മല്ലാർമെയുടെ Angoisse/Anguish

മല്ലാർമെയുടെ Angoisse/Anguish

പീഢ 

മൊഴിമാറ്റം: അനിത തമ്പി

മൃഗമേ
വരുമിന്നു രാത്രി ഞാനരികത്ത്
ലോകപാപങ്ങൾ പായും നിന്നുടൽ പൂകാനല്ല
ഉലഞ്ഞ മുടിക്കെട്ടിൽ
എന്റെ ചുംബനങ്ങളാൽ ചൊരിയും ജഢതയിൽ
ഇരുകൊടുങ്കാറ്റിൻ മടകൾ തീർക്കാനല്ല
എനിക്കു വേണം നിന്റെ മെത്തയിൽ,
തിരശ്ശീല .
പശ്ചാത്താപം മറന്ന്,
കിനാവറ്റകൊടിയനിദ്ര
കരിങ്കള്ളങ്ങൾ ഗതിമുട്ടുന്നിടത്ത് മുകർന്നിടാം നിനക്കും,
മൃതരെക്കാൾ ശൂന്യതയറിയുന്ന നിനക്ക്.
എന്തെന്നോ
അന്തർലീനമെൻ വെളിച്ചങ്ങൾ കരളും ദുർവ്വാസന
നിന്നെയും എന്നെപ്പോലെയതിന്റെയിരുൾതാം
വന്ധ്യതയാലെ മുന്നേ
മുദ്രവച്ചിരിക്കുന്നു.
എങ്കിലും നീ, നിൻ കല്ലിൻ മാറിടത്താലെ
ഒരു പാപകർമ്മത്തിൻപല്ലിൻപോറലും തീണ്ടാനാവാ
ഹൃദയം വഹിക്കുന്നൂ
തകർന്ന്, വിവർണ്ണനായ്
പായുകയാണ്
സ്വന്തം ശവക്കച്ചയാൽ നിത്യപീഡിതൻ ഞാൻ,
ഒറ്റയ്ക്ക് ഉറങ്ങിപ്പോയാൽ എത്തും
മരണം ഭയപ്പെട്ട്‌

-----------------------

യാതന

മൊഴിമാറ്റം: ബാലചന്ദ്രൻ ചുള്ളിക്കാട്

ഹേ മൃഗതരുണി, മഹാജനപാപം
ചീറിയലയ്ക്കും നിന്റെ ശരീരം
മദിരാലഹരിയിൽ മാന്തിക്കീറി-
പ്പുണരാനെത്തിയ വിടനല്ലാ ഞാൻ.

നിന്റെ പിഴച്ച മുടിച്ചുരുളുകളിൽ
ചുംബനവിരസത കൊണ്ടേതോ വ്യഥ-
പൂണ്ട കൊടുങ്കാറ്റുകളെയുണർത്താൻ
വെമ്പിയണഞ്ഞൊരു കാമുകനല്ല.

ഞാനർത്ഥിപ്പൂ നിന്റെ കിടക്കയി-
ലാതുരചേതന മങ്ങി, മുഷിഞ്ഞ,
കിനാവുകളറ്റ മയക്കം മാത്രം.
പശ്ചാത്താപം തീണ്ടിടാത്ത
വിരിപ്പിനുകീഴിലുറക്കം മാത്രം.
ഭീകരവഞ്ചന ചെയ്തുകഴിഞ്ഞാൽ
നീയിതുപോലെയുറങ്ങാറില്ലേ?
അറിയാറില്ലേ നിശ്ശൂന്യത നീ
മരണം പൂകിയ മാനവരെക്കാൾ?
ഞാനർത്ഥിപ്പൂ നിന്റെ കിടക്കയി-
ലാവിധമിന്നൊരുറക്കം മാത്രം.

എന്റെ നിലീന മഹത്വം മുഴുവൻ
പണ്ടു കരണ്ടു മുടിച്ചൊരു തിന്മ
ദുഃഖദമാം ചിരവന്ധ്യതയാലേ
മുദ്രയടിച്ചൂ നമ്മളെയൊരുപോൽ.
ഇന്നതിനാലേ ഞാനർത്ഥിപ്പൂ
നിന്നോടൊത്തൊരുറക്കം മാത്രം.

