ആടിയാടി അലഞ്ഞ മരങ്ങളേ...

അൻവർ അലി
                                                                                                                                                                
'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി'*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍....

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...

————————————
കുറിപ്പ്
* നീലപ്പുല്‍ത്തറകള്‍ക്കുമേല്‍ പല നിഴല്‍ക്കൂടാരമുണ്ടാക്കിയും

കാലത്തിൻക്കനിയേകിയും കിളികൾതൻ ഗനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിൻ മുമ്പേറെ വമ്പാർന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോർത്തെങ്ങും മഴക്കാറ്റിൽ നീ!
(തിരുവനന്തപുരം മഹാരാജ കലാലയമുറ്റത്തെ വന്മരവും തണൽമരവുമായിരുന്ന കൂറ്റൻ മാവിനെ ഏ.ആർ രാജരാജവർമ്മയോട് സഹോദരപ്പെടുത്തി കുമാരനാശാൻ രചിച്ച പ്രരോദന ശ്ലോകം.)

© 2009, അൻവർ അലി
മൂലകൃതി: ആടിയാടി അലഞ്ഞ മരങ്ങളേ
പ്രസാധകർ: ഡിസി ബുക്ക്സ്