അഭിമുഖം — സുധീഷ് കോട്ടേമ്പ്രം

അഭിമുഖം — സുധീഷ് കോട്ടേമ്പ്രം


 ഹരിശങ്കര്‍ കര്‍ത്ത നടത്തിയ അഭിമുഖം

കവി, നിരീക്ഷകന്‍, ചിത്രകാരന്‍ എന്നീ നിലങ്ങളില്‍ പ്രസക്തമായ ഒരു ജീവിതം നയിക്കുന്നു സുധീഷ് കോട്ടേമ്പ്രം. കൃത്യമായ രാഷ്ട്രീയ-സാമൂഹിക ബോധത്തില്‍  കവിത എഴുതുകയും നവീനതകളെ സൈദ്ധാന്തിക പിടിവാശികളോടെ വിശകലനം ചെയ്യുകയും മുനിയായ് ചിത്രമെഴുതുകയും ചെയ്തു കൊണ്ട് ഇടപാടുകളില്‍ ആത്മാര്‍ത്ഥത സൂക്ഷിക്കുന്ന ഒരാളുമായുള്ള ഭാഷണങ്ങള്‍. 

‘ഉടനീളം
ഒരു രാജ്യമാണ്
ഓരോ തീവണ്ടിയും'.
(തീവണ്ടി ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് ആണ്, സുധീഷ്)

സൈബര്‍  മാധ്യമങ്ങളുടെ പരിമതിയില്‍ നിന്നും തുടങ്ങാം. സൈബറെഴുത്തിനെതിരെ വരുന്ന ബാലിശമായ ആരോപണങ്ങളെ മാറ്റി നിര്‍ത്തി കൊണ്ട് കൗമാരത്തിലേക്ക് കാലൂന്നി നില്‍ക്കുന്ന ഒരു മാധ്യമം എന്ന നിലയില്‍ സാഹിത്യമെഴുത്തിന്റെ ഒരു തലത്തില്‍ സൈബറെഴുത്തിന്റെ പരിമിതകള്‍ എന്തൊക്കെയാണ്? 

സൈബറെഴുത്തിന്റെ പരിമിതി യഥാര്‍ഥത്തില്‍  തുടങ്ങുന്നത് സൈബര്‍ ആക്സസിബിലിറ്റിയില്‍ നിന്നാവണം. കാരണം, സര്‍വ്വജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നത് ഒരു മിഥ്യാസങ്കല്പമാണ്. അല്ലെങ്കില്‍  റേഷന്‍  കടകള്‍ വഴി അരിയും മണ്ണെണ്ണയും കൊടുക്കുന്നതിനോടൊപ്പം ഓരോ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന അത്രയും 'സമദൂരവും ബഹുദൂരവുമായ' ഒരു ഭരണസംവിധാനം ഇന്ത്യയില്‍ ഉണ്ടാവണം. അപ്പോള്‍ , ഒരു ന്യൂനപക്ഷത്തെ മുന്നില്‍ കണ്ടാണ് നമ്മളിപ്പോഴും സൈബര്‍ ജനാധിപത്യം എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന് എനിക്ക് നിശ്ചയമുണ്ട്. ഇനിയിപ്പോള്‍ എല്ലാവര്‍ക്കും ആക്സസിബിലിറ്റി കിട്ടി എന്നു തന്നെ വെക്കുക, അപ്പോഴും ഒരു കൂട്ടര്‍ ഈവക സംവിധാനങ്ങള്‍  ഉപയോഗിക്കാതെയുമിരിക്കാം, അത് അവരുടെ ഐഡിയോളജി സമ്മതിക്കാത്തതുകൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആവാം. അച്ചടിയുടെ ഉപഭോഗവും തുടക്കത്തില്‍  ഇങ്ങനെയൊക്കെ തന്നെയായിരുന്നു എന്നതും മറന്നുകൂട.
രണ്ടാമത്തെ പരിമിതിയായി ഗണിക്കപ്പെടുന്നത് എഴുത്തിന്റെ മൂല്യത്തെ പറ്റിയുള്ളതാണ്. ബ്ലോഗെഴുത്ത് അഥവാ അവനവന്‍  പ്രസാധനം എന്ന മനസ്സിലാക്കലില്‍ തന്നെ അതിന്റെ കുതിച്ചുചാട്ടവും എടുത്തുചാട്ടവുമുണ്ട്. എടുത്തുചാട്ടത്തിന്റെ പ്രകരണത്തിലാണ് പലപ്പോഴും സൈബര്‍ എഴുത്തിന്റെ പരിമിതിയും മറഞ്ഞുകിടക്കുന്നത്. അതും ഒരു പരിമിതിയായി ഞാന്‍  കാണുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകുമെന്ന് തോന്നുന്നു. പാട്ട് പാടുക എന്നത് പാടാനുള്ള കഴിവും സംഗീതധാരണയും ആവശ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍  നമുക്കറിയാം, പുത്തന്‍  റേഡിയോ സംസ്കാരവും ചാനല്‍ മത്സരങ്ങളും എല്ലാവരെയും പാട്ടുകാരാക്കുന്നതു കാണാം, മുന്‍പില്ലാത്ത വിധം പാട്ടിന്റെ 'ജനാധിപത്യ വല്‍കരണം' കേരളത്തില്‍  നടക്കുന്നുണ്ട്. അത് ഒരുപക്ഷേ സംഗീതകലയുടെ സര്‍ഗ്ഗാത്മകതയെ മുന്നോട്ടുനയിച്ചു എന്നുവരില്ല. കാമറമൊബൈല്‍  വന്നതോടുകൂടി എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാവുന്നതുപോലെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മലയാളം യൂണിക്കോട് ലിപിയും സ്വായത്തമാകുന്നതോടെ എല്ലാവര്‍ക്കും അവരവരുടെ എഴുത്തുകല സൈബര്‍ /പൊതുമണ്ഡലത്തില്‍  പ്രകടിപ്പിക്കാന്‍ അവസരമുണ്ടായി. ഈ അവസരത്തിന്റെ ആനുകൂല്യത്തെ മറന്നുകൊണ്ട് അതിന്റെ ഏസ്തെറ്റിക്സ് പറയുക എന്നത് കപടവുമാണ്. അതായത് ഈ അവസരത്തിന്റെയും അത് നിര്‍മ്മിക്കുന്ന കലര്‍പ്പിന്റെയും സങ്കരം തന്നെയാണ് സൈബര്‍ സൗന്ദര്യശാസ്ത്രം നിര്‍മ്മിക്കുന്നത്.
ഹരിയുടെ ചോദ്യം കൃത്യമായി മലയാളം സൈബര്‍  എഴുത്തിന്റെ പരിമിതികളെ അക്കമിട്ടു പറയാന്‍ ശഠിക്കുന്നതുകൊണ്ട് മൂന്നാമതായി എനക്ക് തോന്നുന്നത്, നൊസ്റ്റാള്‍ജിയയുടെ മൊത്തക്കച്ചവടക്കാരായി സൈബറിടങ്ങളിലെ സാഹിത്യങ്ങള്‍  മാറാറുണ്ട് എന്നതാണ്. നൊസ്റ്റാള്‍ജിയ എല്ലാ കാലത്തുമുള്ള മനുഷ്യര്‍ അവരുടെ പോയ കാലത്തെ കൂടുതല്‍  നിറങ്ങളോടെ പുനരാനയിക്കുന്ന ഒരേര്‍പ്പാടാണ്. സൈബര്‍ സ്പേസില്‍ അതിത്തിരി കൂടും. കാരണം ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും സ്വന്തം ദേശത്തെ ഓര്‍ക്കുന്ന ഒരു പൊതുമലയാളി നമ്മുടെയെല്ലാം മോണിറ്ററുകളില്‍ പായ വിരിച്ച് കിടന്നുറങ്ങുന്നുണ്ട്. അയാളുടെ കൂര്‍ക്കം വലികള്‍ ചിലപ്പോഴൊക്കെ നമ്മുടെ ജാഗ്രതയെ അലസമാക്കിയേക്കാം.

