അടക്കം

കെ. ആർ ടോണി
                                                                                                                                                                   
പ്ലമേനമ്മായിയുടെ വീട്ടിൽ
പൊട്ടനു എന്നും പണിയുണ്ട്;
ജോർജ്ജേട്ടന്‍റെ കയ്യാളായി
എന്തിനും കൂടെയുണ്ടാകും പൊട്ടൻ.

ആരെങ്കിലും മരിച്ചാൽ പള്ളിയിൽ നിന്ന്
പൊട്ടനെ തേടി ആൾ വരും-
ജോർജ്ജേട്ടനോട് ആംഗ്യം കാട്ടി സമ്മതം വാങ്ങി
സെമിത്തേരിയിൽ ശവക്കുഴി വെട്ടാൻ
പൊട്ടൻ പോകും.
പിക്കാസും തൂമ്പയും ജോർജ്ജേട്ടൻ കൊടുക്കും,
പിന്നെ രണ്ട് ചൂടിക്കയറും കൊലരും മാത്രം മതി;
അത് പൊട്ടനു സ്വന്തമായുണ്ട്.
ചൂടിക്കയറുകൊണ്ട് വേണം മഞ്ച കുഴിയിലിറക്കാൻ.
കല്ലറയിലാണു അടക്കുന്നതെങ്കിൽ
വാർപ്പ് പലകകൾക്കിടയിലുള്ള പഴുതുകൾ
സിമന്റിട്ട് അടയ്ക്കാനാണു കൊലര്!
കുഴിവെട്ടുകാരനു പത്ത് രൂപയാണു കൂലി.
അത് കിട്ടുന്ന ദിവസം മാത്രം
പൊട്ടൻ കള്ള് കുടിക്കും,
അന്ന് വേറെ പണിക്ക് പോകില്ല

ജോർജ്ജേട്ടന്റെ കല്യാണദിവസം
പൊട്ടൻ ഏറെ ആംഗ്യങ്ങൾ കാട്ടി;
ജോർജ്ജേട്ടൻ  ക്യഷിപ്പണി നിർത്തിയപ്പോൾ
പൊട്ടൻ ദിവസം മുഴുവൻ ആംഗ്യങ്ങൾ കാട്ടി;
എഫ്.സി.ഐയിൽ ജോലിക്ക് പോകാൻ
ആദ്യമായി പാന്‍റ്സിട്ട ജോർജ്ജേട്ടനെ നോക്കി
പൊട്ടൻ കാണിച്ച ആംഗ്യങ്ങൾ
എനിക്ക് പോലും മൻസ്സിലായി!

ജോർജ്ജേട്ടൻ മരിച്ചപ്പോൾ പൊട്ടൻ,
വീട്ടിൽ കിടത്തിയ ശവത്തെ നോക്കി
ആംഗ്യം കാട്ടിയ ശേഷം,
പിക്കാസും തൂമ്പയുമെടുത്ത് കുഴിവെട്ടാൻ പോയി;
കുഴിക്കല്ലറയിലായിരുന്നു അടക്കം.
എല്ലാവരും അന്ത്യചുംബനം അർപ്പിച്ച ശേഷം,
സെമിത്തേരിയിൽ കിടത്തിയ ശവത്തെ നോക്കിയും
പൊട്ടൻ ചില ആംഗ്യങ്ങൾ കാട്ടി;
പിന്നെ മഞ്ച മൂടി, കുഴിയിലിറക്കി, മണൽ നിറച്ചു,
സിമന്റിട്ടു പഴുതടച്ചു.

തന്റെ കുറെ ആംഗ്യങ്ങളും എന്നെന്നേക്കുമായി
ആ കല്ലറയിൽ അടക്കപ്പെട്ടതായി പൊട്ടനു തോന്നി;
അന്ന് അയാൾ കുടിച്ചില്ല.

© കെ. ആർ ടോണി
മൂലകൃതി: പ്ലമേനമ്മായി
പ്രസാധകർ: ഡിസി ബുക്ക്സ്