നാല് കവിതകൾ

മനോജ് കുറൂർ

1.

ജനല്‍ തള്ളിത്തുറന്നപ്പോള്‍
മുറിയാകെക്കളമിട്ടു
വെയിലിന്റെ ചതുരംഗം.

ടയര്‍വണ്ടിയുരുട്ടി
ഹോണടിച്ചെത്തി
കളം മായ്ച്ചു
കളിക്കുന്നു മഴച്ചാറ്റല്‍.

മഴയില്ല വെയിലില്ല
കരുവില്ലാക്കളത്തിന്റെ
നിഴലില്‍ നില്‍ക്കയാണിപ്പോള്‍.

മഴവില്ലിന്നിതളുകള്‍
വരച്ചിട്ട ജനല്‍പ്പാളി-
യടയ്ക്കുന്നി, ല്ലതില്‍ കാണാ-
മെനിക്കെന്നെ!

2.

മഞ്ഞയിലിരിക്കുമ്പോള്‍ പൂവെന്നു സ്വയമോര്‍ക്കും
പച്ചയിലിരിക്കുമ്പോള്‍ പച്ചിലപ്പാമ്പായ് മാറും
വെള്ളയെ വിഴുപ്പെന്നു വിളിക്കും, നിറങ്ങളാല്‍
മോതിരവളയങ്ങളണിഞ്ഞങ്ങര്‍മ്മാദിക്കും.
ഇടയ്ക്കു വെളുപ്പിന്റെ തുഞ്ചത്തുമിരുന്നു കണ്‍-
മുനയാലതില്‍നിന്നു ചുവപ്പു വലിച്ചൂറ്റും
എങ്കിലും നിറം‌മാറ്റം ശരിയല്ലെന്നാണിപ്പോ-
ളോടിന്റെ മുകളില്‍നിന്നോന്തിന്റെ സുവിശേഷം!

3.

ഉള്ളില്‍
തല താഴ്ത്തിയിരിക്കും ചിലതുണ്ട്.
നനവുള്ളിടമാണ്.
ഇരുളാണ്.
ഇതിലേ കാലുകളാഞ്ഞു ചവിട്ടി വരുമ്പോള്‍
അറിയാതെങ്ങാനവയുടെ പത്തികളില്‍
വിരലുകള്‍ തൊട്ടേക്കല്ലേ...

കൈയില്‍ വിളക്കുണ്ടല്ലൊ. അല്ലേ?


4.

കറുത്ത വാവില്‍ നിന്റെ കൈനഖം തിളങ്ങുന്നു
അഴിച്ചു വയ്ക്കുമ്പൊഴും കൈവള കിലുങ്ങുന്നു
കല്ലുമാലകള്‍ ചുവരാണിയില്‍ കൊളുത്തുമ്പോള്‍
കമ്മലില്‍ കുരുങ്ങിയ മുത്തുകള്‍ ചിതറുന്നു.

കള്ളനെപ്പോലെ പിന്നില്‍ ചന്ദ്രനുമുദിക്കുന്നു.

© മനോജ് കുറൂർ