ആകാശം, ഭൂമി, കടൽത്തീരങ്ങൾ....

പുസ്തകത്തിന്റെ പുറംചട്ട

കവി : അരുൺ പ്രസാദ്
പ്രസാധകർ : ഫ്രീഡം ബുക്ക്സ്
വില - ₹ 120.00
ഓൺലൈനായി വാങ്ങാം »

കുരുത്തംകെട്ട കുട്ടികളുടെ പാട്ട് അഥവാ ഒരലസകൗമാരത്തിന്റെ ആൺമുറി

സുധീഷ് കോട്ടേമ്പ്രം


എന്താ ഉണ്ടായേന്ന് ചോദിച്ചാ അങ്ങനെ കൃത്യായിട്ട് കാരണമൊന്നുമില്ലാത്ത ചിലതരം സങ്കടങ്ങളുണ്ട് ഭൂമിയിൽ. അതുപോലെന്നെ സന്തോഷങ്ങളും. അതെവിട്ന്ന് വരുന്നു എങ്ങട്ട് പോന്നു എന്നൊന്നും നമ്മളാലോചിക്കില്ല. അതുണ്ട് എന്ന് മാത്രമറിയാം. അതിന്റെ തൊണ്ടവീക്കങ്ങൾ, ഉച്ചപ്പനികൾ, മിണ്ടാട്ടമ്മുട്ടൽ, കുറുകിച്ചിണുങ്ങൽ, ചിരിക്കരച്ചിലുകൾ എല്ലാം നമ്മക്കനുഭവപ്പെടും. കവിതേം അങ്ങനെന്ന്യാന്ന് എടക്ക് തോന്നും. നേരെ വാ നെരെ പോ എന്നൊന്നും പറഞ്ഞാൽ കേൾക്കാത്ത അതിന്റെ അനുസരണക്കേടിനെ ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങളില്ല. കുഞ്ഞായിരിക്കുമ്പോൾ എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്. അതിനോട് സംസാരിക്കാം. അത് തിരിച്ചും സംസാരിക്കും. അതുകൊണ്ടല്ലേ കമിഴ്ന്നടിച്ചുവീണാൽ നിലത്തിനോട് അമ്മ പറയും ''അടി വെച്ച് തരും. എന്റെ കുഞ്ഞനെ എന്തിനാ വീഴ്ത്തിയേ''ന്ന്. അല്ലെങ്കിൽ കസേരയോട്, കട്ടിലിനോട്. തനിക്ക് നോവുന്നതു പോലെ അതിനും നോവുമെന്നും തനിക്ക് വിശക്കും പോലെ അതിനും വിശക്കുന്നുവെന്നും പൂർണവിശ്വാസത്തോടെ അംഗീകരിക്കും അക്കാലം. അപരജീവികളോടും അചരവസ്തുക്കളോടുള്ള പ്രിയമാണ് കുഞ്ഞുനാളിലെ കവിത. വിഷയത്തെയും വിഷയിയെയും ഛിന്നഭിന്നമാക്കുന്ന ഭാഷയുടെ പ്രാരംഭഘട്ടമാണത്. ഭാഷ തന്നെയാണ്അവിടെ കവിത. അതിൽ നിന്ന് ഒട്ടും വ്യത്യസ്തവുമല്ല എത്ര മുതിർന്നാലും കവിതയുടെ മുദ്രകൾ.
         പച്ച പയ്യ് അവനെ പുച്ഛിച്ചു
         അയാൾ കവിത മാറ്റിയെഴുതി
ഏതോ പച്ചപ്പയ്യിന്റെ പിണക്കം തീർക്കാൻ അരുൺ പ്രസാദ് കവിത മാറ്റിയെഴുതിക്കൊിരിക്കുന്നു. അയാൾക്ക് ഒരു മാഷിനെയും പേടിയില്ലാത്തതിനാൽ, ഒരു നിരൂപകരെയും തൃപ്തിപ്പെടുത്തേതില്ലാത്തതിനാൽ, ഒരു പ്രസാധകനെയും വശീകരിക്കേതില്ലാത്തതിനാൽ. പൂച്ചയ്ക്കും പുഴുവിനും പുൽച്ചാടിക്കും വേണ്ടി അയാൾ മാറ്റിയെഴുതാൻ തയ്യാറാവുന്ന ഒരു ഭാഷയുണ്ട്. ആ കൊഞ്ചലിലേക്ക്എഴുത്തച്ഛൻമലയാളം വഴങ്ങിക്കൊടുക്കുമ്പോൾ ഒരപ്പൂപ്പൻ -കൊച്ചുമോൻ കളിയായി (സായാഹ്ന യാത്രകളുടെ അച്ഛാച്ഛനും മോനും) രചന മാറുന്നു. എൺപതുകൾക്കൊടുവിൽ ജനിക്കുകയും രണ്ടായിരങ്ങളിൽ കൗമാരയൗവ്വനങ്ങൾ തുടങ്ങുകയും ചെയ്ത, വിവരസാങ്കേതികവിദ്യയുടെ കാലത്തെ മലയാളത്തിലാണ് അരുൺ കീബോർഡിൽ വിരൽ തൊടുന്നത്. മലയാളകവിതാക്ലാസുകൾ കേട്ടോ കവിത്രയങ്ങളെ വായിച്ചിട്ടോ ആവില്ല അരുണിനോ കൂട്ടുകാർക്കോ കവിതയുടെ രഹസ്യവാതിൽ തുറന്നുകിട്ടുന്നത്. അപ്പോഴേക്കും കവിതയിലെ അധികാരചിഹ്നങ്ങൾ ഏറേക്കുറേ അസ്തമിച്ചിരുന്നു. യൂണിക്കോഡ് ലിപി പ്രചാരത്തിൽ വന്നിരുന്നു. ഇഷ്ടങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തി എഴുതുന്നയാളിനെ ഉയിർപ്പിച്ചെടുക്കുന്ന ലൈക്ക് ബട്ടണുകൾ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ചില ഇടവേളകളിൽ കവിതയുടെ മേഘഭരണികൾ നിറയ്ക്കാൻ അയാൾ തയ്യാറായെന്നുവരും. അങ്ങനെ രൂപപ്പെടുകയും സ്വന്തമിച്ഛയാൽ തന്നെ നശിപ്പിക്കുകയും ചെയ്ത രണ്ടോ മൂന്നോ ബ്ലോഗുകളിലൂടെയാണ് അരുണിന്റെ കവിത പരിചയപ്പെടുന്നത്. ഒരലസകൗമാരത്തിന്റെ ആൺമുറി എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന വസ്തുക്കൾക്കിടയിലാണ് അരുണിന്റെ കവിതകൾ ടൈപ്പ് ചെയ്യപ്പെടുന്ന ലാപ്‌ടോപ്പിരിക്കുന്നത്. അതിൽ മെമ്മറി ഏറ്റവും കുറവായ വേഡ് ഫയലുകളാവണം കവിതയായി കിടക്കുന്നത്. മെമ്മറി കൂടുതൽ അപഹരിക്കുന്ന സിനിമകളുടേയും സംഗീതത്തിന്റെയും ഫോൾഡറുകൾ തീർച്ചയായുമതിൽ കാണണം. എന്നാൽ പലപ്പോഴും തുറക്കാൻ മറന്നുപോകുന്ന കവിതയുടെ ഫോൾഡർ ആയിരിക്കാംഅരുണിനെ അവനായി നിലനിർത്തുന്നത്. ഉദാത്തകൽപനകളുടെ കുത്തൊഴുക്കിൽ മാറിനിന്ന വാക്കുകൾ, രാഷ്ട്രീയശരി അല്ലാതാകുമോ എന്ന് പേടിച്ച് ഉച്ചരിക്കപ്പെടാതെ പോയ ചില ശബ്ദങ്ങൾ, കിട്ടും ഫോട്ടോ എടുക്കാതെ വിട്ട അനേകം വിഷ്വലുകൾ ഇയാൾ തന്റെ കവിതയിലെ കാന്തത്തരികൾ കൊണ്ട് പിടിച്ചെടുക്കുന്നു. ആധുനികകവിത സന്ദർശകമുറിയിലെ കസേരയിൽ ഇരിക്കുന്ന ആളിനെയാണ് ഫോക്കസ് ചെയ്തതെങ്കിൽ അരുണിന്റെ തലമുറയുടെ പെൻക്യാമറ അയാൾ അഴിച്ചുവെച്ച ഷൂസിലാവാം സൂം ചെയ്തുവെക്കുന്നത്. കാര്യഗൗരവങ്ങളുടെ സംസാരമുറി അപ്പുറത്തെവിടെയോ ആണിതിൽ. അല്ലെങ്കിൽ കാര്യഗൗരവങ്ങൾ പറയേ കവിത ഇതല്ലെന്ന് ആണയിടുന്നുണ്ട് ഇതിലെ കവി. വിരുന്നുകാർ സംസാരിക്കുമ്പോൾ തൊട്ടപ്പുറത്ത് ഒറ്റയ്ക്ക് കളി തുടരുന്ന കുട്ടിയാണ് ഇതിലെ ആഖ്യാതാവ്. സ്‌കൂട്ടറിന്റെയും സ്‌കൂട്ടറിയുടെയും കഥ പറഞ്ഞുകേട്ട് ഉറങ്ങാൻ കൊതിക്കുന്ന 'ബെഡ് റ്റൈം സ്‌റ്റോറി'യിലാണ് ആ കുട്ടിയുടെ ശരിക്കുള്ള വീട്. 'അച്ഛനും അമ്മേം' എന്ന കളി കളിക്കാൻ വിളിക്കുന്ന എട്ടുവയസ്സുകാരിപ്പെൺകുട്ടിയും, പതിനഞ്ചുവയസ്സിൽ ജോൺ വാഷ് എന്ന മുതിർന്ന മനുഷ്യന്റെ പരുക്കൻ കാമനകൾ ക്ക് വിധേയയാവേണ്ടി വന്ന ഹെതർ മാർട്ടിനും ഒക്കെ ഇതേ കുട്ടിയുടെ പല കാലങ്ങൾ തന്നെ. എങ്കിലും ലോകം എളുപ്പമൊന്നും തീർന്നുപോകില്ലെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ശുഭാപ്തി വിശ്വാസമുള്ള ഒരു കവി ഇതിലുണ്ട്. അതിനാൽ ഭൂമിയിലിനിയും കളിസ്ഥലങ്ങളുാവണം എന്ന അയാളുടെ ആഗ്രഹങ്ങൾ സഫലമാകും. ലോകത്തിന്റെ ഓരോ കോണിലും വിഷാദഭരിതനായ ഒരു മേയർ പുല്ലുകൾ നട്ടുപിടിപ്പിക്കുന്നതിനും കുട്ടികൾക്കുള്ള പാർക്കിനുമായി ശുപാർശ ചെയ്തു കൊണ്ടിരിക്കും.

