്തിനുമുള്ള
വില പതിനാറു മാർക്കാണ്
എന്നാൽ ഗോതമ്പുകഞ്ഞിയും
പതപ്പിച്ച കൊക്കോയും
ഗുണമൊന്നും ചെയ്തില്ല.

അകത്തെന്തൊരു വിചിത്രമായ
നിശ്ശബ്ദതയെന്നാലോചിച്ചാലോചിച്ച്
ശ്വാസംകിട്ടാതെ
വലയുന്ന അദ്ദേഹം
പകൽ മുഴുവൻ തോട്ടത്തിലൊരു
ചാരുകസാലയിൽ ചെലവിട്ടു.

ആ മാസം തീരുമ്പോൾ
പതിവിലും ചൂടേറി,
കാറ്റനങ്ങാതായി, മലയിലെ
മരക്കൂട്ടം ഇളക്കമറ്റവരായി,
വിദൂരതയിലെ നദീതടം
പാൽമഞ്ഞിൽ മൂടിക്കിടന്നു.

ഒരിളം ഫ്ലാനൽ സ്യൂട്ട് വാങ്ങാൻ
28-ന് ഓൾഗ ഫ്രൈബെർഗിൽ
ചെന്നു.2  അടുത്ത ദിവസം
ജപമാലാ നേരത്ത്
അദ്ദേഹത്തിന് ആദ്യത്തെ
ഹൃദയസ്തംഭനമുണ്ടായി,

അടുത്ത രാത്രി രണ്ടാമത്തേതും.
തലയണകൾക്കിടയിൽ മറവുചെയ്തവനായി
മരണത്തോടടുക്കുമ്പോൾ
ജർമ്മൻ സ്ത്രീകൾക്ക് വേഷ-
ധാരണത്തിലെത്ര മോശം
അഭിരുചിയെന്ന് പിറുപിറുത്തു.3

പുലർച്ചയ്ക്ക് ഹൃദയത്തിൽ
ഐസുവെച്ച്, മോർഫീനും
ഒരു ഗ്ലാസ് ഷാം‌പെയ്നും 4 
കുറിച്ച് ഡോക്ടർ പോയി.
വീട്ടിലേക്കുള്ള മടക്കം
മാഴ്സേയി, ഒഡേസ്സ വഴി

ഓസ്ട്രിയൻ ലോയ്ഡിൽ 5 
എന്നദ്ദേഹം കണക്കുകൂട്ടി.
അവരാകട്ടെ, ചിപ്പികൾക്കുള്ളതെന്ന്
വലുതായി എഴുതിയ
തണുപ്പിച്ച, പച്ചച്ച
ചരക്കുവണ്ടിയിലൊന്നിൽ

അയയ്ക്കുകയാണുണ്ടായത്.
അങ്ങനെ  അദ്ദേഹം
പെട്ടിയിലടുക്കിയ
ചത്ത ഒച്ചുകൾ‌ക്കൊപ്പം,
വൻ‌കരയിലൂടെ, ഒച്ചയറ്റ്
ഉരുണ്ടുമറിഞ്ഞ് യാത്രചെയ്തു.

മോസ്കോ നികൊല്യെവ്സ്കി
സ്റ്റേഷനിൽ ജഡമെത്തിയപ്പോൾ,
മാൻചൂറിയയിൽനിന്ന് അന്നേരംതന്നെ-
യെത്തിയ ജനറൽ കെല്ലറിന്റെ
ശവപ്പെട്ടിക്ക് മുന്നിൽ ബാൻഡുസംഘം
വാദ്യമേളം വായിച്ചുനിന്നിരുന്നു.

കവിയുടെ വീട്ടുകാരും
കൂട്ടുകാരുമാവട്ടെ,
ദൂരെനിന്ന് നോക്കുമ്പോൾ
കരിമ്പട്ടുപുഴുപോലെ
തോന്നിച്ച ചെറിയൊരു
വിലാപവൃന്ദം,

അവർ, മെല്ലെ
അണിചേർന്നുനീങ്ങുന്ന
സൈനിക ജാഥയുടെ
ശ്രുതിയ്ക്കൊപ്പം
നടന്നുനീങ്ങിയതായി
പലരും ഓർക്കുന്നുണ്ട്.6 
‌----------------------

On 9 June 1904

according to the Julian
calendar, on 22 June
according to our own,
Anton Pavlovich and
Olga Leonardovna reach
the spa at Badenweiler.

