ഗോഡ്‌സില്ല മെക്സിക്കൊവില്‍

ഗോഡ്‌സില്ല മെക്സിക്കൊവില്‍

മൊഴിമാറ്റം: കരുണാകരൻ
                                                                                                                                                                   
ശ്രദ്ധിച്ചു കേള്‍ക്കു, എന്റെ മകനേ:
ബോംബുകള്‍ വീഴുകയായിരുന്നു
മെക്സിക്കോ നഗരത്തിന് മീതെ.
പക്ഷെ ഒരാള്‍ പോലും ശ്രദ്ധിച്ചില്ല.
തെരുവുകളിലൂടെയും
തുറന്നിട്ട ജനലുകളിലൂടെയും
കാറ്റ് വിഷവുമായി പോയി.
തൊട്ടുമുമ്പ്‌ ഭക്ഷണം കഴിച്ച്  നീ
ടിവിയില്‍ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു.
നമ്മള്‍ മരിക്കുവാന്‍ പോവുകയാണെന്ന്
തിരിച്ചറിയുമ്പോള്‍
തൊട്ടപ്പുറത്ത് കിടപ്പുമുറിയില്‍
ഞാന്‍ വായിക്കുകയായിരുന്നു.
തലചുറ്റലും  മനംപിരട്ടലും ഉണ്ടായിരുന്നിട്ടും 
അടുക്കളയിലേക്ക് എന്നെതന്നെ ഞാന്‍
വലിച്ചിഴച്ചു കൊണ്ടുപോയി.
അവിടെ നിലത്ത്‌
നിന്നെ കണ്ടു പിടിച്ചു.
നമ്മള്‍ കെട്ടി പുണര്‍ന്നു.
എന്താണ് നടക്കുന്നതെന്ന്‌
നീ ചോദിച്ചുവെങ്കിലും
മരണത്തിന്റെ ഒരു കാര്യക്രമത്തിലാണ്
നമ്മള്‍ എന്ന്. ഞാന്‍ പറഞ്ഞില്ല,
പകരം,
നമ്മള്‍ ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞു
ഒരു തവണകൂടി, ഒരുമിച്ച്,
നീ പേടിക്കേണ്ട എന്നും .
മടങ്ങി പോകുമ്പോള്‍,  മരണം,
നമ്മുടെ കണ്ണുകള്‍ പോലും അടച്ചില്ല.
നമ്മള്‍ എന്താണ്? നീ എന്നോട് ചോദിച്ചു
ഒരാഴ്ച കഴിഞ്ഞ് അതോ
ഒരു വര്‍ഷത്തിനു ശേഷമൊ
ആകസ്‌മികതയുടെ ചീഞ്ഞളിഞ്ഞ
ഒരു വലിയ സൂപ്പില്‍
ഉറുമ്പുകളോ, തേനീച്ചകളോ,
തെറ്റിയ അക്കങ്ങളോ?
നമ്മള്‍ മനുഷ്യ ജീവികളാണ്, എന്റെ മകനേ,
ഏറെക്കുറെ  പക്ഷികള്‍, ജനനായകര്‍
പിന്നെ രഹസ്യങ്ങളും.

GODZILLA IN MEXICO

Listen carefully, my son: bombs were falling
over Mexico City
but no one even noticed.
The air carried poison through
the streets and open windows.
You'd just finished eating and were watching
cartoons on TV.
I was reading in the bedroom next door
when I realized we were going to die.
Despite the dizziness and nausea I dragged myself
to the kitchen and found you on the floor.
We hugged. You asked what was happening
and I didn’t tell you we were on death’s program
but instead that we were going on a journey,
one more, together, and that you shouldn’t be afraid.
When it left, death didn’t even
close our eyes.
What are we? you asked a week or year later,
ants, bees, wrong numbers
in the big rotten soup of chance?
We’re human beings, my son, almost birds,
public heroes and secrets.

From: The Romantic Dogs
Publisher: New Directions,2008


റോബർട്ടോ ബൊളാണോ

1953 ഏപ്രില്‍ 28 ന് ചിലിയിലെ സാന്‍റിയാഗോയില്‍ ട്രക്ക് ഡ്രൈവറുടെയും അദ്ധ്യാപികയുടെയും മകനായി ജനിച്ചു. നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്നു. 1968 ൽ കുടുംബത്തോടൊപ്പം മെക്‌സിക്കോ നഗരത്തിൽ കുടിയേറി. 1973-ല്‍ ജനറല്‍ പിനോഷെ അധികാരം പിടിച്ചെടുക്കുന്നതിന് മുന്‍പ് ചിലിയില്‍ തിരിച്ചെത്തി, തുടര്‍ന്ന്‍ അറസ്റ്റിലാകുകയും ചെയ്തു. തടവില്‍ നിന്നും മോചിതനായ ശേഷം ആദ്യം മെക്സിക്കോയിലേക്കും പിന്നെ യൂറോപ്പിലേക്കും സഞ്ചരിച്ചു. ഒടുവില്‍ സ്പെയിനിലെ കാറ്റലന്‍ കുന്നില്‍ വാസമുറപ്പിച്ചു. കവിതകളിലൂടെ സാഹിത്യജീവിതത്തിന്‍റെ തുടക്കം. റോമുലോ ഗലിഗോസ് പുരസ്കാരം, നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1980-1988 കാലത്തിനിടയില്‍ ബൊളാനോ എഴുതിയ കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം The Romantic Dogs എന്ന പേരില്‍ 2008ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 2003 ജൂലൈ 15 ന് മരണം.