ഇതില്‍  ഒന്നാമത്തെ ഭാഗം തന്നെ എടുക്കാം. ഇപ്പറയുന്ന ന്യൂനപക്ഷം ആരാണ്? അവരുടെ എഴുത്തില്‍  സംഭവിക്കുന്ന അബോധമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനമെന്താ‍ണ്? അണ്ണാ ഹസാരെയേയും മുല്ലപ്പെരിയാര്‍  അണക്കെട്ടിനെയും പോലെയുള്ള സംഭവങ്ങളുടെ ഓര്‍മ്മയില്‍. അതേപറ്റി എന്ത് പറയുന്നു?

അത് വ്യക്തമല്ലേ? ഇടത്തരം മധ്യവര്‍ഗം. എല്ലാത്തരം ആവശ്യങ്ങളും അതാത് ഘട്ടങ്ങളില്‍ നിവൃത്തിക്കപ്പെടുന്ന സമൂഹത്തിലെ ആദ്യഗുണഭോക്താക്കള്‍. അണ്ണാ ഹസാരെയും മുല്ലപ്പെരിയാറും മാത്രമല്ല, സന്തോഷ് പണ്ഡിറ്റിന്റെ ജനപ്രീതിയേയും ടി പി ചന്ദ്രശേഖരന്‍ വധത്തിലെ രാഷ്ട്രീയ നൈതികതെയുംപ്രതി സൈബര്‍ ഇടങ്ങളില്‍ നടന്നിട്ടുള്ള ചര്‍ച്ചകള്‍ ഒക്കെ ഓര്‍ക്കുന്നു. അത് ഒരു ന്യൂനപക്ഷത്തില്‍ നിന്നാണ് എന്ന് മുദ്രകുത്തി ആ ചര്‍ച്ചകളെ മാനിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല. അഥവാ, എത്രയൊക്കെ നമ്മള്‍ അവഗണിച്ചാലും ഒരു സൈബര്‍ മലയാളി രൂപപ്പെട്ടു കഴിഞ്ഞു. അതിന്റെ വര്‍ഗ്ഗ-സാമ്പത്തിക ക്രമങ്ങള്‍ എന്തുതന്നെയായാലും. പൊതുസമൂഹത്തിന്റെ എല്ലാ തരത്തിലുമുള്ള പ്രാതിനിധ്യങ്ങളെ അത് പ്രതിഫലിപ്പിച്ചിരിക്കും. ഇന്ത്യയിലെ ഇതരഭാഷകളെ അപേക്ഷിച്ച് മലയാളത്തിലാണ്‌ ഇത്രയും വിപുലവും സര്‍ഗാത്മകവുമായി സൈബര്‍ ഇടപെടലുകള്‍ നടക്കുന്നതും. അണ്ണാ ഹസാരെ, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ ആള്‍ക്കൂട്ടമന:ശ്ശാസ്ത്രം ത ന്നെയാണ്‌ മുഖ്യറോളില്‍ ഇറങ്ങിയത്. അതില്‍ വിശകലനബുദ്ധിയോ രാഷ്ട്രീയബോധമോ ഉണ്ടായി എന്നുവരില്ല. കൂട്ടത്തല്ല് നടക്കുന്നിടത്തേക്ക് ഒരു കല്ല് ഞാനും എറിഞ്ഞേക്കാം എന്നമട്ടിലാവും കാര്യങ്ങളെ സമീപിച്ചിരിക്കുക. അപ്പപ്പോള്‍ കിട്ടുന്ന ഒരുതരം പ്രതികരണശേഷിപ്രകടനം ആണ് അതിന്റെ മുഖമുദ്ര. പുതിയ സാമൂഹ്യപഠനങ്ങള്‍ ഈ ജനക്കൂട്ടത്തെ മുന്‍നിര്‍ത്തിയാവണം രൂപപ്പെടേണ്ടത്. 
എഴുത്തുകാ‍രന്റെ എടുത്തുചാട്ടം ഈ മാധ്യമവുമായി തന്നെ ബന്ധപ്പെട്ടിരിക്കുന്നു. അതിവേഗം ഓടിപ്പോകുന്ന ഒരു കാലത്തിന്റെ മാധ്യമം ആണ് സൈബര്‍ എന്ന് കാണാം. ഇതിനെ എഴുത്തുകാരന്‍  നേരിടേണ്ടതുണ്ടോ? അതെങ്ങനെ സാധ്യമാകും. സുധീഷ് എന്ന എഴുത്തുകാരന്റെ അനുഭവം കൂടി പങ്ക് വയ്ക്കുമല്ലോ.