പക്ഷേ, നിന്റെ നിറഞ്ഞുകനത്തൊരു
വക്ഷസ്സിന്റെ കരിങ്കല്ലറയിൽ
ഒരു പാതകവും ദംശിക്കാത്തൊരു
ഹൃദയം വിങ്ങി വസിക്കുന്നതിനാൽ,
ഓടിപ്പോകുന്നൂ ഞാൻ, സ്വന്തം
പ്രേതാവരണവിചാരം പൂണ്ടും,
ആകെ നശിച്ചും, വിളറിവെളുത്തും,
മൂകത മൂടി മനസ്സു മറഞ്ഞും,
ഏകാന്തതയിലുറക്കത്തിൽ ഞാൻ
ചാകാൻപോകുന്നെന്നു ഭയന്നും.

-----------------------

വ്യഥ

മൊഴിമാറ്റം: വി.എം. ഗിരിജ

നിന്നുടൽ ഒഴുക്കുന്നുണ്ടായിരം മുറിവുകൾ
എങ്കിലും വന്നൂ ഞാനിന്നത് കീഴ്‌പ്പെടുത്തുവാൻ
അല്ലല്ല ഒരിക്കലും മൃഗമേ, മൃഗീയതേ,
നിന്റെ ഏവരുമുമ്മവെച്ചിടുമളകങ്ങൾ
ചുംബിച്ചു വിരസതയുണത്താൻ;
അഴൽക്കാറ്റ് കെട്ടഴിക്കുവാനല്ല.

നിന്റെ ശയ്യയിൽ സ്വപ്നമില്ലാത്ത
വിരസമാം നിദ്ര മാത്രം നീ നല്കൂ.
പശ്ചാത്താപമേയറിയാത്ത
നിന്റെതാം തിരശ്ശീലച്ചുറ്റിനു കീഴേ നിദ്ര!
ഇപ്പോൾ മൃതരേക്കാളും ശൂന്യം എന്തെന്ന് നിനക്കോരും
നുണതൻ കറുപ്പുനീർ ഒഴുകിക്കഴിയുമ്പോൾ
അറിയുമിതും നീ സ്വപ്നമില്ലാത്ത വെറും നിദ്ര!

എന്നിലുൾചേരും നന്മ കാർന്നുനോക്കിയ തിന്മ
എന്നെയും നിന്നെപ്പോലെ ശോകവന്ധ്യമായ് കാണ്മൂ.
ഒരു ക്രൗര്യവും ലജ്ജയാൽ മുറിവേൽപ്പിക്കാത്ത
ഹൃദയം നിനക്ക;ത് കാക്കുന്ന ശിലാനെഞ്ചും.
അതിനാൽ ഉറക്കത്തിൽ ഒറ്റയ്ക്ക് മരിക്കുവാൻ
അതിഭീതിയാർന്നു ഞാൻ ഓടുന്നൂ വിളറുന്നൂ

ചിതറി സ്വന്തം ശവക്കച്ചയെ പേടിക്കുന്നൂ.

-----------------------

വേദന

മൊഴിമാറ്റം: ലതീഷ് മോഹൻ

ഞാന്‍ വന്നത്, പുരുഷാരത്തിന്റെ അതിക്രമങ്ങളൊഴുകുന്ന
നിന്റെ ശരീരം രസിക്കുവാനല്ല,
പ്രീയപ്പെട്ട യക്ഷീ,

എന്റെ ചുംബനത്തില്‍ നിവൃത്തിയില്ലാതടങ്ങും മന്ദതയാല്‍
നിന്റെ അശുദ്ധ മുടിച്ചുരുളുകളില്‍
നരച്ച കൊടുങ്കാറ്റ് കൊരുക്കുവാനുമല്ല

നിന്റെ കിടക്കയോട് ഞാന്‍ ചോദിക്കുന്നത്
പരിചിതമല്ലാത്ത വിരികള്‍ക്കുള്ളില്‍
കുറ്റബോധത്തിന്റെ കടന്നലുകളില്ലാത്ത
സ്വപ്‌നരഹിതമായ, നരച്ച ഉറക്കം മാത്രം
ഇരുട്ടിന്റെ നദി ശമിക്കുമ്പോള്‍,
മരിച്ചവരേക്കാള്‍ കൂടുതല്‍ ഒന്നുമില്ലായ്മയെ
അറിയുന്ന നിനക്ക് രുചിക്കാന്‍ കഴിയുന്ന ഉറക്കം

പാഴ്മാര്‍ഗമെന്റെ കുലീനതയെ കരണ്ട്
എന്നെ നിന്നെപ്പോലെ നരച്ച വന്ധ്യതകൊണ്ട്
രേഖപ്പെടുത്തിയിരിക്കുന്നു;
പക്ഷേ, നിന്റെ കല്ലുപോലത്തെ നെഞ്ചില്‍

