ഒരു കുരുവി ഒരു മരം

എന്‍.ജി ഉണ്ണികൃഷ്ണന്‍
                                                                                                                                                                     
ഒരു കുരുവി
കുരുവിക്കു ചില്ലയായ് ഏതെങ്കിലും മരം
മരത്തിന്‍റെ വേരിന്
പിന്നെ ഇലകള്‍ക്ക്
നിഴലിച്ചു ചിത്രമായീടുവാന്‍
ജലഹൃദയം.
ഇവയെല്ലാം കാണുവാന്‍ ഒരു പുരുഷന്‍
അവന്നൊരു പെണ്ണ്
അവര്‍ക്ക് കഞ്ഞീംകറീം വെച്ചുറങ്ങുവാന്‍
വാവ വയ്ക്കാന്‍
മാന്താമ്പൊളിപ്പുര,
കളിമണ്ണുചട്ടി, കറിക്കത്തി,
ഉണ്ണിക്കു വണ്ടിക്കു വെള്ളക്ക വീഴ്ത്താന്‍
രണ്ടോ മൂന്നോ തെങ്ങ്.

ചരിത്രപേടകം തുറന്നാല്‍ കാണ്മീല
മുറിപ്പെന്‍സില്‍ക്കൊണ്ടു വിരുതില്ലാതാരോ
വരച്ചൊരിച്ചിത്രം തകര്‍ന്ന സ്ലേറ്റും,
കിട്ടുന്നു പ്ലാസിയുദ്ധത്തിയതി
ക്രിക്കറ്റുപ്രഭുവിന്‍റെ കുടുംബ ആല്‍ബം
ലോഹക്കണ്ണടവച്ച ഹെല്‍മറ്റുദൈവം
ജാഗര്‍പ്പരുന്തിന്‍ മരുവുന്ന ചിത്രം

© 1987, എന്‍.ജി ഉണ്ണികൃഷ്ണന്‍
മൂലകൃതി: ഒരു കുരുവി ഒരു മരം