അഭിമുഖം — അനിത തമ്പി

അഭിമുഖം — അനിത തമ്പി

എസ്. കലേഷ് നടത്തിയ അഭിമുഖസംഭാഷണം

വീടിനെയും കുട്ടിക്കാലത്തെയും പറ്റി പറയുമോ? അനിതയുടെ കവിതയുടെ വേരുകൾ  തിരഞ്ഞാൽ അവിടെയായിരിക്കുമല്ലൊ തുടക്കം ?

എന്റെ വീട്ടിൽ കവിതയുടെ അന്തരീക്ഷമൊന്നും ഇല്ലായിരുന്നു. സാധാരണ ഇടത്തരം കുടുംബം. അച്ഛൻ ക‌മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനായിരുന്നതുകൊണ്ട് എപ്പോഴും വീട്ടിൽ ആൾ‌ത്തിരക്കാണ്. പിന്നെ വീട്ടിൽ വന്ന് പാർക്കുകയോ നിന്നു പഠിക്കുകയോ ഒക്കെ ചെയ്യുന്ന ആരെങ്കിലും എപ്പോഴും ഉണ്ടാവും. ഒരിടത്തിരുന്ന് ഒറ്റയ്ക്കുള്ള എഴുത്തും വായനയും ഒന്നും അവിടെ ഒരു വിഷയമല്ല. രാമായണം വായിക്കുന്ന മുത്തശ്ശൻ, പുരാണകഥകൾ പറഞ്ഞുതരുന്ന മുത്തശ്ശി തുടങ്ങിയ പശ്ചാത്തലമൊന്നുമില്ല. വീട്ടിൽ പാർട്ടി പ്രസിദ്ധീകരണങ്ങളല്ലാതെ മറ്റ് പുസ്തകങ്ങളും ഇല്ല. എപ്പോഴും രാഷ്ട്രീയചർച്ചകളും വിശകലനങ്ങളും മറ്റുമാണ് കേൾക്കുക.

എവിടെയാണ് ജനിച്ചതും വളർന്നതും? 

ആലപ്പുഴ ജില്ലയിലെ എണ്ണയ്ക്കാട്, പല്ലന, കരുവാറ്റ, ഹരിപ്പാട് എന്നീ ഗ്രാമങ്ങളിലാണ് ഞാൻ വളർന്നത്. അച്ഛന്റെ നാട് മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള എണ്ണയ്ക്കാട് എന്ന ഗ്രാമമാണ്. അമ്മയുടേത് ആലപ്പുഴയ്ക്കടുത്ത് മണ്ണഞ്ചേരിയും. അച്ഛൻ മുഴുവൻ സമയപാർട്ടി പ്രവർത്തകനായിരുന്നു. വീട്ടിൽ എന്നും ഒരുപാടാളുകൾ ഉണ്ടാവും. കൂടാതെ ഞങ്ങൾ മൂന്ന് പെൺമക്കളും പഠിക്കുന്നു. പണത്തിന് ബുദ്ധിമുട്ടിയിരുന്നു എങ്കിലും പൊതുവേ സന്തോഷവും ഉണർവ്വുമുള്ള അന്തരീക്ഷമായിരുന്നു. ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തരണമെന്നും, ഞങ്ങൾ ആത്മാഭിമാനമുള്ള വ്യക്തികളായി വളരണമെന്നും അച്ഛന്  നിർബന്ധവും ശ്രദ്ധയും  ഉണ്ടായിരുന്നു. എന്റെ എഴുത്തിൽ അച്ഛന് സന്തോഷമായിരുന്നു. എന്റെ ജീവിതത്തിൽ അന്നും ഇന്നും വളരെ പ്രധാനപ്പെട്ട സാന്നിദ്ധ്യമാണ് അച്ഛൻ. ഒരു ആർജ്ജിതാശയം എന്ന നിലയിലല്ലാതെ സഹജമായ വിധത്തിൽ ക‌മ്യൂണിസ്റ്റും മനുഷ്യസ്നേഹിയും ആയിരുന്നു അദ്ദേഹം. പക്ഷെ ജീവിതം മുഴുവൻ അദ്ദേഹത്തിന് ക്ലേശമായിരുന്നു. ഒളിവിലായിരിക്കുമ്പോൾ കേസിൽ പെട്ട് പിടിക്കപ്പെട്ട്  പോലീസുകാർ തച്ചുകൊന്നിട്ട് ശരീരത്തിൽ ഒരു പൊടി ജീവൻ ബാക്കി കിടന്നത് പൊടിച്ച് എങ്ങനെയോ പിന്നെ ജീവിച്ചതാണ്. എട്ട് കൊല്ലം ജയിലിലായിരുന്നു. ജയിലിൽ നിന്നിറങ്ങി പിന്നീട് പത്തു വർഷം കൂടി കഴിഞ്ഞ് വൈകിയാണ് അദ്ദേഹം വിവാഹം കഴിച്ചത്. സീതാലക്ഷ്മി എന്നാണ് അമ്മയുടെ പേര്. അച്ഛൻ 1987 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രോഗബാധിതനായി മരിച്ചു. ഞാനന്ന് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയാണ്. അച്ഛന് ഒൻപത് സഹോദരങ്ങൾ. അവർ   ക‌മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്ന ആദ്യകാലപ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിച്ചവരാണ്. അച്ഛന്റെ സഹോദരങ്ങളിൽ ഒരാൾ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. സുഭദ്രാമ്മ തങ്കച്ചി. അവർ അന്തരിച്ച ക‌മ്യൂണിസ്റ്റ് നേതാവ് ജോർജ്ജ് ചടയൻ‌മുറിയുടെ ഭാര്യയാണ്.

പുതിയതിന് ജന്മം നൽകാനുള്ള ആദ്യത്തെ പ്രേരണയായി, ഒരു സൂര്യാസ്‌തമയം കാണുമ്പോൾ അനുഭവിച്ച അനുഭൂതിയും വിറയും വീണ്ടും അനുകരിക്കാൻ ശ്രമിക്കുന്നതിനെ പറ്റി വ്ലാദിമീർ നബോക്കോഫ് എഴുതിയിട്ടുണ്ടല്ലൊ - അനിതയുടെ ഇത്തരം ആദ്യപ്രേരണകൾഎങ്ങനെയായിരുന്നു

പാഠപുസ്തകത്തിലെ കവിതകൾ പോലെ സ്വയം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്റെ ആദ്യകവിതകൾ.. ആശാന്റെ കവിതകൾ, വൈലോപ്പിള്ളിയുടെ കവിതകൾ ഒക്കെ ആദ്യമായി കടൽ അല്ലെങ്കിൽ മഴവില്ലോ മിന്നലോ ഒക്കെ കാണുന്ന കുട്ടിയെ എന്ന പോലെ എന്നെ അത്ഭുതപ്പെടുത്തി, ഭാഷയുടെ ഒരു മറുലോകത്തിലേക്കുള്ള വാതിൽ തുറന്നു തന്നു. അക്കാലത്ത് ഓരോ പുതിയ വാക്കും ഒരു താക്കോലായിരുന്നു. ഉണരുവിൻ വേഗമുണരുവിൻ സ്വരഗുണമേലും ചെറുകിളിക്കിടാങ്ങളേ
ഉണർന്നുനോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽ മലർമൊട്ടുകളേ                         
എന്ന അന്നനടയിലുള്ള ആശാന്റെ വരികൾ അന്ന് രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലുണ്ടായിരുന്നു! അതുപോലെ,
"തുമ്പപ്പൂ‍വിലും തൂമയെഴും നിലാവൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മരക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ " എന്ന കവിത. ആ ‘കോലോളം ദൂര‘ത്തിന്റെ ഹർഷം എനിക്ക് നബോക്കോവിന്റെ സൂര്യാസ്തമയ വിറ ആയിരുന്നിരിക്കണം!  

എൺ‌പതുകളിൽ  അനിത തമ്പി എഴുതിത്തുടങ്ങി. കവിതകൾ വളരെച്ചെറുപ്പത്തിൽ തന്നെ കലാകൌമുദിയിലടക്കം പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും ആദ്യസമാഹാരം പുറത്തിറങ്ങിയത് 2004 ൽ. ആ സമാഹാരത്തിൽ ഉൾ‌പ്പെടുത്തിയ കവിതകൾ 1994 നും 2004 നും ഇടയിൽ എഴുതിയവയും. തൊണ്ണൂറുകളുടെ കാവ്യഭാവുകത്വത്തിലാണ് അനിത അടയാളപ്പെട്ടിരിക്കുന്നത്. അതിനു മുൻപുള്ള എഴുത്തുകാലം എങ്ങനെയായിരുന്നു?

