അങ്ങനെ കുറെ സിനിമകളുണ്ട് യേശുവിനെപ്പറ്റി

കരുണാകരൻ

യേശുക്രിസ്തു ഇല്ലേ,
സിനിമ ഉണ്ടാവുന്നതിനും മുമ്പേ
കൊല്ലപ്പെട്ടു.

എങ്കിലും കുറെ സിനിമകളുണ്ട്
യേശുവിനെപ്പറ്റി.

പിന്നീടാണ് സിനിമ കാണുന്ന
കന്യാസ്ത്രീ ഉണ്ടായത്.
രണ്ട് അച്ചന്മാരും ഒരു കന്യാസ്ത്രീയും
പോലീസ്‌പിടിയിലായത്, ഒരു കന്യാസ്ത്രീ
സിനിമയിലെന്നപോലെ  കൊല്ലപ്പെട്ടപ്പോഴാണ്.

ഒരു കിണറ്റില്‍
യേശുവിനുംമുമ്പേ പിറന്ന ഇരുട്ടില്‍
അവള്‍ തല കീഴായി കിടന്നു :
വെള്ളത്തിനുംമീതെ
പൊന്തി കിടന്ന കാലുകളില്‍
വീഴാനിരുന്ന സ്വര്‍ഗ്ഗം താങ്ങി നിര്‍ത്തി
നരകം തൊട്ടുമീതെ കത്തിക്കൊണ്ടിരുന്നു :

വിശുദ്ധമായതെന്തും വെളിച്ചത്തില്‍ സംഭവിക്കുന്നു.

ഒരു സിനിമയില്‍ യേശുവിനു പ്രണയമുണ്ട്
അയാള്‍ക്ക് ഭാര്യയും കുഞ്ഞുമുണ്ട്
കുരിശുമരണവുമുണ്ട്.

പക്ഷെ, ഒന്നും വിശ്വസിക്കേണ്ടതില്ല.

തെരുവില്‍ എവിടെയോ ഇരുന്ന്‍
കാലിലെ ചെരുപ്പുകള്‍
മാറി മാറി പരീക്ഷിച്ച ഒരന്ധന്‍
പിന്നെ ആ തെരുവ്തന്നെ മറക്കുന്നപോലെ
തെളിവുകള്‍ ഇല്ലാത്തപോലെ.

കിണറ്റില്‍
യേശുവിനുംമുമ്പേ പിറന്ന ഇരുട്ടില്‍
തല കീഴായി കിടന്ന്‍
അവള്‍ വിലപിച്ചതും
“നീ എന്തേ എന്നെ കൈവെടിഞ്ഞു” എന്നാകണം.
സിനിമയില്‍ എന്നപോലെ ഒരു സംഗീതംകൊണ്ട്
ആ ഒച്ചയെ, അവളെ, പിന്നെ മൂടിയുമിരിക്കണം.

അങ്ങനെ  കുറെ സിനിമകളുണ്ട്
യേശുവിനെപ്പറ്റി.

© കരുണാകരൻ