മധുരനീലി തീണ്ടാരിത്തണുപ്പിൽ

പത്മ ബാബു

പപ്പായത്തണ്ടിലൂടെ
വീഞ്ഞൂറിയെടുത്ത
ഒരു ഞായറവധിയിലാണ്
പതിനഞ്ച് ഗോവണിപ്പടികൾ
ഒറ്റകുതിപ്പിൽ ചാടിയിറങ്ങി
ആർത്തലച്ച് വന്ന
മധുരനീലി ആദ്യമായി തിരളിയത്.

അവളുടെ അണ്ഢങ്ങൾ
തക്കാളിപഴം ഞെക്കിയ പോലെ,
'പ്‌ളുക്ക്' ന്ന് പഴുത്ത്,
അടിവയറ്റീന്ന് തുരുതുരെ ഒലിച്ചിറങ്ങി.
മൂത്തവർ അവളെ തീണ്ടാരിത്തുണി ചുറ്റിച്ചു.

മഞ്ഞിച്ച മഞ്ഞൾ
മേത്ത് പുരണ്ടപ്പോൾ
ക്രമേണ അവൾ തണുത്ത് തുടങ്ങി.
ഒരു കോണിൽ
അലക്കിയ നേര്യത് പുതച്ചിരുന്നപ്പോഴും
അവൾ പതിവു തെറ്റി തണുത്തു കൊണ്ടിരുന്നു.

ഒരു ഓട്ട്പാത്രവും, ഗ്ലാസും
നീക്കിവെയ്ക്കപ്പെട്ട്
അവൾ അശുദ്ധായ് മാറി.
തുണി കീറികീറിയും
ചോരവട്ടങ്ങൾ ഉലുമ്പിയും
അവൾക്ക് കൈ വേദനിച്ചു.

സന്ദർശകർ കൊണ്ടു വന്ന
ആപ്പിൾകഷ്ണങ്ങൾ
ഓരോന്നായി മതിലിനപ്പുറത്തേയ്ക്ക്
വലിച്ചെറിഞ്ഞവൾ ആനന്ദം കൊണ്ടു.
ചമഞ്ഞൊരുങ്ങാൻ പാടില്ലെന്ന് പറഞ്ഞിട്ടും
ചുമര് ചുരണ്ടിയ കുമ്മായം തേയ്ച്ച്
അവൾ മുഖം മിനുക്കി.

അപ്പോഴാണ്
മാറാത്ത ആ കീറൻത്തണുപ്പിൽ
ഒരപരിചിതനായ പുരുഷനൊപ്പം
കിടക്കുന്നത് അവളോർത്ത് നോക്കിയത്.
പിന്നീട്,
എല്ലാ മാസവും മധുരനീലി കാത്തിരുന്നു,
ഒരു അണ്ഢം
ബീജത്തെ നോക്കിയിരിക്കും പോലെ,
ആ തീണ്ടാരിതണുപ്പിനായ്.

© പത്മ ബാബു
മൂലകൃതി: മറുകുകളിൽ കടലനക്കം: ഓംകാരം
പ്രസാധകർ: ഡിസി ബുക്ക്സ്