ഏകാന്തതയുടെ അമ്പതു വർഷങ്ങൾ

 — അൻവർ അലി

രാഘവനുറക്കമാണിപ്പൊഴുമേകാന്തനായ്
സ്വാതന്ത്ര്യരാവിൽ തകർന്നൊറ്റയ്ക്കു വീട്ടിൽ വന്നോൻ.

*

“പുലർച്ചയ്ക്കായിരുന്നു...” സ്മൃതിയും കിനാവുമായ്
പകർന്നൊ‘രോക്കേടേക്കിൽ’ പാറുവമ്മൂമ്മ ചൊല്ലീ,
“കണ്മുമ്പിലിപ്പോഴുമുണ്ടവന്റെ വരവ്, ഞാ-
നമ്മയോടൊപ്പം പയ്യിൻ പേറെടുക്കുവാൻ കാത്തൊ-
രേഴരവെളുപ്പിന്,
കയ്യാലപ്പാളി നീക്കി
കാലുകൾ വേച്ചുവേച്ച്
തൊഴുത്തിൽ  വട്ടംകണ്ട്
രാഘവൻ;
കണ്ണിൽ സൂര്യഭഗവാൻ,
ചുറ്റും ചോര, കിഴക്കു ചുവന്നപോൽ!
‘പയ്യുപെറ്റില്ലേ പാറൂ വെള്ളികീറീട്ടും’ മഴ
പെയ്തുതോരുംപോലവന്നൊച്ച, ‘ഇത്തിരിവെള്ളം
കോരിത്താ ചേച്ചീ, മുഖം മുറിഞ്ഞൊരല്പം
അമ്മയറിയേ,ണ്ടർദ്ധരാത്രി
ജാഥയുണ്ടായിരുന്നു...’

കൺമുമ്പിലിപ്പോഴും,
ഞാൻ വിറയ്ക്കും കൈയാൽ വിളക്കെടുക്കാൻ തുടങ്ങുമ്പോൾ
‘അമ്മ കാണേണ്ടെൻമുഖ’മെന്നിരുകൈയാൽ, വാർന്ന
വെണ്ണിലാക്കിണർവെള്ളം വിലക്കിച്ചുവന്നൊരെൻ
രാഘവൻ; പതിനേഴു കഴിഞ്ഞേയുള്ളൂ പ്രായ-
മമ്മതന്നരുമയ്ക്ക്.”
പതറി നിർത്തീ വൃദ്ധ.

ഓർമ്മനീർത്തുള്ളി വീണ വീഡിയോയന്ത്രത്തിൻ വ്യൂ
ഫൈന്ററിലിപ്പോൾ ചെമ്മൺപാത ചായുന്ന കുന്ന്,
കുന്നിലെപ്പെരുമഴ; മാനത്തെ മാരിക്കൊമ്പ-
ത്തേറും രാഘവൻ, കുഞ്ഞിക്കൈയിൽ മൂവർണ്ണക്കൊടി,
താഴത്തു ‘രാകോ, രാകോ’ ന്നീറനായ് പാറുക്കുട്ടി...
നാട്ടുകാറ്റുകൾക്കൊപ്പം തൊള്ളയിട്ടിതൾ കീറി-
പ്പാടുന്ന കോളാമ്പിപ്പൂ; തത്ത തിത്തിരി കാക്ക
മാടത്ത കുയിലൊപ്പം, താളമേഘങ്ങളൊപ്പം.

“പാറുവമ്മൂമ്മേ,” ഞങ്ങൾ ക്യാമറക്കണ്ണാൽ വിളി-
ച്ചുണർത്തുമ്പോഴേ,ക്കതാ കാഴ്ചയിലതേ ചെമ്മൺ
നിരത്ത്, ദൂരെക്കാളവണ്ടിയിലവൻ രാകോൻ
പിൻവിളി പിടയും നീർക്കണ്ണുമായ് പിന്നിൽ പാറു...
‘മുന്തിയ പരീക്ഷയ്ക്ക് വായിക്കാനത്രേ’ തലേ-
ന്നന്തിയിൽ ഖദർത്തൊപ്പി തുന്നുമ്പോഴമ്മ ചൊന്ന
സാന്ത്വനംപോലെ കാറ്റ് കുന്നിറങ്ങുന്നൂ വീണ്ടും
മറ്റൊരു മഴക്കാലം.... രാഘവനില്ലാ വീട്ടിൽ.