കവിതയാകാൻ സ്വതവേ കൂട്ടാക്കാത്ത പലതരം വസ്തുക്കളുടെ കൂസലില്ലാത്ത പെരുമാറ്റമാണ് ഇക്കവിതകളുടെ പൊതുസമ്പത്ത്. ഹെൽമെറ്റുകൾ, സൺഗ്ലാസുകൾ, ഹെയർജെല്ലുകൾ, സൺ സ്‌ക്രീമുകൾ, ഡിയോഡറന്റുകൾ,  ഷൂസുകൾ, സോക്‌സുകൾ, ബ്രഷുകൾ, ഗിത്താറുകൾ, സ്പീക്കറുകൾ, സോപ്പുകൾ, ബലൂണുകൾ എന്നു തുടങ്ങി ശരാശരി മലയാളകവിതയിൽ ഇടം കിട്ടാതിരുന്ന വസ്തുക്കളുടെ തള്ളിക്കയറ്റമാണ്. തൊട്ടും തൊടാതെയും പുതിയ മനുഷ്യരുടെ സമീപവർത്തമാനങ്ങളിൽ ഇടപെട്ടുകൊിരിക്കുന്ന, വലിയ ജീവിതാഖ്യാനങ്ങൾക്കിടയിൽ  ഒരിക്കൽപ്പോലും പരിഗണന കിട്ടാതിരുന്ന അവ സംസാരിച്ചുതുടങ്ങുന്നു. ജംക് ഫുഡ് ഷോപ്പുകൾ, കോഫീ ഷോപ്പുകൾ, ബിയർ പാർലറുകൾ, അനൗദ്യോഗികമായ കെട്ടിടങ്ങൾ, സ്റ്റണ്ട് പടങ്ങളോടുന്ന തിയറ്ററുകൾ എന്നീ അടയാള സ്ഥലങ്ങൾ ഈ കവിതകൾക്കു്. അപ്പപ്പോഴുള്ള ആനന്ദങ്ങളുടെ പീടികകൾ.  
         ഈ തെരുവിലെ
         വാഹനങ്ങളെല്ലാം
         എന്റെ വളർത്തുമൃഗങ്ങൾ.
         നിന്റെ ചെറുവിരലനങ്ങിയാൽ
         വിശന്നു കൊണ്ടവർ
         മുരളും
         വ്രൂം വ്രൂം വ്രൂം വ്രൂം
വാഹനങ്ങൾ വളർത്തുമൃഗങ്ങളാവുന്നതിനിടയിൽ രണ്ടുകാലങ്ങൾ; രണ്ടു ഭൂമിശാസ്ത്രങ്ങൾ കെട്ടു പിണഞ്ഞുകിടക്കുന്നു. നഗര/ഗ്രാമ വിരുദ്ധോക്തിയിലല്ല, അവയുടെ കൂട്ടിയിണക്കങ്ങളിലാണ് പുതിയ കവിത സത്യസന്ധമാവുന്നത്. നന്മകളാൽ സമൃദ്ധമായൊരു നാട്ടിൻപുറമോ നരകതുല്യമായൊരു നഗരചിത്രമോ അല്ലാതെ. മരയലമാരയുടെ മൂന്നാമത്തെ കള്ളിയിൽ പണ്ടു പേരുകോറിവെച്ച വിഷാദ മൂകതേ വിജനതേ എന്ന് താൻ വിളിക്കുന്ന വീട്ടിൽ അയാൾക്ക് ഒരു വിലാസമുണ്ട്. ഒരു കാലത്ത് സുസ്ഥിരമാണെന്നു തോന്നിയത്. മറ്റൊരു കാലത്തിൽ മറ്റൊരാളതിന്റെ ഉടമയാവുന്നത്. ഭദ്രതാസങ്കൽപങ്ങൾ കുടിയൊഴിഞ്ഞുപോയ സമകാലികതയിൽ ആ വീട്ടുകാരൻ മറ്റൊരു കവിതയിൽ ഉപ്പുമാങ്ങ തിന്നുവാൻ പന്ത്രാം മൈലിലേക്ക് നടക്കുന്നതുകാണാം. ഭൂമിയിലൊരിടത്തും രണ്ടുവർഷത്തിൽക്കൂടുതൽ സ്ഥിരതാമസക്കാനല്ലാത്ത വാടകപ്പാർപ്പുകാരനായി. മറ്റൊരു കാലവുമായുള്ള ബന്ധം ഉപ്പുമാങ്ങയോളം ആവിഷ്‌കരിക്കാൻ പറ്റിയ വേറൊന്നില്ല. അതിന്റെ രുചിയത്രയും അതുണ്ടായ കാലത്തെ അടച്ചുസൂക്ഷിക്കുന്നതിനാലാവണം. മാങ്ങയിൽ തന്നെ അത് കൂടുതൽ മാങ്ങയായിരിക്കുന്നു. ഉപ്പിൽ തന്നെ കൂടുതലുപ്പ്. ജീവിക്കുന്ന ജീവിതത്തെ അപ്‌ഡേറ്റ് ചെയ്യുന്ന പണി മാത്രമേ അരുൺ ചെയ്യുന്നുള്ളുവെങ്കിലും അത് സ്വാഭാവികമായും അണുസൂക്ഷ്മമായ കോസ്‌മോപൊളിറ്റൻ ജീവിതത്തിന്റെ കൂടി ബ്ലൂപ്രിന്റായി മാറുന്നു.