The tariff is sixteen marks
for board and lodging
at the Villa Friederike
but the spelt porridge
and creamy cocoa
bring no improvement.

Suffering from emphysema
he spends all day
in a reclining chair
in the garden marveling
again and again at how
oddly quiet it is indoors.

Later in the month the weather
is unusually hot, not
a breath of wind, the woods
on the hills utterly still,
the distant river valley
in a milky haze.

On the 28th Olga travels
to Freiburg specially
to buy a light flannel
suit. At the Angelus hour
of the following day
he has his first attack, the

second the following night.
The dying man, already
buried deep in his pillows,
mutters that German
women have such
abominable taste in dress.

As dawn breaks
the doctor, placing
ice on his heart,
prescribes morphine
and a glass of champagne.
He was thinking of returning

home with Austrian
Lloyd via Marseille
and Odessa. Instead
they will have him transferred
in a green, refrigerated
freight car marked

FOR OYSTERS
in big letters. Thus has
he fallen among dead
mollusks, like them packed
in a box, dumbly rolling
across the continent.

When the corpse arrives
at Nikolayevsky Station
in Moscow a band
is playing a Janissary
piece in front of
General Keller’s

coffin, also newly
arrived from Manchuria,
and the poet’s relatives
and friends, a small
circle of mourners,
which from a distance

resembles a black
velvet caterpillar,
move off, as many
recalled, to the strains
of a slow march
in the wrong direction.

From: Across the Land and the Water
Publisher: Random House, UK

Malayalam translation © Sachu Thomas
English translation © 2011, Iain Galbraith
 


1. ആന്റൺ പാവ്‌ലോവിച്ച് ചെകോവും (1860-1904) ഭാര്യ ഓൾ‌ഗ ലിയനർദോവ്നയും (1868-1959). മാരകമായി ക്ഷയരോഗബാധിതനായ ചെകോവ് ആരോഗ്യസ്നാനശാലകളുടെ പട്ടണമായ ബാഡൻവൈലറിൽ ജർമ്മൻ ഡോക്ടർമാർക്ക് തന്നെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഓൾഗയോടൊപ്പം എത്തുന്നു.

2. ''തുണിയുരിഞ്ഞെറിയാൻ തോന്നിപ്പിക്കുന്നത്ര അസഹ്യമായ ചൂടാണ് ഇവിടെ. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. കട്ടികുറഞ്ഞൊരു ഫ്ലാനൽ സ്യൂട്ട് ഓർഡർചെയ്യാനായി ഓൾഗ ഫ്രൈബെർഗിലേക്ക് പോയിട്ടുണ്ട്. ഒരിക്കൽ ഡഷേർഡ് തയ്ച്ച സ്യൂട്ടാണ് അവൾ അളവിന് കൊണ്ടുപോയിട്ടുള്ളത്" - ആന്റൺ ചെകോവ് ഇളയ സഹോദരി മറിയ ചെകോവയ്ക്ക് 1904 ജൂൺ 28-ന് എഴുതിയ കത്തിൽനിന്ന്.

3. ബാഡൻവൈലറിൽ മരിച്ചുകൊണ്ടിരുന്ന എഴുത്തുകാരൻ തന്റെ വിധിയെപ്പറ്റിയായിരുന്നില്ല, ജർമ്മൻ സ്ത്രീകളുടെ വേഷധാരണത്തിലെ അപാകങ്ങളെപ്പറ്റിയായിരുന്നു പരാതിപറഞ്ഞുകൊണ്ടിരുന്നത്. സുഹൃത്ത് വാസിലി സൊബോലെവ്സ്കിക്ക് 1904 ജൂൺ പന്ത്രണ്ടിന് അയച്ച കത്തിൽ ചെകോവ് ഇങ്ങനെയെഴുതി: "ഏറ്റവും അറപ്പുണ്ടാക്കുന്ന രീതിയിലാണ് ഇവിടത്തെ സ്ത്രീകൾ വേഷംധരിക്കുന്നത്, ആണുങ്ങളുടെ കാര്യം പറയണ്ട. കാണാൻകൊള്ളാവുന്ന ഒരൊറ്റ സ്ത്രീപോലും ബെർളിനിൽ ഇല്ല. അവരുടെ ഫാഷനും അസഹനീയം." അവസാനമായി, ജൂൺ 28-ന് മറിയയ്ക്ക് അയച്ച കത്തിലും പരാതി തീരുന്നില്ല: "വൃത്തിയിൽ വേഷംധരിച്ചിട്ടുള്ള ഒരു ജർമ്മൻകാരിയെ ഇനിയും എനിക്ക് കാണാൻകഴിഞ്ഞിട്ടില്ല. ഈ അഭിരുചിയില്ലായ്മ ശരിക്കും എന്റെ ധൈര്യം ഇല്ലാതാക്കുന്നു."

