ഉറുമ്പ്

കെ. എ. ജയശീലന്‍

എന്റെ വക
ഒരു കാരണവുമില്ലാതെ
അതെന്റെ കാല്‍വിരലില്‍ കടിച്ചു.
ഞാനുടനെ
ഞെരിച്ചുകൊന്ന്
പിരിച്ചുകളഞ്ഞു.

അതിന്റെ ഞെരിച്ചലും
അതിന്റെ മരണവും
അല്ല
അത് കടിച്ചേടത്ത്
എന്റെ കടച്ചിലാണ്
എനിക്ക് ദുഃഖം.

എന്റെ ദുഃഖം
എന്റെ ദുഖത്തില്‍
ഒതുങ്ങി നില്‍ക്കുന്നു എന്നതാണ്
എന്റെ ദുഖത്തിന്റെ
നിദാനം.

© 1974, കെ.എ ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