സങ്കേതങ്ങൾ മാനുഷീകരിക്കപ്പെട്ട തലമുറയിൽ ഭാഷ ഒരു വൈകാരികകേന്ദ്രം മാത്രമല്ല, കവിതയിൽ പ്രത്യേകിച്ചും. (യന്ത്രം മനുഷ്യാവയവങ്ങളുടെ തുടർച്ച തന്നെ എന്ന് വാൾട്ടർ ബെഞ്ചമിൻ) പലപ്പോഴും പതിവുവൈകാരികതയുടെ ക്ഷേത്രങ്ങളെ കവിതയ്ക്ക് പുറത്തേക്ക് നിർത്തിക്കൊ് സാങ്കേതികഭാഷയെ കവിത സ്വീകരിക്കുന്നു. അവിടെ പ്രകൃതി എന്നത് സൈഡ് മിററിലൂടെ പിറകോട്ട് പായുന്ന നൊടിയിടയിലെ  കാഴ്ച മാത്രമാവാം. പ്രണയത്തിന്റെ രൂപകങ്ങൾ ചാറ്റ് വിന്റോകളിലൂടെ പ്രവഹിക്കുന്ന പലതരം സ്‌മൈലികൾ ആവാം. ഓർമ്മയും മറവിയും കളഞ്ഞുപോയ മെമ്മറിക്കാർഡു പോലെ അവതരിക്കപ്പെടാം. ഇൻസ്റ്റന്റ് ആയ അത്തരം അനുഭവങ്ങളുടെ ഒരു പുതുമുറ സൈബർ     സ്‌പേസിലെ കവിതയെ എപ്പോഴും പുതുതാക്കി നിർത്തുന്നു. 01001000 01000001 01000011 01001011' എന്നുപേരിട്ട കവിതയിൽ അരുൺ പ്രസാദ് എഴുതുന്നത് നോക്കുക
         പൊടിപിടിച്ച നഗരത്തിൽ
         മങ്ങിത്തുടങ്ങിയ ജീൻസും ഉയർന്ന മടമ്പുള്ള ഷൂസും
         ചെവികളിൽ വെളുത്ത ഹെഡ് ഫോണുകളും തിരുകി
         ഒളിഞ്ഞും തെളിഞ്ഞും മാഞ്ഞും
         മഴവില്ലുകൾ/ഫ്‌ളൈ ഓവറുകളെ പിന്തുടരുന്ന
         മനുഷ്യന്റെ സ്വകാര്യതയെ വേട്ടയാടാനെളുപ്പമാണ്.
         01001000 01000001 01000011 01001011
         എന്ന് അയാളെ ദൃശ്യവത്കരിക്കുന്ന
         എട്ട് ക്യാമറകൾ കഷ്ണം കഷ്ണമായി
         ഈ ലാപ്‌ടോപ്പ് സ്‌ക്രീനിൽ കാണാം

