അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍

—  ബിനു എം. പള്ളിപ്പാട്

കൊയ്തു കഴച്ച
കൈത്തണ്ടയിലിരുന്നൊരു
കുഞ്ഞു ചിരിക്കുന്നു.

ഞരമ്പ്‌
തിണിര്‍ത്ത
വിരലുകള്‍ ഒഴിവാക്കി
അവര്‍ കുഞ്ഞിനെ
മുഖംകൊണ്ടു മാത്രം
തൊടുന്നു.

ചരിത്രം വെയിലുകൊണ്ട്
കുത്തിയ മുഖത്ത്
കൊടിപ്പാടുകളുടെ
ആഴങ്ങളിലേക്ക്
കുഞ്ഞ്
കണ്ണ്‍ തുറക്കുന്നു.

അരംകൊണ്ട്
മുറിഞ്ഞിടത്ത്
ഓവ് കൊള്ളുമ്പോള്‍
അവര്‍
കുനിഞ്ഞുനിന്ന്‌
കുഞ്ഞിനേമാത്രം
ഓര്‍മ്മയില്‍ വയ്ക്കുന്നു.

തഴകോതിയും
ഓല
മെടഞ്ഞും
പുല്ലു ചെത്തിയും
കറ്റ മെതിച്ചും
കള പറിച്ചും
തൂളം പോലെ
കാറ്റത്ത് പറന്നും
അവര്‍
ഇരുട്ടി വെളുപ്പിക്കുന്നു.

പൊറത്ത്
നെല്ലിരുന്ന്‍
ചൊറിയുമ്പോള്‍
തോട്ടില്‍
താറാവിനൊപ്പം
അരിവാളുമായി
മുങ്ങി നിവരുന്നു.

അവര്‍
കുഞ്ഞിന്‍റെ
കവിളോളം
മിനുത്ത ചേറിലൂടെ
പ്രഭാതങ്ങളില്‍
ഒരു ചാലെടുക്കുന്നു.

കാഞ്ഞിരവേരുപോലെ
മണ്ണില്‍ വെരകിയ
വിരലില്‍ നിന്ന്‍
കുഞ്ഞു വിരലിലേക്ക്
വംശത്തിന്‍റെ
ഒരു
തളിരു വരുന്നു.

വഞ്ചനയില്‍
ഒരു
കാല്പനികത
പച്ചച്ച് പച്ചച്ച് വരും.

കുഞ്ഞിനെ
വീണ്ടും
മയക്കാനനുവദിക്കരുത്.

© ബിനു എം. പള്ളിപ്പാട്
മൂലകൃതി: അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍
പ്രസാധകർ: ഡിസി ബുക്ക്സ്