വളരെ ശരിയാണ്. ഞാനിപ്പോള്‍ ഹരിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നു കൊണ്ടിരിക്കുന്നതു തന്നെ ഡെല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയിലിരുന്നാണ്. ഈ ഓട്ടത്തില്‍ വണ്ടിക്കകത്ത് ഞാന്‍ ഓടുന്നില്ല, വണ്ടി മാത്രമേ ഓടുന്നുള്ളൂ. ഇരിക്കുകയും കിടക്കുകയും വായിക്കുകയും ചിന്തിക്കുകയും ചെയ്യാവുന്ന ഒരോട്ടമാണിത്. സൈബര്‍ വണ്ടിയും ഇതേപോലെയാണ്. അതിനകത്ത് കിടന്ന് നമ്മള്‍ ഓടുകയല്ല, പുറത്തെ ഓട്ടം നമ്മളില്‍ പ്രതിഫലിക്കുകയാണ്. ഈ ഓടിപ്പോകുന്ന മാധ്യമത്തെ സമര്‍ത്ഥമായി വിനിയോഗിക്കുന്ന എഴുത്തിടങ്ങള്‍ ഇന്ത്യയിലുണ്ട്. ഉദാഹരണത്തിന് കാഫില പോലുള്ള സൈറ്റുകള്‍... ദൈനംദിന ഇന്ത്യന്‍ രാഷ്ട്രീയജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതുകാണാം.മലയാളത്തില്‍ അങ്ങനെ സജീവമായ ഇടപെടല്‍ കുറവാണ്. ഉത്തരകാലവും നാലാമിടവും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. സാഹിത്യമെഴുത്തിന്റെ കാര്യത്തില്‍,എടുത്തുചാട്ടത്തിന്റെ കുഴപ്പം എന്നത് കലയോടുള്ള കൂറ് കുറയ്ക്കുന്നു എന്നതാണ്. എറ്റവും പുതുമയുള്ളതാവണം എന്ന ശാഠ്യത്തില്‍ രൂപപരമായ നവീനതകള്‍ കൊണ്ടുവരുന്നവര്‍ പലപ്പോഴും അതിന്റെ കലാത്മകതയെ, വീണ്ടും വീണ്ടും വായിപ്പിക്കാവുന്ന ഊര്‍ജ്ജത്തെ മാനിക്കാതെയാവും എഴുത്തില്‍ ഇടപെടുന്നത്. സൈബര്‍ സ്പേസില്‍ എഴുത്തുകാരന്റെ എന്‍ട്രി പോയിന്റ് ഓപ്പണ്‍ ആണ്. അത് എപ്പോഴും ഏറ്റവും പുതുതായ ആവിഷ്കാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ടിരിക്കും.  പിന്നെ സുധീഷ് എന്ന എഴുത്തുകാരന്‍! ഹഹഹ! എനിക്ക് ഞാന്‍ ഇപ്പോഴും 'എഴുത്തുകാര'നല്ല. എഴുത്തുകാരന്റെ പദവിമൂല്യം ഏറെക്കുറേ ശിഥിലമായ ഒരു സ്ഥലകാലത്തിലാണ് ഞാന്‍ പണിയെടുക്കുന്നത്. അവിടെ എഴുത്തുകാരനുമാത്രമായി ഒരനുഭവമില്ല. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളെ മോഷ്ടിക്കുന്ന ഒരു പാവം മോഷ്ടാവ് മാത്രമാണയാള്‍.. എഴുത്തുകാരന്‍ എന്ന ഏകശിലാത്മക കര്‍തൃത്വത്തിന്‌ ഇനി ആയുസ്സുണ്ടോ എന്നും സംശയമാണ്. എന്റേത് കലാ പ്രവര്‍ത്തനത്തിന്റെ ഒരു ടോട്ടാലിറ്റിയായാണ്‌ ഞാന്‍ കാണാനാഗ്രഹിക്കുന്നത്. അതില്‍ കവിതയെഴുത്തുണ്ടാവാം, രാഷ്ട്രീയമെഴുത്തുണ്ടാവാം, ചിത്രംവരയോ ഡിസൈനിങ്ങോ ഉണ്ടാവാം. ഇങ്ങനെ പലതും ചെയ്യുന്നതിന്റെ പേരില്‍ ചീത്തപ്പേരും കേള്‍ക്കേണ്ടിവന്നിട്ടുണ്ട് കേരളത്തില്‍ നിന്ന്.

