അല്ലാതെന്ത്?


പുസ്തകത്തിന്റെ പുറംചട്ട

കവി : ടി.പി വിനോദ്
പ്രസാധകർ : ചിന്ത പബ്ലിഷേഴ്സ്
വില - ₹ 130.00

ഏകാന്തം, പ്രതലിതം, സംവാദാത്മകം

പി.എന്‍.ഗോപീകൃഷ്ണന്‍


Auguste Rodin-നെപ്പറ്റി റില്‍ക്കേ എഴുതിയ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ് -  "ശില്‍പ്പിയെന്നനിലയില്‍ പ്രശസ്തനാകും മുമ്പ് റോഡിന്‍ ഏകാകിയായിരുന്നു. പ്രശസ്തനായപ്പോള്‍ അയാള്‍ കൂടുതല്‍ ഏകാകിയായി.” ഏകാകിതയെപ്പറ്റി ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് കവികളാണ്. ഏകാന്തതയെ എളുപ്പം മനസ്സിലാക്കുന്ന മനസ്സും കവികള്‍ക്ക് തന്നെയാണുള്ളത്. ഏകാന്തതയെ പിടിക്കുന്ന പോലീസ് നായകളാണ് കവികള്‍ എന്നും തോന്നിയിട്ടുണ്ട്. സംഭവബഹുലമായ, ജനനിബിഡമായ കവിതകളില്‍പ്പോലും കാണാം ഒരു ഏകാന്തതയെ. പുതിയ കവിതകളില്‍ ഏകാന്തതയെപ്പിടിക്കാനുള്ള ഇന്ദ്രിയങ്ങള്‍ ഏറെ തെളിഞ്ഞുകണ്ടിട്ടുള്ളത് ടി.പി.വിനോദിലാണ്.

      ജീവിതം
      ജീവിതത്തിന്റെ റണ്ണറപ്പാണ്
                             (ആയതിനാല്‍)

      നിന്റെ
      അഭാവത്തിന്റെ
      അണുകേന്ദ്രമാണ് ഞാന്‍”
                             (വിരഹരസതന്ത്രം)

മലയാളത്തില്‍ ഏകാന്തതയെന്നത് ഒരു കാല്പനികവ്യവഹാരമായി അവശേഷിക്കുന്നിടത്തോളം കാലം വിനോദ് കവിതകളില്‍ വരച്ചിടുന്ന ഏകാന്തതയെ കാണാന്‍ കഴിയില്ല.കാല്പനികേതരമായ എന്തിനേയും ‘ഉത്തരാധുനികത’ എന്ന കളത്തില്‍ തളച്ചിടാനാണ് പൊതു മലയാളിബോധത്തിന് ഇഷ്ടം. എന്നാല്‍ ഏകാന്തത ഒക്ടേവിയൊ പാസ് പറയും പോലെ ഒറ്റയ്ക്ക് ജനിച്ച് ഒറ്റയ്ക്ക് മരിക്കുന്ന മനുഷ്യനില്‍, അവസാനത്തേയും ആദ്യത്തേയും ബിന്ദുക്കളെയും തമ്മില്‍ -

ബന്ധിപ്പിക്കുന്ന അത്രയൊന്നും നേരെയല്ലാത്ത ഒരു പഥമാണ്. വിനോദിന്റെ കവിതയെ ഏതെങ്കിലും തരത്തില്‍ നിര്‍വ്വചിക്കണമെങ്കില്‍ ഈ പ്രദക്ഷിണപഥത്തെ അറിയണം. ഒരു ചോലയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മഹാവനത്തിന്റെ പച്ചയില്‍ മറ്റൊരു പച്ച എഴുതുന്നപോലെയാണ് വിനോദിന്റെ കവിത.

      പകതോന്നുന്നല്ലോ എന്ന പക
      നാഡികളിലൂടെയിരമ്പുന്നവഴിക്ക് എതിരെവന്ന
      സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ
      കണ്ണിറുക്കിക്കാണിച്ചതായി
      തത്വചിന്ത തോന്നുന്നല്ലോ എന്ന തത്വചിന്ത
      റിപ്പോര്‍ട്ട് ചെയ്യുന്നു”
            (അല്ലാതെന്ത്?)

