അയ്യപ്പൻ

ടി.പി അനിൽകുമാർ

കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി

കിതപ്പാറ്റും മൃഗത്തിന്റെ മട്ട്!
മുഷിഞ്ഞിട്ടുണ്ട്
വെയില്‍ തിന്നാവണം
മുഖം ചുവന്നിരിക്കുന്നത്

കണ്ടപ്പോള്‍ ചിരിച്ചു
“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
“അല്ല, കാടു കാണാന്‍,
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്വരകള്‍, നീരൊഴുക്കുകള്‍
പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ല”
മരവേരിലല്പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു

ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!

© ടി.പി അനിൽകുമാർ
മൂലകൃതി: രണ്ട് അധ്യായങ്ങളുള്ള നഗരം
പ്രസാധകർ: ഒലീവ് പബ്ലിക്കേഷൻസ്