അഭിമുഖം — പി. എൻ ഗോപീകൃഷ്ണൻ

അഭിമുഖം — പി. എൻ ഗോപീകൃഷ്ണൻ

എസ്. കലേഷ്

                                                                                                                                                                    
         കടലിനടുത്താണ് താമസം
         അതിനാൽ പരിചയമില്ല
         സ്വരനിഷ്ഠയുള്ളൊരു സംഗീതം
         മുള്ള് തട്ടാത്ത രുചികൾ
ആദ്യ കവിതാസമാഹാരമായ മടിയരുടെ മാനിഫെസ്റ്റോയുടെ ആമുഖമായി കൊടുത്തിരിക്കുന്ന വരികളാണിത്. ആ സമാഹാരത്തിലെ മൊത്തം കവിതകളുടെയും മാനിഫെസ്‌റ്റോയായി ഈ വരികൾ വായിക്കാമോ? കൊടുങ്ങല്ലൂരിലെ ബാല്യത്തെക്കുറിച്ചും കവിതയിലേക്ക് പറിച്ചുനട്ട കാലത്തെക്കുറിച്ചും എന്തൊക്കെയാണ് പറയാനുള്ളത്?


കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്താണ് ഞാൻ ജനിച്ചത്. അറബിക്കടലിൽ നിന്നും നാലോ അഞ്ചോ കിലോമീറ്റർ അകലെ. കേരളത്തിലെ ഏത് തീരപ്രദേശങ്ങളിലും എന്നപോലെ കാലവർഷക്കാലമായാൽ കടലിന്റെ വൃന്ദവാദ്യം ഞങ്ങളുടെ ചെവി നിറയ്ക്കും. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ. പട്ടിണിയ്ക്കും കഷ്ടി പുഷ്ടി കഴിഞ്ഞു കൂടലിനുമിടയ്ക്ക് ജീവിതം വിടർത്തിയിട്ടവരായിരുന്നു ഞങ്ങളുടെ ഗ്രാമത്തിൽ മുക്കാലും.  അവർക്കൊക്കെ ഗഹനതയുടെ ശബ്ദവിന്യാസം ഒരു ലോഭവുമില്ലാതെ കടൽ കൊടുക്കുമായിരുന്നു. ഞങ്ങളുടെ വയറു മാത്രമേ ഒഴിഞ്ഞിരുന്നുള്ളൂ. ചെവിയും ഉള്ളും നിറഞ്ഞിരുന്നു. ജീവൻ നിറയ്ക്കുന്ന ഒരു സദ്യയും ചട്ടപ്പടി സദ്യയല്ലെന്ന് ഞങ്ങൾ എല്ലാവർക്കും  അറിയാമായിരുന്നു. ഗണിതത്തിന്റെ മേൽനോട്ടം ഒഴിഞ്ഞുപോയാൽ സംഗീതം കരകവിയും. സ്വരച്ചട്ടം വഴി മാറും. കടൽ പഠിപ്പിക്കുന്ന പാഠം ആണത്. രുചികൾ, സൂക്ഷ്മതയേറിയതാണെന്നും അവയ്ക്കിടയിൽ ഒരു മൂർച്ചയുണ്ടെന്നതും കടൽപാഠം തന്നെ.

എന്നാൽ അതുമാത്രമല്ല കടൽ. ജീവൻ കടലിലാണ് ഉടലായത്. കരയെന്ന വാഗ്ദത്ത ദേശത്തിലേയ്ക്ക് കടലിൽ നിന്നും കരേറിയ ജീവന്റെ യാത്ര നമ്മുടെ ഓരോ സ്മൃതി കോശത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് നമ്മുടെ തലയിലെഴുത്ത്. മനുഷ്യന്റെ ആന്തരികാവസ്ഥ കടൽജലത്തിന്റെ ഭൗതിക–രാസിക സ്വഭാവത്തോട് സാമ്യപ്പെടുന്നതാണെന്ന് ശാസ്ത്രവും പറയുന്നുണ്ട്.  ഈ കടൽ നിലയെ പരിപാലിക്കാനാണ് കരളും കിഡ്‌നിയുമടക്കമുള്ള ആന്തരാവയവങ്ങൾ പണിയെടുക്കുന്നത്. മനസ്സും അങ്ങനെത്തന്നെ. അകത്തും പുറത്തുമുള്ള ഈ കടലിനെ ഗൗനിക്കാതെ ആദ്യ കവിതാ പുസ്തകം പുറത്തിറക്കുക സാധ്യമല്ലായിരുന്നു. കടലിൽ കൊയ്യുന്ന മനുഷ്യരാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ നായകന്മാർ. ചാകര കടപ്പുറത്ത് ചെന്നാൽ ആയിരം ഒഡിസിയൂസുകളെ കണ്ടുമുട്ടാം.

ബാല്യത്തിലെ കവിത അമ്മയുടെ താരാട്ടായിരുന്നു. അന്നത്തെ ഏത് താരാട്ടും പോലെ അതൊരു സിനിമാഗാനമായിരുന്നില്ല.

         ''കൊച്ചു നക്ഷത്രമേ നിന്നെ വാനിൽ –
         മച്ചിലിരുത്തിയതമ്മയാണോ
         വല്ലതും തട്ടിമറിച്ചുവോ നീ
         വല്ലാതെ വാശി പിടിച്ചുവോ നീ
         താഴോട്ടു പോരുവാൻ മോഹമില്ലേ
         വീഴാതെ ചാടുവാൻ പറ്റുകില്ലേ
         പൊക്കമില്ലാത്ത ഞാൻ കൈകൾപൊക്കി
         നില്ക്കുകയല്ലാതെയെന്തുചെയ്യും''

എന്നു തുടങ്ങി 'നമ്മൾ കാണിക്കണം നല്ലശീലം' എന്ന ഗുണപാഠത്തോടെ അവസാനിപ്പിക്കുന്ന കവിത. ഇതിന്റെ കർത്താവ് ആരെന്ന് ഇന്നും അറിഞ്ഞു കൂടാ. പിൽക്കാലത്തെ അന്വേഷണങ്ങളും വിഫലം. ആ കവിതയിൽ ആകാശത്തൊറ്റയ്ക്കായ നക്ഷത്രവും  ആ ഏകാന്തതയെ മനസ്സിലാക്കിയ കുഞ്ഞും ആ ജ്ഞാനം കൊണ്ടുവന്ന നിസ്സഹായതയും ഒക്കെ ഇപ്പോഴും പിന്തുടരുന്നു. ഗുണപാഠം കവിതയവസാനിപ്പിക്കാനുള്ള സൂത്രമോ വ്യവസ്ഥയെ നിലനിർത്താനുള്ള തന്ത്രമോ ആണ് ഏത് കവിതയിലും. പിന്നീട് രാത്രിനക്ഷത്രങ്ങളെ കാണുമ്പോൾ ഈ കവിത തിളങ്ങുന്ന ഒരു വിഷാദമായി എന്നിലൂടെ പായാൻ തുടങ്ങി.

വീട് പുസ്തകങ്ങളുടെ വാസസ്ഥലമായിരുന്നില്ല. ഇല്ലായ്മയുടെ സന്തോഷമായിരുന്നു അതിനെ നിറച്ചിരുന്നത്. എന്നാലും ദാരിദ്ര്യരേഖയ്ക്ക് മുകളിലായിരുന്നു അതിന്റെ അസ്തിവാരം. അമ്മയുടെ അദ്ധ്യാപനമായിരുന്നു, ഞങ്ങളെ അതിന് സഹായിച്ചത്. അച്ഛൻ നാടോടിയായിരുന്നു. പട്ടാളത്തിലും സിനിമയിലും രാഷ്ട്രീയത്തിലും അച്ഛൻ അലഞ്ഞിട്ടുണ്ട്. അതിന്റെ സ്മാരകങ്ങളായി മൂന്നു വസ്തുക്കൾ വീട്ടിലുണ്ടായിരുന്നു. ഒരു ട്രങ്ക് പെട്ടി, സത്യജിത്‌റായിയെകുറിച്ച് പശ്ചിമബംഗാൾ സർക്കാർ പ്രസിദ്ധീകരിച്ച ഒരു മോണോഗ്രാഫ്, സോവിയറ്റ് യൂണിയനിൽ അച്ചടിച്ച 'പാർട്ടി എങ്ങനെ നിലവിൽ വന്നു?' എന്ന പുസ്തകം. എനിക്കൊമ്പതുവയസ്സായപ്പോൾ അച്ഛൻ പോയി. സ്‌കൂളിൽ പോയിത്തുടങ്ങുമ്പോൾ കണ്ട  'നാവടക്കൂ പണിയെടുക്കൂ' എന്നെഴുതിവെച്ച ബസ്സുകൾ ഓർമ്മയുണ്ട്. ഓർമ്മയിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ആദ്യമായി കോൺഗ്രസ്സ് ഇതര ഗവൺമെന്റ് അധികാരത്തിൽ വന്നു. അമ്മിണി ടീച്ചർ സ്‌കൂളിൽ കഥകൾ കുന്നുകൂട്ടി. ഞാനതിന്റെ ആർത്തിപിടിച്ച ശ്രോതാവും.

കവിത വന്നത് വിചിത്രമായ വഴിയിലൂടെ. മൂന്നിലോ നാലിലോ പഠിക്കുമ്പോൾ ഒറ്റക്കായപ്പോഴാണ് അത് സംഭവിച്ചത്. മൂന്നു കവിതകൾ ഒറ്റയടിക്ക്. സ്‌കൂളിൽ നിന്ന് വന്നപ്പോൾ അമ്മ അത് കണ്ടെത്തി. വളരെക്കാലം അമ്മയുടെ കയ്യിൽ ആ കവിതകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ മേൽക്കൂരയുടെ നാനാദ്വാരങ്ങളിലും ഇടുക്കുകളിലിരുന്ന് മൂളികൊണ്ടിരിക്കുന്ന അമ്പലപ്രാവുകളെ കുറിച്ചായിരുന്നു, ഒരു കവിത. 'പ്രാവുകളേ, പ്രാവുകളേ / പ്രായം ചെന്നൊരു പ്രാവുകളേ' എന്ന വരികൾ ഞാനോർക്കുന്നു. കവിത ഒരാളെ ലോകബോധത്തിലേയ്ക്കുണരും മുമ്പ് പിടികൂടിയേക്കാം.

