കോഴിയമ്മ

വിഷ്ണുപ്രസാദ്

ഒരു മുട്ടയിട്ടതിന് ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍ പൊതിഞ്ഞു വരുന്ന
തങ്കമണി ചോദിച്ചു
ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.
പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ മുട്ട
തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നാളെ മുതല്‍ മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍ നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?
ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന് പരിഹസിച്ചുകൊണ്ട്
കോഴിയമ്മ ഒറ്റ ഓട്ടം വെച്ചുകൊടുത്തു

© വിഷ്ണുപ്രസാദ്
മൂലകൃതി: കുളം+പ്രാന്തത്തി
പ്രസാധകർ: ഡേൽഗേറ്റ് ബുക്ക്സ്