കവരത്തി ദ്വീപ്‌

ഹരികൃഷ്ണൻ

എന്റേതല്ലാത്ത തെങ്ങിന്‍തോപ്പുകള്‍
എന്റേതല്ലാത്ത സൈക്കിള്‍
എന്റേതല്ലാത്ത പത്തടിപ്പാത
എന്റേതല്ലാത്ത വെണ്‍മണല്‍.

എന്റേതല്ലാത്ത പവിഴപ്പുറ്റുകള്‍
എന്റേതല്ലാത്ത തത്തമീനുകള്‍
എന്റേതല്ലാത്ത മരതകക്കടല്‍

അടിത്തട്ടില്‍ പതിയിരിക്കുന്ന,
എന്റേതല്ലാത്ത കല്‍മത്സ്യങ്ങള്‍.

എന്റേതല്ലാത്ത സൂര്യാസ്തമയം
എന്റേതല്ലാത്ത സൗരവിളക്ക്‌
എന്റേതല്ലാത്ത സാന്ധ്യവെളിച്ചം
എന്റേതല്ലാത്ത ഇരുള്‍മേഘം.

തടവുകാരും പൊലീസുകാരുമില്ലാതെ
ഒഴിഞ്ഞു കിടക്കുന്ന,
എന്റേതല്ലാത്ത ജയില്‍.

എന്റേതല്ലാത്ത തണുത്ത കാറ്റ്‌
എന്റേതല്ലാത്ത സിഗരറ്റ്‌ പുക
എന്റേതല്ലാത്ത ഏകാന്തത.

എന്റേതല്ലാത്ത ഞാന്‍.

© 2007, ഹരികൃഷ്ണൻ