അഭിമുഖം — ലതീഷ് മോഹന്‍
സമകാലിക മലയാള കവിതയിലെ ഏറ്റവും പരീക്ഷണപ്രിയനായ കവികളില്‍ ഒരാളാണ് ലതീഷ്
മോഹന്‍. ആദ്യസമാഹാരം പള്‍പ്പ് ഫിക്ഷന്‍ 2008ല്‍ പ്രസിദ്ധീകരിച്ചു. 1982ല്‍
തിരുവല്ലയില്‍ ജനിച്ച ലതീഷ് മോഹന്‍ ചെവികള്‍ / ചെമ്പരത്തികള്‍ എന്ന കവിതാ
സമാഹാരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും
കവിതകള്‍ എഴുതുന്നു. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന
'ബാക്ക് യാര്‍ഡ് സിവിലൈസേഷന്' എന്ന ആര്‍ട്ട് ഗാലറിയുമായി ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നു. ഏറെക്കാലം മാധ്യമപ്രവര്‍ത്തകനായി തൊഴിലെടുത്തു,
അവതരണകലയിലും തത്വചിന്തയിലും ഉപരിപഠനം നടത്തുന്ന ലതീഷ് കവിതയെകുറിച്ചു
സുജീഷുമായി നടത്തിയ സംഭാഷണം.
കവിതയുമായുള്ള ആദ്യകാല ബന്ധങ്ങളില്‍ നിന്നുതന്നെ നമ്മുടെ സംസാരവും തുടങ്ങാമെന്ന് തോന്നുന്നു...
കവിതയുമായുള്ള ആദ്യകാല ബന്ധങ്ങളില്‍ നിന്നുതന്നെ നമ്മുടെ സംസാരവും തുടങ്ങാമെന്ന് തോന്നുന്നു...
എനിക്ക് നേരിട്ടറിയാവുന്ന കവികള്‍ക്ക് പ്രധാനമായും രണ്ടുതരത്തിലാണ്
ബാല്യകാല കവിതാബന്ധം: പാരമ്പര്യം; ദാരിദ്ര്യം. വീട്ടിലോ അടുത്ത
ബന്ധുക്കാര്ക്കിടയിലോ സാഹിത്യകുതുകികള്‍ ഉണ്ടായിരിക്കുക എന്നതാണ്
പാരമ്പര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ ഓര്‍മയില്‍ അങ്ങനെ
ഒന്നില്ല. ദാരിദ്ര്യമാണ് കവിതയില്‍ എന്നെ തുടങ്ങിവച്ചത്.
കൗമാരത്തിന്റെ അവസാനത്തിലും യൗവനത്തിന്റെ തുടക്കത്തിലുമൊക്കെയായി
വീടുവിട്ടിറങ്ങിയ കുറച്ചേറെ കവികള്‍ നമ്മുടെ ഭാഷയിലുണ്ട്. ലതീഷിന്റെ
കവിതകളില്‍ അത്തരത്തിലുള്ള ചില സൂചനകള്‍ കാണാം. അമ്മയെ കാണാന്‍ വരുന്നതിനെ
പറ്റിയും ഒറ്റമുറിയിടങ്ങളിലെ ഒറ്റയ്ക്കുള്ള വാസങ്ങളും കവിതയില്‍ വരുന്നു.
അരക്ഷിതമെന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന ഒരു അവസ്ഥയില്‍
നിന്നുള്ളവയായിരുന്നോ മേല്‍ സൂചിപ്പിച്ച തരം കവിതകള്‍?
അങ്ങനെ പറയാം. ഞാന്‍ വളരെ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ വ്യക്തിയാണ്. ആ
നടപടിയുടെ മൊത്തം സ്വാധീനം എന്റെ എല്ലാ ഇടപാടുകളിലും ഉണ്ട്. കവികള്‍ പൊതുവേ
അരക്ഷിതരാണ്. ഭൗതിക കാരണങ്ങളും കൂടി ചേരുമ്പോള്‍ അത് കൂറേക്കൂടി കൂടിയ
അളവില്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്.
കവി എം. ആര് വിഷ്ണുപ്രസാദ് സഹപാഠിയായിരുന്നില്ലേ? അക്കാലത്തെ ഇരുവരുടെയും എഴുത്തുകള്‍ തമ്മില്‍ വലിയ അന്തരം തന്നെയുണ്ടായിരുന്നു...
ഡിഗ്രി ക്ലാസില്‍ ഞാനും വിഷ്ണുവും ഒരുമിച്ചാണ് പഠിച്ചത്. പക്ഷേ, അക്കാലത്ത്
എഴുതിയിരുന്ന കവിതകള്‍ കൊണ്ട് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും കാര്യമായ ഗുണം
ഉണ്ടായി എന്നു ഞാന്‍ കരുതുന്നില്ല. അതിനാല്‍ തന്നെ അതിലെ
അന്തരത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ വലിയ കാര്യമില്ല. അരാജകവാദിയും
അലസനുമായിരുന്നു ഞാന്‍; വിഷ്ണു കൂറേക്കൂടി പാരമ്പര്യത്തോടു ചേര്‍ന്ന്
ജീവിക്കുന്ന ആളായിരുന്നു. അതിന്റെയൊക്കെ വ്യത്യാസം ഉണ്ടാകണം.
അരാജകവാദിയായ ലതീഷിനാല് എഴുതപ്പെട്ടതായിരുന്നോ പള്‍പ്പ് ഫിക്ഷന്‍ എന്ന ആദ്യ കവിതാസമാഹാരം?
അന്നും ഇന്നും ഞാന്‍ അരാജകവാദി തന്നെ. അരാജകവാദവും സ്ത്രീവാദവും ആണ് ഞാന്‍
പ്രധാനമായും പിന്തുടര്‍ന്ന രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങള്‍. ജര്‍മന്‍
ആശയവാദത്തിന് പുറത്താണ് എന്റെ അരാജക സങ്കല്പങ്ങള് എന്നു മാത്രം. രാജാവ്
ഉള്ളിടത്തോളം കാലവും അതിനു ശേഷവും അരാജകവാദം നിലനില്ക്കും. ഇപ്പോഴിവിടെ
നിന്ന് നോക്കുമ്പോള്‍ പള്‍പ് ഫിക്ഷനിലെ കവിതകളോട് എനിക്ക് മാനസികമായ
അടുപ്പം തോന്നുന്നില്ല. ആ പ്രായത്തെ തള്ളിപ്പറയുന്നതിലും അര്‍ത്ഥമില്ല.
