കോരിത്തരിച്ച നാൾ

ടി.പി. രാജീവൻ
                                                                                                                                                                  
ജീവിതത്തിലാദ്യമായ്
കോരിത്തരിച്ചത്
ഇന്നും ഓർമയുണ്ട്.

അച്ഛൻ തൊടിയിൽ
നിന്നും ഇരുന്നും
ചേമ്പുനടാൻ
തടം എടുക്കുകയായിരുന്നു.

അത് കിളച്ചെടുത്ത്
രോമവും തൊലിയും കളഞ്ഞ്
ചൊറിമാറാൻ
മൂന്നുതവണ കഴുകിമറിക്കാനുള്ള വെള്ളം
തിളപ്പിക്കാൻ
അടുപ്പിൽ തീകൂട്ടുകയായിരുന്നു
അമ്മ

അത് വെന്ത്, ചൂടാറി
തൊട്ടുകൂട്ടാൻ,
ചായ്പിലിരുന്ന്
വെളിച്ചെണ്ണയിൽ
ഉപ്പും മുളകും ചാലിക്കുകയായിരുന്നു
ചേച്ചി.

ആരും കാണാതെ
ഭൂമിയുടെ
പൊള്ളുന്ന മുട്ടകളിലൊന്നെടുത്ത്
അപ്പാടെ വിഴുങ്ങി
ഇറക്കാനും തുപ്പാനും വയ്യാതെ
നിന്നു തുള്ളുകയായിരുന്നു
ഞാൻ.

അപ്പോൾ
നാളെ തളിർക്കും ഇലകളിലോ
ചുട്ടുപഴുത്ത പാത്രത്തിലോ
അടഞ്ഞ അണ്ണാക്കിലോ
എവിടെ തുള്ളിയിടും എന്നു ശങ്കിച്ച്
ഒരു മേഘം മുറ്റത്ത്,
കോരിത്തരിച്ചുപോയ്
ഞാൻ.

©  ടി.പി രാജീവൻ
മൂലകൃതി: വയൽക്കരെ ഇപ്പോഴില്ലാത്ത
പ്രസാധകർ: ഡിസി ബുക്ക്സ്