‘ഒട്ടും മെരുങ്ങാത്ത ഒരു മൃഗത്തെ 

നീയെന്തിനാണ്‌ മെരുക്കുന്നത്?

അതിനെ അതിന്റെ കാട്ടില്‍ ഉപേക്ഷിക്കുക' 

(വെരുക്, സുധീഷ്) 

നൊസ്റ്റാള്‍ ജിയ ഒരു പോരായ്മ ആകുന്നത് എന്ത് കൊണ്ടാണ്? ലോകം എങ്ങുമുള്ള നൊസ്റ്റാള്‍ജിയ ഒരു പതിവ് കാര്യമാണല്ലോ... ഒരുപക്ഷെ ശരിയായ രീതിയില്‍  ഇതു ആവിഷ്കരിക്കപ്പെടാത്തതാണോ സുധീഷ് ചൂണ്ടി കാണിക്കുന്നത്? സുധീഷും ഒരു പ്രവാസജീവിതത്തിലൂടെ കടന്ന് പോവുകയാണല്ലോ, സുധീഷിന്റെ കവിതകളിലും ദേശം കടന്ന് വരുന്നില്ലേ?

നൊസ്റ്റാള്‍ജിയ അപ്പാടെ ഒരു പരിമിതിയാണ് എന്ന് ഞാന്‍  പറഞ്ഞതിനര്‍ത്ഥമില്ല. ഒരു തരത്തില്‍  റൊമാന്റിസൈസ് ചെയ്യപ്പെട്ട നൊസ്റ്റാള്‍ജിയയുടെ ചര്‍വ്വിതചര്‍വ്വാണമാണ് മലയാളസാഹിത്യത്തില്‍. നാലുകെട്ടിലെ അപ്പുണ്ണിയില്‍  നിന്നും അയാള്‍ ഇപ്പോഴും വളര്‍ന്നിട്ടില്ല, വളര്‍ന്ന് വലുതായി കൈകള്‍ക്ക് നല്ല കരുത്തുണ്ടാകും എന്ന പ്രതീക്ഷ പോലും വളര്‍ന്നിട്ടില്ല. സൈബര്‍  സ്പേസ് എന്നത് ആഗോളസ്ഥലരാശി ആവുക മൂലം അതിലെ പ്രജകള്‍  അവരവരുടെ ആരൂഡങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. അങ്ങനെ അന്വേഷിക്കുമ്പോഴാണ് പ്രവാസിയുടെ നൊസ്റ്റാള്‍ജിയ ഉണ്ടാകുന്നത്.
കുഴൂര്‍ ഷഷ്ടിക്ക് നാട്ടിലുള്ള നിനക്കായി ഞാനെന്റെ കാലുകള്‍  കൊടുത്തയക്കുന്നു എന്ന് കുഴൂര്‍  വിത്സണ്‍  പ്രവാസപ്പെടുന്നുണ്ട്. സൈബര്‍  സ്പേസ് ഇത്രയും വികസിച്ച ഒരു സമയത്ത് ഇനിയൊരു കവിക്ക് ഇങ്ങനെ കാലുകള്‍  മുറിച്ച് അയക്കേണ്ടി വരില്ല, കാരണം കുഴൂര്‍ ഷഷ്ടി ലൈവ് ആയി കാണാനുള്ള സംവിധാനങ്ങള്‍  നമുക്കുണ്ട്. ഇങ്ങനെ അനുഭവങ്ങളെയും അതിന്റെ ആവിഷ്കാരങ്ങളെയും പലമട്ടില്‍  ഉടച്ചുവാര്‍ക്കുന്ന സ്ഥലരാശിയായി ഈ-ഇടം മാറുന്നുണ്ട്. അപ്പോള്‍  പ്രവാസാനുഭവവും മറ്റൊരു തരത്തില്‍ സംവദിച്ചു തുടങ്ങേണ്ടതുണ്ട്. ഭൂതകാലത്തെ/സമയത്തെ പാരമ്പര്യ നന്മകളോടെ പുനരാനയിക്കലല്ല. ഭൂതകാലാനുഭവങ്ങളെ ഡീകോണ്ടസ്റ്റലൈസ് ചെയ്യുന്ന അനുഭവങ്ങളാവും ഒരുപക്ഷേ എന്റെ കവിതകളില് കാണാന്‍  കഴിയുക. അത് എതെങ്കിലും തരത്തില്‍  വര്‍ത്തമാനകാലവുമായി ഒരു സംവാദം സാധ്യമാക്കുന്നുണ്ടെങ്കില്‍  ഞാനതില്‍  ഒരു പരിമിതി കാണുന്നില്ല തന്നെ.
കൂടുതലല്‍  അകലേക്ക് പോകുമ്പോഴാണ് നമ്മള്‍  സ്വന്തം മണ്ണിലേക്ക് ആതുരതയോടെ നോക്കുക. അങ്ങനെ നോക്കുമ്പോഴാണ് എനക്ക് എന്റെ ഭാഷ പോലും കൈമോശം വന്നിരിക്കുന്നു എന്ന് മനസ്സിലാകുന്നത്. വടകരയുടെ ഒരു ഭാഷാ സംസ്കാരമുണ്ട്, അത് കവിതയില് പൂര്‍ണമായും ആവിഷ്കരിക്കപ്പെട്ടിട്ടില്ല. എല്ലാ പ്രദേശങ്ങള്‍ക്കും ഉണ്ടാകും അത്തരത്തില്‍ പ്രകാശനം ചെയ്യപ്പെടാത്ത ഭാഷാവഴക്കം. ഭാഷ തന്നെ കവിതയുടെ പ്രകാരത്തിലാണല്ലോ ഇരിക്കുന്നത് എന്ന് ചില നേരങ്ങളില്‍ നമ്മെ ഞെട്ടിച്ചു കളയും പ്രാദേശികഭാഷയുടെ കരുത്ത്. ദേശമെഴുത്തിന് അത്തരത്തില്‍  ജാഗ്രത്തായ ഒരു രാഷ്ട്രീയവുമുണ്ട്. ആലാഹയുടെ പെണ്മക്കളിലെ അമരവള്ളി പോലെ അത് പടര്‍ന്ന് പന്തലിക്കുകവേണം. അതിന്റെ വേരുകള്‍  മണ്ണില്‍  ആഴ്ന്നിറങ്ങണം. ലന്തന്‍ബത്തേരിയിലെ കുരിശുപള്ളി പോലെ മരങ്ങള്‍ക്ക് മീതേ തലയുയര്‍ത്തി നില്‍ക്കണം. മറിച്ച് നൊസ്റ്റാള്‍ജിയ കൊതുകുകള്‍ പ്രത്യുല്പാദനം നടത്തുന്ന ഒഴുക്കുനിലച്ച കുളങ്ങളാവരുത്.

സൈബറെഴുത്തിന്റെ സാധ്യതകളെ പറ്റി ഇനി എന്തെങ്കിലും കൂടി പറയേണ്ടതില്ല എന്ന് തോന്നുന്നു. അതെല്ലാം ഏവര്‍ക്കും ഇപ്പോള്‍ അറിയുക തന്നെ ചെയ്യാം. സൈബറെഴുത്തിന്റെ ജനനത്തോടെ പരിണാമം/മ്യൂട്ടേഷന്‍ സംഭവിച്ചവരും സംഭവിക്കാത്തവരും എന്ന മട്ടില്‍ എഴുത്തുകാരും വായനക്കാരും പിരിഞ്ഞതായും ഈ രണ്ട് കൂട്ടര്‍ക്കുമിടയില്‍ ഒരു സംഘര്‍ഷം നിലനില്‍ക്കുന്നതായും കാണാം. ഇതെത്രത്തോളം സര്‍ഗ്ഗാത്മകമാണ്? സുധീഷ് എന്ത് പരിണിതിയാണ് പ്രതീക്ഷിക്കുന്നത്?