അത് ഏകാന്തതയെ അതിന്റെ വര്‍ണ്ണങ്ങളില്‍തന്നെ എഴുതാനുള്ള ശ്രമമാണ്. മറ്റുവര്‍ണ്ണങ്ങള്‍ വാരിപ്പൂശാത്തതുകൊണ്ട് വിനോദിന്റെ കവിത കൂടുതല്‍ സൂക്ഷ്മവും അഗാധവുമാണ്. വായനയുടെ പങ്കാളിത്തമാണ് അത് അവകാശപ്പെടുന്നത്.

      വായിക്കുകയും
      എഴുതുകയും
      പറയുകയും
      ഓര്‍ത്തുവെയ്ക്കുകയും
      മറന്നുപോവുകയും ചെയ്ത
      വാക്കുകള്‍ക്കെല്ലാം
      മരണത്തെപ്പറ്റി
      അറിയാമായിരുന്നെന്ന
      തിരിച്ചറിവിനെയാണ്
      ജീവിതം എന്ന് പറയുന്നത്. ”
            (തിരിച്ച്+അറിവ്)

വിനോദ് എഴുതിത്തുടങ്ങുമ്പോഴേക്ക് ലോകം സൈബര്‍ സ്പേസില്‍ പരന്നുതുടങ്ങിയിരുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യനെ ചുറ്റുന്നതാണെന്നുമുള്ള സിദ്ധാന്തം ഒരുകാലത്ത്  വിപ്ലവാത്മകമായിരുന്നെങ്കില്‍ ഇന്ന് അത് യാഥാസ്ഥിതികമായിരിക്കുന്നു. ഒരു പരന്ന ലോകം നിലവില്‍ വന്നിരിക്കുന്നു. അതാകട്ടെ, അതിനെത്തന്നെ ചുറ്റുന്ന ഒന്നാണ്. പുതിയ ഗലീലിയോമാരേയും ബ്രൂണോമാരേയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ പരന്ന ലോകം. ഉരുണ്ട ലോകത്തിലെ വാക്കുകളെല്ലാം വക്രമായിരുന്നെങ്കില്‍ പരന്ന ലോകത്തിലെ വാക്കുകള്‍ അങ്ങനെയല്ല. അതിന് മൂന്നാമതൊരു മാനം ഇല്ല. ആ ലോകത്തിലെ മനുഷ്യരാണ് വിനോദിന്റെ സ്വത്വവും അപരത്വവും.

      ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
      ഹിന്ദു കൂടുതൽ ഹിന്ദുവും
      മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
      എന്നൊരു മൂന്നുവരി ഉപമ
      കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

      എവിടെയെഴുതണമെന്നോ
      എന്തിനെഴുതണമെന്നോ
      ആളുകളെന്തുവിചാരിക്കുമെന്നോ
      ഒരെത്തുംപിടിയും കിട്ടുന്നില്ല.

      പ്രിയപ്പെട്ടവളേ,
      ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
      ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
      എന്നെ രക്ഷിക്കില്ലേ ?”
            (കഥാര്‍സിസ്)

അങ്ങനെ പരന്ന ലോകത്തിലെ സ്വത്വവും അപരത്വവും നിര്‍വ്വചിക്കാനുള്ള അനിര്‍വ്വചനീയമായ തത്രപ്പാടാണ് വിനോദിന്റെ കവിതകള്‍ എമ്പാടും. ആ പുതിയ ഭൂമികയില്‍ ശാസ്ത്രവും കലയും വിശ്വാസങ്ങളും കൂടിക്കുഴഞ്ഞുകിടപ്പുണ്ട്. ആയതിനാല്‍ വിനോദിന്റെ കവിത, കവിത മാത്രമായിട്ടിരിക്കുന്നില്ല. അത് പലതുമാണ്. ചിലപ്പോള്‍ ഒരു ക്ലിനിക്കല്‍ റിപ്പോര്‍ട്ട്. ചിലപ്പോള്‍ പുതുതായി കണ്ടുപിടിച്ച ഒരു സൂത്രവാക്യം. അല്ലെങ്കില്‍ വാക്കുകളുടെ ഒരു പുതുമന്ത്രവാദം.


   I                                                                       II


1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു                 a) മഹത്തരം !

2) ഒന്നുകൂടി അതുതന്നെ വിചാരിക്കുന്നു               b) മഹത്തരം !

3) പോട്ടെ, സാരമില്ല എന്ന് വിചാരിക്കുന്നു          c) മഹത്തരം !