സ്കൂൾകാലത്ത് ചില പ്രസിദ്ധീകരണങ്ങളിൽ, യുവജനോത്സവങ്ങളിൽ ഒക്കെ എഴുതി. കവി ഒ എൻ വി കുറുപ്പിന് ഞങ്ങളുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ഞാനെഴുതിയ കവിതകൾ നോക്കി, എനിക്ക് വൈലോപ്പിള്ളിയുടെയും ആശാന്റെയും കവിതകൾ വായിക്കാൻ പ്രേരണ തന്നു. എഞ്ചിനിയറിങ്ങ് കോളേജിൽ ആദ്യവർഷം പഠിക്കുമ്പോൾ കലാകൌമുദിയിൽ കവിതകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. അന്ന് എസ്. ജയചന്ദ്രൻ നായരായിരുന്നു അവിടെ പത്രാധിപർ. ഒരു ദിവസം കോളേജിൽ നിന്ന് ബസിൽ തിരുവനന്തപുരത്തു ചെന്ന് കലാകൌമുദി ആപ്പീസിലെത്തി ഇവിടുത്തെ പത്രാധിപർ എവിടെ എന്ന് ചോദിക്കുകയായിരുന്നു. അദ്ദേഹം കവിത വാങ്ങി വൈകാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. എന്റെ ഗൌരവമായ വായനയുടെ ആദ്യകാലവും അതായിരുന്നു. മുൻ‌കാല മലയാളകവിത കൂടുതൽ വായിച്ചറിഞ്ഞ ആ കാലത്ത് എനിക്ക് എന്റെ കവിതയുടെ പോരായ്മകളെപ്പറ്റിയുള്ള ബോധം അധികരിച്ചു. തുടർന്ന് എഴുതുമെന്നോ എഴുതണമെന്നോ ഒന്നും അന്ന് ബോധ്യമുണ്ടായില്ല. പിന്നീട് കോളേജ് പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു, പല പ്രാരബ്ധങ്ങളിൽ ജീവിതം നീങ്ങി.വളരെ വർഷങ്ങൾ കഴിഞ്ഞ് 2004 ൽ പുസ്തകം പ്രസിദ്ധീകരിക്കാൻ തുനിയുമ്പോൾ പഴയ കവിതകൾ പലതും കണ്ടെത്താനായില്ല. ഉണ്ടായിരുന്നവയിൽ പലതും എനിക്ക് സമ്മതമായതുമില്ല. അതുകൊണ്ട് 1994 നു മുൻപുള്ള കവിതകൾ ഒന്നും ആദ്യ സമാഹാരത്തിൽ ചേർത്തില്ല.

മലയാളസാഹിത്യമല്ല, എ‌ൻ‌ജിനിയറിംഗായിരുന്നു പഠനവിഷയം. പഠനകാലത്തിനു ശേഷം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ ജോലിയുമായി. കവിതയ്ക്ക് ഒട്ടും വളക്കൂറില്ലാത്ത അന്തരീക്ഷം. എന്നിട്ടും കവിതയിലേക്കെത്തി. തൊണ്ണൂറുകളിലെ കവികളിൽ മിക്കവരും ഭാഷയും സാഹിത്യവും പഠിച്ചവരോ അദ്ധ്യാപകരോ ആണ്.

ഭാഷയും സാഹിത്യവും പഠിച്ചില്ല എന്നൊരു അപകർഷം എനിക്ക് എന്നും ഉണ്ടായിരുന്നു. അത് മറികടക്കാൻ വേണ്ടി ഞാൻ വളരെ പ്രയത്നിച്ചു. എന്റെ കവിസുഹൃത്തുക്കൾ പലരും മലയാളഭാഷയും സാഹിത്യവും പഠിച്ചവരാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പഠിക്കുകയും അതിൽ നിരന്തരമായി പെരുമാറുകയും ചെയ്തത് എന്റെ എഴുത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. തെളിച്ചം തേടൽ, കൃത്യതയ്ക്കും സൂക്ഷ്മതയ്ക്കും വേണ്ടിയുള്ള ശ്രമം ഒക്കെ ആ പരിശീലനത്തിൽ പ്രധാനമാണ്. കവിതയ്ക്ക് പ്രത്യേക വളക്കൂറുള്ള മണ്ണൊന്നും അങ്ങനെ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കവിതയ്ക്ക് എന്തും വെള്ളവും വളവും ആകും. ഏത് ഇരുൾക്കുഴിയിൽ നിന്നും ഏത് ഇരുമ്പുപൂട്ടിൽ നിന്നും അത് എഴുന്നേറ്റുവരും. കവിതയ്ക്ക് അങ്ങനെയൊരു വിശേഷമുണ്ട്. ശ്രദ്ധിച്ചാലറിയാം, അടിച്ചമർത്തപ്പെടുന്ന സമൂഹങ്ങളിലെ സ്ത്രീകൾ എഴുതുന്നത് കൂടുതലും കവിതകളായിരിക്കും. കാരണം കവിത മനസ്സിൽ എഴുതാം, തിരുത്താം, അതുപോലെ മറ്റുതരത്തിൽ പറയാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ കവിതയിൽ ഒളിച്ചുകടത്താം. ഞാൻ ജനിച്ച് വളർന്ന സാഹചര്യങ്ങളോ ജോലിചെയ്ത അന്തരീക്ഷമോ എഴുത്തിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നതല്ല, എന്തിന്, തിരിച്ചറിയുന്നതുപോലുമല്ല. ഇപ്പോഴും അല്ല.

തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ ഏഷ്യാനെറ്റിൽ മഴവില്ല് എന്ന കാവ്യപരിപാടി അവതരിപ്പിച്ചിരുന്നില്ലെ?

ഏഷ്യാനെറ്റിൽ മഴവില്ല് എന്ന കവിതാപരിപാടി ചെയ്ത 1996-99 കാലത്തെ രണ്ട് മൂന്ന് വർഷങ്ങൾ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. നിരന്തരമായി കവിത വായിക്കുകയും അറിയുകയും ആലോചിക്കുകയും എഴുതുകയും ചെയ്യാൻ ആ കാലത്ത് കഴിഞ്ഞു. അക്കാലത്ത് ജോലി കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രിയാവും. ഫാക്ടറിയിലാണ് പണിയെടുത്തിരുന്നത്. വല്ലാത്ത ചൂടും പൊടിയും ഒച്ചയുമുള്ള അന്തരീക്ഷം. ജോലി കഴിയുമ്പോഴേക്കും  മനസ്സും ശരീരവും തളർന്നു പോകും. അന്ന് എന്റെ മേലുദ്യോഗസ്ഥർ ഞായറാഴ്ചകളിൽ പോലും പണിയെടുപ്പിച്ചിരുന്നു. പിന്നെ ചെറിയ കുഞ്ഞ്. വീട്ടുപണികൾ. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് മാത്രമാണ് വായിക്കാനൊക്കെ കഴിയുക. പകലിന്റെ കഷ്ടതകൾക്കു മീതേ നിവർത്തിയ കുട പോലെയായിരുന്നു ആ രാത്രിനേരങ്ങൾ. എം. ആർ.രാജനായിരുന്നു ആ പരിപാടിയുടെ പ്രൊഡ്യൂസർ. രാജന് കവിതയോടും കവികളോടും ഉള്ള വ്യക്തിപരമായ ആഭിമുഖ്യം കൊണ്ട് ചെയ്ത ഒരു പരിപാടിയായിരുന്നു അത്. പ്രൈം ടൈമിൽ ലാഭേച്ഛയില്ലാതെ അങ്ങനെയൊരു പരിപാടി ഇന്ന് സങ്കൽ‌പ്പിക്കാൻ പോലും കഴിയില്ല. മലയാളത്തിലെ ഏതാണ്ടെല്ലാ പ്രധാന കവികളും ആ പരിപാടിയിൽ പങ്കെടുത്തു. പൂർവകവികൾ, അന്യഭാഷാകവിതകൾ, കാവ്യചിന്തകൾ ഒക്കെ ആ പരിപാടിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യവും സന്തോഷവും സുഖവും ഉള്ള ഒരു ജോലിയായിരുന്നു അത്. പല കവികളെയും ആദ്യമായി നേരിട്ട് കാണുന്നതും കേൾക്കുന്നതും അക്കാലത്താണ്.