സർഗാത്മകമായി ജീവിക്കാനുള്ള അവകാശമാണ് കവിതയിലെ മനുഷ്യാവകാശം. ആ നിലയ്ക്ക് കവിത ഒരേസമയം മനുഷ്യത്വത്തിന്റെ ഉറവിടവും ആവിഷ്‌കാരവുമാണ് എന്ന് എഴുതിയിട്ടുണ്ട്. എന്താണ് കവിതകളിലൂടെ ഗോപീകൃഷ്ണൻ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്?

മനുഷ്യസംസ്‌ക്കാരത്തിന്റെ ഡി.എൻ.എ. ആണ് കവിത. തലമുറയിൽ നിന്ന് തലമുറയിലേയ്ക്ക് ഭാഷയുടെ ശീലയിൽ കെട്ടി കടത്തിക്കൊണ്ടുവരുന്ന വിത്തുകൾ. ആ വിത്തുകളിൽ നാലഞ്ചെണ്ണം ഉപയോഗിച്ചാണ് ഞാനും കൃഷി ചെയ്യുന്നത്. മലയാളത്തിന്റെ യാഥാസ്ഥിതിക നോട്ടം കാല്പനികതയിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. അതിന്റെ അപ്പുറവും ഇപ്പുറവും കാണാതെ വൃത്തവും സംഗീതവും അവയുടെയൊക്കെ ലക്ഷണവും ഒക്കെ ചേർന്ന ഒരു സാങ്കേതിക വിദ്യയെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ് അവർ. ആ സാങ്കേതിക ലോകത്തിലെ ഇരിപ്പിടമാണ് കവിതയുടെ ഇരിപ്പിടം എന്ന് അവരുടെ വിചാരം. ഇത് തകർക്കണം. എങ്കിലെ കവിതയുടെ ചുരുൾക്കോവണികൾ വിടരൂ. അതിലെ അടയാളപ്പെടുത്തലുകൾ വായിക്കാൻ പറ്റൂ.

 കഥയിലും നോവലിലും പുതുമയ്‌ക്കൊത്ത് മലയാളികൾ സഞ്ചരിക്കും. ഈഷൽ ലേശമില്ലാതെ. അതേ മലയാളി തന്നെ കവിതയുടെ മുന്നിൽ പരമ യാഥാസ്ഥിതികൻ ചമയും. പിന്നെ ആ യാഥാസ്ഥിതികനാണ് കവിത വായിക്കുന്നത്. വിലയിരുത്തുന്നത്. ഇത് തകർത്താലെ ചോദ്യത്തിൽ പറയും പോലെ ഉറവിടവും ആവിഷ്‌ക്കാരവുമായ നിരന്തരം പുതുക്കാൻ ശേഷിയുള്ള കവിതയുടെ ഊർജ്ജ കേന്ദ്രത്തിൽ എത്തൂ. പുതിയ കവിതയിൽ ഭൂരിഭാഗം വായനക്കാരും തപ്പിതടയുകയാണ്. അതിൽ നിരൂപകരുണ്ട്. കവിത പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ട്. കവികൾ പോലുമുണ്ട്. ഈ പൊട്ടൻഷ്യൽ ബാരിയർ മറികടക്കണം. എങ്കിലെ കവിത സ്വതന്ത്രമാകൂ.

 ജീവിക്കുന്ന കാലത്തിന്റെ സങ്കീർണ്ണതകളിൽ തൊടാൻ കവിതകളിലൂടെ ഞാൻ ശ്രമിച്ചിട്ടുണ്ട്. കാലം എന്നു വിളിക്കുമ്പോൾ നമ്മളിൽ പലരും സമീകരിക്കുന്നത് പത്രമാധ്യമങ്ങളിലെ അച്ചടിയക്ഷരങ്ങളോടും ടി.വി.യിലെ പുതിയ മാധ്യമങ്ങളിലെ ദൃശ്യപരമ്പരകളോടും ആണ്. വാക്കുകളാലും, ദൃശ്യങ്ങളാലും, തർക്കങ്ങളാലും നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന കാലമല്ല, കവിത അഭിമുഖീകരിക്കുന്ന കാലം. ഈ ദൈനംദിനതയുടെ ചെളി നീക്കിയാലേ അനുഭവത്തിന്റെ കടലും കരയും ജീവനും കിട്ടൂ. അതിലാണ് നാം വസിക്കുന്നത്. എന്നാൽ നാമത് ഒട്ടും അറിയുന്നില്ല.

  കേരള വികസനത്തെകുറിച്ചുള്ള ഉദീരണങ്ങൾ കേട്ട് വഴിയിൽ അഭിമാനിച്ച് തർക്കിച്ച് വീട്ടിലെത്തിയപ്പോൾ ജപ്തി നോട്ടീസ്. ഉടൻ കുടുംബമടക്കം വിഷം കഴിച്ചു മരിച്ച ഒരാളെ ഞാനും നിങ്ങളും അറിയും. അതിഭീകരമായ ഒരു അവസ്ഥയാണിത്. ഒരു ആത്യന്തികതയിലേക്ക് തള്ളിവിട്ടെത്തുമ്പോൾ  നാം വാദിച്ചു നിലനിർത്താൻ ശ്രമിച്ച സമൂഹത്തിൽ നമുക്കൊരു വിശ്വാസവുമില്ല എന്നു മനസ്സിലാകുന്നു. തങ്ങൾ മരിച്ചാൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഈ സമൂഹത്തിൽ സ്വസ്ഥമായി വളരും എന്ന് ആത്മഹത്യ ചെയ്ത ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നില്ല. തെരുവിൽ അതാരും പറയില്ല. തെരുവിൽ മലയാളി, വികസനത്തെകുറിച്ച് സംസാരിക്കും. പ്രബുദ്ധ മലയാളിത്തത്തെ പറ്റി വാചാലമാകും.

  ഡോസ്റ്റോയേവ്‌സ്‌കിയുടെ ഭൂതാവിഷ്ടരിൽ സ്റ്റാവ് റോജിൻ ആത്മഹത്യക്കെതിരെ കുറിപ്പെഴുതി വച്ച് പോയി തൂങ്ങിമരിക്കുന്നു. ഇതിലും വലിയ വൈരുദ്ധ്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ ദാർശനിക പ്രശ്‌നമല്ല ആത്മഹത്യ. കൊലയാണത്. സമൂഹത്തിന്റെ വിള്ളലുകളിലൂടെ തള്ളിവിടുകയാണ് നാമവരെ. അത്യന്തികതകളിൽ എത്തപ്പെട്ട മനുഷ്യരെ താങ്ങാൻ ആരുമില്ല. അവർ നഗരത്തിലായാലും ഗ്രാമത്തിലായാലും. ചിലപ്പോൾ ആ മനുഷ്യർ ഒരു കുലമായി മാറും. ആദിവാസികളെപ്പോലെ, എൻഡോസൾഫാൻ ദുരിതത്തിൽപ്പിടഞ്ഞ കാസർകോടൻ കുന്നിൻപുറങ്ങളിലെ സാമാന്യജനതയെപ്പോലെ, അപരത്വം ആരോപിച്ച് വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെപ്പോലെ, ഭരണകൂടം തോക്കിൻ കുഴൽ തിരിച്ചുവെച്ച വിദ്യാർത്ഥികളെപ്പോലെ, സാമൂഹ്യസ്ഥാപനങ്ങളുടെ പോളിഷ് ചെയ്ത നിലങ്ങളിൽ രക്തം വാർന്നു മരിയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകളെപ്പോലെ, മനുഷ്യത്വത്തിന്റെ ഉറവിടവും ആവിഷ്‌കാരവുമായ ഒരു എഴുത്തു രീതി കണ്ടെത്താതെ നമുക്ക് കണ്ണടച്ച് ഇരുട്ടാനൊക്കുമോ ?

പി എൻ ഗോപികൃഷ്ണൻആധുനിക ഭാവുകത്വത്തിൽ നിന്നുള്ള വിച്ഛേദമായിരുന്നു തൊണ്ണൂറുകളുടെ കാവ്യധാര. ഒരു കൂട്ടം കവികൾ പുതിയ ഭാഷയും പ്രമേയങ്ങളുമായി കവിതയിൽ വന്നു. സൂക്ഷ്മരാഷ്ട്രീയവും ബൃഹദ് ആഖ്യാനങ്ങളോടുള്ള ചെടിപ്പും ബഹുസ്വരതയും ആ കാവ്യധാരയുടെ സവിശേഷതകളായി. എന്നാൽ ഈ കാവ്യധാരയിൽ ഉൾപ്പെടുമ്പോഴും ബൃഹദ് ആഖ്യാനങ്ങൾ ഗോപീകൃഷ്ണൻ ഉപേക്ഷിച്ചില്ല. ആദ്യസമാഹാരത്തിൽ ദൈർഘ്യം കുറഞ്ഞ കവിതകൾ ഉണ്ടെങ്കിലും പിന്നീട് ബൃഹദാഖ്യാന വഴിയിലൂടെയാണ് ഗോപീകൃഷ്ണന്റെ കവിത മുന്നേറിയത്. കവിതയുടെ രാഷ്ട്രീയം അടക്കിവെയ്ക്കാതെ, ശക്തമായിത്തന്നെ ഗോപീകൃഷ്ണന്റെ കവിത പറഞ്ഞു തുടങ്ങി. തൊണ്ണൂറുകളിൽ തുടക്കമിട്ട, രണ്ടായിരത്തോടെ സജീവമായ ഈ കാവ്യഭാവുകത്വത്തിൽ സ്വന്തം കവിതയുടെ ഇടം എന്താണ്?

സംഘം ചേർന്ന് കവികൾ ആകുക എന്നത് പഴയ ഏർപ്പാട്. നമ്മുടേതുപോലത്തെ സങ്കീർണ്ണമായ കാലത്തെ സംഘം ചേർന്ന് കണ്ടുപിടിച്ച ഏകമാനമായ ഒരു കവിതാരീതികൊണ്ട് അടയാളപ്പെടുത്താം എന്നതും മൗഢ്യം. സംസ്‌കാരത്തിന്റെ സഹജസ്വഭാവം ബഹുസ്വരതയാണ്. ബഹുദൃശ്യതയാണ്. ബഹുലതയാണ്. ഇറ്റലിയിൽ ദാദായിസത്തിന്റെ വരവ് പുതുമയുറ്റ ഒന്നായിരുന്നു. പക്ഷേ, അതിന്റെ ഏകമാനസ്വഭാവം മുസേ്‌സാളിനിയുടെ കൈകളിൽ ഇറ്റലിയുടെ ഭാഗധേയത്തെകൊണ്ടെത്തിക്കുന്നതിൽ പങ്കുവഹിച്ചു എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ സർറിയലിസ്റ്റുകൾ മാനിഫെസ്റ്റോ ഇറക്കിയെങ്കിലും മറ്റ് ബഹുലതകളോട് അതിനെ ചേർക്കാൻ ശ്രമിച്ച കവികൾ മാത്രമേ അതിജീവിച്ചുള്ളൂ.