4) സാരമില്ല എന്നുതന്നെ വിചാരിക്കുന്നു             d) മഹത്തരം !

5) ചരിത്രം ഉണ്ടാകുന്നു                                       e) മഹത്തരം !

6) ഉണ്ടായിക്കോട്ടേ, അല്ലേ ?                             f) മഹത്തരം !
                                                                                  (ചേരും പടി ചേര്‍ക്കുക)

അത് പറയുന്നു: പൂക്കളുണ്ടാകട്ടെ. എന്നാല്‍ പൂക്കള്‍ മാത്രമല്ല അവിടെ ഉണ്ടാകുക. ചിലപ്പോള്‍ പൂക്കളേ ഉണ്ടായിരിക്കില്ല. എങ്കിലും ആ ശൂന്യതയില്‍ ശൂന്യത ഉപയോഗിച്ചുകൊണ്ടുതന്നെ പൂക്കളെ വരക്കാന്‍ വിനോദ് പരിശീലിക്കുന്നുണ്ട്. ശൂന്യതയില്‍ ശൂന്യത തന്നെ നിറവായിത്തീരുന്ന ഇടം. അതുകൊണ്ടുതന്നെ വിനോദിന്റെ കവിതയില്‍ കരച്ചിലും പല്ലുകടിയും കാണാനൊക്കില്ല. മുദ്രാവാക്യങ്ങളും മന്ത്രങ്ങളും കേള്‍ക്കാനൊക്കില്ല. എങ്കിലും അതിന്റെ സ്വരസ്ഥായി പതിഞ്ഞതല്ല. ഗുഹകളില്‍ ഉളികൊണ്ട് വരച്ച ചിത്രങ്ങളോളം തീക്ഷ്ണമാണത്.

      എത്ര മൂര്‍ച്ചയില്‍
      ആകാംക്ഷയുണ്ടായാല്‍
      തുളച്ചുചോര്‍ത്താനാവും
      ഇതില്‍ നിന്നൊരു കളവിനെ ?
            (മടക്കവിവരണം)

വിനോദിന്റെ ഭാഷ ‘സാഹിത്യമല്ല’. സാഹിത്യമായിരിക്കാന്‍ ഭാഷയ്ക്ക് പറ്റാത്ത ഒരിടത്താണ് താനും മറ്റുള്ളവരും ജീവിക്കുന്നതെന്ന് വിനോദിനറിയാം. അത് മധ്യപ്രദേശത്തിന്റെ കവിതയല്ല, അതിര്‍ത്തിപ്രദേശത്തിന്റെ കവിതയാണത്. ഒന്നും സംഭവിച്ചില്ലെങ്കിലും അതിര്‍ത്തിയിലെ തോക്കുകള്‍ക്കുള്ളില്‍ പൊട്ടാന്‍ പാകത്തില്‍ ഒരു വെടിയുണ്ടയുണ്ടെന്ന് അതിര്‍ത്തിയിലെ കവിതകള്‍ക്കറിയാം. ആ സാധ്യതയെയാണ് വിനോദ് കവിതയായി എഴുതുന്നത്.

      ഉത്‌കണ്ഠകളെ  നമ്മള്‍
      ഉപമകളിലൊളിപ്പിക്കുന്നതിലും
      ചാതുരിയില്‍ , കവിതയില്‍
            (അകത്തിരിപ്പ്)