രണ്ടാമത്തെ പുസ്തകമായ ചെവികള്‍/ചെമ്പരത്തികള്ക്കെഴുതിയ പഠനത്തില്‍
അന്‍വര്‍ അലി ആ കവിതകള്‍ പിന്‍പറ്റുന്ന താളത്തിനു പ്രാധാന്യം നല്കി
സംസാരിക്കുന്നുണ്ട്. എഴുതാനിരിക്കുമ്പോള്‍ കവിതയുടെ സംഗീതതലത്തിന്
പ്രാധാന്യം നല്കുന്ന പതിവുണ്ടോ?
സമയത്തില്‍ ചിട്ടപ്പെടുത്തിയ ഒരു നീക്കമാകാം താളം. ഏതുതരം ബന്ധവും
താളത്തില്‍ അധിഷ്ഠിതമാണ്. താളം തെറ്റിച്ചാല്‍ മറ്റൊരു താളത്തിലെത്തും.
താളവും ബന്ധുത്വവും തമ്മിലുള്ള ബന്ധമാണ് പ്രധാനം. രണ്ടു
വ്യക്തികള്‍ക്കിടയിലും രണ്ട് വസ്തുതകള്‍ക്കിടയിലും ഏറിയും കുറഞ്ഞും
സമയത്തില്‍ ചിട്ടപ്പെടുത്തിയ ഒരു രഹസ്യ ബന്ധുത്വം ഓടുന്നുണ്ട് എന്നു
വിചാരിച്ചാല്‍, ഇതിനെ അളന്നെടുക്കാനുള്ള ഉപാധിയാണ് കവിത. അതിനാല്‍ തന്നെ
ഓരോ കവിതയിലും താളം വ്യത്യാസമാണ്. ഒരു പ്രത്യേക കവിതയില്‍ വന്നുപോകുന്ന
ആള്‍ക്കാരുടെ, ആശയങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള കാല്‍വെപ്പുകളുടെ
താളമാണ് പിടിക്കാന്‍ പോകുന്നത് എന്നു കരുതിയാല്‍ അതാകാം ആ കവിതയുടെ താള
മാനദണ്ഡം. രണ്ടു കഥാപാത്രങ്ങളാണെങ്കില്‍ അവര്‍ തമ്മില്‍ നടക്കാനിടയില്ലാത്ത
സംഭാഷണത്തിന്റെ സങ്കല്പിത പ്രദര്‍ശനം പോലുമാകാം താളം. പറഞ്ഞു
വരുന്നതെന്താണെന്നു വെച്ചാല്‍: സംഗീതം അല്ല താളം. എന്റെ അഭിപ്രായത്തില്‍
സംഗീതം കവിതയില്‍ ഓപ്ഷണല്‍ ആണ്. താളം അങ്ങനെയല്ല. അതില്ലാതെ പറ്റില്ല.
ലതീഷിന്റെ കവിതകള്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നു ഒരു
കൂട്ടം വായനസമൂഹത്തിനു ആ കവിതകള്‍ മനസിലാകുന്നില്ല എന്നാണ്. 'കവിത
മനസിലാകാത്തവരോടു'ള്ള സമീപനം എന്താണ്?
അതൊരു വളരെ പഴക്കമേറിയ പ്രശ്നമാണ്. വളരെ സുതാര്യവും നേരേവാ നേരേപോ
മട്ടിലും ഉള്ള സംഭാഷണങ്ങളില്‍ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കില്‍
നിങ്ങള്‍ക്ക് കവിതയെ ആശ്രയിക്കേണ്ട കാര്യമില്ല. ദൈനംദിന ഭാഷ അതിന് ധാരാളം.
ഉപയോഗം കഴിഞ്ഞ കവിതയാണ് ദൈനംദിന ഭാഷ എന്ന അഭിപ്രായത്തോട് ഒരുപരിധിവരെ
യോജിക്കുന്ന ഒരാളാണ് ഞാന്‍. അതായത്, ഒരു പ്രദേശത്ത് ഭാവിയില്‍ ആളുകള്‍
സംസാരിക്കാനിടയുള്ള ഭാഷയുടെ പരീക്ഷണശാലയാണ് കവിത. നടപ്പുകാലത്തെക്കാള്
കൂടുതല്‍ ഭാവിയിലാണ് അതിന്റെ കണ്ണ്. അതിനാല്‍ തന്നെ എല്ലാം തികഞ്ഞൊരു
ലോകത്താണ് നമ്മള് ജീവിക്കുന്നത് എന്നഭിപ്രായമുള്ളവരും കവിതയും തമ്മില്‍
ഇടച്ചില്‍ ഉണ്ടാകും. ഇത് ദുര്‍ഗ്രാഹ്യതയും കവിതയും തമ്മിലുള്ള
പൊതുപ്രശ്നമാണെങ്കില് എന്റെ കാര്യത്തില്‍ പ്രത്യേകിച്ച് നിലനില്‍ക്കുന്ന
മറ്റൊരു പ്രശ്നം കൂടിയുണ്ട്: കള്ളക്കടത്തിലുള്ള താല്പര്യം.
ചെക്ക്പോസ്റ്റ് തകര്‍ത്ത് പാഞ്ഞുപോകുന്ന പാണ്ടിലോറി, വലിയ ആഴമുള്ള
ഒരിടത്ത് കെട്ടിത്താഴ്ത്തിയിട്ടിരിക്കുന്ന ശവം എന്നിവയാണ്
കവിതയെക്കുറിച്ചോര്ക്കുമ്പോള് എന്റെ മനസ്സില്‍ പൊതുവേ വരാറുള്ള
ചിത്രങ്ങള്‍. ചെക്ക്പോസ്റ്റില്‍ കൈക്കൂലി കൊടുത്ത് കൊണ്ടുപോകുന്നതില്‍
എനിക്ക് താല്പര്യമില്ല. എന്നെ പിടിക്കണമെങ്കില്‍ ബുദ്ധിമുട്ടേണ്ടിവരും.