  തൊണ്ണൂറുകളിൽ ഒരു പറ്റം കവികൾ രംഗത്തു വന്നു. അവർ എല്ലാവരും വെവ്വേറെ കവിതകൾ ആണ് എഴുതിയത്. സംസ്‌കാരവികേന്ദ്രീകരണത്തിന്റെ കുഞ്ഞുങ്ങൾ ആയിരുന്നു അവർ. കേന്ദ്രീകൃത നിരൂപണത്തിന്റെ അന്ധതയാണ് അവരെ എല്ലാവരേയും ഒരു കുടക്കീഴിലാക്കാൻ ശ്രമിച്ചത്. തീർച്ചയായും ഒരു കാലത്തിന്റെ ഒഴുക്കുകളിൽ എവിടെയെങ്കിലും വെച്ച് അവർ ഒരേ ഭാവുകത്വത്തിന്റെ വായു ശ്വസിച്ചിരിക്കാം. എന്നാൽ അവരുടെ ഉച്ഛ്വാസങ്ങൾ വ്യത്യസ്തമായിരുന്നു.

 കവികൾ പൊതുവെ തീർപ്പുകളിൽ വിശ്വസിക്കാത്ത സന്ദേഹികൾ ആണ്. ബൃഹദാഖ്യാനത്തിന്റെ കാലം കഴിഞ്ഞെന്ന് യൂറോപ്പിൽ നിന്നും തിട്ടൂരമെത്തിയാൽ അത് വിശ്വസിക്കാൻ അവരെ കിട്ടില്ല. യൂറോപ്പിൽ പോലും. പഴയമട്ടിലുള്ള ബൃഹദാഖ്യാനങ്ങൾ ഒരു പക്ഷേ, അവസാനിച്ചിട്ടുണ്ടാകും. സംസ്‌കാരത്തിൽ ബൃഹദാഖ്യാനം എന്നു പറഞ്ഞാൽ സാമൂഹ്യചിന്തയിലെ ബൃഹദാഖ്യാനം അല്ല. അത് ചെറുതിന്റെ വിസ്താരമാണ്. ചെറുത് തന്റെ വലിപ്പം തിരിച്ചറിയുന്നതാണ്. അതിന് ഒരു ചെറുത്തു നില്പു സ്വഭാവമുണ്ട്. വേഗതയുടെ കാലത്ത് നിശ്ചലത വിപ്ലവാത്മകമാണ്.

 ഒരോർമ്മ ഞാൻ പങ്കുവെയ്ക്കട്ടെ. തൊണ്ണൂറുകളിൽ കെ.ജി. എസ് എഡിറ്റ് ചെയ്ത സമകാലീന കവിതയിലൂടെയാണ് എന്റെ തലമുറയിലെ ഒരു പറ്റം കവികൾ ദൃശ്യതയിലേക്ക് വന്നത്. അതിന്റെ ഒരു ലക്കത്തിൽ അയ്യപ്പപണിക്കർ എഴുതിയ 'പാഠഭേദം' എന്ന കവിത ഉണ്ടായിരുന്നു. അല്പം നീണ്ടത്. പിറ്റേലക്കത്തിൽ തുറവൂരിൽ നിന്നോ മറ്റോ ഒരു കവിതാസമിതിക്കാർ എഴുതിയ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. നീളം കൂടിയ കവിതകൾ ഇക്കാലത്ത് അഭിലഷണീയമല്ല എന്നാണ് അവർ പാഠഭേദത്തെ ഉദാഹരിച്ച് പറഞ്ഞത്. കവിത നല്ലതോ ചീത്തയോ എന്നല്ല. മറിച്ച് തിരക്കുപിടിച്ച ഉപഭോക്ത ജീവിതത്തിൽ ഗുളികപ്രായത്തിലുള്ള കവിതയേ രുചിക്കൂ എന്ന്. എന്നിലെ കവിയെ  ചൊടിപ്പിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു, അത്. ഒരു ഉപഭോക്തൃജീവിതം ഉണ്ടാക്കിയെടുത്ത വേഗത എന്ന ആവശ്യത്തിനനനുസരിച്ച് യൂസർ ഫ്രണ്ട്‌ലിയായ കവിത. ഉപഭോഗവസ്തുവല്ല കവിത. സ്റ്റാൻഡേഡൈസ്ഡ് ആയ ഏതെങ്കിലും ചട്ടത്തിൽ തൂങ്ങിക്കിടക്കാനുള്ളതല്ല. ഓരോ കവിതയും അതിന്റെ നീതി പ്രകാശിപ്പിക്കാൻ നീണ്ടോ ചുരുങ്ങിയോ ഇരിക്കും. ഇരിക്കണം. ദർശനത്തിന്റെ ഘടനയാണ് രൂപം.

അന്തോണി ടെറിക്കൻ, ജി.എൽ.പി.എസ് പാപ്പിനിവട്ടം എന്നീ കവിതകൾ ഒരു തരത്തിൽ ഓർമയിലേക്കും അതുവഴി മാഞ്ഞുപോകുന്ന സാമൂഹിക ഇടങ്ങളിലേക്കും സാധാരണക്കാരായ മനുഷ്യരിലേക്കുമുള്ള സഞ്ചാരമാകുന്നു. ഗോപീകൃഷ്ണന്റെ കവിതയിൽ കടന്നുവരുന്ന മനുഷ്യരെക്കുറിച്ചും ഇടങ്ങളെക്കുറിച്ചും പറയാമോ?

 മുപ്പതാണ്ടുകൾ ഞാൻ കഴിച്ചുകൂട്ടിയ ഭൂപ്രവിശ്യയെ കുറിച്ച്, മനുഷ്യപ്രവിശ്യയെ കുറിച്ച്,  ഇത്രയേ എഴുതാനായുള്ളൂ എന്ന ഖേദം കലശലായുണ്ട്. എന്നാലും ഇത്രയ്ക്കായി എന്ന അഭിമാനവും. എന്റെ വിദ്യാലയങ്ങളെപ്പറ്റി, അവിടത്തെ നിഴലിനേയും വെളിച്ചത്തേയും പറ്റി, ബന്ധങ്ങളെപ്പറ്റി, ഒക്കെ ഞാൻ എഴുതിയിട്ടുണ്ട്. അക്കവിതകളുടെ എഴുത്ത് അങ്ങേയറ്റം 'വസ്തുനിഷ്ഠ' മായിരുന്നു. സാധാരണ പ്രയോഗിക്കുന്ന അർത്ഥത്തിലല്ല 'വസ്തു നിഷ്ഠം' എന്നു ഞാൻ പറയുന്നത്. ഉദാഹരണത്തിന് 'ജി.എൽ.പി.എസ് പാപ്പിനിവട്ട' ത്തിൽ പൂന്തോട്ടങ്ങൾക്ക് പകരം / വന്മരങ്ങൾ നാട്ടി / നീ ഉയരം ധൂർത്തടിച്ചു' എന്ന വരികൾ ഉണ്ട്. അതിലെ വന്മരങ്ങൾ വായനക്കാർക്ക് പുളിയോ, മാവോ, പ്ലാവോ മറ്റേതെങ്കിലും ഉയർന്ന മരങ്ങളോ ആകാം. പക്ഷെ അതെഴുതുമ്പോൾ ഏതു മരമാണ് ആ മുറ്റത്തുണ്ടായിരുന്നത് എന്ന് എനിക്ക് കൃത്യമായി ഓർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം എഴുത്തുകൾ  പ്രയാസം. വായനക്കാർക്ക് ഇതുകൊണ്ടെന്ത് പ്രയോജനം എന്നു ചോദിച്ചാൽ അവരവരുടെ നാട്ടനുഭവത്തിലേയ്ക്ക് വിദ്യാലയ അനുഭവത്തിലേയ്ക്ക് അതിനെ എളുപ്പത്തിൽ പറിച്ചു നടാനാകും. അവരുടെ വിദ്യാലയ മുറ്റത്തെ മരങ്ങളുടെ സൂക്ഷ്മതയിലേയ്‌ക്കെത്താം. മരം എന്ന വാക്കിൻ പിന്നിൽ മറഞ്ഞു നിൽക്കുന്നത് എഴുത്തുകാരന്റെ ഉള്ളിൽ നിന്നു പരിശോധിക്കുമ്പോൾ പ്ലാവും വായനക്കാരന്റെ നോട്ടത്തിൽ നിന്നാകുമ്പോൾ മാവും ആയേക്കാം. പക്ഷേ, ആ കൊടുക്കൽ വാങ്ങൽ കവിതകളിൽ എളുപ്പം നടക്കുന്നു എന്നത് പ്രധാനമാണ്. അനുഭവത്തിന്റെ സ്വാർത്ഥതാ വൽക്കരണത്തെ പൊക്കിപിടിക്കുന്നത് കവികളായാൽ പോലും വെറുപ്പിക്കുന്നതാണ്. സാമാന്യമായി പറഞ്ഞാൽ അനുഭവത്തിന്റെ കാര്യത്തിൽ മധ്യവർഗ്ഗ എഴുത്തുകാരേക്കാൾ 'സമ്പന്ന'മായ എത്രയോ മനുഷ്യരുണ്ട്. എഴുതുക എന്നത് അവരുടെ മുൻഗണനയിൽ പെടാത്തതുകൊണ്ടാണ് എഴുത്തുകാർ ആ ഇടത്തേയ്ക്ക് കയറി നിൽക്കാൻ ശ്രമിക്കുന്നത്. ആദ്യസമാഹാരത്തിന്റെ മുഖകുറിപ്പിൽത്തന്നെ 'എല്ലാം കേട്ടെഴുത്തുകൾ' എന്ന് ഞാൻ കുറിച്ചത് അതുകൊണ്ടാണ്.