അതിനാല്‍ തീരെ ശാന്തമല്ല വിനോദിന്റെ കവിത. ഭ്രാന്തമാണത്. അതുകൊണ്ടാണ് നിയതമായ രീതികളെ കഴിയുന്നത്ര ഇടത്തോളം വിനോദ് മാറ്റിനിര്‍ത്തുന്നത്. എവിടെ വസിക്കുമ്പോഴും മനുഷ്യന്റെ ഉള്ളില്‍ ഒരു അതിര്‍ത്തിപ്രദേശമുണ്ടെന്ന് വിനോദിനറിയാം. പുതിയ മനുഷ്യരുടെ ഉള്ളില്‍ ഈ അതിര്‍ത്തിപ്രദേശത്തെ അടയാളപ്പെടുത്തുന്ന ഒരു റാഡ്ക്ലിഫായി വിനോദ് മാറുന്നത് അതുകൊണ്ടാണ്. ഒട്ടും പരിചിതമല്ലാത്ത ഒരിടത്തിരുന്ന് എഴുതുന്ന കവിതകള്‍ മലയാളത്തില്‍ ചുരുക്കമെങ്കിലും മറ്റു ഭാഷകളില്‍ കുറവല്ല. പക്ഷേ അത്തരം ഭാഷകളില്‍പ്പോലും യുദ്ധത്തിന്റേയൊ, കലാപത്തിന്റേയോ ഒരു ചരിത്രപശ്ചാത്തലം അവയുടെ പുറകില്‍ കാണാം. വിനോദിന്റെ കവിതകളില്‍ ചരിത്രം വളരെ കുറച്ച് മാത്രമേ പ്രത്യക്ഷമാവുന്നുള്ളൂ. കാരണങ്ങളിലല്ല വിനോദിന്റെ ശ്രദ്ധ, ലക്ഷണങ്ങളിലാണ്. അതുകൊണ്ട് വിഖ്യാതമായ വിഷയങ്ങള്‍ പലതും എടുത്ത് വിനോദ് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അവയെ കാരണങ്ങളില്‍ വെച്ച് കണ്ടുമുട്ടുക പ്രയാസം തന്നെ. ലക്ഷണങ്ങളിലാകട്ടെ, അവ മറ്റൊരു രൂപത്തിലാണ് പ്രകാശിതമാകുന്നതും.

      അപ്പോഴും
      ബാക്കിയാവുന്നുണ്ട്,
      ചോരയുടെ
      ഓരോതുള്ളിയിലും
      നീ വരഞ്ഞിട്ട
      സ്നേഹത്തിന്റെ
      മൂര്‍ച്ചകള്‍ ‍.  
            (തുന്നല്‍)

      ഉറങ്ങുമ്പോള്‍
      ഇരുട്ടത്തൊന്ന്,
      ഉറങ്ങിത്തീരുമ്പോള്‍
      അതേയിടത്തു തന്നെ
      വെട്ടത്ത് വേറൊന്ന്.
            (താമസം)

      കാര്യമെന്തെന്നറിയാതെ
      പൊടുന്നനെയൊരാള്‍
      ‍കരഞ്ഞുപോകുന്നതുകൊണ്ട്
      ഒരുദിവസത്തിന്
      ഒന്നും സംഭവിക്കില്ലെന്ന്
      അറിയാമായിരിക്കുമല്ലേ
      എനിക്കും നിനക്കും?
            (കരച്ചിലിനോട്)

കവിതയില്‍ ചിന്തിയ്ക്കുക എന്നത് ഇന്നും മലയാളിയ്ക്ക് അരോചകമാണ്. വികാരങ്ങളുടെ അനന്തമായ ഒരു കളിസ്ഥലമായിട്ടാണ് മലയാളി ഇന്നും കവിതയെക്കാണുന്നത്. ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിനുള്ള സവിശേഷത അതിന്റെ വിപുലമായ സംവേദന, സംവാദശേഷിയാണ്. തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുമായി ചരിത്രപരമായി അത് തുടങ്ങിവെച്ച സംവാദം മലയാളത്തെ ഒരു ആധുനിക ഭാഷ എന്ന നിലയില്‍ പരുവപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. തമിഴിന്റേയോ ബംഗാളിയുടേയോ അഹങ്കാരത്തോളമെത്തുന്ന ആത്മാഭിമാനങ്ങള്‍ മലയാളത്തെ ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രമെന്നൊക്കെ സ്വന്തം നിലയില്‍ മലയാളി പ്രയോഗിച്ചുകളയും. ഇത്തരം ഭാഷാബോധത്തിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു ജനതയുടെ ജീവിതചര്യയുമായി ബന്ധപ്പെടുത്തിയല്ലാതെ നമുക്കതിന്റെ ഗുണദോഷങ്ങള്‍ നിശ്ചയിക്കാനാവില്ല. ഇന്നും മറുനാട്ടില്‍ ജീവിക്കുന്ന മലയാളിയാണ് കേരളം എന്ന സ്ഥലത്തിന്റെ സാമ്പത്തികാരോഗ്യം നിര്‍ണ്ണയിക്കുന്നത് എന്ന് മനസ്സിലാക്കിമാത്രമേ മലയാള ഭാഷയുടെ സ്വത്വപദവിയെ നമുക്ക് നിര്‍ണ്ണയിക്കാനൊക്കൂ. പ്രവാസത്തിന്റെ നീണ്ട നീണ്ട ചരിത്രങ്ങള്‍ കേരളത്തിന്റെ സാംസ്ക്കാരികമണ്ഡലത്തെ എങ്ങനെ സ്വാധീനിച്ചു എന്നറിയാന്‍ മലയാളിപ്പേരുകളുടെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രാദേശികമായ ഐതിഹ്യങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ച പേരുകള്‍, പതുക്കെ പതുക്കെ ദേശീയമായും അന്തര്‍ദ്ദേശീയമായും ഒക്കെ വളരുന്നത് കാണാം. വിനോദ് എന്ന പേരുതന്നെ അത്തരമൊരു ചരിത്രസന്ധിയില്‍ നിന്നാണ് കവിയ്ക്ക് കിട്ടുന്നത്. ‘ലാപുട’ എന്ന കവിയുടെ ബ്ലോഗും അങ്ങനെത്തന്നെ. എന്നാല്‍ കവിതയുടെ ചര്‍ച്ചയില്‍ ഏറ്റവും പുതിയ പേര് വഹിക്കുന്ന ഒരാള്‍ തന്നെ യാഥാസ്ഥിതികമായി പെരുമാറുന്നത് കാണാന്‍ പറ്റും.