ആറ്റൂർ രവിവർമ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികളിൽ അനിതയുടെ കവിതകളും ഉണ്ടായിരുന്നു. പുതുകവി എന്ന നിലയിൽ അടയാളപ്പെടാൻ ആറ്റൂരിന്റെ തിരഞ്ഞെടുപ്പ് കാരണമായിട്ടുണ്ട്

പുതുമൊഴിവഴികൾ വരുന്ന കാലത്ത്, 1999 ൽ, ഞാൻ നാട്ടിലില്ല. തെന്നാഫ്രിക്കയിൽ, ജോഹനസ്ബർഗിലെ ഒരു ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്നു. ആദ്യമായി നാടുവിട്ട് ജീവിക്കുകയായിരുന്നു. നാടിന്റെ ഒരുപാട് ഇടുക്കങ്ങളിൽ നിന്ന്, അടവുകളിൽ നിന്ന് ഒരു തുറവുണ്ടായി, അവിടെ കുറേ യാത്ര ചെയ്തു. ലോകം മറ്റൊരു രൂപത്തിലും ഭാവത്തിലും മുന്നിൽ നിവർന്നു വന്നു. എങ്കിലും ഭാഷയിൽ നിന്നുള്ള ഒറ്റപ്പെടൽ വല്ലാതെ വിമ്മിട്ടപ്പെടുത്തി. ഇന്നത്തെപ്പോലെ ഇമെയിലും മൊബൈലും മറ്റും അന്ന് അത്ര പ്രചാരമായിട്ടില്ല. ഇപ്പോഴും പഴയ പുസ്തകങ്ങൾ തുറക്കുമ്പോൾ അൻ‌വറും ഗിരിജയും രാമചന്ദ്രനും ജോസഫും ടോണിയുമൊക്കെ ജോഹന്നസ്‌ബർഗിലേക്ക് അയച്ച കത്തുകൾ കാണും. അക്കാലത്ത് ഒറ്റപ്പെട്ടുപോയ എന്റെ ജീവിതത്തെ നനച്ചു നിർത്തിയത് അവരാണ്.

തിരുവനന്തപുരത്തെ കലാകാരന്മാരുടെയും കവികളുടെയും സൌഹൃദസംഘത്തിൽ അനിതയും ഉണ്ടായിരുന്നു. പ്രത്യേകിച്ച് അൻ‌വർ അലി, അലക്സ് മാത്യു എന്നിവരുമായുള്ള സൌഹൃദം. തൊണ്ണൂറുകളുടെ ഭാവുകത്വമാറ്റത്തിന് വഴിതെളിച്ചതിൽ നിങ്ങളുടെ തലമുറയിലെ കവികളുടെ സൌഹൃദവും കൂട്ടംചേരവും കാരണമായി? ആശയവിനിമയസാധ്യതകളും ആധുനികതയുടെ കാലത്തെപ്പോലെ കവിയരങ്ങുകളും സജീവമല്ലാതിരുന്നിട്ടും അത്തരം ഒരിടം എങ്ങനെ രൂപപ്പെട്ടു ?

തിരുവനന്തപുരം സംഘമൊന്നുമല്ല. അക്കാലത്ത് ഞാനും അൻ‌വർ അലിയും തിരുവനന്തപുരത്ത് താമസിച്ചിരുന്നതുകൊണ്ട് ഞങ്ങളുടെ വീടുകളിൽ കവിസുഹൃത്തുക്കൾ കൂടിച്ചേർന്നിരുന്നു എന്നേ ഉള്ളൂ. തൊണ്ണൂറ്റിയാറിലോ മറ്റോ ആണെന്ന് തോന്നുന്നു ഒരു ദിവസം സംസാരത്തിനിടയിൽ, നമുക്കൊപ്പം എഴുതുന്ന കവികളെയൊന്നും ഒരു പരിചയവും ഇല്ലല്ലൊ എന്ന് ഞങ്ങൾക്ക് തോന്നി.  അന്ന് ഞങ്ങൾക്ക് താത്പര്യം തോന്നിയിരുന്ന കവികളുടെ വിലാസം കണ്ടെത്തി പോസ്റ്റ് കാർഡിൽ, നമുക്ക് ഒന്നിച്ചുകൂടണം, ഇന്ന ദിവസം ഇത്ര മണിക്ക് ഈ വിലാസത്തിൽ എത്തണം എന്ന് എഴുതിയിട്ടു. എന്നിട്ട് ആ ദിവസം ഞങ്ങൾ അൻ‌വറിന്റെ വീടിന്റെ തിണ്ണയിൽ നോക്കിയിരുന്നു. ഓരോരുത്തരായി വരിക തന്നെ ചെയ്തു.. എല്ലാവരും തന്നെ വന്നു! രാമചന്ദ്രനും ടോണിയും ജോസഫും ഗിരിജയും രാജഗോപാലും. പിന്നെ ഞങ്ങൾ പലയിടത്തും അവ്വിധം ഒന്നിച്ച് കൂടുകയും പലയിടങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തു. റഫീഖ് അഹമ്മദ് ചിലപ്പോഴൊക്കെ കൂടി, പി.രാമൻ ചില വർഷങ്ങൾ കഴിഞ്ഞ് ഒപ്പം വന്നു, മനോജ് കുറൂരും. അക്കാലത്തെ വായനകൾ, ചർച്ചകൾ, കടുത്ത വിമർശനങ്ങൾ, ഒക്കെ തിരുത്തുകൾക്കും പുതുക്കലുകൾക്കും ഞങ്ങൾക്കെല്ലാം സഹായകമായി എന്നാണ് ഞാൻ കരുതുന്നത്. ഓരോരുത്തരും അവരവരുടെ ചുവടുകൾ വച്ച് പല വഴികളിലേക്ക് നീങ്ങി. ജീവിതകാലം നീളുന്ന വ്യക്തിബന്ധങ്ങളായി ആ കൂട്ടുകെട്ട് പരിണമിക്കുകയും ചെയ്തു.
ഞാൻ തെന്നാഫ്രിക്കയിൽ നിന്ന് തിരിച്ചുവന്നതിനു ശേഷം 2002-ൽ ‘കവിതയ്ക്കൊരിടം’. എന്ന പേരിൽ കവിതയ്ക്ക് മാത്രമായി ഒരു ത്രൈമാസിക തുടങ്ങാൻ ഞങ്ങൾ പരിശ്രമിച്ചു.. പക്ഷെ ആദ്യലക്കത്തിനു ശേഷം അത് നിലച്ചുപോയി. നിത്യജീവിതത്തിന്റെ പലവിധപ്രശ്നങ്ങളിൽ‌പ്പെട്ട് പലർക്കും സമയമില്ലാതെവന്നു. സാമ്പത്തിക കാരണങ്ങളും ഉണ്ട്. ആ കാലത്താണ് അലക്സ് മാത്യുവിനെ പരിചയപ്പെടുന്നത്. റാഡിക്കൽ പെയിന്റേഴ്സിന്റെ ഭാഗമായിരുന്ന കലാകാരനാണ് അലക്സ്. ശില്പി കൃഷ്ണകുമാറിന്റെ സുഹൃത്ത്. അക്കാലത്തെ കയ്പുകൾ താണ്ടിയ ആൾ. കവിതയ്ക്കൊരിടത്തിൽ ഓരോ ലക്കത്തിലും ഒരു കലാകൃത്ത് ഉടനീളം ഉണ്ടാവണം എന്ന ആഗ്രഹത്തിലാണ് ഞങ്ങൾ അലക്സിനെ സമീപിച്ചത്. അദ്ദേഹം സന്തോഷത്തോടെ വന്നു. അദ്ദേഹവുമായുള്ള അടുത്ത സൌഹൃദം എനിക്ക് കലാലോകത്തേക്കുള്ള വാതിലായിത്തീർന്നു. ഒരുപാട് കലാകൃത്തുക്കളെ, അവരുടെ കൃതികളെ അങ്ങനെ പരിചയമായി. പിന്നീട് അടുത്തകാലത്ത് കേരളകവിത പുന;പ്രസിദ്ധീകരിച്ചപ്പോൾ 2012, 2013 ലക്കങ്ങൾ സച്ചിദാനന്ദനൊപ്പം ഞാനും അൻ‌വർ അലിയും പ്രവർത്തിച്ചിരുന്നു. റിയാസ് കോമുവും യുവചിത്രകാരൻ സുജിത്തും (സുജിത് എസ് എൻ) ആണ് കേരളകവിതയുടെ ആ ലക്കങ്ങളിൽ കവിതകൾക്ക് ചിത്രാവിഷ്കാരങ്ങൾ നടത്തിയത്.