ഒരു കുറ്റവും ലജ്ജയുടെ പല്ലുകളാഴ്ത്താത്ത
ഹൃദയം മിടിക്കുമ്പോള്‍
എന്റെ തന്നെ ശവക്കച്ചയില്‍
അമിതമായി ഭ്രമിച്ച്
ഒറ്റയ്ക്കുറങ്ങുമ്പോള്‍ മരിക്കുമോ എന്നു ഭയന്ന്
വിളര്‍ത്ത്, തകര്‍ന്ന്
ഞാനോടുന്നു


പരിഭാഷകന്റെ കുറിപ്പ്


വായനയിലൂടെയുള്ള പരിചയത്തിലൂടെ മാത്രം മനസ്സിലാക്കിയിട്ടുള്ള ഒന്നിനെ ഭാഷയിലേക്കു മാറ്റാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന നേരനുഭവത്തിന്റെ അഭാവം ഈ കവിതാ വിവര്‍ത്തന ശ്രമത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലൈംഗിക തൊഴിലാളിയെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന വാക്ക്, ലൈംഗികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായി ഒരു അവസരത്തെ / പ്രദേശത്തെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കും. ബീസ്റ്റ് / ക്രീച്ചര്‍ എന്നീ ഇംഗ്ലീഷ് വാക്കുകളിലൂടെ വരുന്ന അര്‍ത്ഥം എങ്ങനെ മലയാളത്തിലാക്കിയാല്‍ കുറ്റബോധമില്ലാതെ ഈ ശ്രമം പൂര്‍ത്തിയാക്കാം എന്ന ആവലാതിയാണ് ഈ കവിതയെ ഈ കോലത്തിലാക്കിയത്.

-----------------------

ഉദ്വേഗം

മൊഴിമാറ്റം: സി.എസ്. വെങ്കിടേശ്വരൻ

ഹേ ജന്തുവേ, വരുമിന്നു രാത്രി നിന്നരികെ ഞാൻ
ആൾക്കൂട്ടത്തിൻ ത്വരജ്വരങ്ങൾ ഒഴുകുന്ന
നിൻ തനു കീഴടക്കാനല്ല,
എന്റെ ഒടുങ്ങാത്ത മടുപ്പു മുറ്റും ചുംബനത്തിലുടെ
പാപപങ്കിലമായ നിന്റെ മുടിക്കെട്ടിലൂടെ
ഒരു തപ്തക്കൊടുങ്കാറ്റുയർത്താനുമല്ല.

എനിക്കു വേണ്ടത് നിന്റെ കിടക്കയിൽ
കുറ്റബോധമുലയ്ക്കാത്ത പടുതകൾക്കടിയിൽ
സ്വപ്നരഹിതമായ ഒരു മടുപ്പനുറക്കം
അത്, മൃതരേക്കാൾ ശൂന്യതയെ അറിയുന്ന നിനക്ക്
നിന്റെ വ്യാജങ്ങളെല്ലാം ഒഴുകിയൊഴിയുമ്പോൾ രുചിക്കാൻ.

പാപം എന്നിലെ തറവാടിത്തമെല്ലാം കരണ്ടുതീർത്ത്
നിന്നൊപ്പോലെ തപ്തഷണ്ഡതയാൽ എന്നെയും പൊള്ളിച്ചിരിക്കുന്നു

എന്നാൽ നീ നിന്റെ പാറപോലത്തെ മാറിൽ
ഒരു കുറ്റത്തിന്റെ ദംഷ്ട്രകൾക്കും നാണം കെടുത്തി മുറിവേല്പിക്കാനാവാത്ത
ഒരു ഹൃദയത്തിന് അഭയമേകുന്നു.

എന്നാൽ ഞാൻ എന്റെ ശവക്കച്ചയിൽ ആസക്തനായി
ഓടിയകലുന്നു, വിളർത്ത്, വിവശനായി
ഒറ്റയ്ക്കുറങ്ങിയാൽ മരണപ്പെടും എന്ന ഭീതിയിൽ.

