കോഴിപ്പങ്ക്

കെ. സച്ചിദാനന്ദൻ
                                                                                                                                                                    
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ—കുന്നിക്കുരു-
      കണ്ണെനിക്കു തരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ—എള്ളിൻപൂ
      വിരലെനിക്കു തരിൻ-കരിമ്പിൻ
      നഖമെനിക്കു തരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷെ; തുടിയുടെലിനിക്കു തരിൻ-ശംഖിൻ
      കുരലെനിയ്ക്കു തരിൻ-കുഴൽ
      കരളെനിയ്ക്കു തരിൻ-തംബുരു
      കുടലെനിയ്ക്കു തരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ-പൂക്കില-
      പൂടയെനിയ്ക്കു തരിൻ-കൈതോല
      വാലെനിയ്ക്കു തരിൻ-തീപ്പൊരി-
      ചേലെനിയ്ക്കു തരിൻ-പുത്തരി-
      യങ്കമെനിയ്ക്കു തരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പോട്ടെ
      കോഴിക്കൊമ്പു നിങ്ങളെടുത്തോളിൻ
      പല്ലു നിങ്ങളെടുത്തോളിൻ
      പൂവൻമുട്ട നിങ്ങളെടുത്തോളിൻ
      മുലയും നിങ്ങളെടുത്തോളിൻ

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
   പക്ഷേ,
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ.

© 1972,  കെ. സച്ചിദാനന്ദൻ