അസലുവിന്റെ ഇത്ത

പി എൻ ഗോപീകൃഷ്ണൻ
                                                                                                                                                                 
ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും.
അവിടെവച്ചാണ്
അവരുടെ
മരണാനന്തരവിചാരണ നടക്കുക.
ന്യായാധിപ:അസലുവിന്റെ ഇത്ത.

അപ്പോള്‍
വലിയൊരു മീന്‍
തന്റെ ഉദാരജീവിതം
വാദിച്ചു തുടങ്ങി:
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്
ഒരു ചെറുമീനില്‍നിന്നും
വായ് പിന്‍വലിച്ചത്.
പിടിച്ചതിനെ
തിന്നാതിരുന്നത്.

അസലുവിന്റെ ഇത്ത ചോദിച്ചു:
അപ്പോള്‍ നിന്റെ വയര്‍
നിറഞ്ഞിരിക്കുകയായിരുന്നു , അല്ലേ?

നിഴലു വീണ ഒരു ചിരി കത്തിച്ച്:
ശരിയാ,
വയറു നിറഞ്ഞിരിക്കുമ്പോള്‍
ഉണരുന്ന മനസ്സാണ് ധര്‍മ്മം.

മീന്‍വായ് അടഞ്ഞപ്പോള്‍
ഒരു ഉശിരന്‍ കോഴി
തന്റെ പിടയെ
കുറുക്കനില്‍ നിന്നും രക്ഷിച്ച കഥ പറഞ്ഞു.

“മിണ്ടാതിരിയെടാ
ബ്രോയ്ലര്‍ സുരേഷ് ഗോപീ
നീ പെണ്ണുങ്ങളെ
ആപത്തില്‍ രക്ഷിക്കും
അനാപത്തില്‍ വലിച്ചെറിയും”

കോഴിക്കൂട്ടവും
നിശ്ശബ്ദമായി.

അസലുവിന്റെ ഇത്ത
മുളകെടുത്തു.മല്ലിയെടുത്തു
പിന്നീടവര്‍ മിണ്ടിയില്ല.

തീന്മേശയില്‍
അസലുവും കൂട്ടുകാരും
ഇരമ്പുന്നുണ്ടായിരുന്നു.
ഉദാത്തര്‍.
ലോകത്തിന്റെ തീ
ഉള്ളില്‍ പേറുന്നവര്‍.
നിഴലു വീണ ഒരു ചിരി കത്തിച്ച്
ഇത്ത വിളമ്പിത്തുടങ്ങി.

മീന്‍ തിന്ന് വയറുനിറഞ്ഞവര്‍
ധര്‍മ്മിഷ്ടരും
കോഴിതിന്നു നിറഞ്ഞവര്‍
രക്ഷകരും ആയിത്തീര്‍ന്നു
രണ്ടും തിന്നവരില്‍
രണ്ടും ഇരട്ടിച്ചു.
തിങ്ങിവിങ്ങി,അവര്‍ പിന്നീട്
കായലോരത്തേയ്ക്കോ
കടലോരത്തേയ്ക്കോ പോയി.

അസലുവിന്റെ ഇത്തയ്ക്ക്
ഭാഷ തിരിച്ചുകിട്ടി.
പിന്നമ്പുറത്തെ മരച്ചുവട്ടില്‍
ചെതുമ്പലുകളോടും
തൂവലുകളോടും
അവര്‍ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാല്‍ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?

ആവോ?
ആരോട് ചോദിക്കാന്‍?
കായലോരത്തോ
കടല്‍ത്തീരത്തോ
ഇപ്പോള്‍ വീണ് കിടപ്പുണ്ടാകുന്ന
ധര്‍മ്മത്തിന്റേയും
ധീരതയുടെയും
സ്വര്‍ണ്ണമെഡല്‍ മോഹികളോടോ?

© 2010, പി. എൻ ഗോപികൃഷ്ണൻ
മൂലകൃതി: ഇടിക്കാലൂരി പനമ്പട്ടടി
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്