         1: ഇന്റർനെറ്റുമായി  ബന്ധപ്പെട്ട അയാളുടെ  ലാപ്‌ട്ടോപ്പ് വെബ് ക്യാം
         2: ഡാറ്റാ കണക്ഷനുള്ള അയാളുടെ മൊബൈൽ ക്യാമറ
         3: സഹമുറിയന്റെ മൊബൈൽ ക്യാമറ
         4: കാമുകിയുടെ  മൊബൈൽ ക്യാമറ
         5: നിരീക്ഷണത്തിനായി റോഡിൽ ഘടിപ്പിച്ച സി സി ടി വി ക്യാമറ
         6: അയാളെന്നും  വഴിയിൽ കുമുട്ടാറുള്ള ചുവന്ന കാറുടമയുടെ മൊബൈൽ ക്യാമറ
         7: റോഡരികിൽ ബാർബർഷാപ്പ്  നടത്തുന്ന അലിയുടെ  മൊബൈൽ ക്യാമറ
         8: ട്രാഫിക് നിരീക്ഷിക്കുവാനായി  ജംഗ്ഷനിൽ സ്ഥാപിച്ച സി സി റ്റി വി

എട്ടിലും നുഴഞ്ഞുകയറി തനിക്കാവശ്യമുള്ള  ഒരാളുടെ  ഡാറ്റ സ്വീകരിച്ച്  അയാളെ  പിന്തുട രുകയാണ് തുടർന്ന് കവിത. ഭരണകൂടത്തിന്റെയോ അധികാരസ്ഥാപനത്തിന്റെയോ മനുഷ്യനോട്ടത്തിന്റെ (സർവൈലൻസ്) ഭാഷയിലാണ് ഇവിടെ കവിതയുടെ ആഖ്യാനം. അത് പുതിയ മനുഷ്യനെ പിന്തുടരുന്ന ഒരു മുകൾനോട്ടത്തിന്റെ കണ്ണ് കൂടിയാണ്. നിങ്ങൾ നിരീക്ഷിക്കപ്പെട്ടുകൊിരിക്കുന്നു എന്ന ഭീകരവാദ ആശയത്തിന്റെയും തലത്തിൽ ഈ കവിത വായിക്കാം. ക്യാമറയുടെ കണ്ണ് അത്ര നിഷ്‌കളങ്കമല്ല ഒരിടത്തും എന്ന അറിവ് ഈ ഭാഷയ്ക്കു്. അത് ഭീതിയുടെയും അതേസമയം കൺകെട്ട് വിദ്യയുടെയും ലോകത്തെ മാപ് ചെയ്യുന്നു. ദേശകാലങ്ങൾ കുഴമറിഞ്ഞുകിടക്കുന്ന മനുഷ്യരാണ് ഇവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നത് എന്നതും പുതുകാല കവിതകളുടെ ഗോളാന്തര ജീവിതത്തെ രേഖപ്പെടുത്തുന്നവയാണ്. മാറിയ ലോകത്തെ മാറിനിന്ന് നോക്കുകയല്ല, അതിന്റെ തന്നെ വക്താവായിരുന്ന് സംവദിക്കുകയാണ് കവി. വിനിമയബന്ധങ്ങൾ പലപ്പോഴും കവിതയ്ക്ക് വിഷയമാവുന്നത് അതുകൊണ്ടാണ്. കേബിളുകളാൽ ബന്ധിക്കപ്പെട്ട, നെറ്റ്‌വർക്കുകളാൽ ബന്ധിക്കപ്പെട്ട ലോകത്തിന്റെ കണ്ണികളിൽ നിന്ന് കുതറാനുള്ള ശ്രമങ്ങളും കവിതയ്ക്കകത്ത് കാണാം. എന്നിട്ടും അയാൾ ഇങ്ങനെ ശങ്കിക്കുന്നു: 'രാഷ്ട്രീയമില്ലാത്ത എഴുത്തുകാരാ നിങ്ങൾ ആരിൽ ലയിക്കുവാൻ പോകുന്നു?' രാഷ്ട്രീയം അതിന്റെ മെഗാഫോൺ മുദ്രാവാക്യങ്ങളിൽ നിന്ന് പടിയിറങ്ങിയ കാലത്ത് കല പ്രൊപ്പഗാന്റയാവണം എന്നത് അകാലികമായ ആഗ്രഹമാണ്. ആകാശത്തേക്ക് നോട്ടമെറിഞ്ഞ് മുഷ്ടി ചുരുട്ടാതെ വിളിക്കാവുന്ന മുദ്രാവാക്യങ്ങളുണ്ട് ലോകത്ത് എന്ന് പുതിയ കലയുടെ രാഷ്ട്രീയം പറഞ്ഞുതരുന്നു്.

