നീലക്കുറിഞ്ഞികള്‍

പ്രമോദ് കെ.എം

ആറില്‍പ്പഠിക്കുമ്പോളായിരുന്നു...
പ്രസംഗത്തിന് എനിക്കു ഫസ്റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്.. അങ്ങനെ...

ഏ ഗ്രേഡുള്ളവര്‍ സബ്ജില്ലക്ക്.
ആറു ഗായകരും ഞാനും.

പക്ഷേ
ദേശഭക്തി ഗാനത്തിന്
ഏഴാള്‍ വേണം.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

രണ്ടാഴ്ചത്തെ പരിശീലനം.
അച്ചുതന്‍ മാഷ് പുറത്തു തട്ടി.
‘സബാഷ്’

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...

© 2007, പ്രമോദ് കെ.എം
മൂലകൃതി: അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറ് വർഷങ്ങൾ
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