പരിഭാഷകന്റെ കുറിപ്പ്

വിവർത്തനത്തിനുശേഷം മൂലകൃതി വീണ്ടും വായിക്കുമ്പോൾ വിവർത്തനത്തിലെ പോരായ്മകളാണ് കൂടുതൽ മുഴച്ചുനിൽക്കുന്നതായി തോന്നിയത്. കവി മറ്റൊരാളുടെ ലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു അന്യ/ൻ ആണോ? അവിടെ പണിതീർന്ന ചുമരുകൾക്ക് നിറം നൽകുന്ന ഒരാൾ? വാക്കുകളിൽനിന്നു പുറപ്പെട്ട് ആശയങ്ങളിലേക്കും അർഥങ്ങളിലേക്കും മറിച്ചും ഉള്ള ഒരു യാത്രയാണ് വിവർത്തനം എന്നുതോന്നാറുണ്ട്. ആ നീക്കങ്ങൾക്കിടയിൽ വളരെകൃത്യം എന്നു തോന്നുന്ന ഒരു വാക്ക് വിവർത്തനം ചെയ്യപ്പെടുന്ന കവിതയ്ക്കകത്ത് കരടായിത്തീരുന്ന സന്ദർഭങ്ങളുണ്ട്; അതുപോലെ കവിതയിലെ ധ്വനിയും സന്ദർഭത്തിന്റെ ഭാവവും വാക്കിന്റെ അർഥവും തമ്മിൽ ഇടയുന്ന അവസരങ്ങളുമുണ്ട്. കവിത പരിഭാഷ ചെയ്യുമ്പോഴാണ് വാക്കുകളുടെ ഭൗതികത  അതിന്റെ ശബ്ദം, നീളം, ഖരമൃദുത്വങ്ങൾ  നമുക്ക് ഏറ്റവും പച്ചയായി അനുഭവപ്പെടുക. പലപ്പോഴും വിവർത്തകൻ ഏതു വഴിയിലൂടെ ഒരു കവിതയിലേക്ക് പ്രവേശിക്കുന്നു എന്നതനുസരിച്ചിരിക്കും അയാളുടെ തിരഞ്ഞെടുപ്പുകൾ. മല്ലാർമെയെപ്പോലുള്ള ഒരു കവിയുടെ കവിതയിൽ അത്തരം സാധ്യതകൾ ഏറെയാണുതാനും. ഇരുണ്ട, എന്നാൽ മനസ്സിനേയും ശരീരത്തേയും തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന ഒരിടത്തിലേക്ക്, ഒരാളിലേക്ക്, ഒരനുഭവത്തിലേക്ക്, മൂർച്ഛയിലേക്ക് പ്രവേശിക്കുകയാണ് കവിതയിലെ 'പുരുഷൻ'. ആ ലോകത്തിൽ ഒരു സ്ത്രീയുണ്ട്. അവരെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശേഷണവും ഓരോ വിവർത്തനത്തിലും വിവിധങ്ങളാണ്: beast, brute, creature എന്നീ വിവിധ തരം വാക്കുകളുപയോഗിച്ചാണ് അവരെ ഓരോ വിവർത്തകനും അഭിസംബോധന ചെയ്യുന്നത്. അതുപോലെ അവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചനയും വളരെ വൈവിധ്യമാർന്നതാണ്: അത് earth, nation തൊട്ട് race, multitudes, peoples തുടങ്ങിയ മൃണ്മയവും ചിന്മയവുമായ വിശേഷണങ്ങളിലേക്ക് അവ നീളൂന്നു. ഇത്തരം വൈവിധ്യത്തിനു കാരണം ഈ കവിത ഓരോ വായനക്കാരിലും വളരെ സ്വകാര്യ തീവ്രമായ ചില തൃഷ്ണകളേയും ഭീതികളേയും ഉണർത്തുന്നതിനാലായിരിക്കണം. ഓരോ വിവർത്തകനും അവൾ ആ ജന്തു, സത്വം, മൃഗം, യക്ഷി, സാധനം, ചരക്ക് വ്യക്തിപരമായ ഒരു ആവിഷ്‌ക്കാരമാണ്. അതുപോലെതന്നെയാണ് ഓരോ പാദത്തിലെയും തീവ്രബിന്ദുക്കളുടെ വിത(വ)രണവും: കാമവും മരണവും ആസക്തിയും വിരക്തിയും തൃഷ്ണയും പാപബോധവും മുറ്റിനിൽക്കുന്ന ഈ വരികൾ ഒരുവശത്ത് പുരുഷന്റെ മനസ്സുകൊണ്ടും സമാന്തരമായി സ്ത്രീയുടെ ശരീരംകൊണ്ടും എഴുതട്ടെ ഒന്നാണ്. ഓരോ പാദത്തിലും ഈ വലിഞ്ഞുമുറുകൽ നമുക്കനുഭവപ്പെടും:

ആദ്യപാദം:

                  Beast/Brute/Creature                   transgression

                  Tainted hair                                 fatal ennui/boredom

രണ്ട്:           Nothingness/Void                       Dreamless sleep

മൂന്ന്:           Steriltiy                                       Vice/Nobiltiy

                 Stony breast                               Branding

നാല്:         Shroud/Death/Sleep

രതിമൂർച്ഛയിൽ തുടങ്ങി മരണത്തിലേക്കോ പരമശുന്യതയിലേക്കോ നീങ്ങുന്ന ഈ തീവ്രതകളുടെ ബലതന്ത്രത്തിനു മുന്നിൽ ഒരുവശത്ത് ഭാഷയുടെയും വാക്കുകളുടെയും വിവർത്തനക്ഷമതയെയും മറുവശത്ത് ഓരോ വാങ്മയത്തിന്റേയും സാംസ്‌ക്കാരിക സവിശേഷതയെയും ആണ് വിവർത്തക/ൻ നേരിടുന്നത്.