         ഭൂമി ഒരൊറ്റ രോഗാണുവാകുന്നു.
         ഭാഷ ഓരിയിടലുകളാകുന്നു.
ബാബേൽ പോലെ കലങ്ങിപ്പോയ രാജ്യാതിർത്തികളിൽ നിന്ന് ഈ കവി വിളിച്ചുപറയുന്നു. ഭാഷയുടെ വലിയ നാട്യങ്ങളെ ഗൗനിക്കാതെ ഓരിയിടലുകൾ ഭാഷയായി തീരുന്ന ആഗോളജീവിതത്തെ എഴുതുന്നു. അവിടെ ദേശാഭാഷാതിർത്തികളില്ല. മതിലുകളെ മടക്കി അയച്ചുകൊണ്ടിരിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്നു ഈ എഴുത്തുകൾ. തണ്ണിപാക്കറ്റ്കൾ/കൽകസേരൈകൾ /സിതറിടും വൈൻ ഷോപ്പുകൾ/ പൊറോട്ടൈ പിഞ്ചിത്തറും /ഹോട്ടൽ സാലൈകൾ /ഉപ്പുതണ്ണി ഗുതിക്കും/നരൈമ്പുകൾ /മല്ലിപ്പൂ മണക്കും ബസ്റ്റാൻഡുകൾ/ വേപ്പമരയ്ത്തിലിരുന്ത് /പാരച്യൂട്ടിലിറങ്ങിടും പുളുക്കൾ എന്നിങ്ങനെ അത് അടുത്തൊരു ഭാഷയെ സമീപസ്ഥമാക്കുന്നു. ഉദാത്തഭാവനകളില്ല. പൾപ്പ് ഫിക്ഷനുകളോടാണ് ഇതിന്റെ പ്രിയം.

         പനിച്ചൂട് പകരുന്നത് പോൽ
         പറ്റിപ്പിടിക്കും പോൽ
         മൂടൽ മഞ്ഞാകും പോൽ
         അസ്വസ്ഥനാകും പോൽ
         ഇടയ്ക്കിടയ്ക്ക്
         മരിച്ചു പോകും പോൽ
         പകരുമോ നിന്റെ സുന്ദരൻ രോഗാണു?
ക്രൈം ത്രില്ലർ പടങ്ങളുടെ വശീകരണവിദ്യയാണ് രക്തദാഹിയായ ഡ്രാക്കുളയെ പ്രണയഭരിതനാക്കുന്നത്. നല്ലയിനം വൈറസുകളുടെ ഉൽപാദനകേന്ദ്രം കൂടിയാണ് ഓരോ ലാപ്‌ടോപ്പും. അതുകൊണ്ടു തന്നെ രോഗാണു സുന്ദരമാവുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് അതിനെ തകരാറിലാക്കുന്ന വൈറസുകളും ഉൽപ്പാദിപ്പിക്കുന്നത് എന്നുവരുമ്പോൾ കവിതയിലും അപകടകാരികളല്ലാത്ത വൈറസുകൾ സാധൂകരിക്കപ്പെടുന്നു. ഡ്രാക്കുള ഒരു ദു:സ്വപ്നചിത്രമല്ല, സുന്ദരസ്വപ്നവുമാണ്. ദൈവം അപ്രസക്തമാവുന്നിടത്ത് സാത്താൻ സുന്ദരനാവുന്നതുപോലെ.

