കണ്ണകി

ടി.പി. രാജീവൻ
                                                                                                                                  
എന്റെ മുലകളെവിടെ?
പ്രതികാരാഗ്‌നിയിൽ നഗരങ്ങൾ ചാമ്പലാക്കാൻ
പറിച്ചെറിഞ്ഞതല്ല.
അർബുദം വന്ന് മുറിച്ചുമാറ്റിയതുമല്ല.
അടുത്തവീട്ടിലെ കല്യാണിക്ക്
കല്ല്യാണത്തിന് പോകാൻ കടം കൊടുത്തതുമല്ല.
എന്റെ മുലകളെവിടെ?

ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ
പതിവുപോലെ ബ്രായഴിച്ചു
തടവി ഉറപ്പുവരുത്തിയിരുന്നു.
വാതിലടച്ച് കുറ്റിയിട്ടിരുന്നു.
ജനൽപ്പാളികൾ തുറന്നിരുന്നില്ല.
ഒച്ചയോ അനക്കമോ കേട്ടിരുന്നില്ല.

കൂടെ പഠിച്ച അനിരുദ്ധൻ
താഴത്തെവീട്ടിലെ ചേച്ചിയുടെ ഗൾഫിലുള്ള ഭർത്താവ്
ഇടയ്ക്കിടെ അച്ഛനെ കണാൻ വരുന്ന,
അമ്മയുടെ ഒരു വകയിലെ അമ്മാവൻ,
പിരമിഡുകളുടെ ചുറ്റളവു കണാൻ പഠിപ്പിച്ച സുകുമാരൻസാർ
എത്ര വേഗത്തിൽ പോകുമ്പോഴും എന്നെ കണ്ടാൽ
നിർത്തിത്തരുന്ന സൂപ്പർഫാസ്റ്റ് ഡ്രൈവർ
എത്രവൈകിച്ചെന്നാലും ഒപ്പിടാൻ സമ്മതിക്കുന്ന
സൂപ്രണ്ട്, കോങ്കണ്ണൻ കുറുപ്പ്‌സാർ.
പലരും കണ്ണുവെച്ചതാണ്.
എന്റെ മുലകളെവിടെ?

കുറച്ചുദിവസങ്ങളായി ഒരു കറുത്ത കണ്ണട പിന്തുടരുന്നു.
രോമാവൃതമായ ഒരു കൈ എപ്പോഴും നീണ്ടുവരുന്നു.
അളവെടുക്കുന്ന നാട മാറിൽ വീണ്ടും വീണ്ടും മുറുകുന്നു
ഒരു ക്യാമറ ഒളിച്ചുനോക്കുന്നു.
ബ്ലൗസിനുള്ളിൽ ഇടയ്ക്കിടെ ഒരു പഴുതാര കടന്നുകൂടുന്നു.
ഉടുപ്പുമാറുമ്പോൾ ഒരു പുള്ളിപ്പൂച്ച നോക്കി നൊട്ടിനുണയുന്നു
അമ്പലക്കുളത്തിലെ വെള്ളം വെറുതേ കുളിപ്പിക്കുന്നു.
തെക്കേ അകത്തെ ഇരുട്ടിനു കട്ടികൂടുന്നു.
കുന്നുകൾ കാർന്നുതിന്നുന്ന ഒരു യന്ത്രം
കാലത്തും വൈകീട്ടും ഇതുവഴി കടന്നുപോകുന്നു.
എന്റെ നിഴലിന് അസമയത്ത് നീളം വയ്ക്കുന്നു.
എല്ലാവരേയും എനിക്ക് സംശയമുണ്ട്.

ഇന്ന് ഒരു തുള്ളി ചോരപോലും പൊടിയാതെ
എത്ര റാത്തൽ മാംസവും മുറിച്ചെടുക്കാവുന്ന
കത്തികളുണ്ട്, എനിക്കറിയാം
എന്റെ മുലകളെവിടെ?
മുലകൾ മഹദ്വചനങ്ങൾക്കുള്ളതല്ല
ഒരു ഉമ്മ, പല്ലുകൊണ്ടൊ നഖം കൊണ്ടൊ
ഏറിയാൽ ഒരു ചെറുപോറൽ;
തകർന്ന ഉദ്ധൃതഗോപുരങ്ങളെപ്പറ്റിയല്ല
അമ്മയുടെ നഷ്ടപ്പെട്ട മുലകളെപ്പറ്റിയാണ്
കവി ഇപ്പോൾ പാടുന്നത്*

പത്രത്തിൽ പരസ്യം കൊടുക്കാമെന്നുണ്ട്;
പക്ഷെ, കണ്ണും മൂക്കും ചുണ്ടും പോലെ
മുലകളെ തിരിച്ചറിയുന്നതെങ്ങിനെ?
എല്ലാ മുലകളിലും കാണില്ലെ ഒരു കറുത്ത കല!
എന്റെ മുലകൾ എന്റെ മുത്തശ്ശിമാർ,
മറാക്കുടയ്ക്കുള്ളിൽനിന്ന് ഒരിക്കലും പുറത്തുവരാത്തവർ,
എന്റെ കൂടെ കുപ്പായത്തിൽ കയറി
കാശിക്കുപോന്ന പാവം കൂറകൾ,
എന്റെ മുലകൾ എന്റെ പേരക്കുട്ടികൾ,
രണ്ടു കളിപ്പാട്ടങ്ങൾ, കായ്കനികൾ
എന്റെ മുലകളെവിടെ?

കാലത്ത്
ടെലിവിഷൻവാർത്തയിൽ ഞാനെന്റെ മുലകൾ കണ്ടു
അവയ്ക്കിടയിൽ വിരലോടിക്കുന്ന ഒരാൾക്കൂട്ടത്തേയും
പക്ഷെ, കുന്നുകൾക്കിടയിലൂടെയുള്ള
അഭയാർത്ഥിപ്രവാഹത്തിന്റെ വിദൂരദൃശ്യമായിരുന്നു അത്.

എന്റെ മുലകളെവിടെ? കണ്ടുകിട്ടുന്നവർ ഒന്ന്,
അമ്മയുടെതായാലും കാമുകിയുടെതായാലും
കമ്പാർട്ടുമെന്റിൽ എതിർസീറ്റിലിരുന്ന്
കുഞ്ഞിനു മുലകൊടുക്കുന്ന സ്ത്രീയുടെതായാലും
ജീവിതത്തിൽ മുലകുടിക്കാത്തവർക്ക് നൽകുക, മറ്റേത്,
മുലമുളയ്ക്കാത്ത കാലത്ത്
എന്നെ പേടിപ്പിച്ച ഒറ്റമുലച്ചിക്കും

വേഷം കെട്ടാൻ എനിക്കുവേണം
രണ്ടു കണ്ണൻചിരട്ടകൾ
_______

* നൊ അഹോഫൻബർഗ്, ലിയോണോർ വിൽസൺ എന്നീ അമേരിക്കൻ കവികൾ


©  ടി.പി രാജീവൻ
മൂലകൃതി: വയൽക്കരെ ഇപ്പോഴില്ലാത്ത
പ്രസാധകർ: ഡിസി ബുക്ക്സ്