  അന്തോണി ടെറിക്കൻ എന്ന കവിതയിലെ ടെറിക്കനൊക്കെ വലിയ നായകരായിരുന്നു. സി.എൽ.ആർ ജെയിംസിന്റെ ' ബിയോണ്ട് എ ബൗണ്ടറി' യിലെ ആദ്യ അധ്യായത്തിൽ വെസ്റ്റിൻഡീസിലെ പ്രാദേശിക ക്രിക്കറ്റ് കളിക്കാരെ സൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ പ്രാദേശിക കളിക്കാരുടെ നൈപുണ്യത്തിന് പുറത്ത് കെട്ടിപ്പടുത്ത ഒന്നാണ് ഒരു രാജ്യത്തിന്റെ കായികചരിത്രം.  ഹരത്തിന്റെ വർത്തുളരേഖ നിർമ്മിച്ച് കളികൾ പാഞ്ഞു നടക്കുന്നത് ഇങ്ങനെയാണ്. ഈ ശരീരങ്ങളുടെ താങ്ങിന് മുകളിൽ  കൂടിയാണ്. അന്തോണി ടെറിക്കനില്ലെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ഇല്ല. പ്രത്യേകിച്ചും ടി.വി. ഇല്ലാത്ത കാലത്ത്. പത്രത്തിൽ വായിച്ചും റേഡിയോ കമന്ററി കേട്ടും മനസ്സിലാക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ കളി നമുക്കു മുന്നിൽ പൂർണ്ണരൂപത്തിൽ ആവിഷ്‌ക്കരിക്കുന്നത് അന്തോണി ടെറിക്കനാണ്. അതിൽ ഒരു ബിംബം 'ദിവി സൂര്യ സഹസ്രസ്വ' എന്ന തരത്തിൽ കണ്ണഞ്ചിക്കുന്നു. മറ്റതോ കട്ടകുത്തിയ ഇരുട്ടിലേക്ക് വീഴുന്നു. മറവി മാരകമായിതീരുന്നത് സ്വന്തം ഭാവനയെ മറക്കുമ്പോഴാണ്. ഞങ്ങളുടെ കുട്ടിക്കാലങ്ങളെ ത്രസിപ്പിച്ച ടെറിക്കനെ മരുന്നു വില്പനക്കാരനായി കണ്ട ആഘാതത്തിൽ നിന്നാണ് ആ കവിതയുടെ തുടക്കം.  എന്നാൽ പ്രാദേശികതയുടെ ഛായാചിത്രം വരപ്പല്ല. മറിച്ച് പ്രാദേശികതയിലും ആഗോളതയിലും പ്രവർത്തിക്കുന്ന സാംസ്‌കാരിക ബലങ്ങളുടെ പരിശോധനയാണ്. ഛായാചിത്രമാണെങ്കിൽ, അത് പ്രഛന്ന കാല്പനികതയല്ലാതെ മറ്റൊന്നുമല്ല. ഇന്ന് പല പുതിയ കവികളും കാണുന്ന മാതിരി.

വൈയക്തികതയുടെ വൃത്തത്തിനുള്ളിൽ ഒതുങ്ങുന്നില്ല ഗോപീകൃഷ്ണന്റെ കവിതകൾ. സ്വന്തത്തേക്കാൾ സാമൂഹികജീവിതത്തെക്കുറിച്ചാണ് ആ കവിതകളുടെ ആശങ്ക. ചെസ് കളിയെക്കുറിച്ച് പറഞ്ഞാലും(കവിത-ചെസ്) അതിൽ ലിംഗരാഷ്ട്രീയത്തിലേക്ക് ചൂണ്ടാൻ ഒരു വരി സൂക്ഷിക്കുന്നു. കവിതയിൽ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവികമായി തന്നെയാണോ? ബോധപൂർവ്വമുള്ള കവിതയിലെ രാഷ്ടീയമെഴുത്ത് കവിതയെ കൃത്രിമമായി മാറ്റുകയില്ലേ?

 രാഷ്ട്രീയകവി എന്ന സംജ്ഞ ചാർത്തി തരുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. കാലാകാലങ്ങളിൽ ഭക്തിയുടെ കവി, ശക്തിയുടെ കവി, മാതൃത്വത്തിന്റെ കവി, വിപ്ലകാലത്തിന്റെ കവി എന്നൊക്കെ നാം പല കവികളേയും വിളിച്ചിട്ടുണ്ട്. മാത്രമല്ല രാഷ്ട്രീയ കവിതയ്ക്ക് വേണ്ടി പരസ്യപ്രഖ്യാപനം നടത്തുന്നവരിൽ പലരും ചരിത്രത്തെ വെറും ഉപകരണമായാണ് കരുതുന്നത്. അവർ രാഷ്ട്രീയത്തെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധിപ്പിച്ചു കാണുന്നു. ഇതെല്ലാം മനുഷ്യാവസ്ഥയുടെ ന്യൂനീകരണമാണ്. ഇനി അരാഷ്ട്രീയ, രാഷ്ട്രീയവിരുദ്ധ  കവികളാവട്ടെ അവർ ജീവിക്കുന്നത് രാഷ്ട്രീയ രഹിതമായ ഒരു ലോകത്താണെന്ന് വിചാരിക്കുന്നു. ഇത് മറ്റൊരു ന്യൂനീകരണം

 ചരിത്രാനുഭവത്തിന്റെ  കവിതയാണ് ഞാൻ എഴുതാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് അത് രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നുണ്ട്. സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഒന്നും കേരളത്തിൽ പ്രവർത്തിക്കാത്ത കാലത്താണ് ശ്രീ നാരായണ ഗുരു, അരുവിപ്പുറത്തെ ക്ഷേത്രത്തിന്റെ മതിലിൽ, 'ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സർവരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്' എന്ന് എഴുതിവച്ചത്. അത് ഒരു രാഷ്ട്രീയ കവിതയാണ്. മറ്റേത് തരത്തിലുള്ള കവിത എന്ന് വിശേഷിപ്പിക്കുന്നതിനേക്കാളധികം. ഇരുപതാം നൂറ്റാണ്ടിൽ കവിതയിൽ സംഭവിച്ച പ്രധാനപ്പെട്ട ഒരു മാറ്റം, നീതി വലിയൊരു സൗന്ദര്യമായി കവിതയിൽ പ്രകാശിപ്പിക്കപ്പെട്ടു എന്നതാണ്. നൈതികത കവിതയുടെ പ്രശ്‌നമായി. നീതിക്കുവേണ്ടിയുള്ള ആളലും സങ്കടപ്പെടലും കലഹവും ഒക്കെ കവിതയിൽ രേഖപ്പെടുത്താൻ തുടങ്ങി. അതായത് സംഘടനാ പ്രശ്‌നമോ, തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ ഒന്നുമല്ല, കവിതയുടെ രാഷ്ട്രീയം. അത് ആഴത്തിലെ നൈതിക പ്രശ്‌നമാണ്. അതിൽ നിന്നോളിച്ചോടുന്ന കവിതയെ കവിത എന്നു വിളിക്കാൻ പറ്റില്ല.

പൊളിറ്റിക്കൽ കറക്ട്‌നെസിൽ വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണോ പി. എൻ. ഗോപീകൃഷ്ണൻ. അതെ എന്നാണ് കവിതകളുടെ വായനക്കാരൻ എന്ന നിലയിലുള്ള എന്റെ അഭിപ്രായം. ഒരു എഴുത്തുകാരൻ ഇക്കാലത്ത് പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടതിന്റെ ആവശ്യം? ഒരു എഴുത്തുകാരൻ പൊളിറ്റിക്കലി കറക്ട് ആകുമ്പോൾ വയലൻസിന്റെ മറുപക്ഷം ആവിഷ്‌ക്കരിക്കാനും, ആവിഷ്‌ക്കരണത്തിന്റെ മറുലോകങ്ങളെ അടയാളപ്പെടുത്താനും കഴിയാതെ പോകുന്നില്ലേ?

 പൊളിറ്റിക്കലി കറക്റ്റ് എന്നത് വ്യക്തികളുടേയും സംഘടനകളുടേയും പൊതു രാഷ്ട്രീയ നിലപാടുകളുമായി ചേർന്ന് നില്ക്കുന്ന സംജ്ഞയാണ്. കവിതയുടെ രാഷ്ട്രീയ ശരിയുടെ സാധൂകരണമല്ല. ഞാൻ രാഷ്ട്രീയമായി ശരിയാണെന്ന് കാണിക്കാനുള്ള തെളിവുമുതലല്ല കവിത. നമ്മുടെ അഹങ്കാരത്തെ, അഹംഭാവത്തെ മറികടക്കാതെ കവിതയിലേക്ക് ചെല്ലാനാകില്ല. വ്യക്തിയായും സമൂഹമായും ലളിതവൽക്കരിച്ച ദ്വന്ദ്വത്തിനിടയിലെ മതിൽ ഇടിച്ചുകളയാതെ ഇന്ന് ഒരു കവിതയ്ക്കും സഞ്ചരിക്കാനാവില്ല. മധ്യവർഗ്ഗി എഴുതുന്ന രാഷ്ട്രീയ കവിതയിൽ സ്വയം വിമർശനത്തെ ഒഴിവാക്കാൻ വയ്യ. മാത്രമല്ല കവിത ആത്യന്തികമായി സ്വേച്ഛാധിപത്യത്തിനെതിരാണ്. പൊളിറ്റിക്കലി കറക്റ്റ് എന്ന അവകാശവാദം ഒരു തരം സ്വേച്ഛാധിപത്യമാണ്. കവിത ഏറ്റവും നന്നായി ചേർന്നു നിൽക്കുന്ന സാമൂഹ്യവ്യവസ്ഥ ജനാധിപത്യമാണ്.  വ്യത്യസ്ത അഭിപ്രായങ്ങളെല്ലാം എതിരഭിപ്രായങ്ങളല്ല, എന്ന് മനസ്സിലാക്കൽ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. കവിതയെ ഇടത് വലത് സെൻട്രിസ്റ്റ് ഭരണകൂടങ്ങൾ നാടുകടത്തിയിട്ടുണ്ട്. കാരണം കവിത അധികാരത്തിനെതിരെ നിൽക്കുന്ന വാക്കാണ്.

ഭാവനയ്ക്കും ആവിഷ്‌ക്കരണങ്ങൾക്കും മേൽ വലിയ അക്രമം  നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം രാജ്യദ്രോഹമായി മാറുന്നു. രോഹിത് വെമുല മുതൽ കനയ്യകുമാർ വരെയുള്ളവർ  രാഷ്ട്രീയ ജാഗ്രതയോടെ എഴുതേണ്ട പുതിയ  കാലത്തെ ഓർമിപ്പിക്കുന്നു. മലയാളത്തിലെ ഒരു കൂട്ടം എഴുത്തുകാരാകട്ടെ നിശബ്ദരുമാണ്?

