അച്ഛന്‍

ടി.പി. രാജീവൻ
                                                                                                                                                                 
ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ടും, അച്ഛാ,
നീയിപ്പോഴും ആ വികൃതിരാമന്‍ തന്നെ.

ഇപ്പോള്‍ ഞാന്‍ കണ്ടതല്ലേ വരാന്തയില്‍ നീ പിച്ചവെച്ചു നടക്കുന്നു.
നോക്കുമ്പോള്‍ നീയില്ല കണ്‍വെട്ടത്ത്, അപ്പോളതാ, കൈമുട്ടില്‍ നിന്നോ
കാല്‍മുട്ടില്‍ നിന്നോ ചോരയൊലിപ്പിച്ച് നീ വന്നുകേറുന്നു,

തുരുമ്പിച്ച ഇരുമ്പുവിലയ്ക്ക് പണ്ടു നീ തൂക്കിവിറ്റ
ആ പഴയ ട്രാക്ടറിന്റെ പ്രേതം നിന്നില്‍ കയറിക്കൂടിയോ?
സൂചികളും വയറുകളും ട്യൂബുകളും ഘടിപ്പിച്ച്
നീ കിടക്കുന്നത് ചില്ലുപഴുതിലൂടെ കാണുമ്പോള്‍
എനിക്ക് തോന്നുന്നു.

ഒരിക്കല്‍ നിന്റെ പറമ്പുകള്‍ക്കും വയലുകള്‍ക്കും
അതിരുകളുണ്ടായിരുന്നില്ല, ആര്‍ക്കും നിന്നെ
ഒന്നില്‍ നിന്നും തടയാന്‍ കഴിഞ്ഞിരുന്നില്ല.
വാശിക്ക് ഇപ്പോഴും നീ ആ പഴയ ജന്മി,

അച്ഛാ, എപ്പോഴാണ് നീയൊരു യോഗിയായത്?
ഇപ്പോള്‍ നിനക്ക് രാവും പകലും ഒരുപോലെ
കയര്‍, പാമ്പ്
പാമ്പുതന്നെ കയര്‍.

കടപുഴകുന്ന വൃക്ഷം അതിന്റെ വേരുകള്‍ എന്ന പോലെ
ഞങ്ങളില്‍ നിന്ന് നീ പിന്‍വലിക്കുന്നു കണ്ണും കാതും

ജന്മങ്ങളുടെ മുള്‍ക്കാട്ടിലൂടെ നടക്കുകയാണ് ഇപ്പോള്‍ നീ,
പണ്ട് തെങ്ങിന്‍ തോപ്പിലൂടെ എന്ന പോലെ.
അന്നു നിന്റെ മുഖത്ത് പുലരിത്തെളിച്ചം,
ഇന്നോ വേദന.

അച്ഛാ, ആയ കാലത്തെ കൂട്ടുകാരിയാണ് ഓര്‍മ്മ,
മറവിയോ? ജീവിതാന്ത്യം വരെ സഖി.

വെളിപാടുകള്‍ക്ക് ഭാഷയില്ലെന്ന്
നീ വാ പിളര്‍ക്കുന്നു.
നോക്കൂ, ഒരൊറ്റ രാത്രികൊണ്ട്
എത്രമേല്‍ കീഴ്മേല്‍ മറിയുന്നു ലോകം,
എന്റെ കൈപിടിച്ച് നീ നടക്കുന്നതുപോലെ.

©  ടി.പി രാജീവൻ