ഗ്രൂപ്പുഫോട്ടോ

എസ്. ജോസഫ്
                                                                                                                                                                 
നാളെ സോഷ്യലും ഗ്രൂപ്പുഫോട്ടോയുമാണ്
വരാതിരിക്കരുത്
പൈസ ഞാന്‍ കൊടുത്തു
നമുക്ക് ഒരുമിച്ചുനില്‍ക്കണം
ഒരുത്തി പറയുന്നു.

കോളേജില്‍വച്ചാവാം, വര്‍ഷങ്ങള്‍ക്കുമുമ്പാവാം
എന്ന് വായനക്കാര്‍ കരുതിയേക്കാം
കരുതിക്കോളൂ.

ഏതോ തരത്തില്‍ എല്ലാവരില്‍നിന്നും
ഒറ്റപ്പെട്ടു പോകുന്ന ജീവിതമുള്ളതിനാല്‍
മുങ്ങിക്കളഞ്ഞു
പരിമിതമായ ഒളിവിടങ്ങളില്‍.

നിങ്ങള്‍ എന്താണ് കരുതുന്നത്?
കോംപ്ലക്സ് എന്നോ?
ഒരു പാവപ്പെട്ടവന്‍, താണവന്‍, പോരെങ്കില്‍ കറുമ്പന്‍
കേരളത്തില്‍ എങ്ങനെ ജീവിക്കുന്നു
എന്നു നിങ്ങള്‍ക്കറിയാമോ?

അതെ ഇതെല്ലാം പലയിടങ്ങളിലുമുള്ള പലരുടേയും അനുഭവമാണ്
പെണ്ണുങ്ങളുടേതുള്‍പ്പെടെ.
എന്നെച്ചേര്‍ത്ത് എപ്പോഴും വായിക്കല്ലേ?

അതാണ് പറഞ്ഞത് കോളേജാകണമെന്നില്ല എന്ന്
കോളേജാണെങ്കില്‍
ഒരുമിച്ച് സമരം ചെയ്യാം
ഒരുമിച്ചിരുന്ന് പഠിക്കാം
എന്നാല്‍ ഇടയ്ക്കു മുങ്ങും
ഇടയ്ക്കു മുങ്ങുന്നവരെ കണ്ടിട്ടില്ലേ?

ഫോട്ടോ അവള്‍
കാണിക്കുന്നു.
അവളുടെ പുറകേ നടന്ന ഒരുത്തന്‍
അവളെ തൊട്ടുനില്പുണ്ട്.
അവളുടെ ജാതിക്കാരന്‍
ആ അസുഖമുള്ളതുകൊണ്ടാണവന്‍
അവിടെത്തന്നെ നിന്നത്
അവനെ എടുത്തു കളഞ്ഞ്
എന്റെ പടം ചേര്‍ക്കാം
കാലം മാറിയല്ലോ
അതു ചെയ്യുന്നില്ല.

ചില മലയാളികള്‍
ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു നശിച്ച ജീവിതമുണ്ട്.

© 2009, എസ്. ജോസഫ്
പുസ്തകം: ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
പ്രസാധകർ: ഡിസി ബുക്ക്സ്