ആധുനികകവിതയിൽ നിന്ന് തൊണ്ണൂറുകളുടെ കവിതയിലേക്കെത്തുമ്പോൾ കവിത കൂടുതൽ സൂക്ഷ്മമായി, സ്ഥൂലതയിൽ നിന്ന് സൂക്ഷ്മതയിലേക്കെത്തി. പ്രകടനപരതയും ശബ്ദഘോഷങ്ങളും കവിത ഉപേക്ഷിച്ചു. പെൺ‌ലോകങ്ങളും പ്രകൃതിയും സ്വാഭാവികതയോടെ കടന്നു വന്നു. അനിത തമ്പിയും വി.എം.ഗിരിജയും ശ്രദ്ധേയകവിതകൾ എഴുതി. മറഞ്ഞുകിടന്ന പെണ്ണിടങ്ങൾ കവിതയിൽ രേഖപ്പെട്ടതിനെക്കുറിച്ച്

അറുപത് – എഴുപത് കാലത്തിൽ നിന്ന് തൊണ്ണൂറ്- രണ്ടായിരാമാണ്ട് കാലമെത്തുമ്പോൾ മനുഷ്യരുടെ, ലോകത്തിന്റെ, കവിതയുടെയും സ്വഭാവം മാറി എന്ന് പറയാം. സ്ഥൂലത/സൂക്ഷ്മത എന്ന ദ്വന്ദമൂല്യവിചാരണ അവിടെ പ്രസക്തമല്ല. പ്രകൃതി മലയാളകവിതയിൽ എക്കാലവും ഉണ്ടായിരുന്നു. ഇടശ്ശേരിയേക്കാൾ വലിയ പരിസ്ഥിതിവാദി ആരുണ്ട്? കുഞ്ഞിരാമൻ‌നായരേക്കാൾ വലിയ പ്രകൃത്യുപാസകനും ഇല്ല. എല്ലാ കവികളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രകൃതിയിൽ നിന്ന് ഉരുവെടുത്തവരാണ്. പെൺ‌ലോകങ്ങൾ ആൺ‌കവികളിൽ വരുന്നുണ്ട്. ആശാൻ മുതൽ ആറ്റൂരും സച്ചിദാനന്ദനും വരെ. ആശാനും സച്ചിദാനന്ദനും ആണുങ്ങൾ എന്ന നിലയിൽ മാത്രം നിന്ന് എഴുതിയവരല്ല. അവരിൽ സ്ത്രീസത്തയുണ്ട്. പെൺ‌കവികൾ എന്നെടുത്തു പറയണമെങ്കിൽ ബാലാമണിയമ്മയും സുഗതകുമാരിയും വിജയലക്ഷ്മിയും സാവിത്രി രാജീവനും ഉണ്ട്. അതിന്റെയെല്ലാം തുടർച്ചയാണ് ഞാനും ഗിരിജയും മറ്റ് കവികളും. തുടർച്ചയായിരിക്കുമ്പോഴും അനുഭവത്തിലും ആവിഷ്കാരത്തിലും വേറിട്ട കണ്ണികൾ എന്ന് വിചാരിക്കാനാണ് കൊതി.

അഴകില്ലാത്തവയെല്ലാം എന്ന സമാഹത്തിൽ  പല കവിതകളിലും പ്രകൃതി കടന്നുവരുന്നു. മരങ്ങൾ, വെയിൽ, സൂര്യൻ, നക്ഷത്രങ്ങൾ, കാറ്റ്, ജീവികൾ… ഒരു തനി പരിസ്ഥിതിക്കവിതയായി മാറാതെ, സൂക്ഷ്മമായ അടരുകളിൽ പ്രകൃതിയെ ചേർത്തുവയ്ക്കുകയാണ്. കവിതയിൽ പ്രകൃതി കടന്നുവരുന്നതിനെക്കുറിച്ച്

അതെയോ? എങ്കിൽ അതെനിക്ക് സ്വാഭാവികമാണ്, ശ്രമമല്ല. എന്നെക്കാൾ സ്വാഭാവികമായും സുലഭമായും വി. എം. ഗിരിജയിൽ അതുണ്ട്. ഒരുപക്ഷെ കുഞ്ഞിരാമൻ‌നായർക്കു ശേഷം പ്രകൃതി ഇത്രമേൽ വിലാസവാനായ ആധുനിക നർത്തകനാവുന്നത് ഗിരിജയിലാണ്. എന്നിൽ ഒരു നാഗരികജീവിയുമുണ്ട്. വലിയ നഗരങ്ങൾ എനിക്കിഷ്ടമാണ്. കഴിഞ്ഞ ഏഴുവർഷങ്ങൾ ഞാൻ ബോംബെയിലാണ് ജീവിച്ചത്. നാട്ടിൻ‌പുറത്ത് ജനിച്ച് വളർന്ന് കേരളത്തിൽ ജോലിയും നിത്യവൃത്തിയുമായി കഴിഞ്ഞുകൂടിയ ആളായിരുന്നിട്ടും മഹാനഗരം എന്നെ തെല്ലും പേടിപ്പിച്ചില്ല. ഒരു വ്യക്തിയെന്ന അന്തസ്സോടെ ജീവിക്കാനുള്ള ഇടം തന്ന് അതെന്നെ സ്വീകരിച്ചു, പൊതുവിടങ്ങളിൽ സ്വന്തവും സ്വതന്ത്രവുമായ പെരുമാറ്റം അനുവദിച്ചു, സൂര്യാസ്തമയം പുറംജീവിതം അവസാനിപ്പിക്കാനുള്ള അടയാളമല്ലാതായി. ബോംബെയിൽ നിന്ന് ഞാനിപ്പോൾ നാട്ടിൽ തിരിച്ചെത്തി. കേരളം എനിക്ക്  ഒരുപാട് അടവുകളും ഇടുക്കുകളും ഉള്ള നഗരമാണ്. ബോംബെ തുറവുള്ള ഗ്രാമവും.

ലിറിക്കൽ രീതി കവിതയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുറ്റമടിക്കുമ്പോൾ എന്ന കവിത പെൺ‌ അനുഭവലോകവും രാഷ്ട്രീയവും പുതിയരീതിയിൽ ആവിഷ്‌ക്കരിക്കുമ്പോഴും താളത്തിന്റെ വഴിയിലൂടെ പോകുന്നു. രൂപപരമായി ഗദ്യത്തിലെഴുതുമ്പോഴും ചെത്തിക്കൂർപ്പിച്ച വാക്കുകളും വരികളും ഉപേക്ഷിക്കുന്നുമില്ല.

വൃത്തത്തിലാണ് ഞാൻ കൂടുതൽ എഴുതിയിട്ടുള്ളത്. ചില കവിതകൾ ശബ്ദപരമായും വരിമുറിക്കുന്ന രീതികൊണ്ടും ഗദ്യമെന്ന് തോന്നിച്ചേക്കാമെങ്കിലും. ഗദ്യത്തിൽ എഴുതാനാണ് എനിക്ക് പ്രയാസം. ഭയമാണ് എനിക്ക് ഭാഷയെ. ഏറ്റവും സ്നേഹിക്കുന്നതിനെ ഏറ്റവും ഭയക്കുന്നതു പോലെ. കൈവിറയുള്ള കവിയാണ് ഞാൻ. കൈവിറ മാറിയാൽ കല പോയി എന്നാണ് എൻ എസ് മാധവന്റെ  നോവലിലെ ബിരിയാണിവെപ്പുകാരനെപോലെ എന്റെയും വിചാരം.

വൃത്തത്തിലോ ഗദ്യത്തിലോ തുടങ്ങിയ ചോദ്യങ്ങളുടെ കാലം കവിതയിൽ എന്നേ കഴിഞ്ഞു. കവിതയുടെ രൂപഭാവങ്ങളെ സംബന്ധിച്ച ധാരണകളും അതിന്റെ അനുഭവ-അനുഭൂതി ലോകങ്ങളെപറ്റിയുള്ള പ്രതീക്ഷകളും വളരെ മുന്നോട്ടു പോയിക്കഴിഞ്ഞു. ലോകത്തെമ്പാടും നിന്നുള്ള കവിത കൺ‌മുന്നിലായി. എങ്കിലും സ്വന്തം ഭാഷയുടെ ആദിമചോദനകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്ന്, അതിന്റെ പ്രേരണകളിൽ നിന്ന് വിടുതൽ നേടി ഒരു കവിയ്ക്ക് എങ്ങനെയാണ് എഴുതാനാവുക? അയാളുടെ നടപ്പിലും കിടപ്പിലും ഭക്ഷണത്തിലും ചിരിയിലും മുടിയിലും ഉള്ള ആ അടയാളങ്ങൾ അയാളുടെ എഴുത്തിൽ നിന്ന് കളയുന്നതെങ്ങനെ? കളഞ്ഞാൽ അയാളിൽ പിന്നെ ബാക്കിയെന്തുണ്ടാവും?എഴുതുമ്പോൾ അനുഭവലോകം അഥവാ രാഷ്ട്രീയം പുതിയ രീതിയിൽ ആവിഷ്കരിച്ചുകളയാം എന്ന് ഒരിടത്തിരുന്ന്  ശ്രമിക്കുന്നതൊന്നുമല്ല. ഞാൻ തന്നെയാണ് എന്റെ എഴുത്ത്. എന്റെ താളമാണ് അതിനും.

