മരങ്ങളുടെ ആശുപത്രി

വീരാൻകുട്ടി
    അനിൽഅഗർവാളിന്

നല്ല നടപ്പിന്
നാം പോകണം
മരങ്ങളുടെ ആശുപത്രിയിൽ.

പച്ചവറ്റിയ മൂർദ്ധാവിൽ
നിലാവ്
എണ്ണ പൊത്തും തൊടിയിൽ

നീരറുക്കാൻ വെയിൽ,
ധാരപാരാൻ മഴ
വന്നുപോകുന്ന തുറസ്സിൽ.

പഞ്ഞിയും ടിഞ്ചറുമായ്
കാറ്റ്
മുറിവൊപ്പും വരാന്തയിൽ
മരങ്ങളുടെ ആശുപത്രിയിൽ.

പഴുത്തു പൊട്ടുന്നവയെ കാണണം
വരിയുടഞ്ഞു കിടക്കുന്നവയെ
സ്തനങ്ങൾ അസാധാരണമായി വലുതാകുന്ന
പപ്പായമരങ്ങളുടെ വാർഡിൽ,
മുടിയെല്ലാം മഞ്ഞച്ചു കൊഴിയുന്ന
പുന്നാഗത്തിന്റെ അടുത്ത്
അവയുടെ മണം ഏറ്റുകൊണ്ട്
തല കുനിച്ച്.

ധൈര്യമായി നടക്കാം
ഓർമ്മ  തെറ്റിയ ഇരിപ്പിൽ
അവ തിരിച്ചറിയുകയില്ല നമ്മെ
നാം ഊട്ടിയ മലിനം

കുടിപ്പിച്ചത്
കുത്തിവെച്ചത്
തികട്ടുകയുമില്ല.

കുളിക്കുമ്പോഴും
ജടപിടിച്ചത് ചിക്കാറ്റുമ്പോഴും
അനങ്ങാതെയിരിക്കും

അവയുടെ കുഞ്ഞുങ്ങളെ പാർപ്പിച്ച
നഴ്സറിയിലും പോകണം
അവർക്കൊപ്പം പാടണം

കാട്ടിലേക്ക്
ചോലയുടെ അരികിലൂടെ
അവരൊത്ത് നടക്കണം.
കിളികൾ പാർക്കുന്ന
മുത്തശ്ശി മരങ്ങളുടെ മടിയിൽ വച്ചിട്ട്
കൈവീശി മടങ്ങണം

വരുമ്പോൾ ആദ്യ കയറുന്ന മുറിയിലെ ഈതറിൽ
ആരുടെ മരണമാവും മണക്കുക?
തിരിച്ച് പോകാൻ ആകുമോ?

മഴ
വെയിൽ
കാറ്റ്
ഇവരോടൊപ്പം ഇനി
ജീവപര്യന്തം
മരങ്ങളുടെ ആശുപത്രിയിൽ

©  വീരാൻകുട്ടി
മൂലകൃതി: വീരാൻകുട്ടിയുടെ കവിതകൾ
പ്രസാധകർ: ഡിസി ബുക്ക്സ്