അയ്യോ

പി എൻ ഗോപീകൃഷ്ണൻ

1
ചത്തുകഴിഞ്ഞിട്ടും
ഈ വരാലിന്
എന്തൊരു വഴുവഴുപ്പ്!
കത്തിയ്ക്ക് പിടി തരുന്നില്ല.
ചാവും മുന്‍പേ
അതിന്റെ കൊഴുപ്പുസഞ്ചി
മുഴുവന്‍ അഴിച്ചുവിട്ടിരിക്കണം.
നീര്‍പ്പാമ്പുകളോടും
പെരുമീനുകളോടും
മാത്രമായിരുന്നു,പാവം
അതിന്റെ കൊഴുത്ത പ്രതിരോധ പദ്ധതി.
കുരലിലള്ളിപ്പിടിച്ച
ചൂണ്ടയോടെന്തു ചെയ്യാന്‍?

2
സൂക്ഷിച്ചു നോക്കിയാല്‍ മാത്രം
കാണുന്ന
മുള്ളുകൊണ്ടുകുത്തി
ചില ചെറുമീനുകള്‍
മരണത്തിന്റെ വായില്‍ നിന്ന്
എത്രയോ രക്ഷപ്പെട്ടിരിക്കുന്നു.
ഒരിക്കല്പോലും കുത്താനാകാതെ
വളഞ്ഞ കൊമ്പുകളെ
അലങ്കാരമായ് ചുമക്കുന്ന
വീട്ടെരുമകളോട്
അവയ്ക്കെന്തെങ്കിലും
പറയാനുണ്ടാകില്ലേ?
ഉള്‍ക്കാടുകളില്‍
വളഞ്ഞുപുളഞ്ഞ
കൊമ്പിന്‍ഭാരം
വെറുതേ പേറുന്ന
കലമാനുകളോട്
തീര്‍ച്ചയായും.

3
അതുപോലല്ലെങ്കിലും
ഈ വരാല്‍
നമ്മോടും പറയുന്നുണ്ട്.
എല്ലാ തോല്‍വിയിലും
കൊഴുപ്പു പോലെ
നാം ഉപയോഗിക്കുന്ന
ഒരു വാക്കിനെപ്പറ്റി.
ഭീതിയുടെ
ചെളി ചവിട്ടുമ്പോലെ,
തൊട്ടിലാടും പോലെ,
ആ വാക്കിന്റെ ചെലവില്‍
നാം വഴുവഴുക്കുന്നതിനെപ്പറ്റി.
അയ്യോ എന്ന
ആ വാക്കുകൊണ്ട്
നമുക്ക്
അപ്പം ചുടാനാകില്ല.
പക്ഷേ
അപ്പം കരിയുന്നു
എന്ന് ലോകത്തെ
അറിയിക്കാനാകും

© 2009, പി. എൻ ഗോപികൃഷ്ണൻ
മൂലകൃതി: ഇടിക്കാലൂരി പനമ്പട്ടടി
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്