തമിഴ് പെൺ‌കവിതയിൽ ലൈംഗികതയും പെൺ‌ജീവിതവും പ്രതിരോധവും സൽമയും സുകൃതറാണിയും കുട്ടിരേവതിയും തുറന്നെഴുതുമ്പോഴും മലയാളകവിതയിൽ അത്തരം ഒരു എഴുത്ത് രീതി, ഭാഷ ഉണ്ടായില്ല. എന്തു തോന്നുന്നു.

ഉണ്ടായിട്ടുണ്ടല്ലൊ, ഏറെ മുൻപേ തന്നെ. തമിഴിൽ ഒരു സരസ്വതിയമ്മയോ മാധവിക്കുട്ടിയോ സാറാജോസഫോ ഉണ്ടായിരുന്നില്ല എന്നോർക്കണം. സുഗതകുമാരിയും ഇല്ല.  “അവന്റെ ലിംഗം ചിറകുമുളച്ചുയരുന്ന ഒരപൂർവ പറവയായി അവളെ ആകാശത്തിലേക്കുയർത്തുന്നു.”എന്ന് വി എം ഗിരിജ എഴുതിയത് 25 കൊല്ലം മുൻപാണ്. മലയാളത്തിൽ ആ എഴുത്ത് ആരെയും ഞെട്ടിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുകയില്ല. എന്നാൽ തമിഴിൽ ഈ തലമുറയിൽ സൽമയെപ്പോലൊരു എഴുത്തുകാരിക്ക് കുളിമുറിയിൽ അടച്ചിരുന്ന് എഴുതുകയും ഒളിവിൽ പ്രസിദ്ധീകരിക്കുകയും വേണ്ടിവന്നു. മുലകളെ കണ്ണീർത്തുള്ളികളോട് ഉപമിക്കുന്ന കുട്ടിരേവതിയുടെ കവിതയുടെ പ്രതികൾ കത്തിച്ചു. മാലതിമൈത്രിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിയുണ്ടായി. സുകൃതറാണി അതുപോലെ ഭർസിക്കപ്പെടുന്ന വളരെ ഊർജ്ജസ്വലമായ പുതുദളിത്‌സ്വരമാണ്.
സ്ത്രീ ശരീരത്തെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയും മൂർച്ചയുള്ള സൂക്ഷ്മമായ എഴുത്ത് ഇപ്പോൾ മലയാളത്തിൽ വളരെയുണ്ട്. എനിക്കു തോന്നുന്നത്, ലൈംഗികമായ പരാമർശങ്ങൾ, മുല, യോനി തുടങ്ങിയ വാക്കുകൾ, ഇങ്ങനെയൊക്കെ എണ്ണിയുള്ള ഉപരിപ്ലവമായ ഓടിച്ചു വായനകളാണ് ഉണ്ടാവുന്നത് എന്നാണ്. സൂക്ഷ്മവായനകൾ അർഹിക്കുന്ന നല്ല എഴുത്ത് വളരെയുണ്ട്.
അനിത തമ്പി

ആധുനിക കാവ്യഭാവുകത്വത്തിന് കേരളത്തിൽ കിട്ടിയ സ്വീകാര്യത തൊണ്ണൂറുകളുടെ കാവ്യഭാവുകത്വത്തിന് ലഭിച്ചില്ല. അതേപോലെ പെൺ‌കഥാകൃത്തുക്കൾക്കും നോവലിസ്റ്റുകൾക്കും കിട്ടുന്ന സ്വീകാര്യത പെൺ‌കവികൾക്ക് ലഭിക്കാറുമില്ല.

ആൺ‌കഥാകൃത്തുക്കൾക്കും ആൺ‌നോവലിസ്റ്റുകൾക്കും ഇന്ന് കിട്ടുന്ന ജനപ്രിയത ആൺ‌കവികൾക്കു കിട്ടുന്നുണ്ടോ? എനിക്കു തോന്നിയിട്ടുള്ളത് ഒരു കലാരൂപമെന്ന നിലയിൽ കവിത തന്നെ സാഹിത്യസ്ഥാപനത്തിന്റെ അരികുകകളിൽ പാർക്കുന്ന ഒന്നാണെന്നാണ്. വിപണിയുടെ യുക്തികൾക്ക് ഒരുതരത്തിലും പിടികൊടുക്കാത്ത ഒന്നാണ് കവിത. അത് ഒരേസമയം കവികളുടെ കഷ്ടതയും കവിതയുടെ സുരക്ഷയുമാണ്. ഭൌതികസുഖങ്ങൾ - ഉടനടിയുള്ള പ്രത്യക്ഷ, ഭൂരിപക്ഷ, അംഗീകാരങ്ങൾ, ധനം ഒന്നും കവിതയ്ക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല, ഇനി പ്രതീക്ഷിക്കാനുമില്ല. കഥാസാഹിത്യത്തിന്, ചിത്രകലയ്ക്ക്, നൃത്തത്തിന്, സംഗീതത്തിനു പോലും വിപണിവ്യവസ്ഥയിൽ നിന്നുള്ള ആ സുരക്ഷയില്ല. ഒരർത്ഥത്തിൽ വിപണിയ്ക്ക് അകത്തേക്ക് കാൽകുത്താനാവാത്ത ആ നില്പാണ് സ്വന്തം ആത്മാവ് പണയപ്പെടുത്താത്ത ഒരു ജീവിതത്തിന് കവിതയെ പ്രാപ്തമാക്കുന്നത്. കാലത്തിലും സ്ഥലത്തിലും എയ്യുന്ന അമ്പുകൾ, എവിടെ, എന്ന്, എങ്ങനെ ചെന്ന് കൊള്ളുമെന്ന് ആർക്ക് പറയാനാവും!

ആഴ്ച്ചപ്പതിപ്പുകളിൽ മാത്രമായി തൊണ്ണൂറുകളുടെ കാവ്യഭാവുകത്വം ഒതുങ്ങിയിരുന്നു എന്ന് വിലയിരുത്തിയാൽ ? ആവിഷ്ക്കരണത്തിൽ പുതിയ കലാരീതികൾ (പെർഫോമിംഗ്, ഇൻസ്റ്റലേഷൻ പോലെയുള്ളവ) കൊണ്ടുവരാൻ ശ്രമിച്ചില്ല, കഴിഞ്ഞില്ല എന്നും പറഞ്ഞാൽ…

കാവ്യഭാവുകത്വം അങ്ങനെ കടലാസിൽ സംഭവിക്കുന്ന ഒന്നല്ലല്ലൊ. അത് നിരന്തരമായി കാലത്തിനൊപ്പം, മാറുന്ന ജീവിതത്തിനൊപ്പം പരിണമിക്കുന്ന ഒന്നാണ്, അല്ലേ? നവമാധ്യമങ്ങൾ വന്നിട്ടില്ലാത്ത തൊണ്ണൂറുകൾ വരെ കവിതയ്ക്ക് അച്ചടിമാധ്യമങ്ങളായിരുന്നു ഏക പ്രസിദ്ധീകരണസാധ്യത. പെർഫോമൻസ് സാധ്യതകൾ അക്കാലത്തെ കവിത തേടിയിട്ടില്ല. അവതരണകവിതകളുടെ നീണ്ടപാരമ്പര്യം മലയാളത്തിനുണ്ട്, നമ്പ്യാരിലും കഥകളിസാഹിത്യത്തിലും മുതൽ  കടമ്മനിട്ടയിലും കാവാലത്തിലും വരെ ഉണ്ട്. അയ്യപ്പപ്പണിക്കരിലും സച്ചിദാനന്ദന്റെയും കെ ജി എസിന്റെയും പല കവിതകളിലും അവതരണാംശം ഉണ്ട്.  പെരുമഴയ്ക്കു ശേഷം കാത്തുകിടന്ന് തെളിയുന്ന കലങ്ങിയ വെള്ളത്തിന്റെ  വഴിയായിരുന്നു തൊണ്ണൂറുകളിലെ പുതുകവിത അന്വേഷിച്ചതെന്ന് തോന്നുന്നു. അത് ഒച്ചയോടെ ഒഴുകുകയല്ല, ആകാശത്തെ പ്രതിബിംബിപ്പിക്കാൻ, ചുറ്റുപാടുകളെ തലകീഴായി പ്രതിബിംബിപ്പിക്കാൻ അനക്കമറ്റ് കിടന്ന് തെളിയുകയാണ് ചെയ്തത്.  ഇൻസ്റ്റലേഷൻ പോലെയുള്ള ആവിഷ്കാരങ്ങളൊക്കെ ഇപ്പോൾ നിങ്ങളൊക്കെ ചെയ്യുന്നു. അവ ഇന്നത്തെ രൂപത്തിൽ അറിഞ്ഞുവരുന്നത് രണ്ടായിരത്തിനുശേഷമൊക്കെയാണ്.   നവമാധ്യമങ്ങളുടെ വരവും പ്രചാരവും അതുകൊണ്ടുവന്ന പുതിയ പുറം‌ലോക അറിവുകളും അത്തരം പുതുരീതികൾ തേടാൻ സഹായിച്ചിട്ടുണ്ട്.

