അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറ് വര്‍ഷങ്ങള്‍

പ്രമോദ് കെ.എം

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.
ഇന്ദിരേച്ചി മൂഡില്.
കരുണാകരന്‍ ചൂടില്.
ജയറാം പടിക്കല്.
പപ്പന്‍
വീടു വിട്ടു കാട്ടില്.
വല്ല രാത്രിയിലും വീട്ടില്.
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.

പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.

ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുവര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.

അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്‍
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.

എന്‍റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.

അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*
------------------------------

*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൂലിപ്പണിക്കാരന്റെ ചിരി എന്ന കവിതയിലെ “കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും.എന്നോളമായാലടങ്ങും” എന്ന വരികള്‍.

© പ്രമോദ് കെ.എം
മൂലകൃതി:
അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറ് വർഷങ്ങൾ
പ്രസാധകർ: ഡിസി ബുക്ക്സ്