സുധീഷ് കോട്ടേമ്പ്രം
സൈബറെഴുത്തിന്റെ പരിണതി എന്ന് പറയുന്നത് അച്ചടിയെ എതിര്‍നിര്‍ത്തിക്കൊണ്ടാവരുത് എന്നാണെനിക്ക് തോന്നുന്നത്. അഥവാ, സൈബര്‍ ഏസ്‌തെറ്റിക്‌സ് എന്നത് നമ്മുടെ സകലമാന ആവിഷ്‌കാരങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരാശയ സംഘാതമായി വേണം മനസ്സിലാക്കാന്‍. നമ്മളിപ്പോഴും സങ്കേതം(ഡിവൈസ്) എന്ന നിലയില്‍ മാത്രമേ അതിനെ മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ടാണ് സൈബര്‍ സാഹിത്യ ചര്‍ച്ചകളിലൊക്കെ ആളുകള്‍ പെട്ടെന്ന് താളിയോല ഉണ്ടായിരുന്നപ്പോള്‍ താളിയോല സാഹിത്യമെന്നും കടലാസ് ഉണ്ടായപ്പോള്‍ കടലാസ് സാഹിത്യമെന്നും ഉള്ള ഉപമകളുമായി കൂട്ടിച്ചേര്‍ത്ത് സൈബര്‍ എഴുത്തിനെ സാങ്കേതികവല്‍ക്കരിക്കുന്നത്. ഞാന്‍ പറയുന്നത്, ഈ സങ്കേതം തന്നെ ഒരര്‍ഥത്തില്‍ ആശയവും സന്ദേശവുമായി കാണണമെന്നാണ്. ഇത് ഉണ്ടാക്കുന്ന ഒരനുഭവപരിസരത്തെ മറന്നു കൊണ്ട് വെറും താളിയോല പോലുള്ള മറ്റൊരു ഡിവൈസ് മാത്രമാണന്ന് വാദിക്കുന്നതില്‍ അനീതിയുണ്ട്. അത് അചരിത്രപരവുമായ ഒരു വാദവുമാണ്. കവിതയില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ എടുക്കാമെങ്കില്‍, എം.ജി രവികുമാറിന്റെ സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസമോ, വിഷ്ണുപ്രസാദിന്റെ ലിഫ്റ്റ് പോലുള്ള കവിതകളോ ഉണ്ടാകുന്നതിന്റെ വിശാലമായ പ്ലാറ്റ്‌ഫോം എന്ന് പറയുന്നത് പുതിയ മാധ്യമബോധം സൃഷ്ടിച്ച അനായാസത തന്നെയാണ്. അച്ചടിയുടെ പരിമിത ഭാവുകത്വത്തിനകത്ത് ഒരുപക്ഷേ ഇങ്ങനെയൊരു കുതിച്ചു ചാട്ടം നടക്കാന്‍ കാലദൈര്‍ഘ്യമെടുക്കും.
അച്ചടിയുടെ സാങ്കേതികവിദ്യക്ക് അകത്തു തന്നെ ഒരുതരം ആധികാരികതയും സര്‍വ്വസമ്മതമായ സ്വീകര്യതയും ഉണ്ട്. അവരുടെ തീര്‍പ്പുകളില്‍ നിന്ന് മലയാള കവിത മുന്നോട്ട് പോയത് സൈബര്‍ ഇടങ്ങളില്‍ മത്രമാണെന്ന് ഇന്ന് തറപ്പിച്ച് പറയാന്‍ കഴിയും. ഇതില്‍ അച്ചടിയോടുള്ള അനിഷ്ടമോ കുശുമ്പോ ഒന്നുമല്ല. വാസ്തവമതാണ്. ഒരു പാരഡൈം ഷിഫ്റ്റ് കവിതയില്‍ നടന്നിട്ടുണ്ട്. കഥയില്‍ ഒരുപക്ഷേ കാണില്ലായിരിക്കാം. അത് ആ മാധ്യമത്തിന്റെ സ്വഭാവം ഒന്നു കൊണ്ടുമാത്രമാവാം. അച്ചടി ഒരുതരം ചരിത്രപരതയും