എഴുത്തുകാരനാണ് ഞാൻ എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കേണ്ട കാലമാണ് നമ്മുടേത്. എന്തെങ്കിലും ആനുകൂല്യം കിട്ടുന്നതിനോ പ്രഭാവലയം തലയിലേറ്റുന്നതിനോ അല്ല. മറിച്ച് ഒരു ഫാസിസ്റ്റ് മുഹൂർത്തത്തിൽ അത്തരം പ്രഖ്യാപനങ്ങൾ പ്രതിരോധം കൂടിയാകുമ്പോൾ.   ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ഇന്ത്യയിൽ ഏറ്റവും സഫലമായി പ്രവർത്തിച്ചത് എഴുത്തുകാരാണ്.

ഉദാഹരണത്തിന്  മൺമറഞ്ഞ യു. ആർ അനന്തമൂർത്തിയുടെ അനുഭവം എടുക്കാം. അദ്ദേഹത്തിന് ഇന്ത്യൻ ബഹുമതികൾ പലതും കിട്ടിയുണ്ട്. ജ്ഞാനപീഠം അടക്കം. ടാഗോറിന് ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു 'വിഗ്രഹ സ്വഭാവം' അദ്ദേഹത്തിനുണ്ടായിരുന്നു. അവസാനകാലത്ത് മിണ്ടാതിരുന്നാൽ കുറെക്കൂടി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയെനെ. പക്ഷെ, അദ്ദേഹം മിണ്ടി. വരാൻ പോകുന്ന ഫാസിസത്തെകുറിച്ച് മുന്നറിയിച്ചു.

മനുഷ്യന്റെ രണ്ട് അഗ്രിമാവസ്ഥകളാണ് ഏകാന്തതയും ലോകാന്തതയും. ഈ രണ്ട് അഗ്രിമാവസ്ഥകളിൽ ഒരേപോലെ കയറിയിറങ്ങുന്നവർ എഴുത്തുകാരാണ്. ആപൽഘട്ടങ്ങളിൽ ലോകാന്തതയിലേയ്‌ക്കെത്താൻ എഴുത്തുകാർക്കാകുന്നുണ്ട്. സൗവർണ്ണ പ്രതിപക്ഷം എന്ന് വൈലോപ്പിള്ളി എഴുത്തുകാരെ വിശേഷിപ്പിച്ചത് ഇതുകൊണ്ടൊക്കെയാണ്.

കേരള സമൂഹത്തിൽ മധ്യവർഗവത്ക്കരണത്തിന്റെ വലിയ മയക്കം പിടികൂടിയിട്ടുണ്ട്. നമ്മുടെ സാമൂഹ്യ സ്ഥാപനങ്ങളിലൊക്കെ ആ മയക്കം ഉണ്ട്. എന്നാൽ ആ മയക്കത്തെ ഉച്ചാടനം ചെയ്യാൻ തക്കവിധം പ്രത്യാശ തരുന്ന പ്രവർത്തനവും ഇവിടെ നടക്കുന്നുണ്ട്.

കവിത എഴുതുവാൻ കഴിയുക എന്ന അദ്ഭുതത്തെ മാറോടണയ്ക്കുമ്പോൾ അത് അ.. ആ... എന്നു നീളുന്ന മാദകഭാഷയിലാകരുത് എന്ന് എഴുതിയിട്ടുണ്ടല്ലോ. മറ്റൊന്ന്, പോളാടാക്കീസ് എസ്. എൻ. പുരം എന്ന കവിതയിൽ പേരാറിന്റെയോ/ പെരിയാറിന്റെയോ/ തീരമായിരുന്നില്ല/ എന്റെ ഗ്രാമം/ പോളാ ടാക്കീസിന്റെ തീരമായിരുന്നു. പേരാറിന്റെ തീരമായിരുന്നെങ്കിൽ എന്നും ഒരേ മണലുകണ്ട് മടുത്തേനെ/ ഭാഗ്യം എന്നും എഴുതുന്നു. ഒരു തരത്തിൽ പറഞ്ഞാൽ വള്ളുവനാടൻ സാഹിത്യ ഭാവുകത്വത്തോടും ഭാഷയോടുമുള്ള വിയോജിപ്പായും ഈ വരികൾ വായിച്ചെടുക്കാമോ? ഭാഷയെക്കുറിച്ചുള്ള ആശങ്കകൾ ഗോപീകൃഷ്ണന്റെ ഒന്നിലേറെ കവിതകളിൽ കടന്നുവരുന്നുമുണ്ട്. കവിതയിലെ ഭാഷയെക്കുറിച്ചുള്ള സങ്കല്പങ്ങൾ എന്തൊക്കെയാണ്?

 കേരളം വള്ളുവനാട് മാത്രമല്ല. കൊടുങ്ങല്ലൂരോ, ഓണാട്ടുകരയോ മാത്രമല്ല. ഓരോ ദേശത്തിനും അതിന്റെ ആഴങ്ങളുണ്ട്. നായകരുണ്ട്. കഥകൾ ഉണ്ട്. അനുഭവശക്തിയുണ്ട്. ആറ്റുതീരങ്ങളിലാണ് ഒരു കാലത്തെ സംസ്‌ക്കാരങ്ങൾ ഉടലെടുത്തത്. എന്നാൽ ഇക്കാലത്തെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. നിളയൊഴുകുന്നു. എന്നതല്ല നിളവറ്റുന്നു എന്നതാണ് ഇന്നത്തെ സാംസ്‌കാരിക പ്രശ്‌നം. മലരണിക്കാടുകൾ തിങ്ങി വിങ്ങി എന്ന് ഇന്നാരും കേരളത്തെ എഴുതില്ല.  മലരണിക്കാടുകൾ വേരോടെ പിഴുതെറിയപ്പെടുന്നു. എന്നേ എഴുതൂ. അപ്പോൾ പ്രാദേശികവും ദേശീയവും ആഗോളവുമൊക്കെ നിശ്ചലമാനകങ്ങൾ അല്ല. ഭാഷയും അല്ല. കാലാവസ്ഥയുടെ കച്ചവടത്തിന്റെ ഭാവുകത്വത്തിന്റെ ഒക്കെ നിരവധി മാനങ്ങൾ നമ്മെ ഭൂമിയോടും ലോകത്തോടും പ്രപഞ്ചത്തോടും ഒക്കെ ചേർത്തു നിർത്തുന്നു. വിഘടിപ്പിക്കുന്നു. മൺസൂൺ മേഘങ്ങൾ അന്റാർട്ടിക്കിൽ നിന്നും ആർട്ടിക്കിൽ നിന്നുമൊക്കെ എത്തുന്നതാണെന്നറിഞ്ഞാൽ ഇടശ്ശേരി എഴുതിയ പോലെയല്ല, കറുത്ത ചെട്ടിച്ചികൾ എഴുതുക. ആ കവിത ഉജ്ജ്വലമായ കവിതയാണ്. പക്ഷേ, ആവർത്തിക്കപ്പെടാൻ കഴിയാത്തതാണ്. നാളത്തെ കവിത നമ്മുടെ ബോധ്യത്തിനപ്പുറത്തു നിന്നാണ് തുടങ്ങേണ്ടത്. ഇന്നത്തെ ചീത്ത കവിതപോലും ഇന്നലത്തെ നല്ല കവിതയുടെ ബോധ്യത്തിനപ്പുറത്തു നിന്നോ തുടങ്ങാൻ പറ്റൂ.

പ്രാദേശിക പ്രയോഗങ്ങളെ ആദർശവൽക്കരിക്കുന്നത് മാനകഭാഷയെ തള്ളിപ്പറഞ്ഞാവരുത്. മാനക ഭാഷ സവർണ്ണഭാഷയോ കുലീനഭാഷയോ അല്ല. അത് ഒരു പൊതു മണ്ഡലമാണ്. ആധിപത്യസ്വഭാവം കാണിക്കുന്നതെങ്കിൽ ആ ആധിപത്യത്തെ നേരിടുകയാണ് വേണ്ടത്. തള്ളിപ്പറയുക അല്ല. കടയിൽപോയി ഉപ്പ് ചോദിച്ചതിന് ഒറ്റപ്പാലത്തോ മറ്റോ ഒരു അവർണ്ണൻ കൊല്ലപ്പെട്ടതിനെപറ്റി പി. ഭാസ്‌കരനുണ്ണി പത്തൊമ്പതാം നൂറ്റാണ്ടിന്റെ കേരളത്തിൽ പറയുന്നുണ്ട്. പുളിഞ്ചാടൻ എന്ന് പറയാനേ അധ:കൃതർക്ക് അർഹതയുണ്ടായിരുന്നുള്ളൂ. ആ നാവ് ഉപ്പ് എന്ന് ഉച്ചരിക്കുമ്പോൾ ഒരു വിപ്ലവം ആരംഭിക്കുകയാണ്. അത് എഴുത്തുകാരെ  സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനത്തേക്കാൾ വലിയ സംഗതിയാണ്. അങ്ങനെ അനേകം വിപ്ലവങ്ങൾ വഴി നേടിയ പൊതു മണ്ഡലമാണ് മാനക ഭാഷ.

അതേസമയം വാമൊഴി വിവേകങ്ങളെ ഈ പൊതു മണ്ഡലത്തിലേക്ക് എങ്ങനെ ആനയിക്കാം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അവയുടെ ഊജ്ജമാണ് നാം പകർന്നാടേണ്ടത്. മ്യൂസിയം ക്യൂറേറ്റർമാരല്ല, കവികൾ. ആധുനികമായ ഒരിടത്ത് സംവരണം ലഭിക്കാൻ തക്കവിധം ദാരുണതയോടെയല്ല, വാമൊഴി വിവേകങ്ങളെ പൊതു മണ്ഡലത്തിൽ പ്രദർശിപ്പിക്കേണ്ടത്. തിരുവനന്തപുരത്തേക്കുള്ള വഴിയേത് എന്ന അറിവു പോലെ സാമാന്യമാകണം ഭൂതകാലത്തേക്കുള്ള വഴി. കവികൾക്കെങ്കിലും. ഓർമ്മയുടെ ഓരോ തെരുവുമൂലയിലേക്കും കയറ്റികൊണ്ടു പോകുന്നഭാഷയുടെ തീവണ്ടികളും ഓട്ടോറിക്ഷകളും കാറുകളും കാൽനടയും കണ്ടുപിടിക്കണം കവികൾ. നല്ല കവിതകൾ ഭാഷയുടെ മരണത്തെ നീട്ടിവെയ്ക്കുന്നു. ആ കവിതകളോളം. ആ കവിതകളെ കൊന്നാൽ മാത്രമേ ആ ഭാഷ നശിക്കൂ.