പാശ്ചാത്യ കവിതയുമായി നടന്ന കവിതാസംവാദത്തിന്റെ ഒരു ഉദാഹരണമായ ‘രമണനെ’ നാം പലപ്പോഴും എടുത്തുകാണിക്കുന്നത് മലയാള പരിശുദ്ധ കവിതയായിട്ടാണ്.  അതിനുള്ളിലെ പുല്‍ത്തകിടികളും നൊമാദുകളെപ്പോലെ അലഞ്ഞു തിരിയുന്ന രമണമദനന്മാരും ഏതോ ഒരു വൈദേശിക ചിത്രത്തെ, ഒരു ഫോട്ടോഗ്രാഫിയുടെ മൂര്‍ത്തതയോടെ ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും. അതുകൊണ്ടുതന്നെ ആംഗലേയ കവിതയ്ക്കപ്പുറം ലോകകവിതയുമായി മലയാളം നടത്തിയ സംവാദത്തെ നാം മനസ്സിലാക്കിയിട്ടില്ല. ഏറെവന്നാല്‍ ടി.എസ്.എലിയട്ട് വരെ അതെത്തിച്ചേരും എന്നുമാത്രം. കേരളത്തിലെ പ്രധാനകവികള്‍ നിര്‍വ്വഹിച്ച മലയാളഭാഷയുടേയും ചിന്തയുടെയും കാവ്യഭാഷയുടേയും സമകാലികത്വം എന്ന വിഷയത്തെ കവിതയ്ക്ക് വളരെ പിന്നില്‍ ഇഴഞ്ഞുനീങ്ങിയ നിരൂപണശാഖ അനുകരണം എന്ന ഒറ്റപ്പദത്തില്‍ ഒതുക്കി. അത്തരമൊരു ഭാവുകത്വപരിണാമത്തെ ചരിത്രപരമായി വിലയിരുത്താന്‍ അവര്‍ മുതിര്‍ന്നതേയില്ല. സത്യത്തിനുപകരം വിശ്വാസങ്ങള്‍ കൊണ്ടാണ് അവര്‍ കവിതയെ മനസ്സിലാക്കാന്‍ തുനിഞ്ഞത്. അതുകൊണ്ടുതന്നെ കാല്പനിക പാരമ്പര്യത്തിലോ അതല്ലെങ്കില്‍ ഇംഗ്ലീഷ് കവിത വ്യാപരിച്ച ഏതെങ്കിലും പാരമ്പര്യത്തിലോ അവരുടെ ഉപകരണങ്ങള്‍ വഴി മുടക്കി നിന്നു. അതിനാല്‍ എഴുപതുകളിലെയും തുടര്‍ന്നുമുള്ള  കവിതയെ വിലയിരുത്താനുള്ള യഥാര്‍ത്ഥശ്രമങ്ങള്‍ വളരെ കുറച്ചേ മലയാളത്തില്‍ നടന്നിട്ടുള്ളൂ. അതുകൊണ്ടുതന്നെ

