മുറ്റമടിക്കുമ്പോൾ

അനിത തമ്പി
                                                                                                                                                            
കണ്ണുപൂട്ടിയുറങ്ങുന്ന വീടിൻ
മൺകുരിപ്പുകൾ പൊങ്ങിയ മുറ്റം
ചൂലുകൊ­ണ്ടടിച്ചോർമയാക്കുമ്പോൾ
രാവിലെ, നടു വേദനിക്കുന്നു.

പോയ രാത്രിയിൽ മുറ്റം നനച്ചു
പോയിരിക്കാം മഴ, മണ്ണിളക്കി
മണ്ണിരകളുറങ്ങാതെയാവാം
കൊച്ചു മൺവീടുകൾ വച്ചു,രാവിൽ

രാവിലെയൊരു പെണ്ണിൻ കുനിഞ്ഞ
പിൻചുവടിന്റെ നൃത്തം കഴിഞ്ഞാൽ
ഈർക്കിലിവിരൽപ്പോറൽനിരകൾ
മാത്രമായി പൊടിഞ്ഞുപരക്കാൻ

തൂത്തു നേരം പുലർന്നു, വെളിച്ചം
വീണു വീടിൻ മിഴി തുറക്കുമ്പോൾ
കാൽച്ചുവടും കരിയില പോലും
നീങ്ങി, എന്തൊരു വൃത്തിയിൽ മുറ്റം!

രാവരിച്ചു വന്നെത്തുന്ന പത്രം
വാതിലിൽ വന്നു മുട്ടി വീഴുമ്പോൾ
ചപ്പുവാരി നിവർന്നവൾക്കിത്ര
കാപ്പിമട്ടു കുടിക്കുവാൻ ദാഹം.

© 2004, അനിത തമ്പി
മൂലകൃതി: മുറ്റമടിക്കുമ്പോൾ
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