പക്ഷികൾ ‘രഘുപതി രാഘവാ’യെന്നു കുന്നി-
ന്നുച്ചിയിൽ മൂളുന്നതും കേട്ടവൾ മയങ്ങിയൊ-
രുച്ചയ്ക്ക് വെയിലിന്നൊപ്പമാദ്യത്തെ മെയിൽ, അയൽ
വീട്ടിലെക്കുഞ്ഞൻ ചെക്കൻ പെറുക്കുമക്ഷരങ്ങൾ
—‘ജപ്പാന്റെ വീഴ്ച, ലേബർ സർക്കാർ, കാബിനറ്റ് മിഷൻ...’
വാപൊളിച്ചിരിക്കുന്ന പാറു, കിളികൾ, അമ്മ.

അമ്മൂമ്മ ചിരിക്കുന്നൂ... ക്ലോസർ ഫ്രെയ്മിലേക്കു സൂം
ചെയ്യുമ്പോൾ ചിരിക്കുള്ളിൽ ചുരങ്ങൾ “പിന്നെപ്പിന്നെ-
ക്കുന്നുപോലെഴുത്തുക,ളമ്മയ്ക്ക് പൊട്ടിപ്പാറൂ,-
നൊക്കെയും കേറാക്കുന്നിൻ കൊമ്പുകൾ! ‘കോൺഗ്രസ്സിന്റെ
വഞ്ചന, വിഭജനം, വംഗദേശത്തിൽ കൊല,
ഐയ്യെന്നേ വിചാരണ, സ്റ്റാലിനിസ്റ്റ് നിലപാട്,
ചപ്പ്, ചവറ്...’ കുഞ്ഞൻ വാക്കുകൾ തപ്പും, ഞങ്ങ-
ളറിഞ്ഞതൊന്നു മാത്രം—ദു:ഖമാണെല്ലാടവും.
ദു:ഖമായിരു,ന്നവൻ തിരിച്ചുവന്നപ്പോഴും...”

“പടിത്തം മുഴുമിച്ചോ?” ക്യാമറ ഓഫ്ചെയ്തുകൊ-
ണ്ടുറക്കെച്ചോദിച്ചു ഞാൻ. “ഞങ്ങളുമവനോട-
ന്നിതുതന്നെ ചോദിച്ചു”, പിന്നെയും തൊണ്ണുകാട്ടി-
ച്ചിരിച്ചി,ട്ടിറയത്തെ മാറാല കണ്ണാൽ നീക്കി-
പ്പാറുവോർക്കുന്നൂ ഗ്രന്ഥക്കെട്ടുമാ,യമ്മയ്ക്കൊരു
പാവുമുണ്ടുമായവൻ വന്നുകേറിയ രൂപം.

‘പഠിച്ചു തുടങ്ങുന്നേയുള്ളൂ ഞാൻ, ചേച്ചീ എല്ലാം
കടുത്ത പാഠങ്ങൾ; നാമറിഞ്ഞതിത്തിപ്പോലം’

‘വിപ്ലവം, വർഗ്ഗം, ചോറ്റുപട്ടാളം, ലെനിൻ, സീപീ...’
 കത്തുകൾ പറഞ്ഞവ അവന്റെ ശബ്ദം പൂണ്ട്
 കത്തിപ്പിടിക്കയാണ് കുന്നിലെ വേനലൊപ്പം.
 കനംവച്ചിരിക്കുന്നു ശബ്ദത്തി, നിളമീശ
 തിടംവച്ചല്പംകൂടിപ്പൊക്കവും വന്നിട്ടുണ്ട്.

 “പണ്ടെപ്പോൽ മാറിലേക്ക് ചാഞ്ഞവൻ തടിച്ചൊരു
 പുസ്തകം തുറക്കെയെൻ മേലാകെത്തരിച്ചുപോയ്!”
 —പൊട്ടിച്ചിരിച്ചൂ പാറുപ്പെണ്ണവൾ; മോണിട്ടറിൽ
 പാലപൂത്ത മാതിരി...
 മച്ചിലെയിരുട്ടിലേക്കമ്മൂമ്മ വിരൽചൂണ്ടി
 “അന്നത്തെ ഫോട്ടോപ്പടം, തൊപ്പിവയ്ക്കാത്തോൻ രാകോൻ
 എന്തൊരു ചന്തം ദേഷ്യം! കോങ്ക്രസ് മീറ്റിങ്ങാണത്രേ.”

