ഒരുവൾ

പി. പി രാമചന്ദ്രൻ

സ്കൂളിനു മുന്നിൽ
ബസ്സ് കാത്തു നിൽക്കുന്നു
പെൺകുട്ടികൾ

കുടയിലും ബാഗിലും
ചെരുപ്പിലും യൂണിഫോമിലും
എത്ര ഒതുക്കിയിട്ടും
പുറത്തുചാടുന്നു
തെറിക്കുന്ന ശരീരം

വാക്കിലും നോക്കിലും
നില്പിലും നടപ്പിലും
എത്ര ഒളിപ്പിച്ചിട്ടും
പുറത്തുകാണുന്നു
കുതിക്കുന്ന ഹൃദയം

നിർത്താതെ പോകുന്ന
ബസിന്നു പിന്നാലെ
ഓടി മടങ്ങുന്നു
പരിഭ്രമം കൊണ്ടു
വാലിട്ടെഴുതിയ കണ്ണുകൾ

ഇവരിലൊരുവൾ
ഉദ്യോഗസ്ഥയാകും
വീട്ടമ്മയാകുമൊരുവൾ
പിഴച്ചുപോകും മറ്റൊരുവൾ

ഒരുവൾ
കൈക്കുഞ്ഞുമായി
ബസ്സിലിരുന്ന്
ഇതിലേ കടന്നുപോകുമ്പോൾ
ഞാൻ പഠിച്ച സ്കൂളെന്ന്
ഭർത്താവിനു ചൂണ്ടിക്കാട്ടും

ഒരുവൾ
അപ്പോഴും
അവിടെത്തന്നെ
ബസും കാത്തുനിൽപ്പുണ്ടാവും.

© 2000, പി. പി രാമചന്ദ്രൻ
മൂലകൃതി: രണ്ടായ് മുറിച്ചത്
പ്രസാധകർ : കറന്റ് ബുക്ക്സ്, തൃശൂർ