കൂടി തരുന്നുണ്ട്. വെബ്ബില്‍ അതില്ല എന്നല്ല, എങ്കിലും ഓണ്‍ലൈന്‍ കുറേക്കൂടി പ്രസന്റ് ടെന്‍സിലാണ് കാര്യങ്ങളെ കാണുന്നത്. പിന്നെ, അച്ചടിക്കപ്പെടുന്ന സൃഷ്ടിയുടെ ആധികാരികത പോലെ സൃഷ്ടികര്‍ത്താവിനും മൂല്യമേറിയ ഒരു 'കര്‍തൃത്വപദവി'യും അച്ചടിയുടെ ആനുകൂല്യമാണ്. അതിന്റെ ലാളനയില്‍ ഏതൊരെഴുത്തുകാരിയും/കാരനും വീണുപോകുന്നതില്‍ അത്ഭുതവുമില്ല. സൈബര്‍ ഇടങ്ങളില്‍ കര്‍തൃത്വപദവിയും വായിക്കുന്ന ആളിന്റെ പദവിയും ഏതാണ്ട് തുല്യ അനുപാതത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏത് മുതിര്‍ന്ന എഴുത്തുകാരനായാല്‍ പോലുംനിങ്ങള്‍ക്ക് അനിഷ്ടം തോന്നുന്ന ഒരു സൃഷ്ടിക്ക്‌നേരേ ആ അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാം. പത്രാധിപന്റെ കത്രിക പക്ഷേ നിങ്ങളുടെ അനിഷ്ടത്തെ പ്രകാശിപ്പിച്ചെന്നുവരില്ല. അതായത്, വിമര്‍ശസാധ്യമായ ഒരു എഴുത്തിടം കൂടിയാണ് ഓന്‍ലൈന്‍ എന്ന് ചുരുക്കം, ഒരുപക്ഷേ ഈ വിമര്‍ശസാധ്യതയെ ഭയക്കുന്നതുകൊണ്ടുകൂടിയാവാം നിലവില്‍ അച്ചടിയുടെ എഴുത്തുപട്ടം കിട്ടിയ എഴുത്താളുകള്‍ പരമാവധി ഓന്‍ലൈന്‍ ഇടങ്ങളില്‍ നിന്നു മാറിനില്ക്കുകയോ/ മാറിനിന്ന് അവിടെ കാണുന്നതെല്ലാം ചാപിള്ളകള്‍ എന്ന് ആധികാരികപ്പെടുകയും ചെയ്യുന്നത്.
ഇത് ഡിവൈസ് മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴാണ് രണ്ടു ചേരിയായി ഇതിനെ കാണാന്‍ കഴിയുന്നത്. അങ്ങനെ രണ്ട് ചേരിയില്ല. എല്ലാ എഴുത്തും ആത്യന്തികമായി ഒരു പൊതുസമൂഹത്തെ മുന്നില്‍ കാണുന്നുണ്ട്. ഇവ തമ്മില്‍ സംഘര്‍ഷം നിലനില്ക്കുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ അത് ആപേക്ഷികവുമായിരിക്കും. എം മുകുന്ദന്റെ നൃത്തം എന്ന നോവല്‍ രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതീതിയഥാര്‍ത്ഥ്യത്തെയും ദേശബോധത്തെയും സംബന്ധിക്കുന്ന ഈ പരിണതിയെ ഭംഗിയായി എഴുതിക്കഴിഞ്ഞു.
"കുറ്റിപ്പുറം ഹിമാലയ ഹോട്ടലിലും
വടകര സമ്പൂര്‍ണ്ണ ഹോട്ടലിലും
കരിങ്ങാച്ചിറ ഹീറോ ഹോട്ടലിലും
തലശ്ശേരിയിലെയും കലൂരിലെയും
തട്ടുകടകളിലും
കല്ലേലിയിലെ കള്ള് ഷാപ്പിലും
ഇപ്പോള്‍
ഒറ്റയ്ക്കൊരാള്‍ പൊറോട്ട തിന്നുന്നുണ്ട്."