 “ഷൂട്ടുചെയ്താലോ ചിത്രം?”
 മന്ത്രിച്ചതാര്?
 “പഴേ സ്റ്റില്ലാണ്, ഇൻസേർട്ട് ചെയ്യാം.”

 ക്യാമറ മച്ചിലേക്കു തിരിഞ്ഞൂ... വൃദ്ധയ്ക്കുള്ളി-
 ലോർമ്മകളന്തിചാഞ്ഞ കാന്തികപഥങ്ങൾ പ്ര-
 ത്യായനം തുടർന്നൂ നാമറിയാതിച്ഛിക്കാതെ...
 മായികദൃശ്യങ്ങൾതൻ ജാഥകൾ ജാലകങ്ങൾ...

 ‘ജാഥയ്ക്ക് പോകുന്നില്ലേ?’
 ജാലകവാതിൽ തുറന്നെത്തിനോക്കുന്നൂ പാറു.
 കാലിന്മേൽ കാലും കേറ്റി രാഘവനിരിപ്പാണ്,
 ‘ഇല്ല’
 ഒന്നിനും പോയില്ലവൻ—
 കോളാമ്പി പാടും കുന്നിൽ കൊടികെട്ടുവാൻ, മാരി-
 ക്കോളിന്നു ചൂളം കുത്താൻ തിത്തിരി മായും ദിക്കിൽ
 പോയില്ല, യോഗംകൂടാൻ കാക്കക്കലമ്പിൻ മുക്കിൽ;
 ഇടയ്ക്ക് കുഞ്ഞൻ വന്നു വിളിക്കും, ചെറുചിരി
 തടയും മുഖംപൊക്കിപ്പുസ്തകമടച്ചുകൊ-
 ണ്ടൊരു വാക്കുരച്ചാലായ്: ‘വായിച്ചു തീർക്കാനുണ്ട്.’

‘ഗാന്ധിജി ഒറ്റയ്ക്കാവാൻ പോകുന്നു ചേച്ചീ’ പുര
 കത്തുന്നൊരുച്ചയ്ക്കൂണുപാത്രത്തിൽ കണ്ണുംനട്ട്
 നൊന്തവൻ; വെറിക്കാറ്റ് മൂത്ത നെല്ലോല തൂർത്തും
 നാദമാണവനിപ്പോൾ; മിണ്ടിയില്ലൊന്നും പാറു.
 മേൽപ്പുര തുള,ച്ചർക്കനാര്യനൂലൂടിൽ ധൂമ
 പാളി പാവിട്ടു നെയ്യുന്നുഷ്ണപടങ്ങൾ, പണ്ട്
 കപ്പയും കമ്പൻപുല്ലും* വെന്ത ചട്ടിയിൽനിന്നും
 കളിയായവൻ കോരി വീർപ്പിച്ച വെയിൽപ്പോള
 നെറ്റിയിൽ വീണുപൊട്ടി വേർപ്പുചാലിലൂടിറ്റു
 വറ്റിൽ വീഴുന്നൂ, ‘ചോറു തണുക്കും മോനേ’ പുക-
 ക്കമ്പളം കീറുമിടർത്തൊണ്ടയിൽ നീറുന്നമ്മ.

 ജാഥകൾ ചെമ്മൺതേരി കേറിയുമിറങ്ങിയും
 പാടത്തോ മുടുക്കിലോ മറയും ദിനാന്ത്യങ്ങൾ...

 കുഞ്ഞന്റെ തൈത്തെങ്ങിലും കാഞ്ഞിരത്തിലും കൊടി;
 “കച്ചിമാടിക്കൊണ്ടന്നു മുറ്റത്തായിരുന്നു ഞാൻ...”
 അമ്മൂമ്മ വീണ്ടുമെന്തോ പറയുന്നല്ലോ, ഞങ്ങൾ
 ക്യാമറക്കോങ്കണ്ണുകൾ ധൃതിയിൽ ശരിയാക്കി,
 “...മുറ്റത്തായിരുന്നു ഞാൻ; ‘ഈറ്റുനോവായോ മണി
 പ്പയ്യിനെ’ ന്നിനിപ്പോടെ ചോദിച്ച്, – കുറേനാളു
 കൂടിയാണന്നവന്റെ വാക്കിനിനിപ്പ്! – ഖാദി-
 ക്കോടിയുമുടു,ത്തവനിറയ,ത്തേതോ ദീർഘ
 യാത്രയ്ക്കിറങ്ങുംപോലെ; തൊട്ടടുത്തമ്മ ‘മാരി-
 ക്കാ ‘റെന്നു മാഴ്കീ,ലതാ വരവായ് വേനൽമഴ.”