-----------------------

പീഡ

മൊഴിമാറ്റം: ജി. ഹരികൃഷ്ണൻ

ഞാൻ വന്നതീ രാത്രി നായാടാനല്ല, സത്വമേ,
ആൾക്കൂട്ടത്തിന്നഴുക്കൊലിച്ചെത്തും നിന്റെ ദേഹം, ഉയിർപ്പിക്കാനല്ല
എന്റെ ജഡചുംബനങ്ങളെഴുതും ഒടുങ്ങാത്ത മടുപ്പുകൊണ്ട്
നിന്റെ പാപമുടിക്കെട്ടിൽ ഒരു വിഷാദക്കാറ്റ്:

ഞാൻ തേടുന്നു നിന്റെ മൊഴിമെത്തയിൽ, പശ്ചാത്താപമറിയാതുലയും
മൂടുപടങ്ങൾക്കടിയിൽ, സ്വപ്നമൊഴിഞ്ഞാണ്ടുറക്കം,
ഉറങ്ങാം മരിച്ചവരെക്കാൾ ശൂന്യതയറിഞ്ഞ നിനക്കും,
നിന്റെ ഇരുണ്ട കള്ളക്കഥകൾക്കൊടുവിൽ:

എന്റെ ഉള്ളുയരങ്ങളെ കാർന്നുതിന്നുന്ന തിന്മ
ഊഷരമുദ്ര പതിക്കുന്നെന്നിൽ, നിന്നിലും,
എങ്കിലും നിന്റെ കൽനെഞ്ചിനുള്ളിൽ തുടിക്കുന്നു

കുറ്റമുനയൊന്നിലും മുറിപ്പെടാ ഹൃദയം,
ഞാൻ വിളർത്ത്, അടിപ്പെട്ട്, എന്റെ ശവക്കച്ചയാൽ പേപ്പെട്ട്
പായുന്നു, ഒറ്റയ്ക്കുറങ്ങുമ്പോൾ മരണം ഭയക്കുന്നു.