4. ജർമ്മൻ മെഡിക്കൽ ആചാരമനുസരിച്ച് കൂടുതലൊന്നും ചെയ്യാനില്ലെങ്കിൽ ഡോക്ടർ രോഗിക്ക് ഷാം‌പെയ്ൻ നിർദേശിക്കും. ചെകോവിന്റെ മരണം സാഹിത്യചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മരണങ്ങളിലൊന്നാണ്. ഡോക്ടറിൽനിന്ന് ഷാം‌പെയ്ൻ സ്വീകരിച്ച ചെകോവിനു തന്റെ അന്ത്യമടുത്തു എന്ന് മനസ്സിലായി. "ഞാൻ മരിക്കുകയാണ്," അദ്ദേഹം പതുക്കെ പറഞ്ഞു, എന്നിട്ടത് കുടിച്ചുതീർത്തു. ''ഷാം‌പെയ്ൻ കഴിച്ചിട്ട് കുറച്ചുകാലമായി'' എന്ന് പറഞ്ഞതിനുശേഷം അദ്ദേഹം കണ്ണുകളടച്ചു, മരിച്ചു.

5. അന്നത്തെ പ്രധാനപ്പെട്ട ഒരു കപ്പൽക്കമ്പനി.

6. മോസ്കോയിലേക്കുള്ള ചെകോവിന്റെ മടക്കം അദ്ദേഹത്തിന്റെ കഥകളിലെ പ്രഹസനസ്വഭാവത്തെ ഓർമ്മിപ്പിക്കുന്നതാണ്. മുത്തുച്ചിപ്പികൾക്കുള്ള ഒരു ചരക്കുവാഗണി അദ്ദേഹത്തിന്റെ മൃതദേഹം അവർ അയച്ചത്. ഇതിൽ പ്രതിഷേധിച്ച് മാക്സിം ഗോർക്കി അന്നെഴുതി, "നമ്മുടെ വലിയ എഴുത്തുകാരെ ഇങ്ങനെയാണോ കൈകാര്യംചെയ്യേണ്ടത്!" മോസ്കോയിൽ മൃതദേഹം കാത്തുനിന്ന വിലാപവൃന്ദമാകട്ടെ, അന്നേരംതന്നെ മാൻചൂറിയയിൽ നിന്നെത്തിയ ഏതോ ഒരു ജനറലിന്റെ ശവസംസ്കാര ഘോഷയാത്രയുടെ കൂടെ തെറ്റായി നടന്നുനീങ്ങിയതായി വി. എസ്. പ്രിച്ചെറ്റിന്റെ ചെകോവ് ജീവചരിത്രത്തിൽ പറയുന്നുണ്ട്.

(കുറിപ്പുകൾ മലയാളം പരിഭാഷകന്റേതാണ്.)
----------------------------------

ഡബ്ലിയു. ജി. സേബാൾഡ്

ജനനം 1944ൽ. ജർമ്മൻ എഴുത്തുകാരൻ. എഴുത്തുകാരൻ എന്ന രീതിയിൽ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ചു വരുന്നതിനിടയിൽ 2001-ൽ ഒരു കാറപകടത്തിൽ മരണമടഞ്ഞു. നൊബേൽ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന പ്രതിഭ.  'എക്രോസ് ലാൻഡ് ആൻഡ് വാട്ടർ' അടക്കം മൂന്നു കവിതാ സമാഹാരങ്ങള്‍,  റിങ്ങ്സ് ഓഫ് സാറ്റേൺ, ഓസ്റ്റർലിറ്റ്സ്, എമിഗ്രന്റ്സ്, വെർട്ടിഗൊ  എന്നിങ്ങനെ നാലു നോവലുകളും എഴുതിയിട്ടുണ്ട്.