ചുമര്‍ചിത്രങ്ങള്‍

—  ചിത്ര കെ. പി

മുടിയഴിച്ചിട്ട ഒരു പെണ്ണ്,
അവളുടെ കണ്ണില്‍ വെയില്‍.
ഒരു നോട്ടം മതി
ചുമരില്‍ നിന്നവള്‍
ഉള്ളിലേക്കിറങ്ങിക്കിടക്കും.

ചുമര് തകര്‍ത്ത്
ഒരാനക്കൂട്ടമിറങ്ങും
അലകളൊഴിഞ്ഞൊരു
തടാകം കലങ്ങിമറിയും.
മീന്‍ കൊത്താതൊരു പൊന്മാന്‍
ഇലകള്‍ക്കുള്ളില്‍ മറയും,
കാടകം തുടിക്കും.

മുറിക്കുള്ളില്‍ പാറും
ഒരു ശലഭം.
വഴുക്കുന്ന കല്ലില്‍,
പടരുന്ന വള്ളിയില്‍,
വെയില്‍ക്കുന്നിന്നുച്ചിയില്‍,
കിളിച്ചുണ്ടനങ്ങുന്നൊരൊച്ചയില്‍,
മഴപ്പാറലേല്‍ക്കുന്നൊരിലയില്‍,
മുക്കുറ്റി നിറമുള്ളോരോര്‍മ്മയില്‍
ചെന്നിരിക്കും.
ഇരുള്‍ വീഴും മുന്നേ
ചുമരിലേക്ക് ചായും.

ശലഭച്ചിറകില്‍ ചെന്നിരിക്കെ
കണ്ണൊരു പൂവാകും,
തേന്‍ തുളുമ്പും
പൂമ്പൊടി ചിതറും.

മുറിക്കുള്ളില്‍
വിരിയും,
ഒരു പ്രപഞ്ചം.

© ചിത്ര കെ. പി