 “അപ്പെരുംമഴയത്തന്നിറങ്ങിപ്പോയീ, പിന്നെ
 വന്നത് സ്വാതന്ത്ര്യത്തിൻ തലേന്നാൾ; ഒരു കാള
 വണ്ടിതൻ കറകറയ്ക്കൊപ്പമൊറ്റയ്ക്ക്...”
 ദൃശ്യകോണിൽ പാറുവില്ലിപ്പോ-
 ളാരുമി,ല്ലെങ്ങും മഴ
 നിർത്താതെ പെയ്യും മഴ

 കറുപ്പും വെളുപ്പുമാ-
 യേതു കാലത്തിൻ ചലച്ചിത്രവർഷാലാപനം?

‘ഈശ്വര് അല്ലാ തേരേ നാ’മായ് നനയും നാട്,
‘സബ്കോ സന്മതി’യെന്നു ചിറകു കുടയും നാമ്പ്,
‘എങ്ങളും യൂണിയനിൽ ചേർന്നെ’ന്ന കുഞ്ഞൻ നാവ-
തോന്നുമേ ശ്രദ്ധിക്കാതെ രാഘവൻ വന്നൂ... മണി-
പ്പയ്യ്, തൻ വയറെക്കാൾ വീർപ്പിച്ച മോന്ത വെട്ടി-
‘ച്ചയ്യങ്ങൾ തെണ്ടീട്ടവൻ വന്നമ്മേ!’ യെന്നമറീ.
ചിരിച്ചീലവൻ; ഉള്ളിൽ ചിതകളെരികയാൽ,
ഇറയത്തങ്ങുമിങ്ങും വെരുകനക്കം മാത്രം...
തൊഴുത്തിൽ പേറിൻവട്ടം, നിരത്തിൽ പോർക്കാളകൾ-
ക്കെഴുന്നള്ളി,പ്പിരുട്ടത്തൊറ്റ രാഘവമേഘം.

രാത്രിയിലെപ്പൊഴോ, കാർമുകിൽ മുക്രകൾ കേട്ട
ദിക്കിലേക്കാവാം, മെല്ലെ നടന്നു മറഞ്ഞവൻ.

‘ആരുടെ നിശാചരബോധമാണിവ,നേതു
കാരുടൽ ബലിക്കാള?’ മൂളുന്നു ചീവീടുകൾ.
“ചീവീടിൻ ശല്യമുണ്ട് സൗണ്ട്ട്രാക്കിലെങ്ങും
നമുക്കിന്റർവ്യൂ നിർത്താം.”
“വേണ്ട, മൂളട്ടെ രാപ്രാണങ്ങ-
ളാർത്തലറട്ടെ തമോയന്ത്രകോപങ്ങൾ; നമ്മൾ
മറ്റൊരു കാലത്തിന്റെ കാന്തനാടയിലാണ്.”

“മക്കളേ.” ഒരു പഞ്ഞിമേഘത്തിലിരുന്നുകൊ-
ണ്ടമ്മൂമ്മ വിളിക്കുന്നൂ, “പറഞ്ഞു തീർന്നില്ലല്ലോ.
പയ്യുപെറ്റില്ലാ രാകോൻ വന്നതുമില്ലാ, രാവ്
തീരുവോളവും; രണ്ടും പുലർച്ചയ്ക്കായിരുന്നു...”

“...പുലർച്ചയ്ക്കായിരുന്നൂ”, സ്മൃതിയും കിനാവുമാ-
യലയും കാറ്റ് ചീവീടേറ്റുപാടും പോൽ, “അവൾ
വിറയ്ക്കും കൈയാൽ വിളക്കെടുക്കാൻ തുടങ്ങുമ്പോൾ
‘അമ്മ കാണേണ്ടെൻമുഖ’ മെന്നിരുകൈയാൽ, വാർന്ന
വെണ്ണിലാക്കിണർവെള്ളം വിലക്കിച്ചുവ,ന്നിരുൾ-
ത്തളത്തിൽ മറഞ്ഞവൻ, വെളിവിൻ തെളിവെട്ടം
തളിച്ചു തണുപ്പിച്ച തലയും താങ്ങി,പ്പായ
വിരിച്ചു കിടന്നൂ... ‘ദേ പയ്യുപെറ്റെടീ പാറൂ!’-
ന്നെരുത്തിൽ നിന്നുമമ്മയലച്ചതപ്പൊഴാണ്;
രാഘവൻ കേട്ടില്ലത്.”