കമിതാവിന്റെ ഭാഷയാണ് ഇതിലെ പല കവിതകളും ഉരിയാടുന്നത്. അമിതമായി ജീവിച്ചതിന്റെ. പ്രേമിച്ചതിന്റെ, പൂച്ചക്കുട്ടിയെപ്പോലെ ഓമനിച്ചതിന്റെ, ഉമ്മവെച്ചതിന്റെ, കെട്ടിപ്പിടിച്ചതിന്റെ, ഭോഗിച്ചതിന്റെ, അകാരണമായി ഉപേക്ഷിക്കപ്പെട്ടതിന്റെ.ഈ ആൺ 'പുരുഷകേസരിയായ' ആണല്ല. പാതി പെണ്ണായ ഒരാൺകർതൃത്വമാണ്. അതിനാൽ ഇവിടെ അധികാരവടംവലികളില്ല. പ്രേമം ഒരു പങ്കാളിത്ത കലയായി മാത്രം പ്രത്യക്ഷപ്പെടുന്നു.പ്രണയാനന്തരം കൃഷി ചെയ്യാൻ തീരുമാനിക്കുന്നു 'ബ്രേക്ക് അപ് പാർട്ടിയിലെ' കാമുകൻ. 'മുൻപുള്ളതുപോലെയാകില്ല ഒന്നുമൊന്നുമെങ്കിലും, എന്റെ പറമ്പ് പച്ചക്കറിത്തോട്ടങ്ങളാൽ നിറയും' എന്നയാൾ ആശിക്കുന്നു. 'സഹവാസ'ത്തിലെ ആണും പെണ്ണും പ്രേമിക്കുന്നത് അനിഷ്ടത്തോടെയാണ്. ഇഷ്ടം കൊണ്ട് മാത്രമല്ലാതെയും പ്രേമിക്കാമെന്ന സത്യത്തിന്റെ, അല്ലെങ്കിൽ അനിഷ്ടം തന്നെ ഇഷ്ടമാകുന്ന വൈപരീത്യത്തിന്റെ ഒരു ദൃഷ്ടാന്തം. അവനവനെ തന്നെ പ്രേമിക്കുന്നതിന്റെ സാക്ഷ്യങ്ങളും ഇതിലെമ്പാടുമുണ്ട്.

         ഇത്രയധികം
         ഞാൻ എവിടേയും സ്‌നേഹിക്കപ്പെട്ടിട്ടില്ല.
         ശരീരമേ,
         രോഗങ്ങളുടെ വിത്ത്
         കാറ്റിൽ കുടഞ്ഞ് കളഞ്ഞ് കൂടണയൂ.
         തൊട്ടാൽ പൂത്തുപോകുന്ന
         നിന്റെ ഇടങ്ങളിലെല്ലാം
         മരങ്ങൾ വച്ചുപിടിപ്പിക്കട്ടെ ഞാൻ.

എന്നും, 'പട്ടണത്തിന്റെ തുഞ്ചത്ത് മലർന്ന് കിടന്നു സ്വയംഭോഗം ചെയ്തുകൊിരിക്കുന്നു. ഇനി നിങ്ങളുടെ ആവശ്യമില്ല. ഇതെന്റെ കഥയാണ്. ഞാൻ പറഞ്ഞുകൊള്ളാം' എന്നുമുള്ള നിശ്ചയദാർഢ്യ ത്തിൽ അവനവനെ വീണ്ടെ ടുത്ത് പബ്ലിക്കിൽ സ്ഥാപിക്കുകയാണ്. 'ഭോഗിച്ച് കൊണ്ടിരിക്കുന്നവനായും കണ്ട് നിൽക്കുന്നവനായും രണ്ട് പേരായി ഡെൻസിൽ മത്തായി അലക്‌സാർ ഒരേ സമയം മാറുന്നു' മറ്റൊരുകവിതയിൽ. സ്വകാര്യതയും തെരുവും തമ്മിലുള്ള സംവാദം എന്നും ഈ കവിതകളെ മൊത്തത്തിൽ വായിക്കാം. ധ്യാനബുദ്ധനായി മുറിയിലിരിക്കുമ്പോഴും തെരുവാണ് അയാളുടെ മുറി.  സായി മിംഗ് ലിയാങ്ങിന്റെ 'വാക്കർ' എന്ന ചിത്രത്തിലെ തിരക്കേറിയ നഗരത്തിലൂടെ സാധ്യമായതിന്റെ ഏറ്റം സാവധാനത്തിൽ നടക്കാനാഗ്രഹിക്കുന്ന ബുദ്ധഭിക്ഷുവാണ് ചിലപ്പോൾ കവിത. തിരക്കിനകത്തെ ധ്യാനം. സംഘർഷങ്ങൾക്കകത്തെ സമാധാനം. വാക്കിന്റെ വാൾത്തലപ്പുകൊ് വിരിയിക്കുന്ന പൂമൊട്ടുകൾ.

