ഹൊഗനേക്കൽ

ടി.പി. രാജീവൻ
                                                                                                                                                                   
കിണറിലെ വെള്ളം വേനലിൽ
എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ ഇപ്പോളെനിക്കറിയാം

സ്കൂളടച്ചാൽ, അമ്മ
കോഴിയേയും ആടിനേയും പശുവിനേയും
അടുക്കളപ്പുറത്തെ കുമ്പളവള്ളികളെയും
വീടിന്റെ ഐശ്യര്യമായ തെക്കേടത്ത് ഭഗവതിയെയും
അച്ഛന്റെ, ഏതുനിമിഷവും കോപിക്കാവുന്ന വാതത്തേയും
അവയുടെ വിധിക്കു വിട്ട്,
എന്നേയും അനിയത്തിയെയും
ഞങ്ങളുടെ പാവകളെയും
മരിച്ചുപോയ അനിയനേയും കൂട്ടി,
ബസ്സിറങ്ങി ഏഴുനാഴിക നടന്നുമാത്രം ചെല്ലാവുന്ന
തറവാട്ടിലേക്ക് പോകാറുള്ളതു പോലെ,
വെള്ളവും വരികയാണ്‌,
വളർത്തുമീനുകളെയും തവളകളെയും
സ്വന്തം നിഴലായ പായലുകളെയും വിട്ട്
അതിന്റെ ഈ നാട്ടിലേക്കും വീട്ടിലേക്കും

വയല്ക്കരെ അമ്മയുടെ വീട്
അവിടെയെത്തുമ്പോൾ അമ്മയ്ക്ക് പത്തുവയസ്സു കുറവ്.

മലമടക്കിൽ, ഇതാ വെള്ളത്തിന്റേത്.
ഇവിടെ വെള്ളത്തിന്‌ വയസ്സേയില്ല.
നീർമരുതിൻതണലിൽ പിറന്നപടി മലർന്നുകിടക്കുന്നു.
വെളിച്ചത്തിനൊപ്പം നൃത്തം ചെയ്യുന്നു.
മേഘത്തിന്റെ വിമാനത്തിൽ യാത്രചെയ്യുന്നതും
കാറ്റിന്റെ പാരച്യൂട്ടിൽ അറിയാത്ത നാട്ടിൽ പറന്നിറങ്ങുന്നതും
സ്വപ്നം കാണുന്നു.

കല്പടവിൽ കാലുനീട്ടിയിരുന്ന് ഒരു മുത്തശ്ശി വെള്ളം
ഗർഭിണിയായ പേരക്കുട്ടിയുടെ മുടി ചീകിയൊതുക്കുന്നു
മരുഭൂമി വശീകരിച്ചു കൊണ്ടുപോയി,
എല്ലും തോലുമാക്കി തിരിച്ചയച്ച
മകളുടെ കുഴിമാടത്തിൽ ഒരു അമ്മവെള്ളം തലതല്ലി വീഴുന്നു
പട്ടണത്തിലേക്ക് കല്യാണം കഴിഞ്ഞുപോയ ഒരു പാവം വെള്ളം
അമ്മൂമ്മയോടും വലിയമ്മയോടും ചെറിയമ്മയോടും
സിമന്റ് കിണറിലെ സങ്കടങ്ങൾ പറഞ്ഞ് കരയുന്നു.
ഓർക്കാപ്പുറത്ത്, മാറും നാഭിയും അരക്കെട്ടും
പിളർന്നിറങ്ങുന്ന പാതാളകരണ്ടികളെയും
അവസാനത്തെ തുള്ളിവരെ കുടിച്ചുവറ്റിക്കുന്ന
യന്ത്രനാവുകളെയും
ഓർത്തു ഞെട്ടിയുണരുന്നു

കുന്നിന്മുകളിലിരുന്ന് ഒരു അനാഥവെള്ളം
പ്രാർത്ഥിക്കുന്നു: ദൈവമേ,
നിന്നെപ്പോലെ ഞങ്ങൾക്കുമില്ല റിപ്പബ്ളിക്ക്,
നിന്റെ ആലയങ്ങൾ കുന്നിന്മുകളിൽ
ഞങ്ങളുടെ സംഭരണികളും.
പലായനമോ, ഇരുട്ടിൽനിന്ന് ഇരുട്ടിലേക്ക്
ആഴത്തിൽനിന്ന് ആഴത്തിലേക്ക്;
നിനക്ക് പ്രാർത്ഥിക്കാൻ അമ്പലങ്ങളില്ല
ഞങ്ങൾക്ക് ദാഹം തീർക്കാൻ വെള്ളവും!

ഒന്നു പിഴച്ചാൽ കണികപോലും കിട്ടാത്ത ആ മുനമ്പിൽ
തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരിൽ
ഏതായിരിക്കും എന്റെ കിണറിലെ വെള്ളം?
ഈ പാറവിള്ളലുകളിൽ എവിടെയായിരിക്കും
അതിന്റെ വീട്?

ആ കൊല്ലം സ്കൂൾ തുറന്നു.
അച്ഛൻ വന്നു വിളിച്ചിട്ടും,
ഞാനും അനിയത്തിയും ഞങ്ങളുടെ പാവകളും
മരിച്ചുപോയ അനിയനും കരഞ്ഞിട്ടും,
അമ്മ വീട്ടിലേക്ക് തിരിച്ചുവരാത്തതുപോലെ
എന്റെ കിണറിലേക്ക് ഇനി വരാതിരിക്കുമൊ
അതും.

____________________________
*ഹൊഗനേക്കൽ: തമിഴ്നാട് - കർണ്ണാടക അതിർത്തിയിൽ കാവേരിയുടെ ഉത്ഭവസ്ഥലം

©  ടി.പി രാജീവൻ
മൂലകൃതി: വയൽക്കരെ ഇപ്പോഴില്ലാത്ത
പ്രസാധകർ: ഡിസി ബുക്ക്സ്