ഫുട്‌ബോളും ക്രിക്കറ്റും സി കഌസ് തിയേറ്ററുകളും മൈതാനങ്ങളുമൊക്കെ ഗോപീകൃഷ്ണന്റെ കവിതകളിൽ കടന്നുവരുന്നുണ്ട്. തൊണ്ണൂറുകളിലെ സാംസ്‌കാരിക ജീവിതമാണ് അതിന്റെ അടിത്തറയെന്ന് തോന്നുന്നു.

  എന്റെ കളികൾ ക്രിക്കറ്റും ഫുട്‌ബോളുമായിരുന്നു. അതിൽത്തന്നെ ക്രിക്കറ്റ് എന്റെ ഗ്രാമത്തിൽ വളർന്നത് ഞങ്ങളുടെ തലമുറയ്‌ക്കൊപ്പമാണ്. മഹത്തായ കൃതികൾ പഠിപ്പിച്ചു തന്നെ ജീവിതമുഹൂർത്തങ്ങൾ ഞങ്ങൾ കളിക്കളത്തിലും അനുഭവിച്ചിട്ടുണ്ട്. അന്തോണി ടെറിക്കനെപ്പോലെ കളിക്കളത്തിൽ നാലും ആറും ആടിയവർ. ടി.വിയിൽ കണ്ട ഫുട്‌ബോൾ ക്രിക്കറ്റ് മാച്ചുകൾ. ഇപ്പോൾ തടവിലുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷ് എന്റെ കൂടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. രൂപേഷിനേയും ഷൈനയേയും മുൻ നിർത്തിയെഴുതിയ ലേഖനത്തിൽ ക്രിക്കറ്റും ദേശീയതയും കൂടിക്കലർത്തി അവതരിപ്പിക്കുന്ന മുഖ്യധാരാവീക്ഷണവും സാഹിത്യത്തിൽ ഞാൻ പുലർത്താൻ ശ്രമിച്ച പ്രതിസംസ്‌കാരവീക്ഷണവും ക്രിക്കറ്റിനോടുള്ള ഇഷ്ടവും ഒക്കെ ചേർന്നുണ്ടായ സങ്കീർണ്ണതകളെ നേരിൽ കാണാൻ ശ്രമിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നില്ല.

ഞങ്ങളുടെ തലമുറകളുടെ ജീവിതത്തെ പൊതുവേ രണ്ടായ് പിളർത്താം. പല തലങ്ങളിൽ. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് മുന്നും പിന്നും, വിവരസാങ്കേതിക വിപ്ലവത്തിന് മുന്നും പിന്നും, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് മുന്നും പിന്നും, എന്നിങ്ങനെയൊക്കെ. ഇതെല്ലാം കൂടി ഭാവുകത്വത്തിൽ ചിന്തയിൽ ഉണ്ടാക്കിയ സങ്കീർണ്ണതകൾ എന്തെന്ന് ഇന്നും പിടികിട്ടിയിട്ടില്ല. 1992 മുതൽ വർഗ്ഗീയ ഫാസിസത്തെ കുറിച്ചാലോചിക്കാതെ ഒരു ദിവസം പോലും ഇക്കാലത്തെ കവിതകൾക്ക് പിന്നിടാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ബാബറി മസ്ജിദ് തകർത്ത അന്ന് എന്നിൽകയറിപ്പറ്റിയ ഓക്കാനത്തിന്റെ നോവ് അവസാനം എഴുതിയ 'ഒരു കാസർകോടൻ കഥ' എന്ന കവിതയിൽപ്പോലുമുണ്ട്. അതിലെ അമ്മ തോക്കെടുത്ത് രാമവിഗ്രഹത്തെ വെടിവയ്ക്കുമ്പോൾ അത് പ്രകടമാണ്. ഞാനോർമ്മവയ്ക്കുന്ന സമരങ്ങൾ തൊഴിലിനുവേണ്ടി ഫാക്ടറിയെ ക്ഷണിയ്ക്കുന്ന സമരങ്ങളല്ല. സൈലന്റ് വാലിയേയും അതിരപ്പിള്ളിയേയും നിലനിർത്താൻ ഡാമിനെതിരെ നടക്കുന്ന സമരങ്ങളാണ്. ചാലിയാർപ്പുഴ തിരിച്ചുപിടിയ്ക്കാൻ ഗ്വാളിയാർ റയോൺസ് അടച്ചുപൂട്ടാൻ അദ്ദുറൈപോലുള്ള ആളുകൾ നടത്തിയ സമരങ്ങളാണ്. എൻഡോസൾഫാനെതിരെ കാസർകോട്ടെ പാവങ്ങൾ നടത്തിയ സമരമാണ്. ചെങ്ങറ സമരമാണ്. സാമൂഹ്യ ബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും പുരുഷനുണ്ടാക്കിയ മേൽക്കൈ തകർക്കാൻ സ്ത്രീകൾ നടത്തിയ ബഹുവിധ സമരങ്ങളാണ്. സംസ്‌കാരത്തിന്റെ ഇരുട്ടിനെ കള്ളക്കഥ കൊണ്ട് വെളിച്ചമാക്കാൻ മുൻപന്തിയിൽ മതങ്ങൾ ഉണ്ട്. സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. ആധുനികമായ അടിമകൾ എന്ന് വിളിക്കാവുന്ന അവരുടെയൊക്കെ അണികൾ ഉണ്ട്. ഇതിനെയൊക്കെ വകഞ്ഞുമാറ്റി വേണം കവിതയ്ക്ക് സഞ്ചരിക്കാൻ. തൃശ്ശൂർ ജില്ലയിൽ ഞാൻ താമസിക്കുന്ന വാടാനപ്പള്ളി വർഗീയമായി തരളിതപ്പെടുത്തപ്പെട്ട ഒരു ദേശമായിരുന്നു. സെക്യുലർ പ്ലാറ്റ് ഫോമിന്റേയും മറ്റനേകം കൂട്ടായ്മയുടേയും പേരിൽ ഞങ്ങൾ ഒട്ടനേകം വർഗാത്മക പ്രതിരോധങ്ങൾ അവിടെ നടത്തി. തൃശ്ശൂരിലും. അത്തരം ഇടങ്ങളിലൊക്കെ   വിഭാഗീയത മറികടന്നുള്ള മനുഷ്യരുടെ വരവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടുകെട്ടാണ് എന്റെ ബലം.

മടിയരുടെ മാനിഫെസ്‌റ്റൊ സമർപ്പിച്ചിരിക്കുന്നത് എസ്. എൻ പുരം എസ്. എൻ. വി റീഡിംഗ് റൂമിനും കൊടുങ്ങല്ലൂർ സൂര്യകാന്തി ലൈബ്രറിക്കുമാണല്ലോ?

 വീടിനും വിദ്യാലയത്തിനുമപ്പുറമുള്ള ഒരു മൂന്നാമിടമാണ് എഴുത്തുകാരെ വാർത്തെടുക്കുന്നത്. എസ്. എൻ.വി. റീഡിംഗ് റൂം ആന്റ് ലൈബ്രറി എന്റെ നാട്ടിലെ ഏകവായനശാലയായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പഴയലക്കങ്ങൾ ബൈൻഡ് ചെയ്തതിൽ നിന്ന് മേതിൽ രാധാകൃഷ്ണന്റെ സൂര്യവംശമൊക്കെ ഞാൻ വായിക്കുന്നത്  ഇന്നലെയെന്നപോലെ കാണാം. സമയമാപനം പോലുള്ള അധ്യായങ്ങൾ മങ്ങുന്ന സൂര്യനും മങ്ങികത്തുന്ന ബൾബിനുമൊപ്പം ഇരുന്നു വായിച്ചത്, ശ്രവിച്ചത് ഒക്കെ. ബഷീറിനെ മുഴുവൻ വായിച്ചത് അവിടെ നിന്നാണ്. കെ.ജി. ശങ്കരപ്പിള്ളയേയും സച്ചിദാനന്ദനേയും ചുള്ളിക്കാടിനേയും, അയ്യപ്പനേയുമൊക്കെ പരിചയപ്പെട്ടത് ആ അലമാരകൾക്കകത്തുനിന്നാണ്. പിന്നെ ഡെസ്റ്റോയേവ്‌സ്‌ക്കിയേയും വിക്ടർഹ്യൂഗോയും പോലുള്ള ഇതിഹാസങ്ങളെ. ആശാനെ. എന്റെ എഴുത്തിന്റെ അസ്തിവാരം ആ ലൈബ്രറിയാണ്.

കുറച്ചു മുതിർന്നതിനുശേഷമാണ് 'സൂര്യകാന്തി' യിലെത്തുന്നത്. പത്താം ക്ലാസ് നല്ല നിലയിൽ പാസ്സായി ഞാൻ പ്രീഡിഗ്രിക്കെത്തുന്നത് ക്രൈസ്റ്റ് കോളേജിൽ. സച്ചിദാനന്ദൻ അവിടെ പഠിപ്പിക്കുന്നുണ്ട്. കെ.വി. ബേബിയും. അന്നത്തെ കൊടുങ്ങല്ലൂരിന്റെ സമീപഭൂതകാലത്തിൽ ഇടതുപക്ഷച്ചോരയോടുന്ന കഥകൾ സജീവമായിരുന്നു.  ഒളിവിലായിരുന്ന കെ. വേണുവിനെപ്പോലൊരു വിലപിടിച്ച തല പരസ്യമായി വന്ന് പ്രസംഗിക്കുക. നാട്ടുകാരെപേടിച്ച് പൊലീസ് അനങ്ങാതെ നിൽക്കുക. അതൊക്കെ കേട്ടാണ് ഞങ്ങൾ വളരുന്നത്. അതോടൊപ്പം എഴുപത്-എൺപതുകളിലുണ്ടായ പ്രസിദ്ധമായ ഇടതുപക്ഷകവിതകൾ ഞങ്ങളുടെ സ്വന്തം കവിതകളായിരുന്നു. കൊടുങ്ങല്ലൂർക്കാരുടെ.

