കനം

പി. രാമൻ
                                                                                                                                                          
ഇല്ലാത്തവയുടെ മുഴുവൻ കനം
ഉള്ളവ പേറണമെന്ന്
ഒരു വിളംബരം
ഇതിലേ കടന്നുപോയി

അതോടെ
പകലന്തിയോളം നീണ്ട
ഈ ഇരിപ്പിൽ
ഇല്ലാത്ത ജോലിയുടെ ഭാരം
ഞാനനുഭവിച്ചുതുടങ്ങി.

ഇല്ലാത്ത ദുഃഖത്തിന്റെ കനമാണു
നീണ്ടു നിവർന്നു നിൽക്കുമ്പോഴത്തെ
ഈ കൂനു

മെതിക്കളത്തിലേക്ക്‌ ഏറ്റിപ്പോകുന്ന
കറ്റപോലെയാണു
ഇല്ലാത്ത പ്രേമത്തിന്റെ കനം

ഇല്ലാത്ത സ്വാതന്ത്രത്തിന്റെ കനം
ഈ അലച്ചിൽ

ഇപ്പോൾ സമീപത്തെങ്ങുമില്ലാത്ത
മരണത്തിന്റെ കനമാണു
തട്ടിൻമുകളിലെ കൊളുത്തിലേക്കു പായുന്ന
എന്റെയീ രസികൻ നോട്ടം

ഇല്ലാത്ത നിദ്രയുടെ കനം
ഈ ദുസ്വപ്നം

അപ്പോഴേക്കും
വാക്കുകളുടെ കനം സഹിച്ച്‌
ചുണ്ടുകൾ തളർന്നുകഴിഞ്ഞിരുന്നു.
കനം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇല്ലാത്തവയുടെ മുഴുവൻ കനം
ഉള്ളവ പേറണമെന്ന്
ഒരു വിളംബരം
ഇതിലേ കടന്നുപോയി

തകർന്നുവീണ ഒരത്താണി
അതുകേട്ട്‌
ഇല്ലാത്ത ശ്രദ്ധയുടെ കനം
അന്തരീക്ഷത്തിന്മേൽ ചാരി

© 2000, പി. രാമൻ
മൂലകൃതി: കനം
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