പാപം

കരുണാകരൻ

വീട്ടിലേക്ക്‌ വരുകയായിരുന്നു
വഴിയില്‍ വെച്ച് പുണ്യതിരുമേനിയെ കണ്ടു:
നിര്‍ഭാഗ്യങ്ങള്‍ ദാനം ചെയ്തോ
ദുഖം കണ്ടു കണ്ടോ
മെഴുക് പോലെരിഞ്ഞ ആള്‍ തന്നെ.

ഈ വഴി പോയാല്‍
ആ വഴി എത്തുമോ എന്ന്
പുണ്യതിരുമേനി ചോദിച്ചു.

റോഡ്‌ മുറിച്ചുകടക്കാന്‍ കാത്തു നില്‍ക്കുന്ന
പത്തറനൂറു  പേരെ , അങ്ങനെ
ആരുമില്ലാതിരുന്നിട്ടും കണ്ടു.

വീട്ടിലെ കുളിമുറിയുടെ ചുമരില്‍ ഒരു പല്ലി
നിലത്തെ ഈര്‍പ്പത്തിലേക്ക്
നോക്കിയിരിക്കുന്നപോലെ ഒരാള്‍, ഒരു ജന്തു,
ഉള്ളിലിരുന്ന് എന്നെ നോക്കി.

പുണ്യതിരുമേനിയോട് വഴി തെറ്റിച്ചു പറഞ്ഞു.
വാക്കുകള്‍കൊണ്ട് വഴി തെറ്റിക്കുന്ന വിദ്യ
പിന്നെയും കണ്ടു പിടിച്ചു.

എനിക്ക് തെറ്റി അല്ലെ –
തിരുമേനി തെറ്റായ വഴിയിലേക്ക് നടന്നു.
പിറകെ അങ്ങോരുടെ ഷൂസിന്റെ ഒച്ച,
കൂടെ വന്ന കാറ്റും -  പോയി.

വീട്ടിലെത്തി വാതില്‍ തുറക്കുമ്പോള്‍
പാപം ചെയ്തുവല്ലേ എന്ന് ചിരിക്കുന്ന
രണ്ടുപേരുണ്ടാവും, ഒരാണും ഒരു പെണ്ണും.

(പാമ്പിനെപ്പോലെ കിടക്കുന്ന ഒരു വരി
ഇതിലുമുണ്ട്, കണ്ടു പിടിക്കുമോ?)

എങ്കിലും ഇഷ്ടം തോന്നി,
ഇതുവരെയും കാണാത്ത രണ്ടു പേര്‍,
ഒരാണും ഒരു പെണ്ണും.

വീട്ടിലേക്കു നടക്കുമ്പോള്‍
പുണ്യതിരുമേനിയെ ഏഴു തവണ ഓര്‍ത്തു.

© കരുണാകരൻ