ഏറ്റവും പുതിയ ജീവിതാവസ്ഥയെ രേഖപ്പെടുത്തുന്ന കവിതകളെപ്പോലും വൃത്തം, വൃത്തമില്ലായ്മ, വികാരപരത തുടങ്ങിയ പഴഞ്ചന്‍ കാര്യങ്ങളെക്കൊണ്ട് സമീപിക്കാനാണ് മുതിരുന്നത്. കവിതയില്‍ പ്രവര്‍ത്തിക്കുന്ന ചിന്തയെ ക്യാന്‍സര്‍ പോലെ അവര്‍ ഭയപ്പെടുന്നു. വലിയ ഭാവനാശേഷിയുള്ള കവികള്‍ പോലും നിരൂപകരും സാമ്പ്രദായിക വായനക്കാരും ഒരുക്കിയ ഈ വാരിക്കുഴിയില്‍ വീണുപിടയുന്ന കാഴ്ച മലയാളത്തില്‍ മറ്റേത് ഭാഷയെക്കാളും സാധാരണമാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും യാഥാസ്ഥിതികമാവുന്ന ഒരിടം അങ്ങനെ കവിതയുടെ ഇടമായി. പ്രസ്ഥാനഭേദമില്ലാതെ ഈ യാഥാസ്ഥിതികത്വം എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ കവികള്‍ക്ക് ഒരേ സൌന്ദര്യാത്മക മനോഭാവങ്ങള്‍ വച്ചുപുലര്‍ത്താം, ഇന്ന് മലയാളത്തില്‍.

ഇത്തരമൊരു കാലാവസ്ഥയെ അതിജീവിക്കാനുള്ള വലിയ ശ്രമങ്ങള്‍ വിനോദിന്റെ കവിതകളിലുണ്ട്. അപഹാസ്യമാംവിധം യാഥാസ്ഥിതികമായ ഒരിടത്തിനെ പാടേ നിഷേധിച്ചുകൊണ്ടാണ് വിനോദ് തുടങ്ങുന്നത്. ആംഗലേയ കവിതയ്ക്ക് പുറത്തുള്ള കവിതയോടാണ് വിനോദ് തന്റെ മലയാളി കാവ്യഭാവുകത്വത്തെ സംവാദ വിധേയമാക്കിയത് എന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ചിത്ര കവിത, കാര്‍ട്ടൂണ്‍ കവിത, പോസ്റ്റര്‍ കവിത തുടങ്ങി മലയാളിക്ക് അപരിചിതമായ ഒരു ‘പരന്ന ലോകം’  വിനോദിലുണ്ട്.

ഒരു ആണ്‍ കവിത എന്ന നിലയില്‍ വിനോദ് ‘നായകത്വത്തെ’ നിശിതമായി നിരോധിക്കുന്നു. സംശയാലുവും തന്നെത്തന്നെ വിമര്‍ശിക്കാന്‍ കെല്പുള്ളതുമായ ഒരു സ്വത്വബോധം വിനോദിന്റെ ആഖ്യാനങ്ങളിലുണ്ട്. മലയാള കവിതയില്‍ ലബ്ധപ്രതിഷ്ഠ നേടിയ ‘ഞാന്‍’ ഇങ്ങനെ വലുതായി അപനിര്‍മ്മിക്കപ്പെടുന്നത് വിനോദിന്റെ കവിതകളില്‍ കാണാം.

      അവനവനെപ്പറ്റിയുള്ള
      അസഹ്യമായ  ജിജ്ഞാസയില്‍ ,
      നിനക്കറിയാവുന്നത് പോലെ.
            (ചോദിക്കാനും പറയാനും)

      വേറെയാരെയും കണ്ടില്ലെങ്കിലും
      അവനവനെയെങ്കിലും
      കണ്ടിട്ടാവില്ലേ മടങ്ങുന്നുണ്ടാവുക?
            (മടക്കവിവരണം)

      പഴകിയ ചില
      ആത്മവിശ്വാസങ്ങള്‍
      മനസ്സിനുള്ളില്‍
      മടുപ്പുകൂനയിലെന്നപോലെ,

      താന്‍ പുറത്താക്കിയവയിലേക്ക്
      താന്‍ വെടിപ്പാക്കിയിടത്തുനിന്നും
      വലിച്ചെറിയപ്പെട്ട വിധത്തില്‍ .
            (ചൂല്)

