ഒന്നുമില്ല

ആര്‍. രാമചന്ദ്രന്‍
                                                                                                                                                            
ഒന്നുമി,ല്ലൊന്നുമില്ല.

     മീതെ
     പകച്ചേ നില്‍ക്കുമംബരം മാത്രം.
     താഴെ
     കരളുറഞ്ഞേ പോകും പാരിടം മാത്രം.

ഒന്നുമി,ല്ലൊന്നുമില്ല.

     വഴിയറിയാതണയും
     പൊല്‍ക്കതിര്‍ മാത്രം.
     കൊതി പൂണ്ടുയരും
     പച്ചിലക്കൂമ്പു മാത്രം.

ഒന്നുമി,ല്ലൊന്നുമില്ല.

     ഒരു ചുംബനം മാത്രം.
     ഒരു നിര്‍വൃതി മാത്രം.

ഒന്നുമി,ല്ലൊന്നുമില്ല.

     അടരുമലര്‍ മാത്രം.
     പടരുമിരുള്‍ മാത്രം.

ഒന്നുമി,ല്ലൊന്നുമില്ല.

© ആർ. രാമചന്ദ്രൻ
മൂലകൃതി: കവിത
പ്രസാധകർ: മൾബറി ബുക്ക്സ്