ആപ്പിള്‍ കാതലിലെ മരണം
ഗോപാല്‍ ഹൊനാല്ഗെരെ
മൊഴിമാറ്റം: പി. എൻ ഗോപീകൃഷ്ണൻഅങ്ങനെ, ഒരു രാത്രിയില്‍
മരണമെന്നു പേരുള്ള
ഒരു രാത്രിപ്പാറ്റ
പച്ച ആപ്പിളിന്റെ കാതലിലേയ്ക്ക്
ഒരു തുരങ്കം കുഴിച്ചു.
അതിന്റെ വിത്തുകളെത്തിന്ന്
പകരം രണ്ടു മുട്ടകളിട്ട്
പറന്നുപോയി.
ഇങ്ങനെ, പഴയ ആദം
ചുവന്നുപഴുത്ത ആപ്പിള്‍
രണ്ടായി മുറിച്ചപ്പോള്‍
പ്രിയപ്പെട്ട ഹവ്വയുടെ കണ്ണുകള്‍ പോലെ
കറുത്ത
രണ്ടു രാത്രിപ്പാറ്റകള്
പറന്നുപോകുന്നതു കണ്ടു.
അത്ഭുതപ്പെട്ട്, അയാള്‍ ചോദിച്ചു.
“എങ്ങനെ ഈ പാറ്റകള്‍
ആപ്പിള്ക്കാതലില് കടന്നു?
ഒരു ദ്വാരം പോലും നിര്‍മ്മിക്കാതെ?
നമ്മുടെ തലയില്‍
പൊടുന്നനെ കടന്നെത്തുന്ന
ആലോചനകള്‍ പോലെ.”