എന്നെ ഒരാള്‍ പിടിക്കണം എന്ന് എനിക്ക് വാശിയില്ല. ഇനി വരാനിരിക്കുന്ന
അതിബുദ്ധിമതികളിലും ബുദ്ധിമാന്മാരിലുമാണ് എനിക്ക് പൊതുവേ താല്പര്യം. ഈ
കളിയില്‍ താല്പര്യമില്ലാത്ത ഒരാളുമായി കളി തുടരുന്നതില്‍ എന്താണ് കാര്യം?
ഗാലറിക്കുവേണ്ടി കളിച്ചാല്‍ എന്താണ് കിട്ടാനുള്ളത്?
അത് ഒരു ഉത്തരം. ചില സമയത്ത് എനിക്ക് തോന്നും മുകളില്‍ പറഞ്ഞ ഉത്തരത്തില്‍
അടങ്ങിയിരിക്കുന്ന കൂസലില്ലായ്മ ആണ് കവിത മനസ്സിലാകാത്തവര്‍ എന്നൊരു
വിഭാഗത്തെയും എന്നെയും എതിര്‍ചേരിയില്‍ നിര്‍ത്തുന്നത് എന്ന്. പതുക്കെ
നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച് കടന്നു പോകേണ്ട സമയം വന്നു എന്നതും
ശരിയായിരിക്കണം.
കവിത പാസീവായി വായിക്കപ്പെടുന്ന ഒന്നായിട്ടുണ്ടല്ലോ. അക്കദമിക്ക്
തലങ്ങളില്‍ പോലും കവിതയ്ക്കായുള്ള ഇടം ചുരുങ്ങുന്നു. ഈയൊരു സാഹചര്യത്തില്‍
നിന്നുകൊണ്ട് വരുംതലമുറയില്‍ അതിബുദ്ധിമാരായ കവിത വായനക്കാര്‍ ഉണ്ടാകുമെന്ന
പ്രതീക്ഷയുടെ അടിസ്ഥാനമെന്താണ്?
ബുദ്ധിമാന്മാരായ കവികളും കവിതാ വായനക്കാരും മുറതെറ്റാതെ
ഉണ്ടായിക്കൊണ്ടേയിരിക്കും. അതിന് അക്കാദമിക് രംഗത്തെ മൂല്യനിലയുമായോ
വായനാസമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയുമായോ യാതൊരു ബന്ധവുമില്ല. നോവല്‍, സിനിമ
എന്നിവ പോലെ റീലീസ് ചെയ്യപ്പെടുന്ന മാസത്തില്‍ മാര്‍ക് വീഴുന്ന രീതിയിലല്ല
കവിതയുടെ സംവിധാനം. ഒരു കവിതാ പുസ്തകം വര്‍ഷങ്ങളിലൂടെയാണ് അതിന്റെ വായനാ
സമൂഹത്തെ കണ്ടെത്തുന്നത്, ചിലപ്പോള്‍ പതിറ്റാണ്ടുകളിലൂടെ. ജനക്കൂട്ട
നിര്‍മിതി കവിതയുടെ രീതിയല്ല എന്നതുകൊണ്ടാണിത്. സിനിമയും നോവലും
പ്രവര്‍ത്തിക്കുന്നത് ജനക്കൂട്ട നിര്‍മിതിയിലൂടെയാണ്. കവിത സാമൂഹിക
തലത്തില്ല മറിച്ച് വ്യക്തി തലത്തിലാണ് വായനക്കാരനെ നേരിടുന്നത്. മാനസിക
തലത്തില്‍ കാഴ്ചക്കാരെ ജനക്കൂട്ടമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതു
കൊണ്ടാണ് പാസീവ് ആയ ആസ്വാദനം സിനിമയ്ക്കും നോവലിനും സംഭവിപ്പിക്കാന്‍
കഴിയുന്നത്. അത് ആ കലകളുടെ നേട്ടമാണ് എങ്കിലും അതേ രീതിയില്‍ തന്നെ
കുറവുമാണ്. അതായത്, റിലീസ് ചെയ്ത ആദ്യ മാസത്തിനുള്ളില്‍ ജനക്കൂട്ട
അഭിപ്രായം സ്വരൂപിക്കാന്‍ കഴിയാത്ത സിനിമയും നോവലും പിന്നീട്
രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. സിനിമയും നോവലും പ്രവര്‍ത്തിക്കുന്നതുപോലെ
പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കവിതകള്‍ ഇപ്പോള്‍ കേരളത്തിലുണ്ടാകുന്നുണ്ട്
എന്ന് എനിക്ക് തോന്നുന്നില്ല. പാസീവ് ആയ ജീവിതം പാസീവ് ആയ കാവ്യാസ്വാദനവും
സൃഷ്ടിച്ചിട്ടുണ്ടാകണം. പക്ഷേ, ആദ്യ മാസത്തിലേയോ ആദ്യ വര്ഷത്തിലേയോ ആദ്യ
പതിറ്റാണ്ടിലേയോ ജനക്കൂട്ട അഭിപ്രായത്തിന് ഒരു കവിതാ പുസ്തകത്തിനെ ഒന്നും
ചെയ്യാനുമാവില്ല. വരുന്ന തലമുറകളിലെ ബുദ്ധിമാന്മാരേയും ബുദ്ധിമതികളേയും
ആഗ്രഹിക്കാതിരിക്കുന്നത്, അവര്‍ക്കുള്ളത് കവിതയില്‍
കരുതിവയ്ക്കാതിരിക്കുന്നത് കവികള്‍ക്ക് ഗുണം ചെയ്യില്ല എന്നതാണ് എന്റെ
നിലപാട്.
വൈയക്തികാനുഭവത്തില്‍ നിന്നോ വൈയക്തികമായ അവസ്ഥയെ നേരിടുന്നതില്‍ നിന്നോ
രൂപപ്പെടുന്നതാണു താങ്കളുടെ കവിതയുടെ ഉള്ളടക്കമെന്ന് പറയപ്പെടുന്നുണ്ട്.