ആറ്റൂരിൽ നിന്ന് വേരുപൊട്ടുന്ന, മുറുക്കിവച്ച് അടക്കി സംസാരിക്കുന്ന, ക്ഷോഭിക്കാത്ത, ഉൾ‌ക്കനമുള്ള ഒരു കവിതാവഴി തൊണ്ണൂറുകൾക്ക് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ

ആറ്റൂരും ആധുനികതയുടെ കവിതന്നെയാണ്. അദ്ദേഹം അതിനെ കവിഞ്ഞ് പോവുകയും  സ്വയം പുതുക്കിക്കൊണ്ടേയിരിക്കുകയും ചെയ്തു. ആധുനികർ ഒറ്റയൊച്ചയായിരുന്നില്ല. ഓരോ കവിയും വേറിട്ട വഴികളിലാണ് സഞ്ചരിച്ചത്. അവരെ ഒന്നിച്ച് കേട്ടതും ഒന്നിച്ച് വായിച്ചതും കാലമാണ്. സാമൂഹ്യമായ ആധികൾ വലിയ ഒച്ചയിൽ അവരിൽനിന്ന് മുഴങ്ങി, ലോകമെമ്പാടും നിന്നുള്ള വെളിച്ചം വന്ന് അവരെ കൂടുതൽ തെളിയിച്ചു, അത് ആ കാലത്തിന്റെ പ്രവൃത്തിയാണ്. തൊണ്ണൂറുകളിലെ പുതുകവിത ആറ്റൂരിൽ നിന്ന് മാത്രം വേരുപൊട്ടി വരുന്നതാണെങ്കിൽ പുതുകവികളിൽ അദ്ദേഹത്തിന്റെ രുചിയും മണവും ഉണ്ടാവണം. എന്നാൽ ആറ്റൂരിന്റെ കാവ്യസ്വഭാവങ്ങൾ അതുപോലെ ആരിലുമില്ല. തെല്ലെങ്കിലും ഉണ്ടെന്ന് പറയാവുന്നത് രാമനിലാണ്. രാമനിൽ അത് വളരെ വേറിട്ട, വളരെ പുതുതായ വിധത്തിലുമാണ്. തൊണ്ണൂറുകളുടെ കവിതയും, മറ്റെല്ലാക്കാലത്തെയും കവിതപോലെ തന്നെ ഒരു വലിയ, നീണ്ട, കാവ്യപാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും തുടർച്ചയാണ്, അതിനോടുള്ള ഇണങ്ങലും ഇടർച്ചയുമാണ്. ഓരോ കാലത്തെയും കവികളെ എന്തുകൊണ്ടാണ് എപ്പോഴും ഒറ്റക്കൂട്ടമായിക്കാണുന്ന  പ്രവണത വരുന്നത് എന്നെനിക്കറിയില്ല. കഥയെഴുത്തുകാരെ അങ്ങനെ വിലയിരുത്തിക്കണ്ടിട്ടില്ല.
തൊണ്ണൂറുകളിലെ പുതുകവിതയുടെ വേറിട്ട സ്വഭാവം, എടുത്തുപറയേണ്ടതുണ്ടെങ്കിൽ എനിക്ക് തോന്നിയിട്ടുള്ളത്, അത് പ്രധാനമായും മൂന്നു നാല് കാര്യങ്ങളിലാണ്. ആധുനികർ ഉള്ളിൽ നിന്ന് പുറത്തേക്കാണ്  ഒഴുകിയതെങ്കിൽ തൊണ്ണൂറുകളിലെ കവിത പുറം‌ലോകത്തു നിന്ന് ഉള്ളിലേക്ക്  സാന്ദ്രീകരിച്ചു എന്ന് പറയാം. രണ്ട്,  മാറിയ സാഹചര്യങ്ങളിൽ (ആഗോളീകരണം, ലിബറലൈസേഷൻ.. വിപണിവൽകൃതലോകം)  സാമൂഹ്യമായ ആധികളും വേവലാതികളും അവരെ പ്രകോപിപ്പിക്കുകയല്ല, കുഴയ്ക്കുകയാണ് ചെയ്തത്. ‘സാധാരണജനങ്ങളുടെ‘ കാര്യത്തിലെന്നപോലെ അവർ ആ കുഴവെള്ളത്തിൽ നിന്ന് പതിയെ ലോകത്തിന്റെ പ്രതിബിംബങ്ങൾ തെളിയിച്ചെടുക്കാൻ ശ്രമിച്ചു. മൂന്ന്, ആധുനികതയുടെ കാലത്ത്  നാനാതരത്തിൽ പരീക്ഷിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്ത ഗദ്യകവിതാരൂപം ആധുനികപൂർവകാവ്യഭാഷയുമായി ഇണക്കിയും പുതുജീവിതഭാഷയിലേക്ക് ചേർത്തും സ്വാഭാവികയും അനായാസവുമായ ഒരു ഗദ്യഭാഷ രൂപപ്പെട്ടു.  നാല് , സ്ത്രീ, ദളിത് ആവിഷ്കാരങ്ങൾ സ്വന്തം ശബ്ദത്തിൽ കൂടുതൽ മൂർച്ചയോടെ നിരവധിയായി കേട്ടു തുടങ്ങി.
ആധുനികകവിതയിൽ ബൃഹത് ആഖ്യാനം ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ കവിത ആ വഴിയിൽ സഞ്ചരിച്ചില്ല.
ആധുനികതയുടെ ബൃഹദാഖ്യാനങ്ങൾക്ക് ബദലായി  ‘ഉത്തരാധുനിക’ പ്രാദേശികചെറുആഖ്യാനങ്ങൾ എന്ന Lyotard  ന്റെ സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മഹത്തായ എല്ലാ കലാകൃതികളും ബൃഹദാഖ്യാനങ്ങൾ തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. ബൃഹദാഖ്യാനങ്ങൾ ആവിഷ്കാരത്തിന്റെ ബാഹ്യരൂപത്തിലല്ല. സൂക്ഷ്മമായ അർത്ഥത്തിൽ എല്ലാ ആവിഷ്കാരങ്ങളും ബൃഹദാഖ്യാനങ്ങൾ തന്നെയാണ്. അഥവാ ഓരോ ചെറുആഖ്യാനവും ഒരു ബൃഹദാഖ്യാനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ഉപജീവിക്കുന്നുണ്ട്. ആധുനികാനന്തരകാലത്ത് Lyotard പറഞ്ഞതുപോലെ ഒറ്റനായകരൂപങ്ങൾ വീണുപോയോ? സാമ്രാജ്യങ്ങളും വൻലക്ഷ്യങ്ങളും മാഞ്ഞുപോയോ? ഇല്ലല്ലൊ, അവ പുതുരൂപങ്ങളിലും ഭാവങ്ങളിലും അധികാരങ്ങളിലും തുടർന്നു. വിപണി ഇന്ന് ഏറ്റവും സന്നിഹിതമായ ബൃഹദാഖ്യാനമല്ലേ? ചെറുആഖ്യാനങ്ങൾ ഉണ്ടാവുമ്പോൾ നായകരൂപങ്ങളും സാമ്രാജ്യങ്ങളും വൻലക്ഷ്യങ്ങളും ഇല്ലാതാവുകയല്ല, അവ ചെറുആഖ്യാനങ്ങളിൽ ആവർത്തിക്കപ്പെട്ട് പ്രവർത്തിക്കുകയാണ് ചെയ്യുക. ചിന്ത രവീന്ദ്രനുമായി സി. എസ് വെങ്കിടേശ്വരൻ 2002 ൽ നടത്തിയ ഒരഭിമുഖത്തിൽ അദ്ദേഹം പറയുന്നത്, “വാസ്തവത്തിൽ ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പക്ഷെ ചെറു ചെറു നരേറ്റീവ്സ് ആണ് ആവശ്യം; അതേ അവർക്ക് ആവശ്യമുള്ളൂ..” എന്നാണ്. 
ആ അർത്ഥത്തിൽ ഒരു പക്ഷെ കവിതയായിരിക്കുമോ മനുഷ്യരാശിയുടെ യുണികോഡ് ? വിപണിയുടെ യുക്തികൾക്ക് വഴങ്ങാത്ത, പ്രാദേശികമായി മാത്രം ആവിഷ്കരിക്കാൻ കഴിയുന്ന ലോകമെങ്ങും അംഗീകരിക്കപ്പെടാവുന്നതും മറിച്ച് അസാധ്യവും ആയ, ചരിത്രവും സംസ്കാരവും അതീവഗാഢമായി അടക്കം ചെയ്ത കോഡ്.