വലിയ വലിയ ലഹളകൾക്കും തകർച്ചകൾക്കും ശേഷമുള്ള റീഹാബിലിറ്റേഷൻ സെന്ററുകൾ അരുണിന്റെ കവിതയിൽ ടെന്റുകെട്ടി പാർക്കുന്നുണ്ട്. ആ ടെന്റുകളിലിരുന്ന് അയാൾ പുതുതൊന്ന് കരുപ്പിടിപ്പിക്കാൻ പതുക്കെ പഠിപ്പിക്കുന്നു. 'തടാകക്കരയിൽ തെളിയുന്ന പ്രതിബിംബം തണുത്തൊരു നിശ്വാസം കൊണ്ട് മഞ്ഞു പാളിയാക്കിക്കാട്ടട്ടേ?' എന്നും 'അല്ലെങ്കിൽ  പുല്ലാനി മൂർഖൻ ഇഴഞ്ഞ പുല്ലുകൾക്കിടയിൽ കാണാതായ പന്ത് തിരയുവാൻ കൂടെകൂട്ടട്ടെ?' എന്നും അത് സ്‌നേഹപ്പെടുന്നു. അമ്മയായും കുഞ്ഞായും ഒരേസമയം മാറുന്ന കളി, പിണക്കമായും ആശ്വസിപ്പിക്കലായും ഒരാൾ തന്നെ മാറുന്ന വൈകാരികത.

ചിലപ്പോൾ കുഞ്ഞിക്കൈയ്യിലെ കോലുമുട്ടായി പോലെ ഈ കവി കവിതയെത്തന്നെ നുണഞ്ഞു കൊണ്ടിരിക്കുന്നത് കാണാം. മുതിരായ്ക ഉണ്ട് ഇക്കവിതകൾക്ക് എന്ന് തോന്നിപ്പിക്കത്തക്കവിധം. അത് തുടങ്ങിയിടത്തുതന്നെ ചുറ്റിക്കളിക്കുന്നതുപോലെ തോന്നാം. ഒരുപക്ഷേ മുതിരലാണ് മേന്മ എന്നുകരുതുന്നതു കൊണ്ട് കൂടിയാവണം, എയ്റ്റീൻ പ്ലസ് ആവാൻ കാത്തുകെട്ടിക്കിടക്കും പോലെ, അഡൾട്ടാവണതിന്റെ ഒക്കെ ഒരുക്കൂട്ടൽ ഇക്കവിതകളിൽ കിടന്ന് ധൃതിപിടിക്കുന്നുണ്ട്. എന്നാൽ അത് മുതിരാനുള്ളതല്ലതാനും. കുറേക്കൂടി ചെറുതാവാനുള്ളതാവാം. പക്വതയുടെ പ്രായം കലയിലെത്രയാണെന്ന് ആരും തന്നെ കണക്കാക്കിയിട്ടില്ല. എന്നാൽ ഒരു മാനകപ്രായം എന്നത് യുവത്വത്തിന്റെയും മധ്യവയസ്സിന്റെയും ഇടയിലാണെന്ന് പറഞ്ഞാൽഇക്കവിതകൾക്കത് കുറച്ചിലാവും. യോഗ്യതാപ്രായം കടന്നിട്ടില്ലാത്ത കുട്ടിപ്പട്ടാളം  ഒളിച്ചുകടത്തുന്ന ഏ സർട്ടിഫൈഡ് കണ്ടന്റ് പോലെ ഈ കവി തന്റെ കവിതകളെ തുന്നിക്കൂട്ടി നെടുനീളൻ തലക്കെട്ടിൽ ഒരു പുസ്തകമാക്കുന്നു ഇപ്പോൾ. ഒരിഷ്ടവാക്കെടുക്കുമ്പോൾ മറ്റ് ഇഷ്ടവാക്കുകൾ പിണങ്ങരുതെന്ന് വാശിയുള്ളതുപോലെ എല്ലാ ഇഷ്ടവാക്കുകളുടെയും നല്ല ഇടയനായി അവൻ ഈ പുസ്തകത്തിൽ ചിരിച്ചുകൊണ്ട് എല്ലാറ്റിനെയും കൂടെക്കൂട്ടുന്നു. കാറ്റു ചിരിക്കുന്നു. മരം ചിരിക്കുന്നു. കാടും നാടുമാകാശവും ചിരിക്കുന്നു.