പരിഭാഷകന്റെ കുറിപ്പ്

കവിതയിലെ ആഖ്യാതാവ് അഭിമുഖീകരിക്കുന്നത് ശരീരവിൽപ്പനയുടെ അടിമത്തത്തിലേക്ക് നിർബന്ധിക്കട്ടെ ഒരു സ്ത്രീയെ ആയിരിക്കാം എന്നതിനു സൂചകങ്ങളുണ്ട് ആദ്യവരികളിൽത്തന്നെ, മല്ലാർമെയ്ക്കു പ്രിയട്ടെ ബോദ്‌ലേറിനു പ്രിയട്ടെ ഒരു രൂപകം, പ്രത്യക്ഷത്തിൽ. എന്നാൽ, ആദി(ഫ്രഞ്ച്)രൂപത്തിലെ ചില വാക്കുകൾ സാഹിത്യത്തിന്/കവിതയ്ക്ക് ഒരു അലിഗറിയോ അവൾ എന്ന സാധ്യതയിലേക്കു ചൂണ്ടുന്നു: നാലാമത്തെ വരിയിലെ (ഈ മൊഴിമാറ്റത്തിൽ മൂന്നാമത്തെ വരി) verse, അഞ്ചാമത്തെ വരിയിലെ lit എന്നീ വാക്കുകൾ ഇംഗ്ലീഷ് നന്നായറിയാമായിരുന്ന മല്ലാർമെ തിരഞ്ഞെടുത്തത് ഈ സാധ്യത ധ്വനിപ്പിക്കുന്നതിനായിരിക്കുമോ? ഏഴാമത്തെ വരിയിലെ (ഈ മൊഴിമാറ്റത്തിൽ എട്ടാമത്തെ വരി) mensonges-നെ കള്ളങ്ങൾ എന്നും കള്ളക്കഥകൾ (fictions) എന്നും വായിക്കാം. ഈ വരിയും അടുത്തതും കൊല്ലപ്പെട്ടവരെക്കാൾ ആയിരത്തൊന്നു തവണയങ്കിലും മരണം കാണുന്ന കഥപറച്ചിലുകാരിയേയും ഒറ്റയ്ക്കുറങ്ങുമ്പോൾ മരണം ഭയക്കുന്ന അധികാരരൂപത്തേയും ഓർമ്മിപ്പിച്ചു. ഞാൻ കണ്ട ആറ് ഇംഗ്ലീഷ് മൊഴിമാറ്റങ്ങളിലും [Henry Weinfeld (1994), Dasiy Aldan(1999), E.H.& A.M.Blackmore (2006, Oxford World's Classics) എന്നിവരുടേതുൾപ്പെടെ ഈ സാധ്യതകൾ പിൻതുടർന്നിട്ടില്ല എന്നും കൂട്ടിച്ചേർക്കട്ടെ. എന്റേത് അതിവായനയാവാം. എങ്കിലും, ഇങ്ങനെയും വായിക്കാം എന്ന സ്വാതന്ത്ര്യം ഉപയോഗിച്ചിരിക്കുന്നു ഈ മൊഴിമാറ്റത്തിൽ. ചിഹ്നത്തിലും വരികളുടെ ഘടനയിലും ആദിരൂപത്തെ പറ്റുന്നിടത്തോളം പിൻപറ്റാൻ ശ്രമിച്ചിരിക്കുന്നു. വരികളുടെ അവസാന പദത്തിലെ സ്വരച്ചേർച്ച (rhyme) മലയാളത്തിൽ പ്രസക്തമല്ലെങ്കിലും: മല്ലാർമെ ഇതിനായി തിരഞ്ഞെടുത്ത പദങ്ങൾ തമ്മിലുള്ള ബന്ധം കാണുമ്പോൾ, അതേ പദങ്ങളിലല്ലാതെ ഇംഗ്ലീഷ് മൊഴിമാറ്റങ്ങളിൽ സ്വരച്ചേർച്ചയ്ക്ക് ശ്രമിക്കുന്നത് അർത്ഥശൂന്യമായിത്തോന്നും. ഫ്രഞ്ചിൽ സാധ്യമായത് അതേപടി ഇംഗ്ലീഷിൽ സാധ്യമല്ലെന്ന് അംഗീകരിച്ചുകൊണ്ട് സ്വരച്ചേർച്ചയ്ക്കുള്ള അതിശ്രമം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് Dasiy Aldan.

-----------------------

ആധി

മൊഴിമാറ്റം: സജയ് കെ.വി.

പാപശതങ്ങൾ തന്നാകരമായ
മഹാമൃഗരൂപിണീ!
നിൻ മാംസവേധത്തിന,ല്ലെൻകൊടുംമടു-
പ്പിൻചുംബനങ്ങളാ,ലാകെ കുടിലമാം
നിൻ സർവേണിയി,ലാകുലമാം കൊടും-
കാറ്റൊന്നുണർത്തുവാന,ല്ലിങ്ങുവന്നു ഞാൻ
ഈ രാത്രിവേളയിൽ.
എല്ലാം മറന്നെനിക്കൊന്നുറങ്ങേണമാ
സ്വപ്നഹീനം, പാപപീഡ തീണ്ടാത്തതാം
തൽപ്പമൊന്നിൽ, കരുംകള്ളങ്ങൾ തീർന്നതിൻ
ശേഷം സ്വദിച്ചിടും നീയുമാനിദ്ര! നീ
ചത്തവരെക്കാളുമാമഹാശൂന്യത
എന്തെന്നറിയുവോൾ.
അന്തഃകരണം കരളുന്ന തിന്മയാൽ
മുദ്രിതർ നാമിരുപേരും; നിനയ്ക്കിലോ
തെറ്റെന്ന തോന്നലിൻ തീക്ഷ്ണഗന്ധങ്ങളാൽ
തെല്ലെങ്കിലും പോറലേൽക്കാത്ത കല്ലിച്ച
നെഞ്ചറയ്ക്കുള്ളിലെ നിൻ ഗൂഢമാനസം!
ഞാനോ വിളറിത്തുലഞ്ഞു പലായനം
ചെയ്‌വേ,നെനിക്കുള്ളതാം ശവക്കച്ചയിൽ
നിന്ന്; തനിച്ചുറങ്ങീടുമ്പോഴേ ചത്തു
പോമെന്നു പേടിച്ചരണ്ട്.