1985ൽ ഞാൻ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെത്തി. അന്ന് നക്‌സലൈറ്റുകൾ അവരുടെ വിദ്യാർത്ഥി സംഘടന പുന:സംഘടിപ്പിക്കാനുള്ള ശ്രമത്തിൽ അബ്ബാസ് എന്ന എന്റെ നാട്ടുകാരൻ അതുമായി എന്നെ കോർത്തിണക്കി. ഞാൻ മാർകിസ്റ്റ് ലെനിനിസ്റ്റ് മാവോയിസ്റ്റ്‌ സൈദ്ധാന്തിക പുസ്തകങ്ങൾ വലുതായി വായിച്ചിട്ടില്ല. എന്നാൽ പുതുലോകത്തെകുറിച്ചുള്ള അവബോധം, ലോകമെമ്പാടുമുള്ള കവിതകളിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങൾ വായനയിലൂടെ കുറെയൊക്കെ ഏറ്റുവാങ്ങിയിട്ടുണ്ട്. അബ്ബാസ് എന്നെ കേരളവിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തിനുവേണ്ടിയുള്ള ആലോചനായോഗങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്നുണ്ട്. പട്ടാമ്പി കോളേജിലും മറ്റും. ഇന്നത്തെ പ്രശസ്ത സംവിധായകൻ എം.ജി. ശശിയും സഹോദരി ശൈലജയുമൊക്കെ ആ യോഗങ്ങളിൽ ഉണ്ട്.

ഏതാണ്ട് ആ സമയത്തിന് മുമ്പേ തന്നെ ' മാതൃപ്രസ്ഥാന'ത്തിൽ  പിളർപ്പിനുള്ള സൂചനകൾ ഉരുണ്ടു കൂടിയിരുന്നു. ദേശീയ പ്രശ്‌നം ആയിരുന്നു കാരണം. പഞ്ചാബ്, കാശ്മീർ പ്രശ്‌നങ്ങൾ അന്തരീക്ഷത്തിൽ ഉണ്ട്. കെ. വേണുവും കെ.എൻ രാമചന്ദ്രനും രണ്ട് പക്ഷത്താണെന്നുള്ള വിവരം ഞങ്ങൾക്ക് കിട്ടിയിരുന്നു. അബ്ബാസ് പറയുന്നു, നമുക്ക് വിഷയം പഠിക്കണം. ടി.എൻ. ജോയിയുടെ 'സൂര്യകാന്തി' യിൽ പറ്റിയ പുസ്തകങ്ങൾ ഉണ്ട്.

ടി.എൻ. ജോയ് ഞങ്ങൾ കൊടുങ്ങല്ലൂർക്കാരുടെ നായകൻ. അന്ന്  പ്രശസ്തിയുടെ വെളിച്ചം കണ്ടാൽപ്പോലും ഒളിച്ചോടുന്ന പ്രകൃതം. നിറഞ്ഞചിരികൊണ്ടും കവിത നിറഞ്ഞ ബുദ്ധി കൊണ്ടും ആളുകളെ പിടിച്ചെടുക്കുന്നവൻ. സി.പി. ഐ. (എം. എൽ) ന്റെ സംസ്ഥാന സെക്രട്ടറി പദം വരെ എത്തിയ ആൾ. ജയിൽ വാസം, ഒളിവു ജീവിതം എന്നിങ്ങനെ ഇതിഹാസ തുല്യമായ അധ്യായങ്ങൾ നിറഞ്ഞ ഒരു പുസ്തകം. ഞാൻ ദൂരെ നിന്നെ കണ്ടിട്ടുള്ളു. അബ്ബാസിന്റെ ഒപ്പം ഞാൻ സൂര്യകാന്തിയിൽ പോയി. ജോയ് കസേരയിൽ നിറഞ്ഞിരിപ്പുണ്ട്. കുടുംബ സ്വത്തിൽ സ്വന്തം ഓഹരി വിറ്റ് ഉണ്ടാക്കിയ ലൈബ്രറിയാണ് സൂര്യകാന്തി. ലെനിനും റോസാലക്‌സം ബർഗ്ഗും തമ്മിൽ നടന്ന സംവാദങ്ങൾ പഠിക്കുന്ന പുസ്തകങ്ങൾ സമ്പാദിക്കുകയാണ് ഞങ്ങളുടെ ഉന്നം. ലെനിന്റെ പുസ്തകം ഞാനെടുത്തു. ജോയ് ചേട്ടന്റെ കൈയ്യിൽ കൊടുത്തു. രജിസ്റ്ററിൽ രേഖപ്പെടുത്തിയ ജോയ് ചേട്ടൻ എന്നെ നോക്കി. പിന്നെ പുസ്തകം എടുത്ത് മാറ്റിയിട്ടു. പകരം മറ്റൊരു പുസ്തകം എടുത്തു തന്നു കാഫ്ക്കയുടെ അമേരിക്ക.

റഷ്യയ്ക്ക് പകരം അമേരിക്ക. ദേശീയ പ്രശ്‌നത്തിനു പകരം വേലക്കാരിയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതിൽ നിന്നും ഓടിയൊളിക്കാൻ അമേരിക്കയിലേക്ക് പുറപ്പെട്ടു പോകുന്ന കാൾറോസ്മാൻ. സിദ്ധാന്തത്തിനു പകരം കെട്ടുകഥ. അതൊരു മാജിക്കായിരുന്നു. എന്നിലെ എന്നെ മനസ്സിലാക്കി തന്ന മാജിക്. ഞാൻ കക്ഷി രാഷ്ട്രീയപ്രേമം വെടിഞ്ഞു. എഴുത്തുകാരനാകാൻ നിശ്ചയിച്ചു. പ്രതിരാഷ്ട്രീയത്തിന്റെ ചെറു ചെറു ശബ്ദങ്ങളെപ്പോലും പിടിക്കാൻ കാതു കൂർപ്പിക്കുന്ന എഴുത്തുകാരനാകാൻ. അതാണ് സൂര്യകാന്തിയുമായുള്ള എന്റെ ഇടപെടൽ.

കൊടുങ്ങല്ലൂരിന്റെയും തൃശ്ശൂരിന്റെയും ഭാഷ അത്രകണ്ട് ഗോപീകൃഷ്ണന്റെ കവിതകളിലേക്ക് കടന്നുവന്നിട്ടില്ല. ഗദ്യത്തിന്റെ കരുത്താണ് താങ്കളുടെ കാവ്യഭാഷയുടെ കാതലെന്ന് എന്റെ വായന. കവിതയിലെ സംസാരഭാഷ തൊണ്ണൂറുകളുടെ ഭാവുകത്വം കൊണ്ടുവന്ന മാറ്റങ്ങളിലൊന്നാണ്. ആ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം കവിതയുടെ ഭാഷാപരിസരം വിശദമാക്കാമോ?

  മാനക ഭാഷയോടുള്ള എന്റെ സമീപനം നേരത്തെ പറഞ്ഞ ഉത്തരത്തിൽ ഉണ്ട്. തൃശ്ശൂർ ഭാഷയും കൊടുങ്ങല്ലൂർ ഭാഷയുമൊക്കെ പരിണമിച്ചു കൊണ്ടിരിക്കുന്ന സ്ലാങ്ങുകളാണ്. അതുകൊണ്ട് പുതിയ തൃശ്ശൂർ സ്ലാങ്ങിലെ ഗഡീ എന്ന വാക്കൊക്കെ കവിതയിലും കയറി പറ്റുന്നുണ്ട്. എന്നാൽ മനപ്പൂർവ്വമായ പ്രാദേശിക രുചി പുരട്ടാൻ ഞാൻ നിന്നിട്ടില്ല. നേരത്തെപറഞ്ഞപോലെ മാനകഭാഷ ഒരു പൊതു മണ്ഡലമാണ്. 'ഉപ്പ് ' എന്ന പദത്തിന്റെ ഉച്ചാരണം രക്തസാക്ഷിത്വത്തിലേക്ക് കൊണ്ട് പോയ ഒരാൾ മാനകഭാഷയുടെ വരമ്പിനടിയിൽ കിടപ്പുണ്ട്. അത് മറന്നുകൂടാ.

രണ്ടാമതായി വൃത്തം പോലെ സാങ്കേതിക ബദ്ധമായ ഭാഷയ്ക്കും കവിത കീഴ്‌പ്പെട്ടുകൂടാ. വൃത്തം ഒരു സാങ്കേതികതയാണ്. ഒരു വളച്ചുകെട്ടൽ. അത് ഒരു കാലത്ത് കവിതകളിൽ ആഭ്യന്തര അച്ചടക്കം സാധ്യമാക്കിയിട്ടുണ്ടാകാം. ഇന്ന് ഭാഷാ നിയമങ്ങളില്ലല്ല, ഭാഷാ നീതികളിലാണ് കവിത പ്രവർത്തിക്കുന്നത്. ഞാൻ കൈകാര്യം ചെയ്യുന്ന കാവ്യവിഷയങ്ങളുടെ സ്വാഭാവിക ഭാഷയാണ് ഗദ്യം. ഇന്ന് എഴുതപ്പെടുന്ന നാടോടി ഗാനങ്ങൾ പോലും ഗദ്യത്തിലാകും സത്യസന്ധമാകുക എന്നാണ് എന്റെ വിശ്വാസം. എന്നാൽ കവിതയിലെ ഗദ്യം വ്യത്യസ്തമായ ഗദ്യമാണ്. ഇത് പൊടുന്നനെ സംഭവിച്ചതല്ല. പദ്യത്തിൽ നിന്ന് ഗദ്യത്തിലേക്കുള്ള മലയാള കവിതയുടെ രൂപപരിണാമ ചരിത്രം ഒന്നോടിച്ചു നോക്കിയാൽ തന്നെ കാണാം കുറ്റിപ്പുറം പാലത്തിന്റെ 'ഇരുപത്തി നാലോളം ലക്ഷമിപ്പോൾ / ചെലവാക്കി നിർമ്മിച്ച പാലത്തിന്മേൽ' എന്ന വരി ഗദ്യത്തിലേക്കാണ് ചേർന്നു നിൽക്കുന്നത്. ഒളപ്പമണ്ണയുടെ നങ്ങേമകുട്ടി ഗദ്യത്തെ തൊട്ടു നിൽക്കുന്നു. ഇങ്ങനെ പലരും. അയ്യപ്പപണിക്കർ കഴിഞ്ഞ് കെ.ജി ശങ്കരപ്പിള്ള എത്തുമ്പോഴെയ്ക്കും ഗദ്യം സ്വാഭാവികമായി. ഈ ഗദ്യം പലരും വിചാരിക്കും പോലെ ടാഗോറിന്റെ ഗദ്യ കവിതകളിൽ നിന്ന് വന്നതല്ല. ഇരുപതാം നൂറ്റാണ്ടിലെ മലയാളി ജീവിതത്തിനുസൃതമായി കവിതയ്ക്കുള്ളിൽ നടന്ന പരിണാമമാണിത്. ഡാർവിൻ ചൂണ്ടി കാണിച്ചപോലെ വ്യതിയാനങ്ങൾ പുഷ്ടിപ്പെടുത്തിയ പ്രകൃതിയുടെ തെരഞ്ഞെടുപ്പ്. പദ്യം തലകുത്തി വീഴുന്ന വിഷയങ്ങളെ നേരിടാൻ കവിത നേടിയ പ്രതിരോധ ശക്തിയാണ് ഗദ്യം.

