നല്ല കാലം, ഞാന്‍ അപ്പോള്‍ ജോലിയില്‍ ആയത്

കരുണാകരൻ

അന്‍വര്‍ രാമന്‍ ജോസഫ്‌ വില്‍സണ്‍ വിഷ്ണു
കവികളുടെ കാൽചോട്ടിലേക്ക് ആദ്യം
ഒരു കാറ്റ് പറന്നു, മരിച്ചവരുടെ
ശ്വാസംപോലെത്തന്നെ.

അവരിലും മുതിർന്ന ഒരു കവി
ബസ്സില്‍വെച്ചു മരിച്ചതിന്റെ അന്ന്, അയാളെ
അയാളുടെ വീടിന്റെ  തെക്കുഭാഗത്ത്
പുഴയുടെ കരയില്‍ സംസ്കരിച്ച അന്ന്.

മൂത്രപ്പുരയിലെ കണ്ണാടിയില്‍ നോക്കി ഞാന്‍
നാട്ടിലെ വീട് ഓര്‍മ്മിച്ചു. കിണറ്റിന്‍കരയില്‍,
കൊട്ടത്തളത്തില്‍ കിടന്നിരുന്ന നായയെ
മരിച്ചുപോയ അച്ഛന്‍ ഓമനിക്കുന്നത് കണ്ടു.

രാമനെ  കാറ്റ്  പക്ഷെ വിലാപംപോലെ മൂടി
ജോസഫ്‌ തൊട്ടുമുമ്പേ പറഞ്ഞ നുണ
ഒന്നുകൂടി പറഞ്ഞു.
അവരുടെയും ഞങ്ങളുടെയും കവിത
ഊരു ചുറ്റി വന്ന ദൈവത്തെപോലെ
അമ്മയുടെ മടിയില്‍ കയറി ഇരുന്നു.

കാറ്റ് വന്ന വഴിയേ പോയി.
പിന്നെയാണ്,  അന്നത്തെ ഏറ്റവും നീണ്ട
വിലാപം വന്നത്, രാജ്യങ്ങള്‍
അവയുടെ ദേശീയഗാനങ്ങള്‍ കൃത്യമായി
ഓര്‍മ്മിച്ചു പാടുന്ന പോലെ :
ഞാനാണ് ആ കവി,

ബസ്സില്‍ മരിച്ചതും പിന്നെ
പുഴക്കരയില്‍  കുഴിച്ചിട്ടതുമായ അതേ കവി
ഞാനാണ് ഇന്നലെവരെ കവിത എഴുതിയത്
എന്റെ പിറകില്‍, അതോ മുമ്പിലോ
ആധുനികത ഇടിഞ്ഞു വീണതു കണ്ട അതേ ആള്‍
ഇപ്പോള്‍ ദൈവത്തിന്റെ കിടപ്പറയില്‍
സംസാരിച്ചുകൊണ്ടിരുന്ന അതേ ആള്‍

ആരാ ആ ആള്‍?  വിഷ്ണു ചോദിച്ചു

മരിച്ച ആള്‍, അന്‍വര്‍ പറഞ്ഞു

മൂത്രപ്പുരയിലെ കണ്ണാടിയില്‍ നോക്കി ഞാന്‍
നാട്ടിലെ വീട് ഓര്‍മ്മിച്ചു. കിണറ്റിന്‍കരയില്‍,
കൊട്ടത്തളത്തില്‍ കിടന്നിരുന്ന നായയെ
മരിച്ചുപോയ അച്ഛന്‍ ഓമനിക്കുന്നത് കണ്ടു.

മുതിര്‍ന്ന കവി ബസ്സില്‍
ഓര്‍ത്തുകൊണ്ടിരുന്നത് എന്താകും?
കവിത,  ദൈവം?

കണ്ണാടിയില്‍ നിന്നും നേരെ
അപകടങ്ങളില്‍ പോയി ചാടിയ നിഴലുകള്‍,
ഭാവനയുടെ ഭ്രാന്തന്‍മുനമ്പില്‍ കയറി നിന്ന്
താഴേക്ക്  നോക്കുന്നത് കണ്ടു.

നല്ല കാലം,  ഞാന്‍ അപ്പോള്‍ ജോലിയില്‍ ആയത്

© കരുണാകരൻ