(ഒറ്റയ്ക്ക് പൊറോട്ട തിന്നുവനെക്കുറിച്ച് ഒരു മെലോഡ്രാമ, സുധീഷ്) 

പൊറോട്ടയെ പറ്റിയുള്ള അഭിപ്രായം എന്താണ്?

പൊറോട്ട ഒരു ഏകകോശജീവിയാണ്. അത് നഗരമനുഷ്യന്റെ വിശപ്പ് തിന്നു ജീവിക്കുന്നു. കേരളത്തില്‍ എല്ലായിടത്തും എല്ലാ സമയങ്ങളിലും അതിന് ജീവിതമുണ്ട്.

കവിത അവതരിപ്പിക്കുന്നതിനെ പറ്റി എന്ത് പറയുന്നു? കവിത അവതരിപ്പിക്കേണ്ടതുണ്ടൊ? വായനക്കാരന്‍ അത് വായിച്ചാല്‍ മതിയോ?

കവിത വായിച്ചാല്‍ മതി എന്നു തന്നെയാണെന്റെയും അഭിപ്രായം. പക്ഷേ അത് ഒരു അഭിപ്രായം മാത്രവുമാണ്. പ്രായം പോലെ അഭിപ്രായവും മാറും എന്നതുകൊണ്ടും കവിത എന്തുകൊണ്ട് അവതരിപ്പിച്ചുകൂട എന്നും ഞാന്‍ ചിന്തിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന കലാമേഖല പെര്‍ഫോമിംഗ് ആര്‍ട്‌സാണ്. ആ നിലയില്‍ കവിത പെര്‍ഫൊര്‍മിങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരാഭിചാരക്രിയ എന്ന നിലയില്‍ പെര്‍ഫൊമിംഗ് പോയട്രിക്ക് സാധ്യത ഉണ്ട്. ഇത് മലയാളത്തില്‍ പണ്ടുമുതലേ ഉണ്ടല്ലോ, കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍ വിനയചന്ദ്രന്‍ വരെ അതിന് പാഠഭേദങ്ങളുമുണ്ട്. കാഴ്ച്ചയ്ക്ക് മേല്‍ക്കൈ കിട്ടുന്ന ഒരു സമൂഹത്തില്‍ കവിത ചിലപ്പോള്‍ കാഴ്ച്ചാവിഭവമായും അവതരിക്കും. അതിന്റെ പ്രതിഫലനങ്ങള്‍ ഇപ്പോള്‍ കണ്ടു തുടങ്ങുന്നു. ഒരുപക്ഷേ പുതുകവിത എന്നൊരു ഴാന്രേക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് അവതരണകവിത എന്ന ഉത്തരത്തിലേക്കും നീങ്ങിയേക്കാം. എനിക്ക് തോന്നുന്നത്, അവതരണകലയുടെ പരമ്പരാഗത സങ്കല്പങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ടുള്ള കവിതാ അവതരണം ഗുണം ചെയ്യില്ല, മറിച്ച് അവതരണകവിത തന്നെ സ്വയം അതിന്റെ അവതരണ ഭാഷയും കണ്ടെത്തേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ശ്രമങ്ങള്‍ മലയാളത്തില്‍ തുടങ്ങിക്കഴിഞ്ഞു എന്നു തോന്നുന്നു.