ആരൊക്കെയായിരുന്നു കവിതയിലെ എഴുത്തിലെ വായനയിലെ സുഹൃത്തുക്കൾ. കവിതയുടെ ആദ്യ വായനക്കാർ?

   കവിത ഒരു പരിധി വരെ രഹസ്യ വ്യവഹാരമായിരുന്നു, എനിയ്ക്ക്. കൂടെ പഠിയ്ക്കുന്നവരിൽ വളരെ കുറച്ചു പേർ മാത്രമാണ് കവിത എഴുതുന്ന ഒരാളാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞിരുന്നത്. സ്‌കൂളിലും കോളേജിലുമൊക്കെ എഴുത്തു മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ടെങ്കിലും പിന്നിൽ മറഞ്ഞു നിൽക്കാനായിരുന്നു ആഗ്രഹം. ഒന്നാമത്തെ കാര്യം, ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പൊതുധാരാ എഴുത്തിനോട് ഞാൻ യോജിച്ചിരുന്നില്ല. ശീലത്തിൽ നിന്ന് വ്യത്യസ്തമായ എന്തു കണ്ടാലും മനസ്സിലാകുന്നില്ല എന്ന പരാതിയാണ് മലയാളി യാഥാസ്ഥിതികത്വം ഉയർത്തുക. മനസ്സിലാക്കിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ സഹജമായ ലജ്ജ എന്നെ അനുവദിച്ചുമില്ല. അതുകൊണ്ട് കവിതയെ ഞാനെന്ന കൊട്ടയിൽ അടച്ചു സൂക്ഷിച്ചു.

പ്രീഡിഗ്രികാലത്ത് കഥയും കവിതയും കോളേജ് തലത്തിൽ ഒന്നാം സ്ഥാനം കിട്ടി. ഞങ്ങളുടെ ഗണിതശാസ്ത്രാധ്യാപകൻ ചന്ദ്രൻസാറായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ. മാഷ് ക്ലാസ്സിൽ വന്ന് എന്നെ പേര് വിളിച്ച് എണീപ്പിച്ചു. 'നിഴലിൽ മറ്റൊരു നിഴൽ'  എന്ന മട്ടിൽ നാഗരികതയുടെ പകിട്ട് പേടിച്ച് ഒരു മൂലയിൽ ചുരുണ്ടു കൂടിയിരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം സാധാരണയിൽ കവിഞ്ഞ് എന്റെ എന്റെ എഴുത്തിനെ പ്രശംസിച്ചു. അത് ഒരു അത്ഭുതമായിരുന്നു.

അക്കാലത്ത് കോളേജ് ഡേയ്ക്ക് വലിയ കവികൾക്കൊപ്പം, വിദ്യാർത്ഥികളേയും കവിത വായിക്കാൻ തെരഞ്ഞെടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു ക്രൈസ്റ്റിൽ. അതിനുവേണ്ടി കവിതകൾ നേരത്തെ സമർപ്പിക്കണം. സച്ചിദാനന്ദൻ മാഷാണ് തെരഞ്ഞെടുപ്പു നടത്തുക. അക്കൊല്ലം എന്റെ കവിതയും തെരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പപണിക്കർ സാറിന്റെയൊക്കെ ഒപ്പം കവിത വായിക്കുക!

എഞ്ചിനീയറിംഗ് പഠനം ഇടക്കാലത്തുപേക്ഷിച്ച് ഞാൻ എസ്.എൻ. കോളേജ് നാട്ടികയിൽ ചേർന്നു. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രിയപ്പെട്ട കുഞ്ഞ് അതോടെ കറുത്ത ആടായി. കവിത ആവേശിച്ച എനിക്ക് മലയാള ഭാഷയ്ക്കുള്ളിൽ തന്നെ കഴിയണം എന്നു തോന്നി. എഞ്ചിനീയറിംഗ് പഠനത്തിൽ തുടരുകയാണെങ്കിൽ അത്തരമൊരു അവസ്ഥ ലഭിക്കില്ല. എസ്.എൻ. കോളേജിലും അധികമാരും ഞാനെന്ന കവിയെ ശ്രദ്ധിച്ചിരുന്നില്ല. കുറച്ച് സുഹൃത്തുക്കൾ അല്ലാതെ. കോളേജിൽ നിന്ന് പുറത്തു വന്ന് തൊട്ടടുത്ത ട്യൂട്ടോറിയലിൽ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ കവിതയെ കുറിച്ചുള്ള ധാരണകൾ വെളിപ്പെടുത്താൻ മനസ്സ് കൂറെ കൂടി സജ്ജമായി. എന്നെ കേൾക്കാൻ ആ ട്യൂട്ടോറിയലിൽ ഒരു വിദ്യാർത്ഥി സമൂഹം ഉണ്ടായിരുന്നു. അവിടത്തെ അദ്ധ്യാപിക – അദ്ധ്യാപകരും സഹൃദയരായിരുന്നു.

സിവിക് ചന്ദ്രന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന 'പാഠഭേദ' ത്തിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ സൃഷ്ടി കവിതയായിരുന്നില്ല. വാടാനപ്പള്ളിയിലെ വർഗീയതയെക്കുറിച്ചുള്ള അനുഭവമായിരുന്നു. അതുവഴിയാണ് ഗാന്ധിയൻ ചിന്തകനും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷനെ പരിചയപ്പെടുന്നത്. 'പൂർണ്ണോദയാ' ത്രൈമാസികയുടെ പത്രാധിപർ ആയിരുന്നു. കെ. അരവിന്ദാക്ഷൻ അതിൽ ഒരു കവിത പ്രസിദ്ധീകരിച്ചു. 'അടുക്കളയിൽ കവിതയെത്തുമ്പോൾ' എന്ന പേരുള്ളത്. തുടർന്ന്, പി. എൻ ദാസിന്റെ പത്രാധിപത്യമുള്ള 'വൈദ്യശസ്ത്ര' ത്തിൽ 'പുഴ, കല്ലുകൾ, കാട്' പ്രസിദ്ധീകരിച്ച ദാസൻ മാഷ് എനിക്കൊരു കത്തെഴുതി. കെ.ജി.എസ്. 'സമകാലീന കവിത'  എന്ന പേരിൽ കവിതയ്ക്കു വേണ്ടി മാത്രം ഒരു പ്രസിദ്ധീകരണം ഉദ്ദേശിക്കുന്നുണ്ട്. കവിതകളുമായി കെ.ജി.എസ്. മാഷെ പോയി കാണുക. ഞാൻ ഒന്നു രണ്ടു കവിതകൾ കെ. ജി.എസിന് അയച്ചു കൊടുത്തു. മാഷാണ് കവിതയിൽ എന്റെ പേടിമാറ്റിയത്. സംസ്‌കാരത്തിന്റെ ഊടുവഴികളിലൂടെ നടക്കാനുള്ള ധൈര്യം തന്നത്.

എന്റെ തലമുറയിലെ കവിതകളിൽ എല്ലാവരുമായി സൗഹൃദത്തിലാണ് ഞാൻ. പി.എ. നാസിമുദ്ദീനും ഞാനും കവിതമാത്രം ഭുജിച്ച് കൊടുങ്ങല്ലൂരിൽ അലഞ്ഞിട്ടുണ്ട്. മാങ്ങാട് രത്‌നാകരനുമൊത്ത് കാസർകോട് തെയ്യപ്പറമ്പിൽ നിന്നിട്ടുണ്ട്. പി. രാമനൊത്ത് ഹോലുബിനെയും ഗലെവിക്കിനേയും വായിച്ചിട്ടുണ്ട്. അനിത തമ്പി., വി.എം. ഗിരിജ, രാമചന്ദ്രൻ, റഫീഖ്  അഹമ്മദ്, മനോജ് കുറൂർ, നിരഞ്ജൻ, അൻവർ അലി ഇവരൊക്കെയായി അഭിപ്രായവും, അഭിപ്രായവ്യത്യാസങ്ങളും പങ്കുവെയ്ക്കാറുണ്ട്.  ശ്രീകുമാർ കരിയാടുമായി ഫേസ്ബുക്കിൽ തർക്കിച്ചിട്ടുണ്ട്.

കാസർകോട്ടെ, വാടാനപ്പള്ളിയിലെ, പയ്യന്നൂരിലെ ചങ്ങാതിമാരുടെ പേരുച്ചരിച്ചാൽ അവർ കോപിക്കും. കവിതയും വിവർത്തനവും സിനിമയും സംഗീതവും, ചിത്രകലയും അറിയുന്ന സി.എസ്. വെങ്കിടേശ്വരൻ ആദ്യ വായനക്കാരിൽ ഒരാൾ. പുതിയ കവികളിൽ പലർക്കും ആദ്യപുസ്തകത്തിന്റെ  അവതാരിക എഴുതിയത് ഞാനാണെന്ന് അഭിമാനത്തോടെ ഓർക്കാറുണ്ട്. ബന്ധങ്ങളിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ.

ആഖ്യാനരീതിയിലാണോ കാവ്യഭാഷയിലാണോ കവിതയുടെ രാഷ്ട്രീയത്തിലാണോ ഗോപീകൃഷ്ണന്റെ കവിതയുടെ ഊന്നൽ.?

നല്ല കവിതയിൽ നിന്ന് ഒന്നും വേർതിരിച്ചെടുക്കാനാവില്ല. ആഖ്യാനരീതിയേയോ, രാഷ്ട്രീയത്തേയോ സങ്കടങ്ങളെയോ പ്രണയത്തെയോ സൗഹൃദത്തെയോ ഒന്നും. ഒന്ന് ഒന്നിനോട് ചേർന്നുണ്ടാകുന്ന പുതിയ പുതിയ ആത്മീയ മാതൃകകൾ ആണ് ഓരോ കവിതയുടെയും അടിത്തട്ട്. കഥയോട് കവിതയെ ബന്ധിപ്പിക്കുന്നതിൽ വലിയ ഇഷ്ടം തോന്നാറുണ്ട്. വാദ്യ സംഗീതത്തിൽ നിന്ന് കവിതയെ വേർപിരിക്കുന്നതിലും.

മലയാളം വാരികയുടെ 2016 ഏപ്രിൽ 18 ലക്കത്തിൽ ആദ്യം പ്രസിദ്ധീകരിച്ചു