കവിത മനസ്സിലാവാത്തവരോട്

ഡി. വിനയചന്ദ്രൻ
                                                                                                                                                                   
നിങ്ങൾ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയിൽ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാൻ അയൽക്കാരിയെയും വിളിക്കുക
വസന്തത്തിൽ മല കയറുക
വെളുത്ത പക്ഷത്തിൽ മുക്കുവരോടോത്ത് കടലിൽ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദർഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
പെരുമഴയിൽ ഒറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയിൽ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാൻ
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയിൽ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പിൽ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കൽ മുകനായി ഊരുചുറ്റുക
കല്ലിൽ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേൾക്കുക
കുട്ടിക്കാലത്തെ ഇടവഴികൾ ഓർക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏൽപ്പിച്ച്
നദിയിൽ നക്ഷത്രം നിറയുന്നത് നോക്കുക.

© ഡി. വിനയചന്ദ്രൻ