പരിഭാഷകന്റെ കുറിപ്പ്

മല്ലാർമെയുടെ ഗാനാത്മകമായ കവിതയുടെ വിവർത്തനം വൃത്തബദ്ധവും താളാത്മകവുമായിരിക്കണം എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു; ഇവിടെ അവലംബിച്ചിരിക്കുന്ന ഭാഷാവൃത്തത്തിന്റെ തിരഞ്ഞെടുപ്പ് മനഃപൂർവ്വമായിരുന്നില്ലെങ്കിലും.  പ്രാരംഭഖണ്ഡത്തിലെ സംബോധനാരൂപമായ Beast എന്ന പദമായിരുന്നു എന്നെ ഏറെ കുഴക്കിയത്. 'മഹാമൃഗരൂപിണീ' എന്ന പദം വീണുകിട്ടിയതോടെ ആ അലട്ടൽ നീങ്ങി. "Conquer your flesh', "Ravish your flesh' എന്നിങ്ങനെ ഭിന്ന വിവർത്തന പാഠങ്ങളിൽ കണ്ടതിനെ, 'മാംസവേധം' എന്നു ഭാഷടെുത്താമെന്ന കണ്ടെത്തൽ ആകസ്മികമെങ്കിലും ചാരിതാർത്ഥ്യജനകമായിരുന്നു. 'Enuii' കൊടുംമടു'പ്പാകാമെന്ന തിരിച്ചറിവും അങ്ങനെതന്നെ. 'Tresses unchaste, 'കുടിലമാം സർവേണി'യായതിലെ ലീനധ്വനി വായനക്കാർ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. 'തീക്ഷ്ണഗന്ധം' എന്ന പദയോഗത്തിന്, തീർച്ചയായും, മഹാകവി കുമാരനാശാനോടാണ് കടപ്പാട്. "Pale', "Undone' എന്നീ വിശേഷണപദങ്ങളെ 'വിളറിത്തുലഞ്ഞ്' എന്നാക്കിയാപ്പോഴും തൃപ്തി തോന്നി. എങ്കിലും 'ഉപ്പോളമാവില്ല ഉപ്പിലിട്ടത്' എന്ന ഉത്തമബോധ്യം എനിക്കുണ്ട്, ഈ പരിഭാഷയുടെ കാര്യത്തിലും.

-----------------------

മനവും തനുവും മരുഭൂമിയായി

മൊഴിമാറ്റം: സച്ചുതോമസ്

ഒരു രാഷ്ട്രത്തിന്റെ പാപങ്ങളത്രയും ഒഴുകുന്ന നിന്റെ അരക്കെട്ട്, നിന്റെയീ അരക്കെട്ട് കീഴടക്കാനല്ല, മൃഗമേ, ഈ രാത്രി ഞാൻ വന്നത്. എന്റെ ചുംബനങ്ങളിൽ നിന്ന് വമിക്കുന്ന കൊടുംവിരസത കൊണ്ട്, നിന്റെ അഴുകിയ മുടിയിഴകളിൽ കാറ്റു വിതച്ച് വിഷാദഭരിതമായൊരു കൊടുങ്കാറ്റ് കൊയ്യാനുമല്ല.

എനിക്ക് വേണ്ടത്, സ്വപ്നങ്ങളേയില്ലാത്തൊരു ദീർഘനിദ്രയാണ്. നിന്റെ വിരിപ്പുകളിൽ പൊതിഞ്ഞ്, മനസ്സാക്ഷിയുടെ കുത്തില്ലാതെ.

നിന്റെ പച്ചനുണകൾ നിറവേറ്റിക്കഴിയുമ്പോൾ നിനക്കുമാകാം ഇങ്ങനെയൊരുറക്കം- മണ്ണടിഞ്ഞവരേക്കാൾ നന്നായി ശ്മശാനനിലങ്ങളെപ്പറ്റി അറിയാവുന്ന നിനക്ക്. എന്തുകൊണ്ടെന്നാൽ നിഷ്‌കളങ്കമായ എന്റെ ആത്മാവിനെ കാർന്നുതിന്നുന്ന ദുർവാസന നിന്നെപ്പോലെ എന്നെയും വ്യർഥതയാൽ മുദ്രകുത്തിക്കഴിഞ്ഞു: എന്നാൽ ഒരപരാധത്തിനും പല്ലിൻക്ഷതം വീഴ്ത്താൻ കഴിയാത്ത കരിങ്കൽമാറിനുള്ളിലെ ഹൃദയവുമായി നീ കുതിക്കുമ്പോൾ, ഞാനെന്റെ ശവവസ്ത്രത്തിന്റെ നിഴലിൽ, തനിച്ചുറങ്ങിയാൽ മരണം പിടികൂടുമെന്ന ഭയത്തിൽ, സർവത്ര പരാജിതനായി വിളറിയോടുന്നു.

