നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്

പി. രാമൻ
                                                                                                                                                          
കാട്ടിലെത്തിയാല്‍
നിശ്ശബ്ദനാകുന്ന
കൂട്ടുകാരനോടൊപ്പമേ
ഞാന്‍ വരൂ.

നിങ്ങടെ കൂടെ പോരില്ല. പോന്നാല്‍
ഇത്രകാലവും വെട്ടിവിഴുങ്ങിയ
ശബ്ദം മുഴുവന്‍ നിങ്ങള്‍ ഛര്‍ദ്ദിക്കും.
പച്ചപ്പാടത്തു ചെമ്മണ്ണുപാതകള്‍
പോയലിയുന്ന കാഴ്ച ശല്യപ്പെടും.
കാണുമെന്നു വിചാരിച്ച കിളികള്‍
ഇരുന്ന കൊമ്പോടെ മാഞ്ഞുപോകും.
കുപ്പി പൊട്ടിച്ച് ചില്ലുകള്‍
മൃഗപാദമുദ്ര തോറും കുഴിച്ചിടും.
കുത്തനെയുള്ള കേറ്റങ്ങള്‍ കേറുമ്പോള്‍
നീണ്ട, നീണ്ട കിതപ്പില്‍ സംസാരിക്കും.

കാട്ടിലെത്തിയാല്‍
നിശ്ശബ്ദനാകുമെന്‍
കൂട്ടുകാരന്‍ മരിച്ചു.
ദീക്ഷ വീടുകയില്ല. പോരില്ല ഞാന്‍
നിങ്ങളെത്ര കരഞ്ഞുവിളിച്ചാലും.

© 2000, പി. രാമൻ
മൂലകൃതി: കനം
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