കോഴിയും മനുഷ്യനും

കെ. ആർ ടോണി

പ്ലമേനമ്മായിയുടെ വീട്ടില്‍
നൂറുകണക്കിന് കോഴികളുണ്ട്.
വീട്ടിനകത്തും പത്തായത്തിലും
ഊണ്‍മേശയുടെ അടിയിലും പുരപ്പുറത്തും
വൈക്കോല്‍ത്തുറുവിനു മുകളിലും മുറ്റത്തും
ഒക്കെയുണ്ടാവും അവ.
ഞാന്‍ ചവിട്ടിക്കൂട്ടിയ
കോഴിക്കാട്ടങ്ങളുടെ എണ്ണത്തിനു കണക്കില്ല.

പെണ്‍മക്കളുടെ മാപ്ലമാര്‍ വരുമ്പോള്‍ അമ്മായി
മുട്ടയടിച്ച ചായ കൊടുക്കും;
ഊണിന് കോഴിക്കൂട്ടാന്‍ കൊടുക്കും.
കോഴിയെ കൊല്ലാന്‍ പൊട്ടനെ വരുത്തും.
തിളച്ച വെള്ളത്തില്‍ ഇട്ടാല്‍
കോഴിത്തൂവലുകള്‍ എളുപ്പം പറിഞ്ഞുപോരും.

കോഴി മണ്ണു ചിക്കുന്നത്
ഞാന്‍ നോക്കിനിന്നുപോകും.
ഇടത്തുകാലുകൊണ്ട് രണ്ടു വലിക്കുശേഷം
വലത്തുകാലുകൊണ്ട് മൂന്നു വലി
പിന്നെ ഇടംകാലുകൊണ്ട് ഒന്ന്
വലംകാലുകൊണ്ട് ഒന്ന്-
ആകെ ഏഴു മാന്ത്!
ഇങ്ങനെയാണ് കോഴി ചിക്കുക.
ആദ്യത്തെ രണ്ടു വലിക്കു ശേഷം
മുഖം ഒന്നുയര്‍ത്തും.

കോഴിനന്നി മഹാശല്യകാരിയാണ് മനുഷ്യന്.
കോഴിക്ക് പലതരം സൂക്കേടുകള്‍ വരും,
അതിനു പ്രത്യേക ചികിത്സയൊന്നും
അമ്മായി നല്‍കാറില്ല.
കിണറ്റിലോ കുളത്തിലോ വീണാല്‍
കുട്ടയിറക്കിക്കൊടുക്കും.

മുട്ടയിട്ട ശേഷം പിടയുണ്ടാക്കുന്ന ശബ്ദം,
പൊരുന്നയിരിക്കുന്നതിനിടയില്‍
കാട്ടമിടാന്‍ പോകുമ്പോഴുണ്ടാക്കുന്ന ശബ്ദം,
കാക്ക റാഞ്ചാന്‍ വരുമ്പോള്‍
തള്ളയുണ്ടാക്കുന്ന ശബ്ദം,
തീറ്റ കണ്ടെത്തുമ്പോള്‍
കുഞ്ഞുങ്ങളെ ക്ഷണിക്കുന്ന ശബ്ദം-
എല്ലാം ഒന്നിനൊന്നു വ്യത്യസ്തം!

കോഴിക്ക് ഇരുപതോളം അടിസ്ഥാനശബ്ദങ്ങള്‍
ഉണ്ടാക്കാന്‍ കഴിയുമെന്നു ശാസ്ത്രം!
ഇവ ഒന്നിച്ച് ഒന്നിനു പിറകെ മറ്റൊന്നായി
പല രീതിയില്‍ വിന്യസിക്കാന്‍ കഴിഞ്ഞാല്‍
കോഴികള്‍ക്കും സ്വന്തമായി ഒരു ഭാഷയും
സംസ്കാരവും ഉണ്ടാവും;
ഒരുപക്ഷെ മനുഷ്യന്റേതിനേക്കാള്‍ മികച്ചത്!
എങ്കിലും കൂവിത്തോല്പിക്കുന്നതില്‍
മനുഷ്യന്‍ കോഴിയേക്കാള്‍ മുന്നില്‍ത്തന്നെ!

© കെ. ആർ ടോണി
മൂലകൃതി: പ്ലമേനമ്മായി
പ്രസാധകർ: ഡിസി ബുക്ക്സ്