ഒരാളുടെ ആന്തരികലോകത്തെ ആവിഷ്കരിക്കാനുള്ള മാധ്യമമെന്ന ക്ലാസിക്
സങ്കല്‍പ്പത്തിലാണോ താങ്കള്‍ കവിതയെ ഉപയോഗിക്കുന്നത്?
കവിതയെക്കുറിച്ചുള്ള ക്ലാസിക് സങ്കല്പം പ്രധാനമായും സാമൂഹികതലത്തിന്
പ്രാധാന്യം നല്‍കുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിക്കുമേല്‍
പൊതുനന്മയെ, 'പൊതുനന്മ ലക്ഷ്യമിട്ടുള്ള' പലതരം ആശയങ്ങളെ (ദൈവം, ത്യാഗം,
ജീവിതം സഹനവും പോരാട്ടവും എന്ന നിലയില്‍) പ്രതിഷ്ഠിച്ചുകൊണ്ടുള്ള സാരോപദേശ
കാവ്യങ്ങളാണ് ക്ലാസിക് പട്ടികയില്‍ നിന്ന് പ്രധാനമായും കിട്ടുക. കാല്പനിക
മനോഭാവത്തെയാകാം സുജീഷ് സൂചിപ്പിക്കുന്നത്. നോക്കൂ (ഇങ്ങനെയൊരു വിശദീകരണം
ഞാന്‍ തന്നെ ചെയ്യുന്നതില്‍ എന്തോ അപാകത ഉണ്ട്. അത് ചെയ്യാതിരുന്നാല്‍
ഉണ്ടാകാനിടയുള്ള അപകടം വെച്ചുനോക്കുമ്പോള്‍ ആ അപാകത സഹിക്കാം എന്ന
ന്യായത്തില്‍ തുടരാം), പലതരം കവിത എഴുതുന്ന ഒരാളാണ് ഞാന്‍. കവിത
വ്യക്തിക്കു വേണ്ടിയാണെന്നോ കവിത സമൂഹത്തിനു വേണ്ടിയാണെന്നോ എനിക്ക് ശാഠ്യം
പിടിക്കാനാവില്ല.
വ്യക്തിതലത്തില്‍ തുടങ്ങി സാമൂഹിക തലത്തിലക്ക് വളരുന്നവ (ഉദാ: ചങ്ങനാശ്ശേരി
വേണ്ടെന്നു വെച്ചാലെന്താണ്, ആരെഴുതും കുന്നിന്പുറങ്ങളുടെ യാത്രാവിവരണം,
കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍, ശശിധരനും ഞാനും തമ്മില്‍,
നല്ല സുന്ദരന്‍ സലീംകുമാര്‍ പ്രഭാതം), സാമൂഹികതലത്തില്‍ തുടങ്ങി
വ്യക്തിതലത്തിലേക്ക് വികസിക്കുന്നവ (ഉദാ: അറിയുവാനുള്ള ആഗ്രഹം, സാധ്യതയുടെ
ബൈബിള്‍, ഋ, ആസക്തന് ജലാശയ ഭൂതകാലത്തില്‍, മണികണ്ഠന് എന്ന പൂവന് കോഴി,
ചെവികള്‍/ചെമ്പരത്തികള്‍), കഥാപാത്ര തലത്തില്‍ സംഭവിക്കുന്നവ (ഉദാ: കാണാം
ചെറുതായി അകലെ നിന്നാലൊരു, ഷേക്സ്പിയര് ഇന്‍ ടൗണ്‍, വട്ടത്തില്‍ കറങ്ങി;
തലകിറുങ്ങി, വിചാരമാതൃകകളില്‍ രഹസ്യാന്വേഷകര്‍, ഓട്ടക്കാല്ഇണ,
കുതന്ത്രങ്ങളില്‍ കാറ്റ്), സാമൂഹിക തലത്തില്‍ മാത്രം നടക്കുന്നവ (ഉദാ:
അരണവാല്‍ മോതിരം, വി/ജനത, ശിവന്‍കോവില്‍ തെരുവ്, ഷേക്സ്പിയര് ഇന്‍ ടൗണ്‍,
ഉപകരണം), വ്യക്തി തലത്തില്‍ മാത്രം നടക്കുന്നവ (ഇനിയില്ല, ഞാനവള് മരം, പല
ഉപമകളില്‍ മഞ്ഞുകാലം, വിലാപകാവ്യം, ബ്യൂഗിള്‍), വെറും (ജനപ്രിയ) രാഷ്ട്രീയ
ആവശ്യം മാത്രം ലക്ഷ്യം വെച്ചെഴുതിയവ (കന്യകയും സുന്ദരിയുമായ മറിയമേ, ബി ജെ
പിക്കു മുമ്പ് ഇന്ത്യയില്‍ എന്റെ കുട്ടിക്കാലം, മദനന്), എന്നിങ്ങനെ
ഞാനെഴുതിയിട്ടുള്ളവയെ തിരിക്കാം. മറ്റ് പല രീതിയിലും തിരിക്കാം.
ഉദാഹരണത്തിന് ശരീരം, മനസ്സ്. കവി എന്ന നിലയില്‍ തുടക്കക്കാരനായ എന്നെപ്പോലെ
ഒരാളുടെ കവിതകളെ തിടുക്കംപിടിച്ച് സാമാന്യവത്കരിക്കുന്നത് എനിക്കോ
ഞാനെഴുതുന്നവ വായിക്കാന്‍ താല്പര്യമുള്ളവര്ക്കോ ഗുണകരമാവില്ല എന്നു
കാണിക്കാന്‍ വേണ്ടി തരംതിരിക്കാനുള്ള ഒരു വഴി പറഞ്ഞു എന്നു മാത്രം.