നിന്റെയീ അരക്കെട്ട് കീഴടക്കാനല്ല, ഈ രാത്രി ഞാൻ വന്നത്, മൃഗമേ.


പരിഭാഷകന്റെ കുറിപ്പ്

എന്റെ കയ്യിലൊരു ഫ്രഞ്ച് പുസ്തകമുണ്ടായിരുന്നു. കോളെജിൽ രണ്ടുവർഷം ഫ്രഞ്ച് പഠിച്ചതിന്റെയും കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്താലും പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ കണ്ടപ്പോൾ വാങ്ങിച്ചതാണ്. സ്‌റ്റെഫാൻ മല്ലാർമെ എഴുതിയതത്രയും ഉൾക്കൊള്ളിച്ചിരിക്കുന്ന, ഗലിമാർ പ്രസിദ്ധീകരിച്ച പുസ്തകം. ക്രൌൺ സൈസ്. ഉള്ളിത്തോലുപോലെ മിനുസമുള്ള പെയ്ജുകൾ ആയിരത്തിലധികമുണ്ട്. ഫ്രെഞ്ചുഭാഷ പഠിച്ചുതുടങ്ങിയ ഒരു സുഹൃത്തിനു ഞാനാ പുസ്തകം കൈമാറിയതിനാൽ ഇന്നത് പക്കലില്ല. എന്നാൽ, എഡ്ഗർ അലൻ പോയുടെ കവിതകൾ മല്ലാർമെ ഗദ്യത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അതിൽ കണ്ടത് ഓർമയിലുണ്ട്. ആ ഓർമയാണ് മല്ലാർമെയുടെ കവിത ഇങ്ങനെ മാറ്റിയെഴുതാൻ എനിക്ക് ധൈര്യമായത്.

1864-ന്റെ ആദ്യദിവസങ്ങളിലാണ് മല്ലാർമെ ഈ കവിതയെഴുതുന്നത്. മുറിയിൽനിന്ന് പുറത്തേക്കു നോക്കുന്ന കവിക്ക് ഒരുപക്ഷെ കാണാൻ കഴിഞ്ഞിട്ടുണ്ടാവുക കനത്ത മഞ്ഞുവീഴ്ചയായിരുന്നിരിക്കാം. എന്നാൽ പുറത്തുള്ളതിനെക്കാൾ കടുത്ത ശൈത്യമായിരിക്കണം കവിയുടെ ഉള്ളിൽ പെയ്തുകൊണ്ടിരുന്നത്. വിവാഹിതനായതിന്റെ ആറാം മാസത്തിൽ എഴുതപ്പെട്ട കവിതയിലെ ''മൃഗം'' ഒരു യുവാവെന്ന നിലയിൽ മല്ലാർമെയ്ക്ക് പരിചയമുണ്ടായിരുന്ന ഏതെങ്കിലുമൊരു വേശ്യയാകാം, അല്ലെങ്കിൽ മുൻഗാമിയായ മഹാകവി ബോദ്‌ലേറിന്റെ കവിതകളിൽ വായിച്ചു പരിചയട്ടെ ഏതെങ്കിലും കൽപ്പിതവേശ്യ. അതുമല്ലെങ്കിൽ, കവിയുടെ ഭാര്യ തന്നെയാകാം. ''മൃഗ''ത്തെ അക്ഷരാർത്ഥത്തിലോ അന്യാപദേശരീതിയിലോ രൂപകത്തിലോ വായിക്കാം. എന്നാൽ ഞാൻ, കവിതയെപ്പോഴും ഒരൽപം നിഗൂഢമായിരിക്കണമെന്ന പോൾ വലേറിയുടെ ആപ്തവാക്യത്തെ കൂട്ടുപിടിച്ച് പരിഭാഷ എന്ന ഏറ്റവും വലിയ വ്യാഖ്യാനത്തിനു ധൈര്യപ്പെടുന്നു. കവിതയ്ക്ക് മല്ലാർമെ ആദ്യം നൽകിയ പേര് ''ഒരു വേശ്യയ്ക്ക്'' എന്നായിരുന്നു. 1866ൽ പ്രസിദ്ധീകരിച്ചപ്പോൾ ''ശാന്തചിത്തയായവൾക്ക്'' എന്നായി. പിന്നീട്, 1887ൽ പുസ്തകമായാപ്പോൾ Angoisse ഉറപ്പിച്ചു. Angoisse എന്നാൽ മലയാളത്തിൽ വ്യഥ, വ്യാകുലത, വേദന.

കടപ്പാട്: കേരളകവിത-2013