ആ ഞാന്‍ ചിന്തയുടെ കേന്ദ്രമായിരിക്കുമ്പോഴും വിശ്വാസത്തിന്റെ കേന്ദ്രമല്ല. ന്യായീകരണത്തിന്റെ കേന്ദ്രവുമല്ല. പീലിയോ ദംഷ്ട്രയോ ഇല്ലാത്ത ഒരു ഞാന്‍. റിപ്പബ്ലിക്കോ ഭരണഘടനയോ സുപ്രീം കോര്‍ട്ടോ ആവാത്ത ഞാന്‍. ഉറച്ച കാല്‍‌വെപ്പുകളില്ലാത്ത ഞാന്‍. അതൊരു സ്ഥിരസംഖ്യയല്ല. ഗണമാണ്. കാല്‍ക്കുലസില്‍ കാണുന്ന ‘പരിധി’ യാണ് അതിനെ നിര്‍വ്വചിക്കാന്‍ നന്ന്. അരിത്മെറ്റിക്സിലെ സ്ഥിരാങ്കമല്ല.

കാര്‍ട്ടീഷ്യന്‍ രീതിയില്‍ വിനോദ് പരീക്ഷിച്ച കവിതകളെ (http://wordsandforms.blogspot.com/) ഇതുമായി ബന്ധപ്പെടുത്തിക്കാണാന്‍ കഴിയും. ഫ്ലോ ചാര്‍ട്ടുകളും വെന്‍ ഡയഗ്രവും മറ്റും നിറഞ്ഞ സാങ്കേതിക സൈദ്ധാന്തികതയില്‍ നിന്ന് അതിന്റെ ഭാഷയെ മോചിപ്പിച്ച്  സംസ്ക്കാരത്തിന്റെ ഇടത്തില്‍ കൊണ്ടുവെയ്ക്കുകയാണ് വിനോദ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇവിടെയും ഒരു പുതുക്കലിന്റെ ശ്രമം നമുക്ക് കാണാന്‍ കഴിയും, ഭാഷയുടെയും കവിതയുടെയും വളര്‍ച്ചയെക്കുറിച്ചുള്ള നവബോധവും. വിനോദിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെയും അടിസ്ഥാനം ഇതുതന്നെ. പരിചയമുള്ള ഏതെങ്കിലും രാഷ്ട്രീയ പൈങ്കിളിത്തങ്ങളുമായി കൂട്ടിക്കുഴച്ച് പ്രതിരോധത്തിന്റെ ഒരു ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ ഇമേജ് സൃഷ്ടിക്കാന്‍ വിനോദ് ഉദ്ദേശിക്കുന്നില്ല. പകരം, സാംസ്ക്കാരിക പ്രതിരോധത്തിന്റെ വരുംകാല വഴികള്‍ക്ക് ചുവടുറപ്പിക്കാനുള്ള കനപ്പെട്ട പ്രതിരോധ മാതൃകകളുടെ അന്വേഷണം ആ കവിതകളില്‍ ധാരാളം.

വിനോദിനെ എനിക്ക് മുന്‍പേ അറിയാം. പുതിയ കവികളില്‍ ഞാന്‍ ഏറ്റവും ഇടപഴകിയിട്ടുള്ള ഒരാള്‍ ടി.പി വിനോദാണ്.  വിനോദിന്റെ കവിതകളുടെ ദാര്‍ഢ്യം വളരുന്നത് അനുഭവിച്ച ഒരാളാണ് ഞാന്‍. ഈ അവതാരികയുടെ ഏകസാംഗത്യം തന്നെ അതായിരിക്കാം. കാരണം ഏത്  അവതാരികയും ഒരു വായനക്കാരന് മുന്നിലുള്ള തടസ്സമാണ്. കൂടുതല്‍ നല്ല വായനകള്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിനോദിന്റെ കവിത എന്നിരിക്കെ ഈ കവിതകള്‍ ഒന്നിച്ചുവായിച്ച ഒരാളുടെ ആദ്യപ്രതികരണം മാത്രമായി ഇതെടുക്കുക. വിനോദിന്റെ കവിത അതേറ്റെടുത്ത ദൌത്യത്തില്‍ കൂടുതല്‍ കൂടുതല്‍ മുഴുകട്ടേ എന്നാശംസിക്കുന്നു.
‌------------------------------------------------
ടി.പി വിനോദിന്റെ കവിതകൾ വായിക്കാം »
പുസ്തകം ഓൺലൈനായി വാങ്ങാം »