മധുരം ചെടിപ്പിക്കുന്നു, അരാഷ്ട്രീയ സൌന്ദര്യം പേടിയാവുന്നു, ദയനീയമായ താരള്യം സങ്കടപ്പെടുത്തുന്നു എന്ന് കവിതയിൽ എഴുതുമ്പോൾ തന്നെ, വാക്കുകളെ വരികളെ ചെത്തിമിനുക്കിയെടുത്ത സൌന്ദര്യം (സൌന്ദര്യം എന്ന് പറയാമോ എന്നറിയില്ല) അനിതയുടെ കവിതകളിലുണ്ട്. പരുക്കൻ ഗദ്യത്തിന്റെ വഴിയേ പോകാതെ, ഗദ്യത്തിലും താളം, ഉൾ‌ത്താളം കൊണ്ടുവരാൻ പണിയെടുക്കുന്നുമുണ്ട്.

മാർഗരറ്റ് ആറ്റ്‌വുഡ് ഒരു സംഭാഷണത്തിൽ പറയുന്നുണ്ട്, ഭാഷയിൽ മുഴുകാതെ കവിത എഴുതാനാവില്ല എന്ന്. കവിത വെറും വാക്കുകളിലല്ല, പ്രത്യേകവീര്യമുള്ള വാക്കുകളിലാണ് സംഭവിക്കുന്നത്. അത് ഒരു വിദേശഭാഷ പഠിക്കും പോലെയാണ്. എഴുത്തിനെ, ഭാഷയെ അഭിമുഖീകരിക്കുന്ന കവിതകൾ പലതുണ്ട്. ഒരുപക്ഷെ ഏതു കവിതയിലും ആ അഭിമുഖം ഒളിഞ്ഞോ തെളിഞ്ഞോ ഇല്ലാതെ വയ്യല്ലൊ. കലേഷ് പറയുന്ന കവിത രൂപകങ്ങളോടുള്ള ഒരു വിപരീതമൊഴിയാണ്? ഭാഷ എന്നു പേരുള്ള നാട്ടിലെ ഊടുവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാവണം, കവി. ഏതു കവിയ്ക്കും അയാളുടെ എഴുത്തുജീവിതത്തിൽ ആ നാട്ടിലെ ചില കാടുകൾ, കിടങ്ങുകൾ, മലമുടികൾ, നേരിട്ടേ മതിയാവു. ആ അലച്ചിലിൽ ഒരു പുതുവഴിയെങ്കിലും കണ്ടെത്തിയാൽ ഭാഗ്യം, പുതുതായി ഒന്ന് വെട്ടിത്തുറക്കാനായാൽ അതീവഭാഗ്യം.
കവിതയിൽ വാക്കുകളെയോ വരികളെയോ ചന്തത്തിനുവേണ്ടി ഞാൻ ചെത്തിമിനുക്കാറില്ല. ചന്തമല്ല, സൌന്ദര്യമാണ് തേടുന്നത്, പരമമായ സൌന്ദര്യം. കണ്ടെത്തിയാൽ പക്ഷെ അതിനെ നേരിടാനുള്ള പ്രാപ്തിയുണ്ടാവണം, അതാണ് കഠിനം. അതിനാണ് ശ്രമം. റിൽക്കെ പറയും‌പോലെ വിസ്മയകരമായ, അസഹ്യമായ, ഭയജനകമായ, മനുഷ്യരെ തുച്ഛമാക്കുന്ന, മഹാസൌന്ദര്യം.
ഇവിടെ ഒരാൽമരമുണ്ടായിരുന്നുവെന്ന് അയ്യപ്പപണിക്കറ് മാഷിനെക്കുറിച്ച് അനിത കവിതയെഴുതിയിട്ടുണ്ട്. ഡി. വിനയചന്ദ്രൻ‌മാഷും അനിതയുടെ കവിതകളെക്കുറിച്ച് ഒരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്…
പണിക്കർ സാറിന് പുതിയ എഴുത്തിനോടും എഴുത്തുകാരോടും നല്ല ശ്രദ്ധയുണ്ടായിരുന്നു. കേരളകവിതപോലെ ഒരു പ്രസിദ്ധീകരണം ഏതു പുതുകവിയ്ക്കും ഒരിടം കൊടുത്തു. എല്ലാം അറിയുന്ന, ആർക്കും തൊടാവുന്ന, വിശ്രമിക്കാൻ തണലുള്ള, എന്നാൽ വളയ്ക്കാനോ വെട്ടാനോ പഴുതില്ലാത്ത നിസ്സംഗമായ നില്പ്. മനസ്സുലയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരാൽമരത്തിന്റെ മരണമായിരുന്നു അത്.  ഡി. വിനയചന്ദ്രൻ ഒരേ സമയം പലലോകങ്ങളിൽ നൂഴുന്ന കാറ്റ് പോലുള്ള കവിയായിരുന്നു. ദ്രാവിഡമായ ഒരു ഊർജ്ജം ആവാഹിച്ച, പ്രസരിപ്പിച്ച കവിയായിരുന്നു. കുഞ്ഞിരാമൻ‌നായർ പിൽക്കാലത്ത് വീണ്ടെടുക്കപ്പെട്ടതുപോലെ വിനയചന്ദ്രൻ നാളെ മറ്റൊരു വെട്ടത്തിൽ വായിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

മുറ്റമടിക്കുമ്പോൾ അനിതയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട  കവിതയാണല്ലൊ.  അതിനു ശേഷം അനിതയുടെ കവിത പല വഴികളിലൂടെ കടന്നുപോയി. പുതിയ കവിത ‘ആലപ്പുഴവെള്ളം’ എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

ഒരിക്കൽ ആറ്റൂർ രവിവർമ്മ, എന്റെ ‘എഴുത്ത്‘ എന്ന കവിതയിൽ ഞാൻ ജലം എന്ന് എഴുതിയതിനെ കുറിച്ച് ‘വെള്ളം’ എന്നെഴുതിയാൽ പോരേ എന്ന് ചോദിക്കുകയുണ്ടായി. തൊണ്ണൂറുകളുടെ ഒടുവിലാണ്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ ആ ചോദ്യം എന്നെ പിന്നെ വിട്ടുപോയില്ല. കഴിഞ്ഞ പതിനാറ് കൊല്ലവും അതെന്റെ കൂടെ നിന്നു. ഞാൻ പോയിടത്തെല്ലാം അതു കൂടെ വന്നു. എന്റെ കുട്ടിക്കാലത്തേക്ക്, എന്റെ ഭാഷയുടെ വിത്തുകൾ മുളപൊട്ടിയ തിണയിലേക്ക് അതെന്നെ കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴജില്ലയിലെ പല ഗ്രാമങ്ങളിലും ആലപ്പുഴപട്ടണത്തിലും ആണ്  ഞാൻ വളർന്നത്. ഞങ്ങൾക്ക് ജലവും വെള്ളവും ഒന്നല്ലായിരുന്നു. ഇപ്പോഴും അല്ല. അവ ഞങ്ങൾക്ക് രണ്ടനുഭവലോകങ്ങളാണ്, രണ്ടധികാരലോകങ്ങളാണ്.  ആറ്റൂരിന്റെ ചോദ്യം എന്നെ എന്റെ ഭാഷയുടെ ആദ്യപ്രേരണകളിലേക്ക്   വലിച്ചുകൊണ്ടുപോയിനിർത്തി.  എന്റെ നാടിന്റെ ചുവന്നുകലങ്ങിയ ചുവയ്ക്കുന്ന വെള്ളത്തിൽ എന്റെ ഭാഷ മുങ്ങിനീർന്നു എന്നു തോന്നുന്നു, ആർജ്ജിതവും സംശോധിതവുമായ ഇടങ്ങൾ കടന്ന്, സ്വകീയമായ ഒരിടത്ത് എത്താനാഞ്ഞു എന്നും തോന്നുന്നു.

ദുർബലമായ ഭാവനയുള്ളവർക്കാണ് യാത്രയുടെ ആവശ്യമുള്ളതെന്ന്  പറയാമോ? അനിത യാത്ര ഇഷ്ടപ്പെടുന്ന ആളാണ്. പലപ്പോഴും അനിതയുടെ യാത്രകളിൽ പരിത്രാണത്തിന്റെയും ആശങ്കയുടെയും ഭാവങ്ങളാണ് മുന്നിട്ടുനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. സന്ദേഹമാണല്ലോ യാത്രയ്ക്ക് അതിന്റെ മൂല്യം നൽകുന്നത്. രവീന്ദ്രനെ കുറിച്ച് അങ്ങനെ പോയവൻ എന്ന് എഴുതിയിട്ടുമുണ്ട്. അങ്ങനെയുള്ള ഒരു പോക്കാണോ അനിത തമ്പിക്ക് യാത്ര? കവിയെന്ന നിലയിൽ നമ്രയാകാനുള്ള ശ്രമങ്ങളാണോ ഓരോ യാത്രയും?