എന്തൊക്കെ ആവശ്യങ്ങള്‍ക്കു വഴങ്ങുമോ ആ ആവശ്യങ്ങള്‍ക്കെല്ലാം ഈ സങ്കേതം
ഉപയോഗിക്കണം എന്ന അതിമോഹമാണ് എന്നെ നിലനിര്‍ത്തുന്നത്. ലൈംഗിക കവിതകള്‍
കൂടുതലായി വായിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നു. അതില്‍
നിന്നായിരിക്കണം വ്യക്തിതലത്തിലാണ് എന്റെ കാവ്യപദ്ധതി നിലനില്‍ക്കുന്നത്
എന്ന ധാരണ ഉണ്ടായിട്ടുള്ളത്. ലൈംഗിക ദാരിദ്ര്യം എന്ന ആണ് വിഷയത്തില്‍
നിന്നും കൂടുതല്‍ തുറന്ന ലൈംഗിക കവിത എന്ന ലക്ഷ്യത്തിലേക്കുള്ള രാഷ്ട്രീയ
ശ്രമങ്ങളായാണ് ഞാന്‍ എന്റെ ലൈംഗിക കവിതകളെ കാണുന്നത്. ഫോണ്‍ സെക്സ്
എന്നൊരു സംഗതി നിലവില്‍ വന്നതിനു ശേഷമാണ് ആ ആവശ്യത്തിലേക്കുള്ള ഭാഷ
മലയാളത്തില്‍ ഇല്ല എന്ന് വെളിപ്പെട്ടത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി നമ്മള്
നിലവില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ ഒന്നുകില്‍ നിറയെ ഇംഗ്ലീഷാണ് അല്ലെങ്കില്‍
കക്കൂസിലെഴുതാന് ആണുങ്ങള് രൂപപ്പെടുത്തിയതാണ് അതിന്റെ പദസഞ്ചയം. അത്തരം
ആവശ്യങ്ങള്‍ക്കായി തെളിഞ്ഞ ഭാഷ എഴുതാനുള്ള ശ്രമം എന്നെ സംബന്ധിച്ചിടത്തോളം
വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ കര്‍ത്തവ്യമാണ്.
അതീവ ദയനീയമായ സംഭവങ്ങളുടെ അതിലും ദയനീയമായ വിവരണവും പത്ര റിപ്പോര്‍ട്ട്
വെട്ടിയൊട്ടിക്കലും മുദ്രാവാക്യം വിളിയും മാത്രമാണ് കവിതയിലെ സാമൂഹികതയും
രാഷ്ട്രീയവും എന്നു കരുതുന്നവരുടെ ഇടയില്‍ ജീവിക്കുന്നതു കൊണ്ടാകണം ഇത് ഈ
രീതിയില്‍ വിശദീകരിക്കേണ്ടി വരുന്നത്. ക്ഷമിക്കണം.
ലൈംഗികപരമായ എന്തിനേയും സ്ത്രീപക്ഷം അല്ലെങ്കില്‍ സ്ത്രീവിരുദ്ധം എന്ന
വകുപ്പുകളിലൊന്നില്പ്പെടുത്തുന്ന പ്രവണത ഏറിയതോതിലുള്ളപ്പോള് ലൈംഗിക
കവിതകളിലും അത്തരത്തിലുള്ള വായനയല്ലേ ഉണ്ടാകനേറെ സാധ്യത?
കാര്യമായ പിടിപാട് ഇല്ലാതിരിക്കുകയും എന്നാല്‍ ഞാന്‍ ഒരു സംഭവം തന്നെ എന്നു
വിചാരിക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ ഒരു കാലത്തും
കുറവുണ്ടാകാനിടയില്ല. അത്തരക്കാര്‍ തെറ്റായി ധരിക്കാനുള്ള സാധ്യത
കണക്കിലെടുത്ത് നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
ചെയ്യാതിരിക്കാനാവില്ല.
കവിത ശ്രദ്ധിക്കപ്പെടു കഴിഞ്ഞാല്‍ അതിനെക്കുറിച്ച് പല അഭിപ്രായങ്ങള്‍
ഉണ്ടാകുന്നതും സ്വാഭാവികം. പല ഉപമകളില്‍ മഞ്ഞുകാലം എന്ന കവിതയെക്കുറിച്ച്
കുറഞ്ഞത് ഇരുപതോളം വ്യത്യസ്ത അഭിപ്രായങ്ങള്‍ പലരില്‍ നിന്നായി ഞാന്‍
കേട്ടിട്ടുണ്ട്. അതൊന്നും കാര്യമായി എടുക്കാനാവില്ല. ഒരു പരിധി കഴിഞ്ഞാല്‍
നല്ലതു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും ചീത്ത
കേള്‍ക്കുമ്പോഴുണ്ടാകുന്ന കലിപ്പും ഇല്ലാതാകും. അതിനുശേഷമാണ് പലപ്പോഴും
കവിത.
ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാത്തിനെയും സ്ത്രീ വിരുദ്ധമായി
വായിക്കുന്നത് ആണുങ്ങളാണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ലൈംഗികതയെ
പെണ്‍ലിംഗത്തില്‍ മനസ്സിലാക്കാനുള്ള അവരുടെ ത്വരയുടെ മനശ്ശാസ്ത്ര വേരുകള്‍
അവര്‍ തന്നെ അന്വേഷിച്ചു കണ്ടെത്തുമെന്നും അടുക്കളയില്‍ ജോലിയെടുത്തു
കൊണ്ടിരിക്കുന്ന ഭാര്യയെ രഹസ്യമായെങ്കിലും അറിയിക്കുമെന്നും കരുതാം.
എഴുത്തിനെ സ്വാധീനിച്ച വായനയെക്കുറിച്ച്
കേരളം പോലെ കവിതയ്ക്ക് വന്‍ വളക്കൂറുള്ള ഒരിടത്ത് മറ്റുള്ള കവികളുടെ
നിഴലില്‍ ജീവിക്കുന്നവര്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും
വായിച്ചിഷ്ടപ്പെട്ട എല്ലാതും ഒരാളെ സ്വാധിനിക്കുന്നുണ്ട് എന്ന വാദത്തെ
എതിര്‍ക്കാനും ബുദ്ധിമുട്ടാണ്. വൈലോപ്പിള്ളി, ബഷീര്‍, വി കെ എന്‍, അക്ക
മഹാദേവി, മേതില്‍ രാധാകൃഷ്ണന്, കല്പറ്റ നാരായണന്, സില്‍വിയ പ്ലാത്,
റില്കെ, ലോര്‍ക, അംബേദ്കര്‍, യാനീസ് റിത്സോസ്, എലിയറ്റ്, ചുള്ളിക്കാട്,
നീഷേ, ഹൈദഗര്‍, ലൂസ് ഇറിഗരായ്, കുഞ്ചന്‍ നമ്പ്യാര്‍, ആശാന്, ഗുരു,
ഇടശ്ശേരി, ഫൈസ് അഹമ്മദ് ഫൈസ് തുടങ്ങിയവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍
ഞാന്‍ മഹാകവികളായി കണക്കാക്കിയിട്ടുണ്ട്. പിന്നീട് ഇവരില്‍ പലരുമായും
ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവരില്‍ പലരുടേയും നീര് എന്റെ കവിതകളില്‍
ഉണ്ടാകണം. കൂടാതെ, പുതുകവിത എന്ന കാവ്യപ്രസ്ഥാനത്തോട് പ്രതികരിച്ചാണ് എന്റെ
കൗമാര, യൗവന ശൂരത്വം രൂപപ്പെട്ടത്. അവരെ എതിര്‍ക്കാനായിരുന്നു എനിക്ക്
ത്വര. പക്ഷേ ആ ത്വര ഉണ്ടാക്കിയ ഊര്‍ജം കണ്ടില്ലെന്നു നടിക്കാനുമാവില്ല.
നിഴലുകള്‍ എവിടെ നിന്നും വരാം; പക്ഷേ സ്വയം സൂര്യനാകാനുള്ള ആഗ്രഹത്തില്‍
വിട്ടുവീഴ്ച ചെയ്യാനാവില്ല.
എഴുത്തിലൂടെ എതിര്‍ക്കപ്പെടേണ്ടതായി എന്താണു പുതുകവിതകളില്‍ വായിച്ചറിഞ്ഞത്?
കാര്യങ്ങള്‍ കഴിയുന്നത്ര ചുരുക്കി, കഴിയാവുന്നത്ര 'നേരേചൊവ്വേ' പറയുക
എന്നതായിരുന്നു പുതുകവിതയുടെ ഒരു പ്രധാന രീതി. തങ്ങള്‍ക്കു മുമ്പും
തങ്ങള്‍ക്കു പിന്നീടും ഉള്ള കവികളുടെ കുഴപ്പങ്ങള്‍ പുതുകവിതാ
പ്രസ്ഥാനത്തിലെ ഏതെങ്കിലും കവി പറയുകയാണെങ്കില്‍ അതില്‍ വാചാലത,
രൂപത്തിലുള്ള ശ്രദ്ധക്കുറവ് എന്നീ കാരണങ്ങള്‍ ആദ്ദേഹം
ചൂണ്ടിക്കാട്ടാനിടയുണ്ട്. ദളിത് കവികള്‍ ഒഴിച്ചുള്ള പുതുകവികള്‍ ആറ്റൂര്‍
രവിവര്‍മയോട് വെച്ചുപുലര്‍ത്തുന്ന ആദരവ് ശ്രദ്ധിക്കേണ്ടതാണ്. ദളിത്
കവികള്‍ക്ക് ആ ആദരവ് ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒന്നും വളച്ചുകെട്ടി
പറയരുത് എന്ന ആറ്റൂരിന്റെ നിലപാട് പുതുകവികളെ ആഴത്തില്‍
സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയും. സംസ്കൃത, ഇംഗ്ലീഷ്
ആഗോളവത്കരണങ്ങള്ക്കെതിരെ തായ്തമിഴ് പ്രാദേശികവത്കരണം മുന്നോട്ടു വച്ചത്
ആറ്റൂരാണ്. ആ മോഹം പുതുകവിതയില്‍ പരക്കെ ഉണ്ടായിരുന്നു. ചെറിയ, ചെറിയ
ആശയങ്ങള്‍ക്കു ചുറ്റും വേരുകളിലേക്കുള്ള മടക്കം സ്വപ്നം കണ്ടുകഴിയുക
എന്നത് പുതുകവിതയുടെ ഒരു പ്രധാന പോരായ്മ ആയിരുന്നു. തനി പ്രാദേശിക ലേബലില്‍
വിലസുമ്പോഴും പശ്ചാത്യ ഉത്തരാധുനികതയുടെ ഒഴുക്കില്‍ പെട്ട പേടകമായി
ചെറുതുകളിലുള്ള താല്പര്യം പുതുകവിതയെ മാറ്റി. മലയാളത്തിലെ ആധുനികത
പൂര്‍ണമായത് പുതുകവിതയിലാണ്. ആധുനികത, ഉത്തരാധുനികത എന്നീ അശ്ലീല
സങ്കല്പങ്ങള് അവരിലൂടെ കഴിഞ്ഞു പോയതില്‍ അവര്‍ക്ക് നന്ദി പറയണം.
ഇംഗ്ലീഷില്‍ നിന്നോ സംസ്കൃതത്തില്‍ നിന്നോ തമിഴില്‍ നിന്നോ ഹിന്ദിയില്‍
നിന്നോ അറബിയില്‍ നിന്നോ എവിടെ നിന്നാണെങ്കിലും നന്മ നന്മ തന്നെയാണെന്നാണ്
എന്റെ പക്ഷം. പരപ്പും ഒഴുക്കും പാടില്ല കുറുക്കലും ആഴവും ആണ് വേണ്ടത് എന്ന
വാദം ബാലിശമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഒഴുക്ക് പോലെ പ്രധാനപ്പെട്ട
ഒരു കാവ്യസങ്കേതം ഒഴിവാക്കിക്കൊണ്ടുള്ള ഒരു കളിക്കും ഞാന്‍ തയ്യാറല്ല.
കാവ്യ പ്രസ്ഥാനങ്ങളുടെ ഒരു കുഴപ്പമിതാണ്. പത്തുപേര്‍ക്ക് മഴനനയാതെ കയറി
നില്‍ക്കാനുള്ള വീടാണ് പലപ്പോഴും കവിതയില്‍ പ്രസ്ഥാനം. അതിനാല്‍ തന്നെ
എന്താകാം എന്തു പാടില്ല എന്നതരം നിയമങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരും.
ശ്രീകുമാര്‍ കരിയാടിനേയോ ബിനു പള്ളിപ്പാടിനേയോ പോലെയുള്ള പ്രധാനപ്പെട്ട
കവികളെ പുതുകവിതാ പ്രസ്ഥാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്
മാന്യന്മാരെ മാത്രം ഉള്‍ക്കൊള്ളുന്ന രീതിയിലായിരുന്നു ആ പ്രസ്ഥാനത്തിന്റെ
ആന്തരിക സംവിധാനം എന്നതിനാലാണ്.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ച കവികള്‍ കവിതയില്‍ പ്രസ്ഥാനങ്ങളോ
നിയമങ്ങളോ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നത് വളരെ പ്രധാനപ്പെട്ട
കാര്യമാണ്. ഒരു വീടുപണിത് തങ്ങളെ സുരക്ഷിതരാക്കുകയും ബാക്കിയുള്ളവരെ
മഴയത്തു നിര്‍ത്തുകയും ചെയ്യുന്ന പരിപാടി കവികള്‍ ചെയ്യാന്‍ പാടില്ല
എന്നതാണ് എന്റെ നിലപാട്.
പുതുകവിതയെ ആറ്റൂരുമായി ബന്ധപ്പെടുത്തുന്ന അതേരീതിയില്‍ എണ്‍പതുകള്‍ക്ക്
ശേഷം ജനിക്കുകയും എഴുത്തിലിപ്പോള് തുടരുകയും ചെയ്യുന്ന തലമുറയിലെ
ആഖ്യാനരീതിയിലും രൂപത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന എഴുത്തുകാരെ മേതില്‍
രാധാകൃഷ്ണന്റെ ഗദ്യസാഹിത്യവുമായി ബന്ധപ്പെടുത്തുന്നത് കാണാറുണ്ട്. ലതീഷ്
മോഹന്റെ കവിതകളും അത്തരത്തില്‍ പറയപ്പെടുന്നവയില്പ്പെടുന്നു. എന്ത്
തോന്നുന്നു?
നല്ല
ചോദ്യം. രൂപേഷ് പോള്‍ മുതല്‍ ഇങ്ങോട്ടുള്ള നിരവധി കവികളില്‍ മേതില്‍
സ്വാധീനം ആരോപിച്ചു കണ്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം ഈ കവികളെല്ലാം
മേതിലിനുവേണ്ടി മിഷണറി വര്‍ക് ചെയ്തിട്ടുണ്ട് എന്നതാണ്. മേതിലിനെ പോലൊരു
പ്രതിഭാധനനായ എഴുത്തുകാരനെ അവഗണിക്കാനുള്ള ശ്രമം അതുവരെയുള്ള സാഹിത്യ
ചരിത്രത്തില്‍ നടന്നിട്ടുണ്ട് എന്ന് തോന്നിയതിനാലാണ് അങ്ങനെ ഉണ്ടായത്
എന്നാണ് എനിക്കു തോന്നുന്നത്. മേതിലിനെ പോലെ കവിതയോ ഗദ്യമോ എഴുതുന്ന
ഏതെങ്കിലും ഒരാള്‍ കേരളത്തിലുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. കല്പറ്റ
നാരായണനില്‍ വരെ മേതില്‍ സ്വാധീനം ആരോപിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
മേതിലിന് മിഷണറി വര്‍ക് ചെയ്ത ഒരാളാണ് കല്പറ്റ. പാരമ്പര്യവായനയില്
നമ്പ്യാര്‍ക്കും വൈലോപ്പിള്ളിക്കും എം ടിക്കും മലയാറ്റൂര്‍ രാമകൃഷ്ണനും
ഒപ്പം മേതിലിനേയും ഉള്‍പ്പെടുത്തുക എന്നതാണ് ഈ എഴുത്തുകാര്‍ ചെയ്തത്.
ചുള്ളിക്കാടിന്റെ ശീല് പാരമ്പര്യത്തിലേക്ക് സാംശീകരിക്കപ്പെട്ട പോലെ,
മേതിലിന്റെ ശീലും സാംശീകരിക്കപ്പെട്ടു. അതൊരിക്കലും മലയാള കവിതാ
പാരമ്പര്യത്തില്‍ കലരരുത് എന്ന ശാഠ്യം ചിലര്ക്കുണ്ടായിരുന്നതു കൊണ്ടാണ് ആ
വിഷയത്തില്‍ മിഷനറി വര്കിന്റെ ആവശ്യം ഉണ്ടായത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ലോകത്തെ അറിയാന്‍ മലയാളി സാഹിത്യകാരന്മാര്
പൊതുവേ ഉപയോഗിച്ചിരുന്ന ഭാഷയില്‍ വന്ന വ്യത്യാസമാണ്. സംസ്കൃതവും തമിഴും
കഴിഞ്ഞ് ഇംഗ്ലീഷിലൂടെ ലോകസഞ്ചാരം നടത്തിയ വ്യക്തിയാണ് മേതില്‍. പിന്നീട്
വന്നവരും പ്രധാനമായും ഇംഗ്ലീഷിനെ ആണ് ആശ്രയിച്ചത്. മേതിലും പിന്നീട്
വന്നവരും ഒരേ ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായിച്ചത് എന്നും പറയാന്‍ കഴിയും:
ഉദാഹരണത്തിന് നീഷേയിലൂടെ തുടരുന്ന തത്വചിന്താ വഴി. പക്ഷേ,
മേതിലിനോടെന്നതിനേക്കാള് പുതുകവിതയോടാണ് എണ്‍പതുകളില്‍ ജനിച്ചവര്‍
പ്രധാനമായും ഇടപെട്ടത്. പക്ഷേ, ആധുനികതയും പുതുകവിതയും സൃഷ്ടിക്കാന്‍
ശ്രമിച്ച നിയമങ്ങളെ അവര്‍ പൂര്‍ണമായും നിരസിച്ചു. കൂടുതല്‍ തുറവ്, കൂടുതല്‍
ഒഴുക്ക്, കൂടുതല്‍ നിറം എന്നീ ആശയങ്ങളാണ് (ഈ വിഷയത്തില്‍
ഇന്റര്‍നെറ്റിന്റെയും സ്ത്രീവാദത്തിന്റേയും സ്വാധീനം കാണണം) പുതുകവിതയ്ക്കു
ശേഷമുള്ള കവികളെ പാരമ്പര്യത്തില്‍ നിന്നും വിച്ഛേദിക്കുന്നത്.
പുതുകവികളിലാരെങ്കിലും ആറ്റൂരിനെ അനുകരിച്ചു എന്ന് എനിക്ക് അഭിപ്രായമില്ല.
ആറ്റൂരിന്റെ അടിസ്ഥാന കാവ്യചിന്ത അതിനുശേഷം വന്ന തലമുറയുടെ ബാക്ഗ്രൗണ്ടില്‍
അവര്‍ പോലും അറിയാതെ പ്രവര്‍ത്തിച്ചു എന്നാണ് എന്റെ വാദം. മേതിലിന്റെ
അടിസ്ഥാന ചിന്തകള്‍ക്ക് - അതിബുദ്ധിമാനായ ആണിനും അതിനോളം ബുദ്ധിമതിയായ
പെണ്ണിനും ഇടയില്‍ നടക്കുന്ന അധികാര ലീല; തീവ്രമായ പ്രകൃതിവാദം - കാര്യമായ
തുടര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അത്ര പെട്ടന്ന് അനുകരിക്കാന്‍ കഴിയുന്നതല്ല
മേതിലിന്റെ കല.
സൈബറിടം ഉപയോഗപ്പെടുത്തി ശ്രദ്ധേയരായ കവികളില്‍ പലരും മുന്‍ തലമുറകളുടെ
എതെങ്കിലും പ്രത്യേകതരം കാവ്യനിയമങ്ങള്ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പരിഗണന
കൊടുത്തതായി കാണുക പ്രയാസമാണ്. ഇത്തരത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന
താങ്കളടക്കമുള്ള ഒരുകൂട്ടം കവികളെ വായനസമൂഹത്തിന് മുന്നിലെത്തിച്ച
മാധ്യമമെന്ന നിലയില്‍ ബ്ലോഗിനെ എങ്ങനെ കാണുന്നു?
ഇന്റര്‍നെറ്റ് സാധ്യമാക്കിയ വിതരണ സംവിധാനം കവികള്‍ പല രീതിയില്‍
ഉപയോഗിച്ചു എന്നത് വസ്തുതയാണ്. പക്ഷേ, ബ്ലോഗിലൂടെ വായനക്കാരെ കണ്ടെത്തിയ
പ്രധാന കവികള്‍ മിക്കവാറും എല്ലാവരും തന്നെ അതിനുമുമ്പ് പ്രിന്റ്
മിഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നവരാണ്. പ്രിന്റ് മീഡിയയും പുതുകവിതാ
പ്രസ്ഥാനവും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല എന്നു
വിശ്വസിച്ച ചിലരുടെ അതിവൈകാരിക പ്രകടനങ്ങളാണ് ബ്ലോഗ് എന്തോ അദ്ഭുത
കര്‍ത്തവ്യം നിര്‍വഹിച്ചു എന്ന തോന്നലുണ്ടാക്കിയത്. എന്റെ പ്രായത്തിലുള്ള
മിക്കവാറും എല്ലാ കവികളെയും ഇന്റര്‍നെറ്റിനു മുമ്പ് കവിതാ ക്യാമ്പുകളില്‍
വെച്ചും മറ്റുമായാണ് ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ഇന്റര്‍നെറ്റിനു ശേഷം
കാവ്യശൈലിയില്‍ മാറ്റം വരുത്തിയവരും കുറവാണ്. ഇപ്പോഴത്തെ അവസ്ഥ നോക്കൂ:
പ്രിന്റ് കവി എന്ന് സ്വയം നടിച്ചിരുന്നവരൊക്കെ ഇന്റെര്‍നെറ്റില്‍ സജീവമാണ്.
ചത്താലും അച്ചടിയിലേക്കില്ല ഇന്റര്‍നെറ്റു മാത്രമാണ് എന്റെ തട്ടകം എന്നു
നിലവിളിച്ചവരെല്ലാം പ്രിന്റില്‍ സജീവം. കവിത ഏതുവഴി വന്നാലും കവിത
തന്നെയാണ്. വിതരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ കവിതയെ
തരംതിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഫോര്‍ട്ട് കൊച്ചിയിലെ ബാക്ക്യാഡ് സിവിലൈസേഷനെന്ന ആര്‍ട്ട് ഗാലറിയുമായി
ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണു ലതീഷ്. വിഷ്വല്‍
ആര്‍ട്ടിസ്റ്റുകളുമൊത്തുള്ള സഹവാസം താങ്കളുടെ കാവ്യപ്രവര്ത്തനത്തില്
എന്തൊക്കെ ഇടപെടലുകളാണു നടത്തിയിട്ടുണ്ടാകുക?
ചിത്രകലയിലും പ്രകടനത്തിന്റെ തത്വചിന്ത(philosophy of
performance)യിലുമുള്ള താല്പര്യം ബി സിക്ക് മുന്നേയുള്ളതാണ്.
അതുള്ളതുകൊണ്ടാണ് ബി സി ഉണ്ടായതു തന്നെ. ഒരു പ്രത്യേക കാലത്ത്, ഒരു
പ്രത്യേക സ്ഥലത്ത് ചില സമയത്ത് പരസ്പരം സ്നേഹിച്ചും അല്ലാത്തപ്പോള്‍
കലഹിച്ചും ജീവിച്ച ഒരു വലിയകൂട്ടം ആളുകളില്‍ ഈ രണ്ടു താല്പര്യങ്ങളും
ഭാഷാഉന്മാദവും എതിര് രാഷ്ട്രീയ ത്വരയും ഒരുമിച്ചുണ്ടായതു കൊണ്ടാണ് ബി സി
എന്ന സാധ്യത യാഥാര്‍ത്ഥ്യമായത്. ആ വഴി എന്തു വന്നു, ആവഴിക്ക് എന്തു പോയി
എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ബി സി ഒരു കൈവിട്ട കളിയാണ്.
അതിനുവേണ്ടി ചിലവിട്ട ചങ്കൂറ്റവും ഭ്രാന്തും പാഴാകില്ല എന്നാണ് ഇതുവരെയുള്ള
അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്.
[2015, സെപ്റ്റംബര്‍]
[2015, സെപ്റ്റംബര്‍]