കേട്ടില്ല പിന്നീടവനൊന്നുമേ;
പകൽച്ചൂടു മെയ്നക്കിയുണർത്ത തൈ-
ക്കുന്നുകൾതോറും കൊടിക്കൂറകൾ, മുറ്റത്തു പൈ-
ക്കിടാവ്, കുഞ്ഞൻ, കിളിത്തോറ്റങ്ങൾ തോട്ടി, ലാറ്റിൻ-
കടവിൽ, ചെമ്മൺതേരിച്ചെരുവിലാൾക്കൂട്ടങ്ങൾ....

എങ്ങുമില്ലൊരാൾ മാത്രം;
പാറൂന്റെ പൊന്നനുശൻ
കാറ്റുകൾക്കൊപ്പം പാഞ്ഞോൻ
അമ്മ തൻ കണ്ണ്.
“അവനുണർന്നേയില്ല പിന്നെ മക്കളേ
ഇപ്പോഴുമാ മുറിയിൽ കിടപ്പുണ്ട്
തണുത്ത് മറന്ന്.”

ചീവീടൊലി മാഞ്ഞൂ,
വീടിന്നുൾമുറി തുറന്നൂ —
രാവാടകളൊഴുകും നീരാഴിയി,ലാലിലയിൽ
രാഘവനുറങ്ങുന്നു നിത്യനായേകാന്തനായ്;

സ്വാതന്ത്ര്യരാവിൽ തലതകർന്നു വീട്ടിൽവന്നോൻ.

*

‘മുറിയിൽ ലോലൈറ്റെ’ന്ന മുരൾച്ച, ശവത്തിന്റെ
മുഖത്ത് സൺഗണ്ണിന്റെ വിളർച്ച; നമുക്കിനി
മൊണ്ടാഷിനല്പം ചില ഫ്രീസ്ഫ്രെയിമുകൾ മതി —
വിണ്ടുകീറിയ തരിശുടമ്പ്,
ചൂഴും മുറിവെണ്ണ,
കൺചാലിൽ ചത്ത നെയ്യുറുമ്പുകൾ,
താഴെ-
പ്പാഴ്മരുന്നുറങ്ങുന്ന മരവി,
മരിക്കാത്ത മാറാല നിഴൽ

കറുത്തിരുണ്ടൂ മുനിയറ
മലങ്കാറ്റിന്റെ സ്മൃതിസന്നിവേശനപ്പുര
നിലച്ച ശബ്ദതാര
നിശ്ചലവർഷങ്ങൾ പെയ്തൊഴിഞ്ഞ തിരശ്ശീല—
ഈറ്റുനക്ഷത്രം കറന്നമ്മ നല്കിയ ചൂട്ടു
കറ്റയും വീശിക്കൊണ്ടു കുന്നിറങ്ങുന്നൂ കൊച്ചു
രാകോൻ; നീൾവടി കുത്തി പിന്നിലായ് കുഞ്ഞന്മൂപ്പൻ,
പാറുവമ്മൂമ്മ, പുതുനക്ഷത്രക്കുരുന്നുകൾ.

ചെമ്മുകിൽ ഫ്രെയ്മിൻ കോണി,ലേകാന്തബന്ധുക്കൾ പോൽ
നമ്മുടെ മുക്കാലിയും ചിത്രയന്ത്രവും
“പാക്ക് അപ്.”

‌——————————

കുറിപ്പ്:
*1940 കളിലെ ക്ഷാമകാലത്ത് ഇന്ത്യയിലെ പട്ടിണിഗ്രാമങ്ങളെ തീറ്റിപ്പോറ്റിയ
'ബജറ' എന്ന ധാന്യം തിരുവിതാംകൂറിലെ ചില പ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്നത്
'കമ്പൻപുല്ല്' എന്ന പേരിലാണ്. കമ്പൻപുല്ലിനെക്കാളേറെ, കപ്പയായിരുന്നു
തിരുവിതാംകൂറിലെ മുഖ്യ ക്ഷാമകാലഭക്ഷണം


© 1997, അൻവർ അലി
മൂലകൃതി: മഴക്കാലം
പ്രസാധകർ: ഡിസി ബുക്ക്സ്