മൊഹീതൊ പാട്ട്

അനിത തമ്പി
                                                                                                                                
നാലഞ്ച് തളിർ പുതിന
രണ്ട് സ്പൂൺ പഞ്ചസാര
മൂന്ന് നാരങ്ങാനീര്
രണ്ടര വോഡ്ക
സോഡ
ഐസ്

നാക്കിലമണ്ണിൻ
രാവൂടുവഴിയൂടെ

ആടിയാടിപ്പോകുന്ന പൂനിലാവേ നീ
ആണാണോ പെണ്ണാണോ?
അഴിഞ്ഞഴിഞ്ഞ് തൂവുന്ന പൂനിലാവേ നീ
വെയിലിന്റെ ആരാണോ?
പാടിപ്പാടിപ്പരക്കുന്ന പൂനിലാവേ നീ
നേരാണോ പൊളിയാണോ?

പച്ചിലകൾ തോറും തപ്പിത്തടഞ്ഞു വീഴും
രണ്ടരത്തലമുറ നീലച്ച വാറ്റുചോരപ്പൂന്തെളിനിലാവേ നീ
ഞാനാണോ നീയാണോ?

© അനിത തമ്പി