കാണെക്കാണെ

പി. പി രാമചന്ദ്രൻ

സിഗ്നൽ മാറിപ്പോയതിനാൽ
പാളം തെറ്റിപ്പോയ ഒരു തീവണ്ടി
പുലർച്ചെ
പാടത്തേയ്ക്കിറങ്ങുന്ന
കുണ്ടനിടവഴിയിൽ
വന്നു നിന്നു.

ബ്രേക്കിട്ടപ്പോൾ
അപരിചിതമായ
ഇരുമ്പുചക്രങ്ങളുടെ
അലർച്ച കേട്ട്
നായ്ക്കൾ കുര തുടങ്ങി

പൂച്ചകൾ
ജാഗ്രതയുടെ
രോമവില്ലു കുലച്ചു

കിയോ കിയോ കൗതുകങ്ങളെ
ചിറകിൻ കീഴിലൊതുക്കി
ഗ്രാമം തലപൊക്കിനോക്കി

വേലിമുള്ളും
മരക്കൊമ്പുകളും തട്ടി
ഏ സി സ്ലീപ്പർ കോച്ചുകളുടെ
പുറംതൊലി
അങ്ങിങ്ങു കീറിയിരിക്കുന്നു.

റിസർവേഷൻ കമ്മാർട്ടുമെന്റിന്റെ
പുറത്തൊട്ടിച്ച ചാർട്ട് നോക്കി
ഒരണ്ണാൻ
ഉറക്കെ പേരുകൾ വായിക്കുകയാണ്

ദീർഘയാത്രയുടെ മുഷിച്ചിലോടെ
കോട്ടുവായിട്ടുകൊണ്ട്
നിർത്തിയിട്ട സ്റ്റേഷൻ
ഏതെന്ന് നോക്കാനായി
ഒരു കെട്ട നാറ്റം
വാതിൽക്കലെത്തി

സിഗ്നൽ കാത്ത് കാത്ത്
മടുത്ത എഞ്ചിൻ ഡ്രൈവർ
തൊട്ടടുത്ത പറമ്പിലേക്ക് ചാടി
ഒരു പഴുക്കടയ്ക്ക പെറുക്കിവന്നു
ചെല്ലം തുറന്നു

കാണെക്കാണെ
കൗതുകംപോയി
എല്ലാം പരിചിതമായി

മണപ്പിച്ചും മൂത്രിച്ചും
നായ്ക്കൾ വണ്ടി
വീട്ടുകോലായയാക്കി.

ഞെളിഞ്ഞും ചുരുണ്ടും
പൂച്ചകൾ ബർത്ത്
അടുപ്പുതിണ്ണയാക്കി.

കൂറ്റൻ ബോഗികൾക്കിടയിൽനിന്നും
കിയോകിയോ
കേട്ടു തുടങ്ങി.

പിന്നീടെപ്പോഴാണ്
സിഗ്നൽ കിട്ടിയതെന്നറിയില്ല.
ദൂരെ, തോട്ടുവരമ്പത്തുകൂടെയുണ്ട്
അതു പോകുന്നു

ആവിയോ
പുകയോ
ശബ്ദമോ ഇല്ല.

ഒരുകൂട്ടം ഉറുമ്പുകൾ
വലിച്ചുകൊണ്ടുപോവുകയാണ്
അതിനെ.

© 1997, പി. പി രാമചന്ദ്രൻ
മൂലകൃതി: കാണെക്കാണെ
പ്രസാധകർ : കറന്റ് ബുക്ക്സ്, തൃശൂർ