യാത്രകളോട് എനിക്ക് ഭ്രമമുണ്ട്. ഏതു യാത്രയോടും.. അന്തരായാത്രകളോടും,വഴിനടത്തകളോടും, തൊട്ടടുത്ത ഗ്രാമത്തിലേക്കോ നഗരത്തിലേക്കോ ഉള്ള  ചില്ലറ യാത്രകളോട് പോലും. യാത്ര ഒരു വിടുതലാണ്. പുതിയത് തേടലാണ്. ഭാവനയ്ക്ക് പകരം വയ്ക്കാനുള്ള, എഴുതാനുള്ള ഉരു തേടലല്ല അത്. എന്റെ ശരീരവും മനസ്സും ഞാൻ മറ്റൊരു ഭൂപ്രകൃതിയിലേക്ക്, ഭാഷയിലേക്ക്, ജീവിതസംവിധാനത്തിലേക്ക് ഹൃസ്വമായെങ്കിലും കൊണ്ടുപോകുകയാണ്. സ്ഥലത്തെയും കാലത്തെയും അതിജീവിക്കാനുള്ള ആദിമപ്രേരണയുടെ ഭാഗമായിരിക്കണം അത്. അതുപോലെ യാത്ര ചെയ്ത് ഒരിടത്തെത്തുക എന്നതിനേക്കാൾ യാത്രചെയ്യുക എന്ന സഞ്ചാരത്തിന്റെ, ചലനത്തിന്റെ അനുഭവം സുഖം തരും. പുറപ്പെട്ടു കഴിഞ്ഞു, ഇതുവരെ കാണാത്തൊരിടത്ത് എത്താൻ പോകുകയാണ് എന്ന  വിചാരം. അപരിചിതദേശങ്ങളിൽ ഒറ്റയ്ക്കുള്ള യാത്രകൾ എനിക്ക് ഇഷ്ടമാണ്. അതിന്റെ അനിശ്ചിതത്വം, പരാജയസാധ്യത, ക്ലേശം, ഒക്കെ സുഖമാണ്. അടുത്തകാലത്ത് ഒരുമാസത്തോളം യൂറോപ്പിൽ ഒറ്റയ്ക്ക് യാത്ര ചെയ്തു. ബർലിനിലും റോമിലും ഒരു സുഹൃത്ത് ഒപ്പം വന്നു. മിലാൻ, ലിസ്ബൻ, ബാർസലോണ നഗരങ്ങൾ പല ദിവസങ്ങൾ കാൽ‌നടയായാണ് കണ്ടത്. പണം തീരെയില്ലാത്ത ഒരു യാത്രയായിരുന്നു. അതിനാൽ ഭക്ഷണത്തിന്  ധാരാളം അവലൂസുപൊടിയും ഉണക്കിസൂക്ഷിച്ച പഴങ്ങളും കരുതി. ചെലവ് കുറഞ്ഞ സത്രങ്ങളിൽ രാത്രികൾ തങ്ങി. സ്പാനിഷ് കവി റമൊൺ ഹിമനെസിന്റെ ജന്മഗ്രാമമായ മൊഗേറിൽ പോകണമെന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധകൃതി ‘ പ്ലാറ്ററൊയും ഞാനും’ പരിഭാഷപ്പെടുത്തുമ്പോൾ ആശിച്ചിരുന്നു. ആൻഡലൂഷ്യയിലേക്ക് ഏറെ ദൂരം യാത്ര ചെയ്ത് ആ ഉൾ‌ഗ്രാമത്തിൽ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചു. . .
കവിയെന്ന നിലയിൽ നമ്രയാക്കുന്നുണ്ടോ യാത്രകൾ എന്നറിയില്ല, പക്ഷെ ബാബേലിനു മുൻപുള്ള ഒരു ലോകഭാഷയുടെ അവശിഷ്ടങ്ങൾ യാത്രകളിൽ വീണുകിട്ടാറുണ്ട്, കവിയെ അത്  ഇളതാക്കാറുണ്ട്. ഇളതായാൽ വീണ്ടും രൂപപ്പെടാൻ എളുപ്പമാണ്.

വെയ്സ്റ്റ് മാനേജ്‌മെന്റാണല്ലൊ അനിതയുടെ ഗവേഷണവിഷയം. രണ്ടാമത്തെ സമാഹാരത്തിന്റെ പേര് അഴകില്ലാത്തവയെല്ലാം എന്നാണ്. അഴുക്കിന് അഴകിനോളം തന്നെ പ്രാധാന്യമുണ്ടെന്ന് അതിലെ കവിതകൾ രേഖപ്പെടുത്തുന്നുണ്ട്. ഈ ഡൈകോട്ടമി നമ്മുടെ ജീവിതത്തിൽ ഉടനീളം ഉള്ളതുമാണ്. നന്മ-തിന്മ, സ്നേഹം-വെറുപ്പ്, അങ്ങനെയങ്ങനെ...  അഴുക്കിനോടുള്ള ഈ പ്രതിപത്തിക്കു പിന്നിൽ... 
പ്രകൃതിയിൽ അഴുക്ക് അഴുകി അഴകാവാനുള്ളതാണ്. അഴുക്ക് / അഴക്, വൃത്തി /വൃത്തികേട് എന്നീ ദ്വന്ദങ്ങളിൽ ഒരുപക്ഷെ മനുഷ്യസംസ്കാരചരിത്രം മുഴുവനും അടങ്ങിയിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ അധികാരഘടനകൾ, പ്രകൃതിയോടുള്ള ബന്ധം ഒക്കെ അതിൽ ഉള്ളടങ്ങിയിരിക്കുന്നു.  ഒരുപക്ഷെ എന്റെ ലോക/ജീവിതവീക്ഷണം തന്നെ ഈ ദ്വന്ദത്തിന്റെ കാചത്തിലൂടെയാണ് സംഭവിക്കുന്നത്. അഴുക്കിനോടുള്ള പ്രതിപത്തി എന്നതിനേക്കാൾ, വൃത്തിയിൽ അന്തർലീനമായ ഹിംസ എന്നെ വികർഷിക്കുന്നു എന്ന് പറയാം. ഒരു യാത്രയിൽ ഞാൻ ജർമ്മനിയിലെ ബുച്ചൻ‌വാൾഡ് നാസി കോൺ‌സൻ‌ട്രേഷൻ ക്യാമ്പ് സന്ദർശിച്ചിരുന്നു. അവിടെ  എഴുതിവച്ചിരുന്ന ഒരു കാര്യം, തടവുകാർ ഉപയോഗിച്ചിരുന്ന മരത്തവികളും കത്തിയും മുള്ളും മറ്റും ഒരു പോറൽ പോലുമില്ലാതെ വൃത്തിയാക്കി വയ്ക്കണമെന്ന് നിഷ്കർഷിച്ചിരുന്നു എന്നാണ്. അതുപോലെ നിലത്തും മുറ്റത്തും ഒരുതരി മണ്ണോ പൊടിയോ പാടില്ല. മുട്ടിലിഴഞ്ഞ് മുറ്റം വൃത്തിയാക്കുന്ന തടവുകാരുടെ പടങ്ങൾ കണ്ടിട്ടുണ്ട്. അതിരുകവിഞ്ഞ വൃത്തിയും ക്രമവും ഒരു ഫാസിസ്റ്റ് പ്രവണതയാണ്. സ്വാഭാവികപ്രകൃതിയെ നീക്കം ചെയ്ത് നിരന്ന തോട്ടങ്ങൾ വരുന്നതു പോലെ.
പിന്നെ നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ഇന്നും സകല വൃത്തികേടുകളും ദളിതരും പാവങ്ങളും പെണ്ണുങ്ങളുമാണ് വൃത്തിയാക്കേണ്ടത്. വൃത്തിയാക്കൽ താഴ്ന്നവരുടെ പ്രവൃത്തിയാണ്.

ഒരു കവിത പൂർത്തിയായി എന്ന് എങ്ങനെയാണ് തിരിച്ചറിയുക?

പൂർത്തിയായ കവിത പിന്നെ കവിയുടെ പിടിയിൽ നിൽക്കുകയില്ല. അതിന്മേൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ല, എന്തുചെയ്താലും തെറിച്ചു നിൽക്കും. അത് നമ്മുടേതല്ലാതാവും. ഒറ്റയ്ക്ക് ഒരാളായി സ്വന്തം ജീവിതം തുടങ്ങിക്കളയും. പിനോക്യോയുടെ കഥ കേട്ടിട്ടില്ലേ?

[മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു]