അനാദിശില്പങ്ങള്‍

അൻവർ അലി
                                                                                                                                                                   
ആദ്യത്തെ പൊന്മ
ആദ്യത്തെ പുഴയിലെ
ആദ്യത്തെ നനവിനോട് ചോദിച്ചു:
“ജലമേ, നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു:
“പുഴയുടെ നീളമളക്കുകയാണ്”

പൊന്മ കാറ്റിന് ചിന്തേരിട്ട് പറന്നു പോയി.

എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?”
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍
ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട്
നനവു പറയും:
“അളക്കുന്നതേയുള്ളു.”

***

ആദ്യത്തെ ചുംബനം
ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു:
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു:
“ആവോളം”

ഓരോ ചാലും പുഴയായി
പുഴകള്‍ കടലായി
കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു
കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന്
മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം
തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.

***

ഹവ്വയുടെ കല്ലറയോടു ചേര്‍ന്നുകിടന്ന്
ആദാമിന്റെ കല്ലറ മന്ത്രിച്ചു:
“നീ കേള്‍ക്കുന്നില്ലേ,
പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”

“ഇല്ല,
ഞാന്‍ കേള്‍ക്കുന്നത്
നിന്റെ തുമ്പികള്‍ നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”

© 1998, അൻവർ അലി
മൂലകൃതി: മഴക്കാലം
പ്രസാധകർ: ഡിസി ബുക്ക്സ്