കവിതയെഴുതാന്‍  ഉപയോഗിച്ച സമയം മറ്റെന്തെങ്കിലും ചെയ്യാന്‍ പ്രയോജനപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ടോ? ഉണ്ടെങ്കില്‍  എന്ത് ചെയ്യാമായിരുന്നു എന്നാണ് തോന്നാറുള്ളത്?

കവിത എഴുതാന്‍ ഉപയോഗിച്ച സമയമെന്നത് രണ്ടുറുപ്യേന്റെ കടല കൊറിക്കുന്ന സമയമാകാം, ചിലപ്പോള്‍ ഒരു കട്ടന്‍ ചായയുടേതും. അതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ച് ആലോചിച്ചിട്ടില്ല. പേനയും കടലാസുമെടുത്ത് അല്ലെങ്കില്‍ കീ ബോഡില്‍ ഞെക്കിഞ്ഞെക്കി ഇരിക്കുന്ന സമയത്തേക്കാള്‍ അതിന്റെ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനെടുക്കുന്ന സമയത്തെ ഓര്‍ത്ത് അന്ധാളിപ്പ് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ എല്ലാത്തരം മുടക്കുന്യായങ്ങള്‍ക്കും വെച്ചുകെട്ടാന്‍ നമ്മള്‍ കവിതയുടെ പച്ചമരുന്നുകുപ്പി കൊണ്ടുനടക്കുന്നതുകൊണ്ടാവും. എനിക്ക് പക്ഷേ അതിന്റെ ആവശ്യം വന്നിട്ടില്ല. കവിത എഴുതിയില്ലെങ്കില്‍ മരിച്ചുപോകും എന്നിത്യാദി വേവലാതികളുമില്ല.

ചോദിക്കപ്പെടാന്‍  ആഗ്രഹിക്കുന്ന ഒരു ചോദ്യം എന്താണ്?

അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ? എന്നൊരു ജഗതിയന്‍ ചോദ്യം എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും. അങ്ങനെ ആരെയും ബോധിപ്പിക്കാനില്ലാത്ത ഒരു പൊതുബസ്സിലെ യാത്രക്കാരനായിരിക്കാന്‍ എപ്പോഴും ഇഷ്ടം. 
‘മീനുകള്‍ വരച്ച പുഴയുടെ ചിത്രം
വികൃതമാകും
തോണിക്കാരന്‍
അയാളുടെ പങ്കായമിട്ടു തുഴയവേ'.

(കണ്ണുതെറ്റിയാല്‍ , സുധീഷ്)

സുധീഷിലെ ചിത്രകാരന് എഴുത്താളന്റെ ഈ വര്‍ത്തമാനങ്ങള്‍  കേൾക്കുമ്പോള്‍  എന്താണ് തോന്നുന്നത്? 

അയാള്‍ ഇപ്പോള്‍ എന്നല്ല എപ്പോഴും ഒട്ടൊക്കെ നിശബ്ദനാണ്. അയാള്‍ വരഞ്ഞ വഴി നടക്കാത്തതിനാല്‍ എഴുത്താളുമായി ശുണ്ഠിയിലാണ്. വാക്കേ വാക്കേ നുണ പറഞ്ഞ് മടുക്കുമ്പോള്‍ നീ ഇങ്ങോട്ടു തന്നെ കേറി വരുമെന്ന് ആ ചിത്രകാരന്‍ വരാന്തയുടെ ഒരറ്റത്തിരുന്ന് നഖം കൊണ്ട് ചുവരില്‍ എഴുതുന്നുണ്ട്.

ഈ അഭിമുഖത്തിനു കൂടുതല്‍ ഹിറ്റ് കിട്ടാന്‍ /വിവാദം സൃഷ്ടിക്കാന്‍ സാധ്യതയുള്ള വല്ല വെളിപ്പെടുത്തലുകളും നടത്താനുണ്ടോ?

അങ്ങനെയൊരു അതിഭയങ്കരമായ വെളിപ്പെടുത്തലിനുള്ള വിഭവം എന്റെ കയ്യിലുണ്ട്. തല്‍ക്കാലം അതിപ്പോള്‍ ചെയ്യുന്നില്ല എന്ന് മാത്രം. വിപണി സാധ്യതകള്‍ കുറച്ചൂടെ ഉള്ള ഒരു സന്ദര്‍ഭം വരട്ടെ, :) അപ്പോ നോക്കാം.

അപ്പോള്‍  വിപണിമൂല്യമില്ലാത്ത ഈ ഭാഷണം അവസാനിപ്പിക്കാമെന്ന് കരുതുന്നു, ഭരതവാക്യം?

അവനവനാത്മ വിരേചനത്തിനാചരിക്കുന്നവ

അപരന്നും വിരേചനത്തിനായി ഭവിച്ചിടേണം.

(സമാപ്തം)